Sunday 16 December 2018


സമൂഹത്തിന് ഷോക്ക് ട്രീറ്റ്മെന്‍റ്

By ബി.ആര്‍.ശുഭലക്ഷ്മി..29 Jan, 2018

imran-azhar

""ഭിത്തിയുറയ്ക്കാനീപ്പെണ്ണിനേയും ചെത്തിയകല്ളിന്നിടയ്ക്കുനിര്‍ത്തി
കെട്ടിപ്പടുക്കുംമുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
കെട്ടിമറയ്ക്കല്ളെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കല്ളേയെന്‍റെ കയ്യും
എന്‍റെ പൊന്നോമന കേണിടുന്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ....''

മലയാളത്തിന്‍റെ പ്രിയകവി ഒഎന്‍വി കുറുപ്പിന്‍റെ ‘അമ്മ'യെന്ന കവിതയിലെ ആരെയും കണ്ണീരണിയിക്കുന്ന വരികളാണിവ. അമ്മ മനസ്സിന്‍റെ ആര്‍ദ്രതയും കരുതലും ഈ വരികളില്‍ തുടിച്ചു നില്‍ക്കുന്നു. ആ അമ്മയെ വായിച്ചറിഞ്ഞ മലയാളിയാണ് കൊല്ലത്തെ ജയമോള്‍ എന്ന അമ്മയെ കണ്ട് ഞെട്ടിത്തരിച്ചത്. പാലൂട്ടി വളര്‍ത്തിവലുതാക്കിയ 14~കാരന്‍ മകനെ കഴുത്തില്‍ ഷാളുപയോഗിച്ച് കുരുക്കിട്ട് കൊന്ന ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. കത്തിച്ച ശേഷം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൈകാലുകള്‍ അടര്‍ന്നുപോയി. ജനുവരി 15~നായിരുന്നു സംഭവം. കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്‍റെ മകന്‍ ജിത്തു ജോബാണ് മാതാവിന്‍റെ ക്രൂരതയ്ക്കിരയായത്. നൊന്തുപെറ്റ കുഞ്ഞിനോട് ഒരമ്മയ്ക്കിത്രയും ക്രൂരത കാട്ടാനാവുമോ? എന്നാണ് വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞവരെല്ലാം ചോദിച്ചത്.

 

 

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് തലസ്ഥാനനഗരിയില്‍ ദീപയെന്ന അമ്മയെ മകന്‍ അക്ഷയ് കഴുത്തുഞെരിച്ച് കൊന്നുകത്തിച്ചത്. 2017 ഏപ്രിലിലാണ് തിരുവനന്തപുരം നന്ദന്‍കോട്ട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കാഡല്‍ ജീന്‍സണ്‍ രാജയെന്ന മുപ്പതുകാരന്‍ കൊന്നുകത്തിച്ചത്. അങ്ങനെയെത്രയെത്ര സംഭവങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മാതാപിതാക്കളാല്‍ വധിക്കപ്പെടുന്ന മക്കളുടെയും മക്കളുടെ കൈകൊണ്ട് കാലപുരിപൂകുന്ന രക്ഷിതാക്കളുടെയും എണ്ണത്തില്‍ സാരമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ബാലികാപീഡനങ്ങളും കൊലപാതകങ്ങളും വേറെ. സാക്ഷരസമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍എംഒ. ഡോ.മോഹന്‍ റോയ്.

 

