Sunday 16 December 2018


കള്ളപ്പണം അറിയാരഹസ്യങ്ങള്‍

By പ്രദീപ് ആനന്ദ്.10 Nov, 2017

imran-azhar

കള്ളപ്പണത്തിന്‍റെ സമാന്തരസാമ്രാജ്യം.

 

ഇന്ത്യാക്കാരുടെ വിദേശകള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് പാരഡൈസ് പേപ്പര്‍ വല്ലാത്തൊരു ഞെട്ടല്‍ തന്നെ സൃഷ്ടിച്ചിരിക്കുകയാണല്ലോ. ധനികരും പ്രശസ്തരും അപ്രശസ്തരുമായ 741 ഇന്ത്യാക്കാരുടെ പേരുകളാണ് പുറത്തുവന്ന ആദ്യലിസ്റ്റിലുള്ളത്. രണ്ടാം ഘട്ടമെന്ന നിലയില്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്തു വിടുമെന്ന സൂചനയും ഇതുമായി ബന്ധപ്പെട്ടവര്‍ പുറത്ത് വിട്ടിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനും തേജോവധത്തിനും വ്യക്തിഹത്യക്കുമൊക്കെ അവസരം തേടുന്നവര്‍് പുതിയ പട്ടികയില്‍ എതിരാളികള്‍ ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ കള്ളപ്പണം വിദേശത്ത് ഒളിപ്പിച്ചിട്ടുള്ളവരും ഞെട്ടലിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുവനേതാക്കളുടെ രാഷ്ട്രീയഭാവി തകര്‍ക്കാനും വെറ്ററന്‍ രാഷ്ട്രീയക്കാരുടെ നിലനില്‍പ്പ് പോലും അപകടത്തിലാക്കാനും പോന്നതായും ഇത്തരം വെളിപ്പെടുത്തലുകള്‍ എന്നറിഞ്ഞാണ് ബന്ധപ്പെട്ട പലരും അസ്വസ്ഥരാക്കുന്നത്. ഇത്തരത്തില്‍ കള്ളപ്പണം വിദേശത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ റഷ്യയാണ് മുന്നില്‍ നില്‍ക്കുന്നത്.

 

വേള്‍ഡ് ജി.എഫ്.ഐ അനാലിസ് അനുസരിച്ച് 2013 വരെയുള്ള കാലയളവില്‍ 12 ലക്ഷം കോടിയില്‍ അധികം രൂപയാണ് റഷ്യാക്കാര്‍ വിദേശബാങ്കിംഗ് സ്ഥാപനങ്ങളില്‍ ഒളിപ്പിച്ചിട്ടുള്ളത്. തൊട്ടുപിന്നില്‍ ചൈനീസ് പൗരډാര്‍ ഏകദേശം 9 ലക്ഷം കോടിരൂപയുടെ കള്ളപ്പണവുമായി രണ്ടാമത് നില്‍ക്കുമ്പോള്‍ 6 ലക്ഷം കോടിയുടെ അനധികൃത പണവുമായി ഇന്ത്യ മൂന്നാമത് നില്‍ക്കുകയാണ്. ഇത് 2013 വരെയുള്ള കണക്ക് മാത്രമാണ്. അതായത് 4 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ എന്തായാലും ഈ കള്ളനിക്ഷേപങ്ങളില്‍ വന്‍ വര്‍ദ്ധനവ് തന്നെ ഉണ്ടായിരിക്കും എന്നതും ഉറപ്പാണ്. പ്രത്യേകിച്ചും ഇന്ത്യാക്കാരുടെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധ്യതയുണ്ടെന്ന ഊഹത്തില്‍ വന്‍വ്യവസായികള്‍ പലതും കള്ളപ്പണം സുരക്ഷിതമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരിക്കും എന്നത് പറയേണ്ട കാര്യമില്ലല്ലോ. ആ അനുമാനം വച്ച് നോക്കുമ്പോള്‍ 6-12 ആകാന്‍ സാധ്യതയുണ്ട്. ഇന്ത്യാ, ചൈന പോലുള്ള സാമ്പത്തിക വികസനം ത്വരിതമാകുന്ന രാജ്യങ്ങളില്‍ നിന്നാണ് കള്ളപ്പണ ഒഴുക്ക് അധികവും ഉണ്ടാകുന്നതും ശ്രദ്ധേയമാണ്. ഏകദേശം 2 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്നുണ്ടാകുന്നുവെന്നാണ് ജി.എഫ്.ഐ കണക്ക്. കുറ്റകൃത്യങ്ങളുടെ പ്രതിഫലം അഴിമതി, അനധികൃത ഇടപാടുകള്‍ക്കുള്ള കമ്മിഷന്‍, ഇതിന് പുറമേ പല തരത്തിലുളഅള നികുതികളില്‍ നിന്ന് രക്ഷപ്പെടാന്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും രാജ്യത്ത് നിലവിലുള്ള നിയമത്തെ വെട്ടിച്ച് ഒഴുകിയെത്തുന്നത് തന്നെയാണ് കള്ളപ്പണം. ഇന്ത്യ കഴിഞ്ഞാല്‍ മെക്സിക്കോയും പിന്നെ മലേഷ്യയുമൊക്കെയാണ് കള്ളപ്പണം ഒഴുക്കി വിടുന്ന രാജ്യങ്ങള്‍. മെക്സിക്കോയും മലേഷ്യയും അധോലോകത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന പണമാണ് വിദേശത്ത് നിക്ഷേപിക്കുന്നതെങ്കില്‍, ഇന്ത്യാ-ചൈന, റഷ്യഎന്നിവര്‍ നികുതി വെട്ടിച്ച് അവിഹിത വഴികളിലൂടെ നേടുന്ന പണമാണ് നിക്ഷേപിക്കപ്പെടുന്നത്. അതില്‍ വലിയൊരു അളവ് വരെ രാഷ്ട്രീയകൈക്കൂലികളും കമ്മിഷനുകളുമാണ് എന്നത് സ്വാഭാവികം.

