Monday 25 March 2019


ത്രിപുര പിടിക്കാന്‍ കാവിപ്പട

By SUBHALEKSHMI B R.08 Feb, 2018

imran-azhar

ത്രിപുരയില്‍ തിരഞ്ഞെടുപ്പുകാഹളം മുഴങ്ങിക്കഴിഞ്ഞു. ഇന്നേക്ക് പത്താം നാള്‍ ഫെബ്രുവരി 18ന് ജനം വിധിയെഴുതും. രണ്ടരപ്പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് ഇത്തവണ പോരാട്ടം കടുക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇതുവരെ കോണ്‍ഗ്രസായിരുന്നു മുഖ്യഎതിരാളിയെങ്കില്‍ ഇത്തവണ ആ സ്ഥാനം ബിജെപിക്ക് സ്വന്തം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സംസ്ഥാനമുഖ്യമന്ത്രിയെന്ന നിലയില്‍ അഞ്ചാമൂഴത്തിനൊരുങ്ങുന്ന മണിക് സര്‍ക്കാരും ഇക്കാര്യം സമ്മതിച്ചുകഴിഞ്ഞു. 2013 തിരഞ്ഞെടുപ്പ് വരെ ബിജെപി ചിത്രത്തിലില്ലായിരുന്നുവെന്നു തന്നെ പറയാം. എന്നാല്‍, നിലവില്‍ സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസിനെ കടത്തിവെട്ടി ഇടതുമുന്നണിയുടെ മുഖ്യഎതിരാളിയായി ബിജെപി മാറിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുകൂടി അധികാരഭ്രഷ്ടരാക്കുക എന്നതാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ മുഖ്യഅജണ്ടയെന്ന് കേന്ദ്രനേതൃത്വം നേരത്തേ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അതിനായി ഇടതുപാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ അവര്‍ തയ്യാറാണ്. ത്രിപുരയില്‍ മുഖ്യഎതിരാളിയായി ഉയര്‍ന്നുവന്നതും അത്തരത്തിലുളള സഖ്യരൂപീകരണത്തിലൂടെയാണ്. പ്രാദേശികവാദത്തെ കൂട്ടുപിടിച്ചാണ് ബിജെപി ത്രിപുരയില്‍ ശക്തിപ്പെട്ടച്. ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി പ്രത്യേക സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്ന ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുരയുമായി (ഐപിഎഫ്ടി) ചേര്‍ന്നാണ് ബിജെപി ത്രിപുരയില്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത്. 1988~ല്‍ ത്രിപുര ഉപജാതി ജൂബാ സമിതി (ടിയുജെഎസ്) യുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഇത്തരത്തില്‍ അധികാരത്തിലെത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുളള സംസ്ഥാനമായിട്ടും ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലെ സാക്ഷരത തുലോം കുറവാണ്, ഗോത്രവര്‍ഗ്ഗവിവേചനം, തൊഴിലില്ലായ്മ, വൈദ്യുതിവത്ക്കരണത്തിലെ പരാജയം തുടങ്ങിയവയാണ് ഇടതുസര്‍ക്കാരിനെതിരെ ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

 