കാരണങ്ങള്‍ പലത്
മാതാപിതാക്കള്‍ മക്കളെ കൊല്ലുന്ന സംഭവങ്ങള്‍ പണ്ടുമുണ്ട്. അക്കാലത്ത് ജീവന്‍നഷ്ടമായത് കൂടുതലും പെണ്‍കുഞ്ഞുങ്ങള്‍ക്കാണ്. ജനിച്ച ഉടനെ ശിശു കൊല്ലപ്പെടുന്ന കേസുകളില്‍ കാരണങ്ങള്‍ മൂന്നാണ്. ഒന്ന് അവിഹിതഗര്‍ഭം. അതായത് പ്രണയച്ചതിയില്‍പ്പെട്ടോ ലൈംഗികപീഡനത്തിനിരയായോ ഗര്‍ഭവതിയാകുന്ന സംഭവങ്ങളില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊല്ലുന്ന പ്രവണത പണ്ടുമുതലേയുണ്ട്. രണ്ടാമത്തേത് ആഗ്രഹിക്കാത്ത ഗര്‍ഭം, അബോര്‍ഷന്‍ അഥവാ ഭ്രൂണഹത്യയ്ക്കെതിരായ സാമൂഹികവും മതപരവും ആരോഗ്യപരവുമായ നിലപാടുകള്‍. ശാരീരികമാനസിക വൈകല്യങ്ങളുളള ഒരു കുഞ്ഞ് ഉദരത്തില്‍ ഉരുവാകുകയും അതിനെ വേണ്ടെന്നുവയ്ക്കുന്നതിന് നിയമങ്ങളും നിലപാടുകളും തടസ്സമാവുകയും ചെയ്യുന്ന സാഹചര്യങ്ങളിലും അമ്മമാര്‍ കുഞ്ഞിനെ കൊല്ലുന്നു. മേല്‍പ്പറഞ്ഞ രണ്ട് സാഹചര്യങ്ങളിലും പ്രത്യക്ഷ കുറ്റവാളിക്കൊപ്പം സമൂഹവും പരോക്ഷമായി കുറ്റവാളിയാണ്. മൂന്നാമത്തേത് മാനസികരോഗമാണ്. പ്രസവസമയത്തുണ്ടാകുന്ന വിഷാദരോഗം മുതല്‍ ഇക്കാര്യത്തില്‍ വില്ലനാകാറുണ്ട്.

 

ഫിലിപ്പ് റെസ്നിക് 1969~ല്‍ ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയിട്ടുണ്ട്. ഈ പഠനത്തില്‍ അദ്ദേഹം രക്ഷിതാക്കളുടെ കൈകൊണ്ടുളള സന്താനമരണങ്ങള്‍ക്ക് അഞ്ച് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അതില്‍ ആദ്യത്തേത് പരോപകാരപ്രദമായ ശിശുഹത്യയാണ്. അതായത് ജീവിതപ്രതിസന്ധികള്‍ നിമിത്തം ഒരമ്മ ജീവനൊടുക്കാന്‍ തീരുമാനിക്കുന്നുവെന്നിരിക്കട്ടെ. അവര്‍ സ്വന്തം കുഞ്ഞിനെയും കൊല്ലാന്‍ തീരുമാനിക്കുന്നു. അവിടെ അവരെ അതിന് പ്രേരിപ്പിക്കുന്നത് രണ്ട് ഘടകങ്ങളാണ്. ഒന്ന് കുഞ്ഞിനോടുളള സ്നേഹമാണ്~അതായത് തന്‍റെ മരണശേഷം അവന്‍ അല്ലെങ്കില്‍ അവള്‍ ആരുടെയും ദയകാത്ത് കഴിയേണ്ട അവസ്ഥവരരുത് എന്ന ചിന്തയാണ് മക്കളെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നത്. രണ്ടാമത്തേത് തന്‍റെ കുട്ടി ആര്‍ക്കും ഭാരമാകരുതെന്ന ചിന്തയും. റെസ്നിക് ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ കാരണം ചിത്തഭ്രമമാണ്. മൂന്നാമത്തേത് കുഞ്ഞിനോടുളളഒരു തരം ഭയം~ അതായത് കുഞ്ഞ് തനിക്ക് ദോഷമാകുമോ? ഭാവിയില്‍ തന്നെ നോക്കുമോ എന്നൊക്കെയുളള ചിന്ത. നാലാമത്തേത് കുടുംബത്തിലെ അസ്വാരസ്യവും സാമൂഹികസ്ഥിതിയുമാണ്. പങ്കാളിയോടുളള വെറുപ്പാണ് റെസ്നിക് ചൂണ്ടാക്കാട്ടുന്ന അഞ്ചാമത്തെ കാരണം.

