Sunday 18 April 2021




അത്തം പത്തിന് പൊന്നോണം...

By Online Desk.24 Aug, 2020

imran-azhar

ഒരു ഓണക്കാലം കൂടി വരവായി. ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തെന്പാടുമുളള മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ഓണം മലയാളികളുടെ ഉപവസന്തമാണെന്നും പറയപ്പെടുന്നുണ്ട്.

 

 

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്‍റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം തുടങ്ങിയത് എന്നാണ് ഐതിഹ്യം. എന്നാല്‍ അതിനും വളരെ മുന്പേ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. ഇന്ദ്രവിഴ എന്നാണ് തമിഴ്നാട്ടില്‍ ഈ ആഘോഷം അറിയപ്പെട്ടിരുന്നത്. വിളവെടുപ്പുത്സവമായിരുന്നു ഇത്.

 

 

കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. പൊന്ന് നല്‍കിയാണ് അവര്‍ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങിയിരുന്നത്. കപ്പലുകള്‍ സ്വര്‍ണവുമായെത്തുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിച്ചുവെന്നും പറയപ്പെടുന്നു.ഈ കാലത്ത് വിളവെടുപ്പിനൊപ്പം വ്യാപാരത്തിനും പ്രാധാന്യം നല്‍കിയാണ് മലയാളനാട്ടില്‍ ഓണം ആഘോഷിച്ചിരുന്നത്.