Tuesday 19 March 2024




മുബാറക്കിന്‍റെ വഴിയേ സിസിയും

By SUBHALEKSHMI B R.31 May, 2018

imran-azhar

അറബ് വസന്തം ഒരു മാറ്റവുമുണ്ടാക്കിയില്ലെന്നാണ് തുടര്‍ന്നുളള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഈജിപ്തില്‍ 30 വര്‍ഷം രാജ്യം ഭരിച്ച ഹൊസ്നി മുബാറക്കിനെ പുറത്താക്കിയത് ജനയത്ത ഭരണത്തിലേക്കുളള ചുവടുവയ്പെന്നാണ് ലോകവും മുബാറക്ക് വിരുദ്ധരും വാഴ്ത്തിയത്. എന്നാല്‍, ആ അവകാശവാദങ്ങള്‍ തെറ്റെന്ന് തെളിയാന്‍ താമസമുണ്ടായില്ല. 2013ല്‍ ഈജിപ്തില്‍ ആദ്യമായി ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാരിനെ അട്ടിമറിച്ച് പ്രതിരോധമന്ത്രിയും ഈജിപ്ഷ്യന്‍ സായുധ സേനയുടെ സര്‍വ്വ സൈന്യാധിപനുമായ അബ്ദല്‍ ഫത്താ അല്‍ സിസി ഭരണം പിടിച്ചടക്കി. 2014~ല്‍ സൈനികപദവി രാജിവച്ച്് തിരഞ്ഞെടുപ്പിനെ നേരിട്ട സിസി ഈജിപ്തിന്‍റെ പ്രസിഡന്‍റായി. അധികാരത്തിലെത്തിയ ഉടന്‍ സൈന്യത്തിന് നിര്‍ലോഭം അധികാരങ്ങള്‍ നല്‍കി. അധികാരത്തില്‍ തുടരാന്‍ സൈന്യത്തിന്‍റെ പിന്തുണ ഇത്തരത്തില്‍ ഉറപ്പാക്കിയ സിസി ഈജിപ്ത് ഏറെക്കാലം ഭരിച്ച തന്‍റെ മുന്‍ഗാമികളുടെ ഏകാധിപത്യപാത തന്നെയാണ് പിന്തുടരുന്നത്. ആധുനിക ഈജ്പ്തിന്‍റെ സ്ഥാപകനായ മുഹമ്മദ് അലി പാഷയാണ് ഈജിപ്ത് ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത്. 1805 മുതല്‍ 1848 വരെ 43 വര്‍ഷക്കാലമാണ് ഇദ്ദേഹം ഭരിച്ചത്. തൊട്ടടുത്ത് ഹൊസ്നി മുബാറക്കാണ്. അന്‍വര്‍ സാദത്ത് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ എയര്‍ ചീഫ് മാര്‍ഷലായിരുന്ന മുബാറക്ക് പ്രസിഡന്‍റാവുകയായിരുന്നു. 1981 മുതല്‍ 2011~ല്‍ പ്രതിഷേധം സഹിയാതെ രാജിവയ്ക്കും വരെ മുബാറക്ക് ഭരിച്ചു. ഇപ്പോള്‍ സിസിയും മുബാറക്കിന്‍റെ പാതയിലാണ്. അധികാരം നിലനിര്‍ത്തുക മാത്രമാണ് ലക്ഷ്യം. 2018 മാര്‍ച്ചില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വെറും പ്രഹസനമായിരുന്നു. വിജയം ഉറപ്പാക്കിയാണ് സിസി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗാഡ് പാര്‍ട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയായിരുന്നു അല്‍ സിസിയുടെ ഏക എതിരാളിയെന്ന് പറയാം. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മറ്റു സ്ഥാനാര്‍ഥികളില്‍ പലരും പത്രിക പിന്‍വലിക്കുകയും മറ്റുള്ളവരുടേതു തള്ളിപ്പോകുകയും ചെയ്തു. ഫലമോ , ആകെ വോട്ടിന്‍റെ 97% സ്വന്തമാക്കി സിസി പ്രസിഡന്‍റ് പദം നിലനിര്‍ത്തി.