Tuesday 19 March 2024




ആശ്വാസത്തോടെ അമിത് ഷാ

By SUBHALEKSHMI B R.20 Apr, 2018

imran-azhar

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സുദീര്‍ഘമായ ഒരു ആശ്വാസനിശ്വാസമുതിര്‍ത്ത ദിനമാകും 2018 ഏപ്രില്‍ 19 വ്യാഴാഴ്ച. തന്‍റെ മാത്രമല്ല പാര്‍ട്ടിയുടെയും നിലനില്പിന് വരെ ഭീഷണിയായേക്കാവുന്ന...ഒരു പരിധിവരെ അങ്ങനെയായിരുന്ന ഒരു കേസില്‍ അദ്ദേഹത്തിന് അനുകൂലവിധിയുണ്ടായിരിക്കുകയാണ്. ഗുജറാത്തിലെ സൊഹ്റാബുദീന്‍ ഷെയ്ക് വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നു. എന്നുമാത്രമല്ല, രാജ്യത്തെ ഒരു കോടതിയിലും ഈ കേസ് പരിഗണിക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചു. ""ജസ്റ്റിസ് ലോയയുടേതു സ്വാഭാവിക മരണം മാത്രമാണ്. ഗൂഢലക്ഷ്യത്തോടെയുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ള. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്‍റെ നിഴലിലാക്കാന്‍ ശ്രമിച്ചു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമം. ഹര്‍ജികള്‍ ബാലിശവും അപകീര്‍ത്തകരവുമാണ്. ലോയയ്ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാകില്ല. ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കോടതിയിലും പരിഗണിക്കരുത്''~ ലോയയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഏഴു പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളിക്കൊണ്ട് ബഞ്ചിന്‍റെ ഉത്തരവ് ഇപ്രകാരമായിരുന്നു. തുടര്‍ന്ന് ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നീ അഭിഭാഷകരെ സുപ്രീം കോടതി പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. ഇവര്‍ കോടതിയുടെ അന്തസ്സ് കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എങ്കിലും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും പറഞ്ഞ കോടതി നടപടിയെടുക്കാത്തത് അഭിഭാഷകര്‍ക്കിടയില്‍ അസമത്വം ഉണ്ടാകാതിരിക്കാനാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതോടെ അമിത്ഷായെയും ബിജെപിയെയും സംബന്ധിച്ച് വലിയൊരു തലവേദനയാണ് ഒഴിഞ്ഞുപോയത്. 2014 ഡിസംബര്‍ 1ന് രാവിലെ 6.15നാണ് ജസ്റ്റിസ് ലോയ മരണപ്പെട്ടത്. ഒക്ടോബര്‍ 31ന് മുംബയിലുണ്ടായിരുന്നിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിന് അമിത്ഷായെ അദ്ദേഹം ശാസിച്ചിരുന്നു. ഡിസംബര്‍ 15~നാണ് അദ്ദേഹം സൊഹ്റാബുദ്ദീന്‍ ഷെയ്ക് കേസില്‍ വിധിപറയാനിരുന്നത്. ലോയയുടെ മരണശേഷം ഡിസംബര്‍ 30ന് തത്സ്ഥാനത്ത് നിയമിതനായ ജസ്റ്റിസ് എം.ബി.ഗോസാവി അമിത്ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ലോയ മരണപ്പെട്ട് മാസങ്ങള്‍ക്കുശേഷം മാധ്യമങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടപ്പെട്ട സംശയവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ചൂടുപിടിച്ചത് ഇതോടെയാണെന്ന് പറയാം. സൊഹ്റാബുദ്ദീന്‍ കേസുമായി ലോയയുടെ അപ്രതീക്ഷിതമരണത്തിന് ബന്ധമുണ്ടെന്ന് ആരോപണമുയരുകയും സംശയത്തിന്‍റെ മുനകള്‍ അമിത്ഷായ്ക്കു നേരെ നീളുകയും ചെയ്തു. ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരും ലോയ മരണത്തിലെ ദുരൂഹതനീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവേയും മഹാരാഷ്ട്രസര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ , തുഷാര്‍ മേത്ത എന്നിവരും തമ്മില്‍ വലിയ വാക്പോരുണ്ടായി. സിറ്റിംഗ് ജഡ്ജിമാര്‍ വിശുദ്ധപശുക്കളല്ല എന്ന ദവേയുടെ പ്രയോഗം ചര്‍ച്ചയാവുകയും ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികളും ലോയ കേസ് ആയുധമാക്കി. ഇതോടെ സൊഹ്റാബുദ്ദീന്‍ കേസിന് സമാനമായ വെല്ലുവിളിയാണ് അമിത്ഷായ്ക്ക് മുന്നില്‍ ഉടലെടുത്തത്.