സിപിഎം നയിക്കുന്ന ഇടതുമുന്നണി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപി, ഇന്‍ഡീജിനസ് നാഷണാലിസ്റ്റ് പാര്‍ട്ടി ഒഫ് ത്രിപുര (ഐഎന്‍പിടി), ഐപിഎഫ്ടി തുടങ്ങിയ പ്രാദേശിക കക്ഷികള്‍ എന്നിവയാണ് ത്രിപുരയിലെ പ്രധാനരാഷ്ട്രീയ കക്ഷികള്‍. 1972~ല്‍ ത്രിപുര രൂപീകൃതമായതിന് ശേഷം ഒന്‍പത് തിരഞ്ഞെടുപ്പുകളെയാണ് നേരിട്ടത്. ഇതില്‍ ഏഴെണ്ണത്തിലും ഇടതുമുന്നണിയാണ് വിജയിച്ചത്. 1972~ലെ ആദ്യ തിരഞ്ഞെടുപ്പിലും 1988~ലെ തിരഞ്ഞെടുപ്പില്‍ വിഘടനവാദികളുടെ പിന്തുണയോടെയും കോണ്‍ഗ്രസ് അധികാരത്തിലെത്തി.
സംസ്ഥാനം പത്താം തവണ ജനവിധി തേടുന്പോള്‍ പ്രധാനകക്ഷികളെല്ലാം സമ്മര്‍ദ്ദത്തിലാണ്. രാജ്യത്ത് കേരളത്തിലും ത്രിപുരയിലും മാത്രമാണ് ഇടതുമുന്നണി അധികാരത്തിലുളളത്. ഇവിടങ്ങളില്‍ ഭരണം നിലനിര്‍ത്തേണ്ടത് കമ്മ്യൂണിസ്റ്റ്കക്ഷികളുടെ നിലനില്‍പിന് അത്യാവശ്യവുമാണ്. എന്നാല്‍, പ്രതിപക്ഷകക്ഷിയായെങ്കിലും നിലനില്‍ക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിച്ച മുന്‍തൂക്കം പരമാവധി ഉപയോഗപ്പെടുത്തി അധികാരം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

 

 

 

ഭരണവിരുദ്ധവികാരമില്ല
ത്രിപുരയില്‍ ഭരണവിരുദ്ധവികാരമെന്നത് പ്രതിപക്ഷകക്ഷികളുടെ ഭാവനാസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറയുന്നു. ഇ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാണ് ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇടതുസര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്കാണ് പ്രധാന്യം കൊടുത്തത്. ത്രിപുരയില്‍ ഗോത്ര~ഗോത്രേതര ജനവിഭാഗങ്ങള്‍ തമ്മിലുളള ഭിന്നതയ്ക്ക് വളരെ പഴക്കമുണ്ട്. അതിന്‍റെ ഫലമായുളള വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കും. ഇവ അമര്‍ച്ച ചെയ്യുക എന്നതായിരുന്നു ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തുന്പോഴുളള വലിയ വെല്ലുവിളി. വിഘടനവാദികള്‍ ജനങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമായി വിഘടനവാദികളെ അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞു. റോഡുകള്‍ നിര്‍മ്മിച്ചു, വൈദ്യുതോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു, ജനങ്ങളുടെ ജീവിതനിലവാരമുയര്‍ന്നു, അഴിമതിയില്ല ഇവയെല്ലാം സര്‍ക്കാരിന്‍റെ നേട്ടങ്ങളായി മാണിക്ക് ഉയര്‍ത്തിക്കാട്ടുന്നു. 1998~ല്‍ തന്‍റെ അധികാരത്തിലേറുന്പോള്‍ ത്രിപുരയിലെ പ്രതിശീര്‍ഷവരുമാനം 11,000 രൂപയില്‍ താഴെയായിരുന്നു. എന്നാല്‍ ഇന്ന് അത് 80,000 ആയി ഉയര്‍ന്നിരിക്കുന്നുവെന്നും സാക്ഷരതയില്‍ കേരളത്തെ കടത്തിവെട്ടി, ഭക്ഷ്യധാന്യോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചു ഇങ്ങനെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറയുകയാണ് അദ്ദേഹം . കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി അദ്ദേഹം നിരസിക്കുന്നില്ല. വിഘടനവാദികളെ കൂട്ടുപിടിച്ച് അധികാരത്തിലേറുന്ന മാതൃക സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. 1988~ല്‍ അവര്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്ന വര്‍ഗ്ഗീയമുന്നണിയും സ്വീകരിച്ചിരിക്കുന്നത്. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണ് ബിജെപി . ഐപിഎഫ്ടി ഗോത്രഭാഷ മാതൃഭാഷയാക്കിക്കൊണ്ടുളള ത്വിപ്രാലാന്‍ഡിന് വേണ്ടിയാണ് വാദിക്കുന്നത്. പ്രാദേശികവാദത്തെ പ്രോത്സാഹിപ്പിച്ച് അല്ലെങ്കില്‍ പ്രാദേശികകക്ഷികളെ പാട്ടിലാക്കി അധികാരം പിടിക്കുക എന്ന തന്ത്രമാണ് ഇവിടെയും പയറ്റുന്നത്. ഇതിനുമുന്നോടിയായി ഐപിഎഫ്ടി അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രിയെയും കണ്ടു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷി വിഘടനവാദിനേതാക്കളുമായി കൂട്ടുകൂടുന്നതിലെ ഔചിത്യമെന്താണെന്നും മണിക് സര്‍ക്കാര്‍ ചോദിക്കുന്നു. ബിജെപിയെ ഇടതുമുന്നണിക്ക് ഭയമില്ല. കഴിഞ്ഞതവണ 60~ല്‍ 50 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായികരംഗത്തെ വളര്‍ച്ചയും പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. മികച്ച പ്രവര്‍ത്തനത്തിന് കൂടുതല്‍ സീറ്റ് എന്നതാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും അദ്ദേഹം പറയുന്നു.


