Thursday 13 May 2021




സൗദിപൗരന്മാരുടെ മിനിമം വേതനം ഉയര്‍ത്തി

By online desk .20 Nov, 2020

imran-azhar

 

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ ശമ്പളം മുവ്വായിരം റിയാലില്‍ നിന്ന് നാലായിരം റിയാലാക്കി മാനവശേഷി വിഭവ മന്ത്രാലയം ഉയര്‍ത്തി. തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്വദേശി പൗരന്മാരുടെ തൊഴില്‍ നിലമെച്ചപ്പെടുത്താനുള്ള ഈ തീരുമാനം എടുത്തെതെന്നു മന്ത്രാലയം അറിയിച്ചു.


കൂടുതല്‍ ശമ്പളം ലഭിക്കുന്നതോടെ സ്വകാര്യമേഖലയിലേക്ക് നിരവധി സൗദികളെ ആകര്‍ഷിക്കാന്‍ കഴിയും. തൊഴിലുടമകളും ജീവനക്കാരും ഇക്കാര്യത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നതെന്നും അഞ്ചുമാസത്തിന് ശേഷം എല്ലാ കമ്പനികളും സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം നാലായിരം റിയാലോ അതിന് മുകളിലോ ആക്കി ഭേദഗതി ചെയ്യണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു .


3,000 റിയാലില്‍ കുറവ് വേതനമുള്ള സ്വദേശി ജീവനക്കാരനെ നിതാഖാത്ത് പ്രകാരം സ്വദേശിവല്‍ക്കരണ അനുപാതം കണക്കാക്കുന്നതില്‍ പരിഗണിക്കുകയില്ല. 3,000 റിയാല്‍ മുതല്‍ 4,000 റിയാലില്‍ കുറവു വരെ വേതനം ലഭിക്കുന്ന സ്വദേശി ജീവനക്കാരനെയും അര ജീവനക്കാരന് തുല്യമായാണ് നിതാഖാത്തില്‍ കണക്കാക്കുക. പുതിയ തിരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം വേതനം ഉയര്‍ത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കും.