Monday 22 April 2019


ലിപ്‌ലോക്ക് തരംഗം അവസാനിച്ചെങ്കിൽ ട്രോളന്മാർ പൈറസി പ്രശ്നത്തില്‍ ഇടപെടണം: അപേക്ഷയുമായി ടോവിനോ തോമസ്

By BINDU PP.12 Sep, 2018

imran-azhar

 

 

 

ടോവിനോ തോമസിന്റെ തീവണ്ടി വിജയകരമായി മുന്നേറുകയാണ്. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടീ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രളയകാലത്ത് ഹീറോയായി മാറിയ നടനാണ് ടോവിനോ തോമസ് എന്നാൽ തീവണ്ടീ സിനിമയിൽ മികച്ച പ്രകടനമാണ് ടോവിനോ കാഴ്ചവച്ചതെന്ന് ആരാധകർക്കിടയിലുള്ള അഭിപ്രായം. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന നടനാണ് ടോവിനോ തോമസ്. ചിത്രം മികച്ച വിജയത്തിലേക്ക് പാഞ്ഞുകയറുമ്പോൾ പൈറസി ഒരു വലിയ തടസമായി വരുന്നു. കഴിഞ്ഞ ദിവസം ചിത്രം നേരിടുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ടോവിനോ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിലെ ലിപ്‌ലോക്ക് സീനുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളും കഴിഞ്ഞാല്‍ ട്രോളന്‍മാര്‍ പൈറസി പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന കാര്യം പരിഗണിക്കണമെന്ന് ടോവിനോ തന്റെ ഫേസ്ബുക്കിൽ കുറിച്ച്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം....

 

വർഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി .
പൈറസി തടയാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ ഫലപ്രദമായ ഒരേയൊരു വഴിയേ ഞാൻ കാണുന്നുള്ളൂ !സിനിമാപ്രേമികളായ നമ്മൾ ഇനിമുതൽ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കുക .മറ്റ് ഫിലിം ഇൻഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോൾ ചെറിയൊരു ഇൻഡസ്ട്രിയാണ് നമ്മുടെ മലയാളം ഇൻഡസ്ട്രി .

 

ചെറിയ ബജറ്റിൽ നമ്മൾ ഒരുക്കുന്ന മലയാള സിനിമകൾ തിയേറ്ററിൽ മത്സരിക്കുന്നത് ഹോളിവുഡ് ബോളിവുഡ് ടോളിവുഡ് കോളിവുഡ് ഉൾപ്പടെയുള്ള വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളോടാണ് . എന്നിട്ടും നമ്മൾ തോൽക്കാതെ തലയുയർത്തി നിൽക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളിൽ പണിയെടുക്കുന്നവർ ഇരട്ടി പണിയെടുക്കുന്നതുകൊണ്ടാണ് ()(ഒരിക്കലെങ്കിലും ഷൂട്ടിംഗ് കണ്ടിട്ടുള്ളവർക്ക് മനസ്സിലാവും)

 

മലയാളസിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിൽ , അതിന്റെ തണ്ട് തുരക്കുന്ന ഒരു ഏർപ്പാടാണ് ഈ പൈറസി .സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ സിനിമ കാണാതിരിക്കാൻ ആർക്കും അവകാശമുണ്ട് പക്ഷെ ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനൽ കുറ്റം ആണ് .അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർ കൂട്ടുപ്രതികളും ആവുന്നു . (കള്ളനോട്ട് അടിക്കുന്നതും അത് വാങ്ങി ഉപയോഗിക്കുന്നതും പോലെ .)

 

കഷ്ടമാണ് .ഇത് ചെയ്യുന്നവർ ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടായിരിക്കാം അല്ലെങ്കിൽ തുച്ഛമായ വരുമാനത്തിന് വേണ്ടി ആയിരിക്കാം ഇത് രണ്ടും അല്ലെങ്കിൽ ഒരു സാഡിസ്റ്റിക് സുഖത്തിനു വേണ്ടിയും ആയിരിക്കാം . അവരേതായാലും മനസാക്ഷി ഇല്ലാതെ അത് തുടർന്നുകൊണ്ടിരിക്കും . പക്ഷെ നമുക്ക് അത് കാണണ്ട എന്ന തീരുമാനം എടുത്തൂടെ ? അവരെ നന്നാക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് സ്വയം നന്നായിക്കൂടെ? ആവശ്യക്കാരില്ലാത്ത ഒരു സാധനം ആരും വിൽക്കില്ലല്ലോ .ലക്ഷങ്ങളും കൊടികളുമൊന്നും ഇല്ലല്ലോ ഒരു സിനിമാ ടിക്കറ്റിന് .

ഇനിമുതൽ സിനിമ അതിന്റെ മുഴുവൻ ക്വാളിറ്റിയിലേ കാണൂ എന്നൊരു തീരുമാനം എടുത്തൂടെ ?ഞാൻ സംസാരിക്കുന്നത് മുഴുവൻ മലയാള സിനിമകൾക്കും വേണ്ടിയാണ്.കഴിയുമെങ്കിൽ സഹകരിക്കുക . നന്ദി !ആലോചിച്ചു നോക്കിയിട്ട് പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയാൽ ഒന്ന് ഷെയർ ചെയ്യുക! Sorry for the late night post! വാൽക്കഷ്ണം :ട്രോളേന്മാർ Liplock ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം . നിങ്ങളിൽ നല്ല പ്രതീക്ഷ ഉണ്ട് . വെറുതെ പറയുന്നതല്ല . നല്ലകാര്യങ്ങൾ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവ് നിങ്ങൾ തെളിയിച്ചതാണ് .