Wednesday 23 October 2019




പെണ്ണായി മാറാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു; സ്ത്രീകളുടെ മനോധൈര്യം എത്ര വലുതാണെന്ന് അന്ന് മനസ്സിലായി; ഉണ്ണിമുകുന്ദന്‍

By Anju N P.20 Feb, 2018

imran-azhar

 

 

ചാണക്യതന്ത്രം എന്ന സിനിമക്ക് വേണ്ടി നടന്‍ ഉണ്ണിമുകുന്ദന്‍ നടത്തിയ മേക്കോവറില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. കാരണം മറ്റൊന്നുമല്ല, ഒരു പെണ്ണായി മാറിയാണ് ഉണ്ണിമുകുന്ദന്‍ സിനിമയിലെത്തുന്നത്. കരിഷ്മ എന്ന കഥാപാത്രമായാണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പെണ്ണായി മാറാന്‍ നന്നായി ബുദ്ധിമുട്ടിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മാത്രമല്ല പെണ്ണായി മാറിയതിന് ശേഷം ആണ് സ്ത്രീകളെ മറ്റൊരാള്‍ നോക്കുന്നതിന്റെ ബുദ്ധിമുട്ടു തനിക്ക് മനസ്സിലായതെന്നും താരം പറഞ്ഞു.

 

'പെണ്ണായി മാറാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പുലര്‍ച്ചെ നാല് മണിക്കാണ് പെണ്ണാവാനുള്ള മേക്ക്അപ്പ് ചെയ്യുന്നത്. പുരികം ത്രെഡ് ചെയ്യുമ്പോഴൊക്കെ സത്യത്തില്‍ ഞാന്‍ വേദനകൊണ്ട് കരഞ്ഞു. പുരികം ത്രെഡ് ചെയ്യുമ്പോള്‍ ആ വേദന എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു. പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

 

എനിക്ക് ഇപ്പോഴും ആ എപ്പിസോഡ് എങ്ങനെ തീര്‍ന്നുവെന്ന് അറിയില്ല. അതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്ക് വച്ച് നെയില്‍ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്. ടീം ആശ്വസിപ്പിച്ചാണ് ഒരുവിധത്തില്‍ എല്ലാം തീര്‍ത്തത്.

 

സത്യത്തില്‍ ഇതിന്റെ വിജയം ടീമിന്റെ സപ്പോര്‍ട്ട് തന്നെയാണ് പെണ്‍വേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പെണ്ണായി മാറുമ്പോള്‍ വലിയ വെല്ലുവിളി ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളര്‍ന്നിട്ടുള്ളത്. പക്ഷേ കുറച്ച് മോഡേണും സെക്സിയായിട്ടൊക്കെയാണ് അതില്‍ ഉള്ളത്. ഫോട്ടോ കാണുമ്പോള്‍ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നൊക്കെ ടെന്‍ഷനടിച്ചിരുന്നു- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

 


തങ്ങളുടെ ആര്‍ട്ട് മേക്കര്‍ക്ക് പോലും പെണ്‍ വേഷത്തിലിരുന്ന തന്നെ ആദ്യം മനസിലായിരുന്നില്ലെന്നും ഉണ്ണി പറയുന്നു. കൂടാതെ പെണ്‍വേഷത്തില്‍ ഞാനാണെന്ന് അറിഞ്ഞ് കുറച്ച് ചെറുക്കന്മാര്‍ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അതില്‍ കുറച്ച് സെക്സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അപ്പോള്‍ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു 'ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്'. അങ്ങനെ രസകരമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീകളെ മറ്റൊരാള്‍ നോക്കുന്നതിന്റെ ബുദ്ധിമുട്ടും അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.