പഴയപടക്കുതിരകള്‍
മണിക് സര്‍ക്കാര്‍ തന്നെയാണ് ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 60 സീറ്റുകളില്‍ 57 എണ്ണത്തില്‍ സിപിഎം ജനവിധി തേടും. സി.പി.ഐ., ഫോര്‍വേഡ് ബ്ളോക്ക്, ആര്‍.എസ്.പി. എന്നിവയ്ക്ക് ഓരോ സീറ്റുവീതം ലഭിച്ചു. കഴിഞ്ഞതവണ സി.പി.ഐ.യും ആര്‍.എസ്.പി.യും രണ്ടുസീറ്റുകളിലും ഫോര്‍വേഡ് ബ്ളോക്ക് ഒരു സീറ്റിലുമാണ് മത്സരിച്ചത്. ഇത്തവണ മൂന്നുപാര്‍ട്ടികളും രണ്ടുസീറ്റുകള്‍ വീതം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ള. സി.പി.ഐ.യുടെ പരന്പരാഗത സീറ്റായ ബനാമലിപുര് സി.പി.എം. ഏറ്റെടുത്തു. അഞ്ച് സിറ്റിംഗ് എം.എല്‍.എ.മാരെ ഒഴിവാക്കിയതാണ് പ്രധാനമാറ്റം. നിലവില്‍ മന്ത്രിസഭയിലുള്ളവരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ ജയിച്ച സീറ്റുകളില്‍ത്തന്നെ ഇവര്‍ ഇത്തവണയും മത്സരിക്കും. പഴയപടക്കുതിരകള്‍ക്കൊപ്പം പത്തുപുതുമുഖങ്ങളും ഏഴു വനിതാ സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.

 

 

 

കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്
സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ അവസ്ഥ ദയനീയമാണെന്നതാണ് സത്യം. ദേശീയതലത്തില്‍ രാഹുല്‍ ബ്രിഗേഡ് ഉയര്‍ത്തിവിടുന്ന ആവേശതരംഗം ഇവിടെ ദൃശ്യമല്ല. മുന്‍ സംസ്ഥാനപ്രസിഡന്‍റ് സുജീപ് റോയി ബര്‍മന്‍ ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത് . ഇടതുമുന്നണിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ താല്പര്യമില്ലെന്നും അവരുടെ മാര്‍ക്സിസ്റ്റ് പ്രീണനത്തില്‍ മനംമടുത്താണ് ബിജെപിയിലേക്ക് മാറിയതെന്നും ബര്‍മന്‍ പറയുന്നു. ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം
പറയുന്നു. എന്നാല്‍ ബിജെപിയെ പോലുളള ഒരു വര്‍ഗ്ഗീയ കക്ഷി സംസ്ഥാനത്ത് വളരാന്‍ കാരണം ഇടതുസര്‍ക്കാരിന്‍റെ വിവേചന നിലപാടാണെന്നാണ് ത്രിപുര കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ തപസ് ദേ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ത്രിപുര കോണ്‍ഗ്രസ് കമ്മറ്റിയെ സഹായിക്കാന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചുമതലപ്പെടുത്തിയ മണിപ്പൂര്‍ കോണ്‍ഗ്രസ് നേതാവ് രാജ്കുമാര്‍ ഇമോ പറയുന്നത് കോണ്‍ഗ്രസ് വിജയിക്കുമെന്നാണ്. 25 വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് അനായാസ വിജയം പ്രാപ്തമല്ല തന്നെ. എന്നാല്‍ ഡിസംബര്‍ 20 മുതല്‍ മണ്ഡലങ്ങളിലൂടെ നടത്തിയ യാത്രയില്‍ ഭരണമാറ്റത്തിന് ജനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായെന്നും ഇമോ പറയുന്നു. ത്രിപുര ഭരിച്ചിരുന്ന രാജകുടുംബാംഗമായ പ്രദ്യോത് കിഷോര്‍ മാണിക്യയാണ് സംസ്ഥാനകോണ്‍ഗ്രസ് അധ്യക്ഷന്‍. ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ രാജവംശജര്‍ക്ക് ഇപ്പോഴും സ്വാധീനമുണ്ട്. ഈ യുവരാജാവിന് ഗോത്രവര്‍ഗ്ഗവോട്ടുകള്‍ കോണ്‍ഗ്രസിന് നേടിക്കൊടുക്കാനാകുമെന്നാണ് ദേശീയനേതൃത്വത്തിന്‍റെ പ്രതീക്ഷ.

 

 


സര്‍വ്വേതന്ത്രവുമായി ബിജെപി
ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി ഭരിക്കുമെന്നാണ് സര്‍വ്വേഫലം. അഗര്‍ത്തലയില്‍ നടത്തിയ വിജയ രഥയാത്രയില്‍ ഭരണമാറ്റം അനിവാര്യമാണെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞത്. സംസ്ഥാനബിജെപി സെക്രട്ടറി ബിപ്ളബ് ദേബാകട്ടെ തദ്ദേശീയര്‍ക്ക് ജോലി, ഏഴാം ശന്പളകമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കും, സ്ത്രീകള്‍ക്ക് സൌജന്യവിദ്യാഭ്യാസം, യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ഒരുപിടി വാഗ്ദാനങ്ങള്‍ നല്‍കിക്കഴിഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത് ബിജെപിയുടെ നില ശക്തമാണെന്നു തന്നെയാണ്. ബിജെപിയെ സഹായിക്കാനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുകുമാര്‍ ചന്ദ്രദാസ്, ഐഎന്‍പിടി സ്ഥാനാര്‍ത്ഥി തരണി സാധന്‍ ജമാതിയ തുടങ്ങിയവര്‍ നാമനിര്‍ദ്ദേശപ്പട്ടിക പിന്‍വലിക്കുകയും ദാസ് കഴിഞ്ഞദിവസം ബിജെപിയില്‍ ചേരുകയും ചെയ്തു. എന്തായാലും ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരെയും പാര്‍ട്ടി തിരഞ്ഞെടുപ്പ് പരിപാടിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ദേശീയ ചാനലായ ന്യൂസ് എക്സ്~ജന്‍കി ബാത്ത് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത് അറുപത് സീറ്റില്‍ 31 മുതല്‍ 37 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് . സി.പി.എം 23 മുതല്‍ 29 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ളെന്നും സര്‍വ്വെ പ്രവചിക്കുന്നു.