By online desk.18 Sep, 2019
റിയാദ് : സൗദിയിൽ കുടുംബത്തിനും ആശ്രിതര്‍ക്കുമുള്ള വിസകളില്‍ നിയന്ത്രണം വന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. മുന്നൂറ് റിയാലാണ് രണ്ട് വിസകള്‍ക്കും ഫീസെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. രണ്ട് വര്‍ഷത്തേക്കും, ആറ് മാസത്തേക്കും മൂന്ന് മാസത്തേക്കുമുള്ള വിസകളും ഇപ്പോള്‍ ലഭ്യമാകുന്നില്ല.
മൂന്ന് മാസത്തേക്ക് വിസയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കുന്ന രീതിയായിരുന്നു ഫാമിലി വിസകളില്‍. എന്നാല്‍ പുതിയ രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമാണ് വിസ ലഭിക്കുക. ഇതൊരു മാസം കൂടി പുതുക്കാനായേക്കും.
ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്ന് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരണം. ഏത് വിസയെടുത്താലും ഇപ്പോള്‍ മുന്നൂറ് റിയാലാണ് ഫീസ്. ഇതിനാല്‍ ദീര്‍ഘ കാല താമസം ആലോചിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരേണ്ടതിനാല്‍ ടിക്കറ്റിനത്തില്‍ നല്ല തുക ചെലവാകും.
കഴിഞ്ഞ ദിവസം മുതല്‍ മൂന്ന് മാസത്തെ ഫാമിലി വിസകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഒരു മാസത്തേക്കാണ് അനുമതി ലഭിച്ചതെന്ന് സൗദിയിലേയും കേരളത്തിലേയും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. 'സിസ്റ്റം അപ്ഡേഷ'നാണെന്ന സംശയത്തില്‍ ചിലര്‍ സ്റ്റാമ്ബിങ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. അതേ സമയം യുഎസ്, യു.കെ, ഫ്രാന്‍സ്, സൌത്ത് കൊറിയ, ജപ്പാന് എന്നിവര്‍ക്ക് നേരത്തെയുള്ള രീതി തുടരുന്നുമുണ്ട്.