Saturday 23 March 2019


ദൈവത്തിന്‍റെ നാട്ടിലെ 38 ദിവസം

By SUBHALEKSHMI B R.23 Apr, 2018

imran-azhar

"നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ളന്മാരോ അധോലോകമോ ഒന്നുമില്ള"....നെഞ്ചില്‍ നെരിപ്പോടും പേറി പൊലീസ് സ്റ്റേഷനില്‍ ദിവസങ്ങളോളം കയറിയിറങ്ങിയ ഇലിസിനും ആന്‍ഡ്രൂസിനും മുന്നിലേക്ക് ഒരു ക്രമസമാധാനപാലകന്‍ ചവച്ചുതുപ്പിയ വാക്കുകള്‍. ഇപ്പോള്‍ ഇലിസിന്‍റെ തകര്‍ന്ന ഹൃദയം അത് തിരിച്ചുചോദിക്കുകയാണ് ""പിന്നെ എന്തുകൊണ്ടാണിങ്ങനെ സര്‍? എന്‍റെ സഹോദരി എങ്ങനെയാണ് മരണപ്പെട്ടത്?'' ഇലിസ് കേരളത്തിന് ഇപ്പോള്‍ സുപരിചിതയാണ്. കാണാതായ സഹോദരിക്കായി വ്യത്യസ്തമാര്‍ഗ്ഗങ്ങളിലൂടെ തിരച്ചില്‍ നടത്തിയവള്‍. കേരളത്തിന്‍റെ 14 ജില്ലകളിലും പോസ്റ്ററുകളൊട്ടിച്ചും അധികാരികളുടെ കാലുപിടിച്ചും സമൂഹമാധ്യമങ്ങലൂടെയും ലിഗ സ്ക്രൊമേന്‍ എന്ന കൂടപ്പിറപ്പിനായി ഭ്രാന്തമായി തിരഞ്ഞവള്‍. ഉറക്കം അകന്നുനില്‍ക്കുകയാണെന്നും രാത്രികള്‍ നിശബ്ദമായ പ്രാര്‍ത്ഥനകളായി കടന്നുപോകുന്നുവെന്നും നിന്നെ വീണ്ടും പുണരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും സഹോദരിക്കായി കോറിയിട്ട് കാത്തിരുന്നവള്‍. ഇലിസും ലിഗയുടെ പങ്കാളി ആന്‍ഡ്രൂസും അവര്‍ക്കായി ‘ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍' നെട്ടോട്ടമോടുന്പോള്‍ കേരളത്തിലെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഭൂരിപക്ഷവും പ്രാര്‍ത്ഥനയിലായിരുന്നു. ""സുഖമില്ലാത്ത പെണ്‍കുട്ടി....ദൈവമേ അരുതാത്തതൊന്നും സംഭവിക്കരുതേ''. പക്ഷേ ഒടുവില്‍ അതു തന്നെ സംഭവിച്ചു. ഉടലും തലയും വേര്‍പെട്ട് അഴുകിയ നിലയില്‍ ലിഗ എന്ന വിദേശസഞ്ചാരിയെ നമ്മള്‍ അവരുടെ മാതൃരാജ്യത്തിന് തിരികെ നല്‍കാന്‍ തയ്യാറെടുക്കുകയാണ്. നാടിന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് വരുമാനമുണ്ടാക്കിത്തരുന്ന ഏറ്റവും ചെറിയ കണ്ണി എന്നതൊഴിച്ചാല്‍, അവളുടെ മതമോ സ്വത്വമോ ഒന്നും അത്ര പ്രധാനമല്ളാത്തതിനാല്‍ ‘തലകുനിച്ച് രാജ്യം' എന്നൊരു തലക്കെട്ട് ഒരു പത്രത്തിലും കാണില്ള. ഒരു മെഴുകുതിരി പോലും അവള്‍ക്കായി എരിഞ്ഞേക്കില്ള. ഹാഷ്ടാഗുകളില്‍ കണ്ണീര്‍ത്തടാകങ്ങള്‍ പൊട്ടിയൊലിക്കില്ല, രോഷം പുകയില്ല.....ക്രമസമാധാനത്തകര്‍ച്ചയെന്നും അരാജകത്വമെന്നും ആരും അലറില്ല. നഷ്ടം അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവനും മാത്രമെന്നോര്‍ത്ത് സഹതപിക്കും സമാധാനിക്കും. എന്നാല്‍ കേള്‍ക്കു, കശ്മീരിലായാലും കേരളത്തിലായാലും സ്വദേശിയായലും വിദേശിയായാലും കേള്‍ക്കാതെ പോയ നിലവിളികള്‍ നാണക്കേട് തന്നെയാണ്....ഇവിടെയും നമ്മുടെ നാട് തലകുനിക്കേണ്ടി വരും. ദൈവത്തിന്‍റെ സ്വന്തം നാടെന്നും അതിഥി ദേവോ ഭവഃ എന്നുമുളള പരസ്യവാചകങ്ങള്‍ക്കപ്പുറം നിങ്ങളുടെ രാജ്യത്ത് ഞങ്ങളുടെ പൌരന്മാര്‍ക്ക് എന്തു സുരക്ഷയെന്ന് ലോകം ചോദിക്കുന്പോള്‍....തീര്‍ച്ചയായും തലകുനിക്കേണ്ടി വരും.