Wednesday 22 May 2019


പരിഭ്രാന്തി പരത്തി നിപ്പാ

By SUBHALEKSHMI B R.22 May, 2018

imran-azhar

കേരളം മറ്റൊരു പകര്‍ച്ചാവ്യാധി ഭീഷണിയിലാണ്. വാവലുകള്‍ വാഹകരായ നിപ്പാ വൈറസ് (എന്‍ഐവി)പരത്തുന്ന മസ്തിഷ്കജ്വരമാണ് പുതിയ ഭീഷണി. സാധാരണ മഴക്കാലത്തും വേനല്‍ചൂട് കടുക്കുന്പോഴും കേരളം പനിച്ചുവിറയ്ക്കാറുണ്ട്. നിരവധി ജീവനുകളും പൊലിയും. ഡെങ്കിപ്പനി, തക്കാളിപ്പനി, എലിപ്പനി തുടങ്ങിയാണ് വില്ലന്മാര്‍. ഇവയെല്ലാം തന്നെ നേരത്തേ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദപ്പെടുത്താവുന്നവയാണ്. എന്നാല്‍, നിപ്പാ വൈറസ്ബാധയുടെ കാര്യം അങ്ങനെയല്ല. മരണസാധ്യത വളരെ കൂടുതലാണ്. 1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നുപിടിച്ച മാരക മസ്തിഷ്കജ്വരത്തിനു കാരണമായ വൈറസാണിത്. നിപ്പാ മേഖലയില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ വൈറസിനും ഈ പേര് ലഭിച്ചു. വൈറസ് പിടികൂടിയത് പന്നികളെയാണ്. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോഴാണ് മലേഷ്യന്‍ ആരോഗ്യവിഭാഗം ശ്രദ്ധിച്ചത്. അവര്‍ നടപടികള്‍ ആരംഭിക്കുന്പോഴേക്കും നൂറിലധികം മനുഷ്യര്‍ രോഗബാധ മൂലം മരിച്ചു. പന്നികളുമായി അടുത്തിടപഴകിയവരാണ് മരിച്ചത്. പിന്നീട് കാര്യങ്ങള്‍ നിയന്ത്രണവിധേയമായി. ഇന്ത്യയില്‍ 2001~ലാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ സിലിഗുഡിയിലാണ്
നിപ്പാ കണ്ടെത്തിയത്. രോഗം ബാധിച്ച 66 പേരില്‍ 45 പേരും മരിച്ചു. 2011 ~ല്‍ ബംഗ്ളദേശിലും നിപ്പാ ബാധയുണ്ടായി. ഇവിടെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. രോഗം ബാധിച്ച 56 പേരില്‍ 50 പേരും മരിച്ചു. നിപ്പാ മൂലമുളള ജ്വരം ബാധിച്ചു കഴിഞ്ഞാലുളള ശരാശരി മരണനിരക്ക് 74.5 ശതമാനമാണ്. കേരളത്തില്‍ ഇപ്പോഴാണ് ഈ വൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി 16 പേര്‍ പനിബാധിച്ച് മരിച്ചെങ്കിലും നിപ്പാ മൂലമുളള മരണം സ്ഥിരീകരിച്ചത് ആറു പേരിലാണ്. കോഴിക്കോട് കോട്ടൂര്‍ തിരുവോട് കരോള്‍ ഹൌസില്‍ ഇസ്മായില്‍(49), കൊളത്തൂര്‍ സ്വദേശി വേലായുധന്‍, മെഡിക്കല്‍ കോളജില്‍ ചികിത്സയി ലായിരുന്ന ജാനകി ചങ്ങരേത്ത് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ എന്നിവരാണ് നിപ്പാ വൈറസ് ബാധമൂലം മരിച്ചതായി സ്ഥിരീകരിച്ചത്. പൂന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം. മരിച്ച ചങ്ങരേത്ത് സ്വദേശികളുടെ കിണറ്റില്‍ വാവലുകളെ കണ്ടെത്തി.
ഈ വെളളത്തിലൂടെയാകാം ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. മാത്രമല്ല, ഇവരെ ശുശ്രൂഷിച്ച പേരാന്പ്ര താലൂക്ക് ആശുപത്രി നഴ്സും പെരുവണ്ണാമൂഴി ചെന്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ഉം മരിച്ചു. ചങ്ങരേത്ത് സ്വദേശികളായ മറ്റ് 25 പേര്‍ നിരീക്ഷണത്തിലാണ്. മലപ്പുറത്തേക്കും രോഗം പടരുന്നതായാണ് വിവരം. എന്നാല്‍ മരണസംഖ്യകളുയര്‍ത്തിക്കാട്ടി പരിഭ്രാന്തി പരത്തുകയല്ല മറിച്ച് രോഗവ്യാപനം തടയാന്‍ മതിയായ നടപടികളും ബോധവത്ക്കരണവുമാണ് വേണ്ടത്.