 

 

 

ഇതിനിടെ ലോയ കേസ് തങ്ങളെ അപേക്ഷിച്ച് ജൂനിയര്‍ ആയ ജസ്റ്റിസ് അരുണ്‍കുമാര്‍ മിശ്രയുടെ ബഞ്ചിന് നല്‍കിയതിനെതിരെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍.പി.ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ സുപ്രീം കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയത് ചരിത്രമായി. പ്രമാദമായ കേസുകളില്‍ സീനിയോറിറ്റി പരിഗണിക്കപ്പെടുന്നില്ലെന്ന രീതിയിലുയര്‍ന്ന പ്രതിഷേധം ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി;വിവാദവും ഇതിന്‍റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. നിലവില്‍, സുപ്രീം കോടതി വിധി ആ ആശങ്കകളെല്ലാം അകറ്റിയതിന്‍റെ ആശ്വാസത്തിലാണ് ബിജെപിയുടെ ചാണക്യന്‍. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ വിധി വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു കഴിഞ്ഞു. രാഷ്ട്രീയ തലത്തിലുമതേ. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം യുക്തമായ മറുപടി പറയാന്‍ ഈ വിധിന്യായത്തിന് കഴിയണമെന്നും അല്ലാത്ത പക്ഷം ഇനിയും ചോദ്യങ്ങളുയരുമെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലും വിധി തൃപ്തികരമല്ലെന്ന സൂചന നല്‍കുന്ന പ്രതികരണങ്ങളാണ് വരുന്നത്.

 

സൊഹ്റാബുദ്ദീന്‍ കേസും ലോയയുടെ മരണവും

 


അമിത്ഷായെയും ഗുജറാത്ത് സര്‍ക്കാരിനെയും ഏറെ വെട്ടിലാക്കിയ കേസാണ് സൊഹ്റാബുദീന്‍ ഷെയ്ഖ്, വ്യാജ ഏറ്റുമുട്ടല്‍ കേസ്. സൊഹ്റാബുദീന്‍ ഷെയ്ഖ്. ഭാര്യ കൌസര്‍ബി എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്. സംഭവത്തിന്‍റെ സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തില്‍ 2006 ഡിസംബറില്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നും കേസുണ്ട്. രണ്ടു കേസുകളും ഒരുമിച്ചാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളില്‍ 15 പേരെ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഏറ്റുമുട്ടല്‍ നടക്കുന്പോള്‍ ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവരും പ്രതികളാണ്. കേസില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റണമെന്നും ഒരു ജഡ്ജി തന്നെ വാദം പൂര്‍ണ്ണമായി കേള്‍ക്കണമെന്നും 2012~ല്‍സുപ്രീംകോടതി ഉത്തരവിട്ടു. പിന്നീട് ജസ്റ്റിസ് ജെ.ടി.ഉത്പത്തിനെ നീക്കി ജസ്റ്റിസ് ലോയയെ പ്രത്യേക ജഡ്ജിയായി നിയോഗിക്കുകയും ചെയ്തു. ഒക്ടോബര്‍ 31ന് അമിത്ഷായെ വിമര്‍ശിച്ച ജസ്റ്റിസ് ലോയ ഡിസംബര്‍ 15ന് കേസ് പരിഗണിക്കുമെന്നും അന്നുതന്നെ വിധി പ്രസ്താവിക്കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. സഹപ്രവര്‍ത്തകനായ ജഡ്ജിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചില സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു. നിര്‍ബന്ധത്തിന് വഴങ്ങി 2014 നവംബര്‍ 30നു ലോയ നാഗ്പുരിലെത്തി. സര്‍ക്കാര്‍ അതിഥി മന്ദിരമായ രവി ഭവനിലായിരുന്നു താമസം. രാത്രി 11ന് മുംബൈയിലുള്ള ഭാര്യ ശര്‍മിളയെ വിളിച്ചു നാല്‍പതു മിനിറ്റിലേറെ സംസാരിച്ചു. പിറ്റേന്നു കുടുംബം അറിയുന്നത് അദ്ദേഹത്തിന്‍റെ മരണവാര്‍ത്തയാണ്.അതിഥിമന്ദിരത്തില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെയാണ് മരണവിവരം ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചത്. പുലര്‍ച്ചെ നാലിന് അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായെന്നും ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും അവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ അന്ത്യം സംഭവിച്ചുമെന്നാണ് അറിയിച്ചത്. നാഗ്പുരിലേക്കു ചെല്ളേണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഈശ്വര്‍ ബഹേതി മൃതദേഹം കുടുംബവീടായ ലത്തൂരിലെ ഗടേഗാവില്‍ എത്തിക്കുമെന്നും പറഞ്ഞു. അന്നുരാത്രി 11.30നാണു മൃതദേഹം ലത്തൂരിലെ കുടുംബവീട്ടില്‍ എത്തിച്ചത്. ആംബുലന്‍സില്‍ ഡ്രൈവര്‍ അല്ളാതെ മറ്റാരും ഉണ്ടായിരുന്നില്ള. നാഗ്പുരില്‍ ഒപ്പമുണ്ടായിരുന്ന ജഡ്ജിമാരോ പൊലീസോ അനുഗമിച്ചില്ലെന്നതും വിവാഹത്തിനു ലോയയെ നിര്‍ബന്ധിച്ചു കൊണ്ടുപോയ സഹപ്രവര്‍ത്തകരുമുണ്ടായില്ലെന്നതും വാര്‍ത്തയായി.

