Sunday 09 December 2018


കാലുകള്‍ കൊണ്ട് പൊരുതിക്കയറി; ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡും

By Subha Lekshmi B R.28 Feb, 2017

imran-azhar

ജനിച്ചപ്പോഴേ കൈകളില്ലായിരുന്നു ഏഡ്രിയാന ഐറീന്‍ മേസിയാസ് ഹെര്‍ണാണ്ടസ് എന്ന മെക്സിക്കോ സ്വദേശിനിക്ക്. ഇന്നവള്‍ക്ക് 39 വയസ്സ്. പ്രൊഫഷന്‍ വക്കീല്‍. വക്കീല്‍ പണി കഴിഞ്ഞാല്‍ പ്രിയം എഴുത്തിനോടും യാത്രകളോടും.

 

ജന്മനാ കൈകളില്ലാത്ത കുഞ്ഞിനെ നോക്കി തളര്‍ന്നിരുന്നില്ല എഡ്രിയാനയുടെ മാതാപിതാക്കള്‍.കൈകള്‍ കൊണ്ട് ചെയ്യാനാകുന്നതെല്ലാം കാലുകള്‍ കൊണ്ട് ചെയ്യാന്‍ അവരവളെ പരിശീലിപ്പിച്ചു. ആദ്യമൊക്കെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത്ഭുതാവഹമായ പുരോഗതിയായിരുന്നു അവളില്‍ ദൃശ്യമായത്. വരയും എഴുത്തും ഫോണ്‍ കൈകാര്യം ചെയ്യലുമെല്ലാംചടുലമായ വേഗതയില്‍ കാലുകള്‍ കൊണ്ട് അവള്‍ ചെയ്യും.

 

ഇപ്പോഴിതാ അറുപത് സെക്കന്‍ഡില്‍ പതിനൊന്നു മെഴുകുതിരികള്‍ കാലുകള്‍ കൊണ്ട് കത്തിച്ച് അതിനെന്താ ബുദ്ധിമുട്ടെന്നു ചോദിക്കരുത് അവള്‍ ലോകറെക്കോര്‍ഡിട്ടിരിക്കുന്നു. നേരത്തെ ഈ റെക്കോഡ് അമേരിക്കയില്‍ ജനിച്ച അശ്രിത ഫര്‍മാന്‍െറ പേരിലായിരുന്നു. അശ്രിത ഒരു മിനിറ്റില്‍ കത്തിച്ചത് ഏഴു മെഴുകുതിരികള്‍ ആയിരുന്നു. ഓരോ മെഴുകുതിരി കത്തിക്കുന്പോഴും പുതിയ ഒരു തീപ്പെട്ടിക്കന്പ് ഉപയോഗിക്കണം എന്നതാണ് ഒരു പ്രധാന നിയമം. ഇങ്ങനെ കാലുകൊണ്ട് പതിനൊന്നു തീപ്പെട്ടിക്കൊളളികള്‍ ഉരച്ചുകത്തിച്ചാണ് അവള്‍ മെഴുകുതിരി തെളിയിച്ചത്.

 

ശാരീരികമായ കുറവുകള്‍ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് വിലങ്ങുതടിയല്ല എന്ന് തെളിയിക്കാനാണ് എഡ്രിയാന്‍ ഈ മത്സരത്തില്‍ പങ്കെടുത്തത്.തന്നെപ്പോലെ കുറവുകളുമായി ജനിച്ചവര്‍ക്ക് സാധാരണ ജീവിതം നയിക്കുവാന്‍ പ്രചോദനം നല്‍കുന്ന സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും അവര്‍ സമയം കണ്ടെത്തുന്നുണ്ട്.