 

നിപ്പാ വൈറസ് ലക്ഷണങ്ങള്‍
പനി, തലവേദന, ഛര്‍ദി, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ അപസ്മാര ലക്ഷണങ്ങളുണ്ടാകും. ലക്ഷണങ്ങള്‍ 10~12 ദിവസം നീണ്ടുനില്‍ക്കും. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചുകഴിഞ്ഞാല്‍ 48 മണിക്കൂറിനുളളില്‍ കോമയിലേക്ക് വീഴും.

 

 

വൈറസ് ബാധ എങ്ങനെ തടയാം
ഫ്രൂട്ട് ബാറ്റ്സ് അഥവാ പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന ഒരിനം വാവലുകളാണ് നിപ്പ അഥവാ എന്‍ഐവിയുടെ വാഹകര്‍, ഇവയുടെ കടിയിലൂടെയോ, ഇവ നീരൂറ്റിക്കുടിച്ച ഫലങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ വൈറസ് മറ്റു മൃഗങ്ങളിലെത്തുന്നു. ഇങ്ങനെ ബാധിക്കപ്പെട്ട മൃഗങ്ങളില്‍നിന്ന് അവയുടെ സ്രവങ്ങളിലൂടെ മറ്റു മൃഗങ്ങളിലേക്ക് പടരുന്നു. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരിലേക്കെത്തുന്നു. വാവലുകള്‍ ഭക്ഷിച്ച ഫലങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ മനുഷ്യരിലേക്ക് നേരിട്ടും വൈറസ് എത്തുന്നു. വൈറസ് ബാധിതരായ മനുഷ്യരില്‍ നിന്ന് മറ്റുമനുഷ്യരിലേക്ക് പകരുന്നു, ഈ വൈറസിന് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കാനുളള ഗവേഷണങ്ങള്‍ തകൃതിയാണ്. എന്നാല്‍, ഇതുവരെ ആശാവഹമായ പുരോഗതിയില്ലെന്നതാണ് സത്യം. അപ്പോള്‍ പിന്നെ ഏക മാര്‍ഗ്ഗം വൈറസ് ബാധിക്കാതെ നോക്കുക എന്നതാണ്. അതിനുളള മാര്‍ഗ്ഗങ്ങള്‍ ചുവടെ:

പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്

രോഗിയുമായി സന്പര്‍ക്കം ഉണ്ടായാല്‍ കൈകള്‍ വൃത്തിയായി കഴുകണം

രോഗിയെ പരിചരിക്കുന്പോള്‍ മാസ്കും കയ്യുറയും ധരിക്കണം

വവ്വാലുകള്‍ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്.

പഴവര്‍ഗ്ഗങ്ങള്‍ ചൂടുവെളളത്തില്‍ കഴുകി മാത്രം ഭക്ഷിക്കുക.

 

സര്‍ക്കാര്‍ നടപടികള്‍
മസ്തിഷ്കജ്വരം മൂലമുളള മരണം രണ്ട് ആയപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറവും നാഷനല്‍ സെന്‍റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് കെ.സിംഗിന്‍റെ നേതൃത്വത്തിലുളള കേന്ദ്ര മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു.ഇതിനിടെ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും രോഗമേഖലയില്‍ പരിശോധന നടത്തി. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു. നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ളെന്നും രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണു പകരുകയെന്നും ആരോഗ്യമന്ത്രി കെകെ.ശൈലജ പറഞ്ഞു. രോഗബാധ തടയുന്നതിനുള്ള സത്വര നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കും. രോഗികളെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പെട്ടെന്നു രോഗം കുറയ്ക്കാനുള്ള മരുന്നിന്‍റെ അഭാവമുണ്ടെങ്കിലും കിട്ടാവുന്നിടത്തു നിന്നെല്ളാം മരുന്ന് എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വീതം വെന്‍റിലേറ്ററും ഐസൊലേഷന്‍ വാര്‍ഡുകളും തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു കലക്ടര്‍ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കി. മാത്രമല്ല, ഡെങ്കിപ്പനിയും മറ്റും പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിദഗ്ധ സമിതിയെ നിയോഗിച്ചു.ഡെങ്കിയും പടരുന്നു
സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നതായാണ് വിവരം. കാസര്‍ഗോഡ് ജില്ളയില്‍ മാത്രം 50 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ളയിലെ മലയോര മേഖലകളിലാണ് പനി പടരുന്നത്. കിനാലൂര്‍, ബേളൂര്‍, കരിന്തളം പഞ്ചായത്തുകളിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്. ഇവിടങ്ങളിലെ ആശുപത്രികളില്‍ മുന്നൂറോളം പേരാണ് ഡെങ്കിപ്പനി ബാധയുണ്ടെന്ന സംശയത്താല്‍ ചികിത്സ തേടിയത്. ഇതില്‍ 50 പേര്‍ക്ക് പനിബാധ സ്ഥിരീകരിച്ചു. പനിബാധ സ്ഥിരീകരിച്ച 27 പേര്‍ ജില്ളാ ആശുപത്രിയില്‍ ചികിത്സയിലാണ്.