 

 

 

തുടക്കമിട്ടത് കാരവാന്‍

 


കാരവാന്‍ മാസികയാണ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടായ സംശയം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത്. ജസ്റ്റിസ് ലോയ ധരിച്ചിരുന്ന ഷര്‍ട്ടിന്‍റെ കോളറിലെ രക്തക്കറയാണ് കുടുംബാംഗങ്ങളില്‍ സംശയം ജനിപ്പിച്ചത്. മൃതദേഹത്തിന്‍റെ തലയ്ക്കു പിന്നില്‍ മുറിവുണ്ടായിരുന്നെന്ന് ലോയയുടെ സഹോദരി അനുരാധ പറഞ്ഞു. കണ്ണാടി മൃതദേഹത്തിന്‍റെ അടിയില്‍ വച്ചിരിക്കുന്ന നിലയിലായിരുന്നു. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നു ഡോക്ടര്‍ കൂടിയായ അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ലോയയുടെ സഹപ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തി. ലോയയുടെ മൊബൈല്‍ ഫോണ്‍ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും പൊലീസാണ് എത്തിക്കേണ്ടതെങ്കിലും ഈശ്വര്‍ ബഹേതിയാണു ഫോണ്‍ കൈമാറിയതെന്നതും ദുരൂഹതയുയര്‍ത്തി. ഇതിന്‍റെ പിന്നാലെ പോയ കാരവാന്‍ പ്രസിദ്ധീകരിച്ച വിസ്ഫോടനാത്മകമായ റിപ്പോര്‍ട്ടാണ് ലോയയുടെ മരണത്തിന്മേലുളള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ലോയയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതു നാഗ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അന്നു ലക്ചററായിരുന്ന ഡോ. എന്‍.കെ. തുംറാം ആണ്. എന്നാല്‍ അന്ന് ആ വിഭാഗത്തിലെ പ്രഫസറും ഇപ്പോള്‍ നാഗ്പുര്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം തലവനുമായ ഡോ. മകരന്ദ് വ്യവഹാരെയാണു പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് കാരവാന്‍ റിപ്പോര്‍ട്ടുചെയ്തു. പല പോസ്റ്റ്മോര്‍ട്ടം രേഖകളിലും പേരു ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യവഹാരെ പല കേസുകളിലും തനിക്കുനേരെയുള്ള മാധ്യമശ്രദ്ധയില്‍നിന്നും ഒഴ
ിവാകാറുണ്ട്. മഹാരാഷ്ട്ര ബിജെപിയിലെ രണ്ടാമനായ ധനമന്ത്രി സുധീര്‍ മുങാന്തിവാറിന്‍റെ സഹോദരീ ഭര്‍ത്താവു കൂടിയായ വ്യവഹാരെ മഹാരാഷ്ട്ര മെഡിക്കല്‍ കൌണ്‍സില്‍ അംഗവുമാണ്. ലോയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ പതിവിനു വിപരീതമായി വ്യവഹാരെ നേരത്തേതന്നെ പോസ്റ്റ്മോര്‍ട്ടം മുറിയില്‍ എത്തുകയായിരുന്നു. ലോയയുടെ തലയ്ക്കു പിന്നിലുള്ള മുറിവു ചൂണ്ടിക്കാട്ടിയ ജൂനിയര്‍ ഡോക്ടറെ വ്യവഹാരെ ശകാരിച്ചു. ഹൃദയാഘാതം എന്നതാണു രേഖകളില്‍ മരണകാരണമായി പറയുന്നത്. എന്നാല്‍ ലോയയുടെ ഇസിജി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇക്കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നുവെന്നും കാരവാന്‍ റിപ്പാര്‍ട്ടുചെയ്തു. നാഗ്പുര്‍ മെഡിക്കല്‍ കോളജിലെ നിലവിലുള്ളതും വിരമിച്ചതുമായ 14 ജീവനക്കാരില്‍നിന്നുള്ള വിവരങ്ങള്‍ വച്ചാണ് അന്വേഷണ റിപ്പോര്‍ട്ടെന്നും വെളിപ്പെടുത്തിയ കാരവാന്‍ ലോയയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞുവെച്ചു. ഇതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ കക്ഷികള്‍ ഇതേറ്റെടുത്തു. കേസ് സുപ്രീം കോടതിയിലെത്തുകയും ചെയ്തു