Tuesday 22 October 2019




ലോകത്തിലെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍

By online desk.28 Jul, 2019

imran-azhar

 

റിയാദ്: ഗവേഷണ വികസന രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യ ദീര്‍ഘ ദൂര ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം മുഴുവനായി വികസിപ്പിച്ച വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയാണ് സൗദി അറേബ്യയിലെ ഇക്കണോമിക് സിറ്റി അതോറിറ്റിയുമായി ചേര്‍ന്ന് ട്രാക്ക് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയായിരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് നിര്‍മ്മിക്കുന്നതു സംബന്ധിച്ചുള്ള പ്രാരംഭ പഠനത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.


ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണ, സര്‍ട്ടിഫിക്കേഷന്‍ ഹൈപ്പര്‍ലൂപ്പ് ട്രാക്ക്, ഗവേഷണ വികസന കേന്ദ്രം, ഹൈപ്പര്‍ലൂപ്പ് നിര്‍മ്മാണ സൗകര്യങ്ങള്‍ എന്നിവ വടക്കന്‍ ജിദ്ദയില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പഠനം നടത്തുക. ഇക്കണോമിക് സിറ്റി അതോറിറ്റി സെക്രട്ടറി ജനറല്‍ മൊഹനൂദ് എ ഹിലാലിന്റെ നേതൃത്തിലുള്ള സംഘം ലോസ് ഏഞ്ചല്‍സിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കമ്പനി പഠനം വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജിദ്ദയിലെ ചെങ്കടല്‍ തുറമുഖത്ത് നിന്നും നൂറ് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ (കെഎഇസി) ആയിരിക്കും പഠനം ശ്രദ്ധ കേന്ദ്രീകരിക്കുക. 35 കിലോമീറ്റര്‍ പരിധിയിലുള്ള പരീക്ഷണ, സര്‍ട്ടിഫിക്കേഷന്‍ ട്രാക്ക് ഹൈപ്പര്‍ലൂപ്പ് ടെക്നോളജിയുടെ വികസനരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനിയുമായുള്ള പങ്കാളിത്തം ഭാവിയില്‍ സൗദി അറേബ്യയ്ക്ക് അഭിമാനത്തോടെ ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒന്നാകുമെന്ന് ഇക്കണോമിക് സിറ്റി അതോറിറ്റി സെക്രട്ടറി ജനറല്‍ മൊഹനൂദ് എ ഹിലാല്‍ പറഞ്ഞു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സാങ്കേതിക രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്രോജക്ട് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.