Wednesday 15 July 2020
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 3 മലയാളികളുൾപ്പെടെ 18 ഇന്ത്യക്കാർ

By online desk.21 Jul, 2019

imran-azhar

 

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് വിവരം പുറത്തുവന്നു. ഇതിൽ മൂന്ന് പേർ മലയാളികൾ ആണെന്നാണ് റിപ്പോർട്ട്. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിലുള്ള മലയാളികൾ. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ, പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളായ മറ്റ് രണ്ട് പേർ എന്നിവരാണ് കപ്പലിലുള്ളത്. ഡിജോയുടെ പിതാവിനെ കപ്പൽ കമ്പനി ഉദ്യോഗസ്ഥർ വിളിച്ചറിയിച്ചതാണ് ഇക്കാര്യങ്ങൾ.

 

സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാന്‍ കണ്ടുകെട്ടിയത്. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിന് ഹോര്‍മോസ്ഗന്‍ തുറമുഖത്തിന്റെ അപേക്ഷപ്രകാരമാണ് കപ്പല്‍ കണ്ടുകെട്ടിയതെന്ന് ഇറാന്‍ സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റായ സെപാന്യൂസില്‍ വ്യക്തമാക്കിയത്.

 

ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ സായുധ യാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും സഹായത്തോടെ സ്റ്റെന ഇംപെറോ വളഞ്ഞ ഇറാന്‍ സേന ടാങ്കറിനെ വടക്കന്‍ തീരത്തേക്ക് നയിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറിനുശേഷം ലൈബീരിയന്‍ പതാകേന്തിയ മെസ്ഡറിനെയും വളഞ്ഞു. ബ്രിട്ടീഷ് കമ്പനി നോര്‍ബള്‍ക്ക് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ ടാങ്കറും വടക്കന്‍ തീരത്തേക്ക് അടുപ്പിച്ചു. ഈ ടാങ്കര്‍, സൈന്യത്തിന്റെ പരിശോധനയ്ക്കുശേഷം വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

സ്റ്റെന ഇംപെറോ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്നും എല്ലാ തരത്തിലുമുള്ള രേഖകളും ഉണ്ടായിരുന്നുവെന്നും അതിന്റെ വക്താവ് അറിയിച്ചു. ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യ, ലാത്വിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കേറ്റതായോ അപകടമുണ്ടായതായോ ഇതുവരെ റിപ്പോര്‍ട്ടില്ല. 2018-ല്‍ നിര്‍മ്മിച്ച ടാങ്കര്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്നും ടാങ്കറുമായി ബന്ധപ്പെടാനാകുന്നില്ലെന്നും വക്താവ് പറഞ്ഞു.

 

പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ മുന്നറിയിപ്പും യോഗം ഇറാന് നല്‍കി. സഖ്യകക്ഷികളുമായി ഇക്കാര്യം ആശയവിനിമയം നടത്തിയതായും ജെറമി ഹണ്ട് പറഞ്ഞു. രണ്ട് കപ്പലുകളിലും ബ്രിട്ടീഷുകാരായ നാവികരില്ലെങ്കിലും ബ്രിട്ടീഷ് കപ്പലുകളെന്ന നിലയില്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. മേഖലയിലൂടെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് സമാധാനപരമായി യാത്ര ചെയ്യാവുന്ന സ്ഥിതിയുണ്ടാവണമെന്നും ജെറമി ഹണ്ട് പറഞ്ഞു.

 

പ്രശ്‌നം ബ്രിട്ടനുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ബ്രിട്ടന്‍ അടുത്ത സഖ്യകക്ഷിയാണെന്നും അവര്‍ നേരിടുന്ന പ്രശ്‌നം സ്വന്തം പ്രശ്‌നം പോലെ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.