By online desk.27 Nov, 2019
തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറുടേയോ, എംബസിയുടേയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി (നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷന്‍) നടത്തിപ്പിന് ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പ് വച്ചു.
വിദേശ രാജ്യങ്ങളില്‍ മരിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക റൂട്ട്സിന്റെ നിലവിലെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന വീടുകളില്‍ സൗജന്യമായി എത്തിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോമും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് www.norkaroots.orgല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പറുകളിൽ (1800 425 3939 ഇന്ത്യയില്‍ നിന്നും), (00918802012345 വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം) ലഭിക്കും.