കാരണമേതായാലും നാലുവയസ്സുവരെ പ്രായമുളളവരില്‍ മാതാപിതാക്കളാല്‍ കൊല്ലപ്പെടുന്നത് ഏറെയും പെണ്‍കുട്ടികളാണ്. അതിനുമുകളില്‍ കൊല്ലപ്പെടുന്നത് ഏറെയും ആണ്‍കുട്ടികളും. പ്രതി അച്ഛനായാലും അമ്മയായാലും ഇതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

 

 

കൊല്ലത്തെ സംഭവം
കൊല്ലത്തെ ദാരുണസംഭവമാണ് നിലവില്‍ വാര്‍ത്തകളില്‍ സജീവമായി നില്‍ക്കുന്നത്. പൊലീസ് ഭാഷ്യത്തില്‍ നിന്ന് മൂന്ന് കാരണങ്ങളാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതായി ചൂണ്ടിക്കാട്ടാവുന്നവ. ഒന്ന് പ്രതി ജയമോളുടെ മനോനില, രണ്ടാമത്തേത് അവര്‍ക്ക് ഭര്‍ത്താവിന്‍റെ കുടുംബത്തോടുളള അസ്വാരസ്യം. മൂന്നാമത്തേത് മകന്‍റെ കളിയാക്കല്‍. ഇതില്‍ രണ്ടാമത്തേതൊഴികെ മറ്റ് രണ്ട് കാരണങ്ങളും അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മകന്‍ കളിയാക്കിയതുകൊണ്ട് ശരിയായ മാനസികാവസ്ഥയിലുളള ഒരമ്മ മകനെ കൊല്ലില്ല. പെട്ടെന്നുളള പ്രകോപനത്തില്‍ എന്തെങ്കിലും എടുത്തെറിയുകയോ തളളിയിടുകയോ ചെയ്യുന്പോള്‍ മരണം സംഭവിക്കാം. അതല്ലാതെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തില്ല. 14 വയസ്സുളള ആണ്‍കുട്ടി തീര്‍ച്ചയായും പ്രതിരോധിക്കും ആ പ്രതിരോധം അമ്മയെ സ്വബോധത്തിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്യും. ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നത്. അതായത് അവരുടെ മാനസിക നില ശരിയല്ലെന്നു തന്നെ വേണം കരുതാന്‍. പിന്നെ ഒരുദിവസത്തെ പരിശോധനകൊണ്ട് ഒരാളുടെ മനോനില അളാക്കാനുമാവില്ല. മാനസികാരോഗ്യ നിയമപ്രകാരം ഒരാളെ പത്ത് ദിവസമെങ്കിലും നിരീക്ഷിക്കണം. 30 ദിവസം കഴിഞ്ഞേ അയാളുടെ മനോനില സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ഇവിടെ ഇന്ത്യന്‍ പീനല്‍കോഡ് പ്രകാരം 48 മണിക്കൂറിനുളളില്‍ കോടതിയില്‍ ഹാജരാക്കാന്‍ കണക്കാക്കി രേഖകള്‍ സംഘടിപ്പിക്കുകയാണ്. ഈ സ്ഥിതി മാറണം. മകളും ഭര്‍ത്താവും നല്‍കിയ മൊഴികള്‍ പ്രകാരം ജയമോള്‍ കൂറേക്കാലമായി പെട്ടെന്ന് ക്ഷോഭിക്കുകയും ആ നേരത്ത് വളരെ ക്രൂരമായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്. അമിതമായതും അനവസരത്തിലുളളതുമായ ക്ഷോഭം മാനസികരോഗത്തിന്‍റെ പരിധിയില്‍ വരുമെന്ന് ഇന്നും നമ്മുടെ സമൂഹത്തിന് മനസ്സിലായിട്ടില്ല. അമിതമായ പൊസസീവ്നെസ് പോലെ, സംശയരോഗം പോലെ ഇത്തരത്തിലുളള ക്ഷോഭവും മനോരോഗമാണ്. അത് സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ദുരന്തത്തിലാണ് കലാശിക്കുക.