 


ഇപ്പോള്‍ യു.എ.ഇ , ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളും ഈ പട്ടികയില്‍ എത്തിയിട്ടുണ്ട്. സൗദിയില്‍ ഇപ്പോള്‍ 11 രാജകുടുംബാംഗങ്ങളെ പുതിയ ഭരണാധികാരി തടങ്കലിലാക്കിയത് ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. അഴിമതിയിലൂടെ ഉണ്ടാക്കുന്ന പണം വിദേശ നിക്ഷേപമായി സൂക്ഷിച്ചതാണ് മിക്കവരുടേയും കുറ്റമായി മാറിയത്.

 

 

എന്താണ് ഹവാല?
കള്ളപ്പണം ഇടപാടുകളില്‍ പലപ്പോഴും പറഞ്ഞ് കേള്‍ക്കുന്ന ഒരു വാക്കാണ് ഹവാല. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇത് എന്താണ് എന്ന് അറിയാന്‍ വഴിയില്ല. ഹവാല എന്ന ഹിന്ദി വാക്കിന്‍റെ അര്‍ത്ഥം വിശ്വാസം എന്ന് മാത്രമാണ്. വിശ്വാസത്തിന്‍റെ അഥവാ വാക്കിന്‍റെ പുറത്ത് നടക്കുന്ന ഇടപാടാണ് ഹവാല എന്ന് അര്‍ത്ഥം. ഒരു അനധികൃത കുടിയേറ്റക്കാരനായ പ്രവാസിക്ക് (ഒരു ടൂറിസ്റ്റ് വിസയില്‍ ഏതെങ്കിലുമൊരു വിദേശരാജ്യത്ത് എത്തിയ ആള്‍ എന്ന് കരുതുക)നാട്ടില്‍ ആര്‍ക്കെങ്കിലും കുറച്ച് പണം അത്യാവശ്യമായി അയയ്ക്കണം എന്ന് കരുതുക. സാധാരണ ബാങ്കിംഗ് സമ്പ്രദായത്തെ ഉപയോഗിക്കാന്‍ അയാള്‍ക്ക് ഒരുപാടു നിയമപ്രശ്നങ്ങളെ നേരിടേണ്ടി വരും. പണത്തിന്‍റെ സ്രോതസ്, വിനിമയം, ഇടപാടുനിരക്ക് , നികുതി ഒട്ടനവധി കടമ്പകള്‍ ഉണ്ടാകും. എന്നാല്‍ അയാള്‍ ആ രാജ്യത്തെ ഒരു ഹവാല ബ്രോക്കറെ സമീപിച്ച് പണം ഏല്‍പ്പിച്ചാല്‍ ബ്രോക്കര്‍ പണം കിട്ടേണ്ട രാജ്യത്തെ മറ്റൊരു ഹാവല ഏജന്‍റ് വഴി പണം വെറും ഒരു ടെലിഫോണ്‍ സന്ദേശത്തിലൂടെ സ്വന്തം നാട്ടിലെ കറന്‍സിയാക്കി കിട്ടേണ്ട ആള്‍ക്ക് എത്തിക്കും. അതും മിനിട്ടുകള്‍ കൊണ്ട് ഈ രണ്ട് ബ്രോക്കര്‍മാരും ഒരു ചെറിയ തുക കമ്മിഷനായി എടുക്കും. പണത്തിന്‍റെ സ്രോതസോ നികുതിയോ ഒന്നും പ്രശ്നമാകുന്നില്ല. കള്ളപ്പണ നിക്ഷേപത്തിലും ഇതേ രീതി ഉപയോഗിക്കുന്നുണ്ട്. വന്‍തോക്കുകളാണ് വന്‍ കമ്മിഷന്‍ പറ്റി നമ്മുടെ കറന്‍സി വിദേശപണമാക്കി ബിനാമി അക്കൗണ്ടുകളില്‍ സ്വിസ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്. അത് വലിയ വിശ്വസ്തത വേണ്ട കാര്യമാണ്. വ്യാജ അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പലപ്പോഴും ഈ ഇടനിലക്കാര്‍ വഴി മാത്രമേ പരിശോധിക്കാനും കഴിയു.

