Monday 25 October 2021




ശമ്പളത്തില്‍ നിന്നുള്ള ചെറിയ തുക മാറ്റിവെച്ച് ടിക്കറ്റെടുക്കും; ഒടുവിൽ 20 കോടി അടിച്ചു

By Preethi Pippi.05 Oct, 2021

imran-azhar

 

ദുബായ്: 40 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം അടിച്ചു. ഖത്തറിലെ അല്‍ സുവൈദി ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാരെടുത്ത ടിക്കറ്റിനാണ് 20.3 കോടി രൂപ സമ്മാനം ലഭിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ നഹീല്‍ നിസാമുദ്ദീന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. നഹീല്‍ നിസാമുദ്ദീനടക്കം ടിക്കറ്റില്‍ പങ്കാളികളായ 40 പേരില്‍ രണ്ടു ബംഗ്ലാദേശ് സ്വദേശികള്‍ ഒഴികെ ബാക്കിയെല്ലാം മലയാളികളാണ്.

 

ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും നിസാമുദ്ദീനെ ബന്ധപ്പെടാന്‍ അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. നിസാമുദ്ദീന്‍ ഇന്ത്യയില്‍ വച്ച് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറായിരുന്നു ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്നത്. ഇത് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് ഇതിനോടൊപ്പം നല്‍കിയിരുന്ന നിസാമിന്റെ മാതാപിതാക്കളുടെ നമ്പറില്‍ ബന്ധപ്പെട്ടാണ് അധികൃതര്‍ ശുഭവാര്‍ത്ത അറിയിക്കുന്നത്.

 


എല്ലാ മാസവും ശമ്പളത്തില്‍ നിന്നുള്ള ഒരു ചെറിയ തുക മാറ്റിവെച്ച് ഓരോരുത്തരുടെ പേരിലും ടിക്കറ്റെടുക്കല്‍ പതിവായിരുന്നു. 'തങ്ങളെ പറ്റിക്കുന്നതിനായി പല സുഹൃത്തുക്കളും ഇത്തരത്തില്‍ വിളിക്കാറുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല' നിസാമുദ്ദീന്‍ ഒരു അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 


സാധാരണയായി തങ്ങള്‍ പത്ത് മുതല്‍ 15 പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുക്കാറുള്ളത്. എന്നാല്‍ ഫലമൊന്നും കിട്ടാതിരുന്നതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി സംഘം 40 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്ന് നിസാമുദീനൊപ്പം ഒരേമുറിയില്‍ താമസിക്കുന്ന ഷിനോയ് പറഞ്ഞു