 

പ്രിയദര്‍ശന്‍ സിനിമ പോലെ
മനോരോഗചികിത്സയെക്കുറിച്ച് മലയാളിക്ക് വികലമായ ധാരണയാണുളളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം മുതലിങ്ങോട്ട് മനോരോഗചികിത്സയെന്നാല്‍ ഷോക്ക്ട്രീറ്റ്മെന്‍റാണെന്നും അത്തരം അസുഖങ്ങളുമായി ഡോക്ടറെ സമീപിച്ചാല്‍ സമൂഹം ഭ്രാന്തിയായി അഥവാ ഭ്രാന്തനായി മുദ്രകുത്തുമെന്നുമുളള ഭയം ഇവിടെ വേരുറച്ചിട്ട് കാലമൊട്ടായി. കാലം മാറിയിട്ടും വൈദ്യശാസ്ത്രം വളരെയേറെ മുന്നോട്ടുപോയിട്ടും മനോരോഗത്തോടുളള നമ്മുടെ ചിന്താഗതി മാറിയിട്ടില്ല. ഇല്ലായ്മ അറിയാതെ വളരുന്ന പുതുതലമുറയില്‍ ചെറിയ കാരണങ്ങള്‍ പോലും വിഷാദത്തിനിടയാക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ മനോരോഗമായി മാറാം. അതേസമയം, നേരത്തേ കണ്ടറിഞ്ഞ് ചികിത്സ തേടിയാല്‍ വിഷാദരോഗം പൂര്‍ണ്ണമായും മാറ്റിയെടുക്കാനാവും. പക്ഷേ, പല മാതാപിതാക്കളും കുട്ടികളുടെ പെരുമാറ്റത്തിലെ പന്തികേടിനെ അവഗണിക്കാറാണ് പതിവ്. അതല്ലെങ്കില്‍ അഹങ്കാരമെന്ന് കുറ്റപ്പെടുത്തും.
ഈ അടുത്ത കാലത്ത് ചെറിയ വിഷാദം ബാധിച്ച ഒരു കുട്ടിയെ കൊണ്ടുവന്നു. സ്കൂളിലെ അധ്യാപകന്‍റെ ചെറിയ അവഗണനയാണ് കുട്ടിയെ വിഷാദിയാക്കിയത്. ചെറിയ ഒരു മരുന്ന് കുറിച്ചു. എന്നാല്‍, രക്ഷിതാക്കള്‍ ചോദിച്ചത് പാര്‍ശ്വഫലമുണ്ടാവുമോ എന്നാണ്. അതാണ് അവസ്ഥ, വിദ്യാസന്പന്നര്‍ പോലും ഇത്തരം മരുന്നുകള്‍ ഭാവിയില്‍ ദോഷം ചെയ്യും എന്ന് ധരിച്ചുവച്ചിരിക്കുകയാണ്. പനിയോ മറ്റോ വന്നാല്‍ മരുന്ന കഴിക്കാറില്ലേ? അതുപോലെ തന്നെയാണ് മനോരോഗചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളും. തുടക്കത്തിലായാല്‍ പൂര്‍ണ്ണഫലം എളുപ്പത്തില്‍ കിട്ടും...വൈകുന്തോറും സങ്കീര്‍ണ്ണമാകും.


ആക്രോശം പരിഹാരമല്ല
ജയമോളുടെ കേസ് വന്നപ്പോള്‍ അവരെ അമ്മയെന്ന് വിളിക്കരുത്, സ്ത്രീയെന്ന് വിളിക്കരുത് എന്നിങ്ങനെയുളള ആക്രോശങ്ങള്‍ ഉയര്‍ന്നു. ഓരോ സംഭവങ്ങളുണ്ടാകുന്പോള്‍ മാത്രം ആക്രോശിച്ചിട്ടും നിലവിളിച്ചിട്ടും കാര്യമില്ല. സമൂഹം മാറിചിന്തിക്കണം. ഹൃദ്രോഗം വന്ന് ഒരാള്‍ മരിച്ചാല്‍ ഇത്തരം ആക്രോശങ്ങളുണ്ടാകുമോ? മനോരോഗവും ഇത്തരത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുന്ന രോഗമാണ്. ഒരു വ്യത്യാസമുണ്ട്. പകര്‍ച്ചവ്യാധികളൊഴികെയുളള മറ്റ് രോഗങ്ങള്‍ രോഗിക്ക് മാത്രമാണ് ജീവഹാനിയുണ്ടാക്കുക. എന്നാല്‍, മനോരോഗി ആരുടെയും ജീവനെടുക്കാം. അപ്പോള്‍ കൂടുതല്‍ കരുതലും ശ്രദ്ധയും ഇക്കാര്യത്തില്‍ വേണം. അല്ലെങ്കില്‍ ഇനിയും കാഡല്‍ന്മാരും ജയമോളുമാരും ഉണ്ടായിക്കൊണ്ടേയിരിക്കും.