 

എന്തുകൊണ്ട് സ്വിസ്ബാങ്ക് ?
കള്ളപ്പണകഥകള്‍ പുറത്ത് വരുമ്പോള്‍ അധികവും പരാമര്‍ശിക്കപ്പെടുന്ന പേരാണ് സ്വിസ് ബാങ്കുകളുടേത്. എന്തുകൊണ്ടാണ് സ്വിറ്റസര്‍ലണ്ടിലെ ബാങ്കുകള്‍ കള്ളപ്പണക്കാര്‍ക്ക് ആദ്യകാലങ്ങളില്‍ പ്രിയമായിരുന്നത് എന്നറിയണം. വരുമാനത്തിന്‍റെ സ്രോതസ് വെളിപ്പെടുത്തേണ്ട എന്നുമാത്രമല്ല അതീവ രഹസ്യ സ്വഭാവം നിലനിര്‍ത്താനും കഴിയും. മാത്രമല്ല, നിക്ഷേപന്‍റെ പേരോ മേല്‍വിലാസമോ നല്‍കേണ്ടിയും വരുന്നില്ല. ഒരു നമ്പര്‍ കൊണ്ടുമാത്രമാണ് ഇടപാടുകള്‍ നടക്കുന്നത്. ജോയിന്‍റ് അക്കൗണ്ടുമാകാം. പണം മാത്രമല്ല സ്വര്‍ണ്ണവും നിക്ഷേപമായി സ്വീകരിക്കും. 100 വര്‍ഷം പഴക്കമുള്ള ഈ ബാങ്കുകള്‍ ലോകമഹായുദ്ധസമയത്തെ സാമ്പത്തികമാന്ദ്യത്തെ പോലും അതിജീവിച്ചാണ് നില്‍ക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് പലിശ ഏര്‍പ്പാടില്ല. സുരക്ഷ തന്നെയാണ് ഗ്യാരന്‍റി. ചില ബാങ്കുകള്‍ ഇവിടെ 1.2% എന്ന പലിശ നല്‍കുന്നുമുണ്ട് ഇപ്പോള്‍. എന്നാല്‍ അവിടെ പല വ്യവസ്ഥകളും കര്‍ക്കശമാക്കിയിട്ടുമുണ്ട്. പല ബാങ്കുകള്‍ക്കും ഈ നിധി ശേഖരങ്ങള്‍ക്ക് കരുതല്‍ പണം ചിലപ്പോള്‍ അങ്ങോട്ടും നല്‍കേണ്ടി വരും. ഇതൊക്കെയാണെങ്കിലും ഇപ്പോള്‍ സ്വിസ് അക്കൗണ്ട് ഡീറ്റെയില്‍സ് ചോരാന്‍ തുടങ്ങിയതോടെ പലരും ബ്രിട്ടീഷ്, ഫ്രഞ്ച് കോളനി ദ്വീപുകളിലെ കള്ള ബാങ്കുകളിലാണ് നിക്ഷേപത്തിന് താത്പര്യപ്പെടുന്നത്. ഇന്ത്യാക്കാരുടെ ഇപ്പോഴത്തെ പ്രിയകള്ളപ്പണ കേന്ദ്രങ്ങളാണ് മൗറീഷ്യസും, വെസ്റ്റ്ഇന്‍ഡീസ് ദ്വീപുകളും.
(തുടരും...)