Sunday 20 January 2019


ചരിത്രത്തിലാദ്യം ; 68 വര്‍ഷത്തിനിടെ വെറും ആറു പേര്‍

By SUBHALEKSHMI B R.13 Jan, 2018

imran-azhar

ഇന്ദു മല്‍ഹോത്ര എന്ന മുതിര്‍ന്ന അഭിഭാഷകയാണ് ഇന്ന് വാര്‍ത്തകളിലെ താരം. രാജ്യത്ത് ആദ്യമായി നേരിട്ട് സുപ്രിം കോടതി ജഡ്ജി പദവിയിലേക്കെത്തുന്ന വനിതാ അഭിഭാഷകയാണ് ഈ 60 കാരി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയമാണ് ഇന്ദുവിനെ സുപ്രീം ജഡ്ജിപദത്തിലേക്ക് ശുപാര്‍ശ ചെയ്തത്. ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ സുപ്രീം കോടതിയുടെ ഏഴാമത്തെ വനിതാ ജഡ്ജിയാകും ഇന്ദു മല്‍ഹോത്ര. പരമോന്നത ന്യായപീഠത്തിന്‍റെ 68 വര്‍ഷത്തെ ചരിത്രത്തില്‍ വെറും ആറുവനിതാജഡ്ജിമാരാണുളളത്.മലയാളിയായ ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രിം കോടതിയുടെ ആദ്യത്തെ വനിതാ ജഡ്ജി. സുജാത വി.മനോഹര്‍, റുമ പാല്‍, ജ്ഞാന്‍ സുധാമിശ്ര, രഞ്ജനപ്രകാശ് ദേശായ്, ജസ്റ്റിസ് ഭാനുമതി എന്നിവരാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ മറ്റ് വനിതകള്‍. നിലവില്‍ 25 ജഡ്ജിമാരില്‍ ഏക വനിതാ പ്രതിനിധിയാണ് ജസ്റ്റിസ് ഭാനുമതി. ഭാനുമതിയുടെ പിന്‍ഗാമിയാകുന്നതിനുളള ആദ്യപടി ഇന്ദു മല്‍ഹോത്ര കടന്നുകഴിഞ്ഞു.

 

1956 മാര്‍ച്ച് 14ന് ഒംപ്രകാശ് മല്‍ഹോത്ര~സത്യ ദന്പതികളുടെ ഇളയമകളായി ബാംഗ്ളൂരിലാണ് ജനനം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു ഓംപ്രകാശ് മല്‍ഹോത്ര. വ്യാവസായികവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ഓംപ്രകാശ് മല്‍ഹോത്ര രചിച്ച പ്രബന്ധം നിയമവിദ്യാര്‍ത്ഥികള്‍ക്കും നിയമജ്ഞര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. ഇതിന്‍റെ ഏഴ് വാല്യങ്ങളാണ് അദ്ദേഹം രചിച്ചത്. തന്‍റെ അവസാനനാളുകളില്‍ മാധ്യസ്ഥവും അനുരഞ്ജനവും നിയമവും പ്രായോഗികതയും ( ലോ ആന്‍ഡ് പ്രാക്ടീസ് ഒഫ് ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സീലിയേഷന്‍) എന്ന വിഷയത്തില്‍ അദ്ദേഹം ഒരു പ്രബന്ധം രചിക്കുകയുണ്ടായി. രണ്ടു വാല്യങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. പിതാവിന്‍റെ വഴി പിന്തുടര്‍ന്ന മകള്‍ ഇന്ദു മല്‍ഹോത്ര പില്‍ക്കാലത്ത് ഇതിന്‍റെ മൂന്നാം വാല്യം രചിച്ചു.

