Thursday 21 September 2017

നി​ക്ഷേ​പ​കര്‍ക്ക് നല്‍​കാ​നു​ള്ള​ത് 602,85,12,744 രൂപ

By ബി.വി. അ​രുണ്‍​ കു​മാര്‍.13 Sep, 2017

imran-azhar

തിരുവനന്തപുരം: : പളുകല്‍ മത്തംന്പാലയിലെ നിര്‍മല്‍ കൃഷ്ണാ നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ സ്ഥാപക ഉടമ നിര്‍മലന്‍ കോടതിയില്‍ നല്‍കിയ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് നാമമാത്രമായ ആസ്തികള്‍. നിര്‍മലന്‍റെ ഭാര്യയുടെ പേരിലുള്ളതും സ്ഥാപനത്തിലെ മറ്റ് പാര്‍ട്ടണര്‍മാരായ ബെനാമികളുടെ പേരില്‍ വാങ്ങികൂട്ടിയിട്ടുള്ള വസ്തുവകകളോ ബാങ്ക് നിക്ഷേപങ്ങളോ കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. സ്ഥാപന ഉടമയുടെ ബാങ്ക് അക്കൌണ്ടുകളും സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ ആസ്തിയായ കാണിച്ചിട്ടുള്ളത് 91,51,50,000 മാത്രമാണ് .

എന്നാല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 592,15,12,439 രൂപയും ചിട്ടിയിനത്തില്‍ നല്‍കുവാനുളളത് 10,70,00,305 രൂപയുമടക്കം ആകെ 602,85,12,744 രൂപയുടേതാണ് എന്നുമാണ് കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പറഞ്ഞിരിക്കുന്നത്. കെ. നിര്‍മലന്‍ കൃഷ്ണാ ടെക്സ്റ്റയില്‍സ്, നിര്‍മല്‍ കൃഷ്ണാ ഹോളോ ബ്രിക്സ്, പികെ ഓഡിറ്റോറിയം, നിഖില്‍ കൃഷ്ണാ കാഷ്യൂസ് , രാജലക്ഷമി കാഷ്യൂസ് എന്നിങ്ങനെ അഞ്ച് കന്പനികളുടെ ഉടമയാണെന്ന് മാത്രമാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ നിക്ഷേപ തട്ടിപ്പിലൂടെ വിവാദമായ നിര്‍മല്‍ കൃഷ്ണാ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മല്‍ കൃഷ്ണാ ബെനിഫിറ്റ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇദ്ദേഹത്തിനില്ള. എന്നാല്‍ നിര്‍മല്‍ കൃഷ്ണാ ചിട്ട്സിന്‍റെ ലക്ഷം രൂപ മൂല്യമുള്ള എണ്ണൂറ് ഷെയറുകളും, പളുകല്‍ കൃഷ്ണാ ചിട്ട്സ് എന്ന് സ്ഥാപനത്തില്‍ ആകെ പത്ത് ലക്ഷം രൂപ മൂല്യമുളള ആയിരം ഷെയറുകളും കന്യാകുമാരി എക്സ്പോര്‍ട്ട്സ് എന്ന സ്ഥാപനത്തില്‍ ആകെ 34,43,500 രൂപയുടെ മൂല്യമുളള 3,22,7500 ഷെയറുകളും , കോടികളുടെ നിക്ഷേപമുളള നിര്‍മല്‍ കൃഷ്ണാ നിധി ലിമിറ്റഡില്‍ ഒരുലക്ഷത്തി അറുപതിനായിരം ഷെയറുകളും ഇദ്ദേഹത്തിന് ഉള്ളതായാണ് കോടതിയെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.


2016 ഒക്ടോബറില്‍ 15000 ത്തോളം നിക്ഷേപകര്‍ ഉണ്ടായിരുന്നുവെങ്കിലും നവംബര്‍ മാസത്തില്‍ എണ്ണൂറോളം നിക്ഷേപകരുടെ തുക തിരികെ നല്‍കിയെന്നും കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ 200 ഓളം നിക്ഷേപകരുടെ തുകയുടെ തൊണ്ണൂറ് ശതമാനവും തിരികെ നല്‍കുകയുണ്ടായി എന്നും പറയുന്നു .നിലവില്‍ 13668 നിക്ഷേപകരാണ് ബാങ്കിന് കീഴിലുള്ളതെന്നും ഇവരില്‍ ആയിരം രൂപ മുതല്‍ കോടികള്‍ നിക്ഷേപിച്ചവര്‍വരെ ഉള്ളതായും പറയുന്നു . കൂടാതെ നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട ഏഴോളം പേര്‍ക്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ബാങ്കില്‍ ഈ ചെക്കുകള്‍ പാസാക്കുന്നതിനുള്ള തുക ലഭ്യമല്ളെന്ന് കോടതിയെ അറിയിക്കുകയും അതോടൊപ്പം ചെക്കുകളുടെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട് . പതിനാറ് പേരെ എതിര്‍ക്ഷികളായി കാണിച്ചാണ് നിര്‍മല്‍ കൃഷ്ണാ ബാങ്കുടമ കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് . ഇവയില്‍ ആറ് പൊതുമേഖലാ ബാങ്കുകളും, കെഎസ്എഫ്ഇയും , നാല് സ്വകാര്യ ബാങ്കുകളും നാല് വ്യകതികളെയുമാണ് എതിര്‍കക്ഷികളായി കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത് .

എന്നാല്‍ നിര്‍മല്‍ കൃഷ്ണയുടെ വിവിധ സ്ഥാപനങ്ങളില്‍ പാര്‍ട്ടണര്‍മാരായ ആറോളം പേര്‍ ഉണ്ടെന്നും ഇവര്‍ ഈയാളുടെ ബിനാമികളാണെന്നും ഇവരുടെ ബിനാമി പേരിലുളള വസ്തുവകകള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.