 


പീഡോഫീലിയ
അടുത്തകാലത്ത് പീഡനത്തിനിരയാകുന്ന ബാലികാബാലന്മാരുടെ എണ്ണവും കൂടുതലാണ്. ഇതിന് പല കാരണങ്ങളുണ്ട്. അമിതമായ ലൈംഗികാസക്തി, ലഹരി, പീഡോഫീലിയ എന്ന രോഗാവസ്ഥ എന്നിവയാണവ. മാത്രമല്ല കുട്ടികള്‍ പ്രതികരിക്കില്ല എന്ന ധാരണയും കുട്ടികളില്‍ നിന്ന് ലൈംഗികരോഗങ്ങള്‍ വരില്ല എന്ന വിശ്വാസവും ചിലര്‍ കുട്ടികളെ തങ്ങളുടെ ലൈംഗികാവശ്യത്തിന് തിരഞ്ഞെടുക്കുന്നതിന് കാരണമാണ്. അമിതമായ ലൈംഗികാസക്തിയുളളവര്‍ തന്നെയാണ് ഇക്കൂട്ടര്‍. അതേസമയം,പീഡോഫീലിയ എന്നത് കുട്ടികളില്‍ ലൈംഗീകസംതൃപ്തി തേടുന്ന രോഗാവസ്ഥയാണ്. അമിതമായ ലൈംഗികാസക്തിയും പീഡോഫീലിയയും ചികിത്സിച്ച് മാറ്റാന്‍ പാടാണ്. പിന്നെ ലഹരി, ആ ബാധയെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് ഉദാഹരണമായി ചെവിയാത്തന്‍ എന്ന സെബാസ്റ്റ്യനെ തന്നെയെടുക്കാം. ഒരു കേസില്‍ തെളിവില്ലാതെ വെറുതെ വിട്ട ഇയാള്‍ പുറത്തിറങ്ങി വീണ്ടും രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു. അപ്പോള്‍ അത്തരക്കാരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക മാത്രമാണ് വഴി. വിദേശരാജ്യങ്ങളിലെന്ന പോലെ ശേഷിച്ച ജീവിതം അഴിക്കുളളിലാക്കാം, ലൈംഗികാസക്തി നശിപ്പിക്കാം...അതൊക്ക നിയമത്തിന് വിടുന്നു.അതുപോലെ ചിലരില്‍ കുറ്റവാസന ഉറങ്ങിക്കിടക്കുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ 10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന 14~കാരന്‍ ഒരു വര്‍ഷം കഴിഞ്ഞ് നല്ലനടപ്പിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി. ദിവസങ്ങള്‍ക്കകം വയോധികയെ കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ അവന്‍ പിടിയിലായി. അതായത് ചിലര്‍ സ്വതന്ത്രസമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അവരെ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ല. അത്തരക്കാരെ സമൂഹത്തിലേക്ക് ഇറക്കിവിടണോ, ജനത്തിന്‍റെ നികുതിപ്പണമുപയോഗിച്ച് പോറ്റണോ എന്നൊക്കെ തീരുമാനിക്കേണ്ടതും നിയമമാണ്. ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷയാണ് ആവശ്യം. കൊല്ലുന്നവര്‍ക്കുമാത്രമല്ല കൊല്ലപ്പെടുന്നവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ടെന്നോര്‍ക്കണം. ഏതു തരം ശിക്ഷയാണ് സമൂഹത്തെ നേര്‍വഴിക്ക് നടത്തുകയെന്ന് ചിന്തിക്കേണ്ട സമയം എന്നേ അതിക്രമിച്ചുകഴിഞ്ഞു.