ന്യൂഡല്‍ഹിയിലെ കാര്‍മല്‍ കോണ്‍വെന്‍റ് സ്ക്കൂളില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇന്ദു ലേഡി ശ്രീറാം കോളജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. അതിനുശേഷം മിറാന്‍ഡ ഹൌസ് കോളജിലും വിവേകാനന്ദ കോളജിലും അധ്യാപികയായി. 1979~ല്‍ അധ്യാപനം വിട്ട് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കി. 1983~ല്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ച ഇന്ദു മല്‍ഹോത്ര ഡല്‍ഹി ബാര്‍ കൌണ്‍സില്‍ അംഗമായി. 1988~ല്‍ സുപ്രീം കോടതിയിലേക്കുളള അഡ്വക്കേറ്റ് ഒണ്‍ റെക്കോര്‍ഡ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ദുവിനെ മുകേഷ് ഗോസ്വാമി മെമ്മോറിയല്‍ പുരസ്കാരമെത്തി. 1991~ല്‍ സുപ്രീം കോടതിയില്‍ ഹരിയാനയുടെ സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ആയി നിയമിതയായി. 1996 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേണ്ട് ബോര്‍ഡ് ഒഫ് ഇന്ത്യ, ഡല്‍ഹിവികസന അതോറിറ്റി, കൌണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍സട്രിയല്‍ റിസര്‍ച്ച്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ തുടങ്ങിയവയെ വേണ്ടി സുപ്രീം കോടതിയില്‍ പ്രതിനിധീകരിച്ചു. 2007~ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായി നിയമിതയായി. ലീലാ സേത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും ഇതോടെ സ്വന്തമായി.

ജയ്പൂര്‍ പൈതൃകനഗരപുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി പദ്ധതികളില്‍ അമിക്കസ് ക്യൂറിയായി നിയമിതയായി. യൂണിയന്‍ ഒഫ് ഇന്ത്യ ~ഹര്‍ജീത്ത്സിംഗ് സാന്ധു (2001), ജയ ഷാ ~ബോംബെ സ്റ്റോക്ക് എസ്ചേഞ്ച് കേസ് (2004), ഹര്‍ഷദ് മോദി ~ഡിഎല്‍ഫ് കേസ് (2005), എ.സി.നാരായണ്‍ ~ സ്റ്റേറ്റ് ഒഫ് മഹാരാഷ്ട്ര കേസ് (2013) തുടങ്ങി നിരവധി സുപ്രധാന കേസുകളില്‍ അവര്‍ ഹാജരായി. എഎന്‍സ് ഗ്രിന്‍ലേയ്സ്, പെപ്സികോ ഇന്ത്യ, ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ എന്നിവയ്ക്കുവേണ്ടിയും ഹാജരായി. മധ്യസ്ഥനിയമത്തില്‍ വിദഗ്ദ്ധയായ ഇന്ദു മല്‍ഹോത്ര 1996~ലെ ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ നിയമത്തെക്കുറിച്ച് ഒരു പ്രബന്ധം രചിച്ചു. തോംസണ്‍ റോയിട്ടേഴ്സ് ആണ് പ്രസാധകര്‍. മാധ്യസ്ഥത്തിന്‍റെ ലീഗല്‍ ക്ളാസിക് എന്നാണ് പ്രമുഖ നിയമവിദഗ്ദ്ധര്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്.

 

 

സുപ്രീം കോടതിയിലെ നിയമസഹായ സമിതിയില്‍ അംഗം, ഇന്‍ഡോ~ബ്രിട്ടീഷ് ലീഗല്‍ ഫോറം പ്രതിനിധി, 1998~ല്‍ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ധാക്കയില്‍ സംഘടിപ്പിച്ച ബാലാവകാശ കണ്‍വെന്‍ഷനിലെ ഇന്ത്യന്‍ പ്രതിനിധി ,ഗുജറാത്ത് ദേശീയ നിയമസര്‍വ്വകലാശാലയുടെ പൊതുസഭാംഗം എന്ന നിലയില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്ത ശ്രേഷ്ഠവ്യക്തികളിലൊരാള്‍ എന്നിങ്ങനെ ഈ വനിതായുടെ കിരീടത്തില്‍ പൊന്‍തൂവലുകളേറെയാണ്.

റോഡപകടങ്ങളും തത്ഫലമായ ജീവഹാനികളും കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ സേവ് ലൈഫ് ഫൌണ്ടേഷന്‍റെ സജീവപ്രവര്‍ത്തകയുമാണ് ഈ നിയമജ്ഞ.