Monday 21 August 2017

ചാന്ദ് ബിബി അഹമ്മദ്നഗറിന്‍റെ ധീരപുത്രി

By Subha Lekshmi B R.04 Mar, 2017

imran-azhar

മുഗളന്മാരെ എതിര്‍ത്തുനിന്ന ശക്തയായ ഭരണാധികാരിയായിരുന്നു ചാന്ദ് ബിബി. അഹമ്മദ് നഗറിലെ ഹുസൈന്‍ നിസ്സാം ഷാ ഒന്നാമന്‍റെ മകളായി 1550~ലായിരുന്നു ചാന്ദ് ബിബിയുടെ ജനനം. അറബിക്, പേര്‍ഷ്യന്‍, ടര്‍ക്കി, മറാത്തി, കന്നഡ ഭാഷകളില്‍
പ്രാവീണ്യമുണ്ടായിരുന്ന ചാന്ദ് ബിബി ആയോധനകലയില്‍ മാത്രമല്ല സംഗീതത്തിലും നിപുണയായിരുന്നു. നല്ല സിത്താര്‍ വാദകയും ചിത്രകാരിയുമായിരുന്നു അവര്‍.

 

ബിജാപൂര്‍ സുല്‍ത്താനേറ്റിലെ അലി ആദില്‍ ഷായുമായി ചാന്ദ്ബിബിയുടെ വിവാഹം നടന്നു. അലി ആദില്‍ ഷായുടെ പിതാവ് അധികാരസ്ഥാനങ്ങളില്‍ സുന്നി, ഹബ്ഷി, ഡക്കാനി വിഭാഗങ്ങളെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ അലി ആദില്‍ ഷായ്ക്ക് ഷിയാകളോടായിരുന്നു പ്രിയം. അലി ആദില്‍ ഷായുടെ ആകസ്മിക മരണം രാജ്യത്ത് പല പ്രശ്നങ്ങളും സൃഷ്ടിച്ചു.ഷിയാകള്‍ അലിയുടെ അനന്തരവനായ ഇബ്രാഹിം ആദില്‍ ഷാ രണ്ടാമനെ അനന്തരകാശിയായി വാഴിച്ചു. ഇബ്രാഹിമിന് വെറും ഒന്‍പതു വയസ്സായിരുന്നു പ്രായം.അതിനാല്‍ ഡക്കാനി ജനറലായ കമാല്‍ ഖാനാണ് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചത്. ഇയാള്‍ ചാന്ദ് ബിബിയോട് അനാദരവ് കാണിച്ചതിനെ തുടര്‍ന്ന്മറ്റൊരു ജനറലായ ഹാജി കിഷ്വര്‍ ഖാനുമായി ചേര്‍ന്ന് കമാല്‍ ഖാനെ അട്ടിമറിക്കുകയും പിന്നീട് വധിക്കുകയും ചെയ്തു. എന്നാല്‍ കിഷ്വര്‍ ഖാനുംകമാലിന്‍റെ മാര്‍ഗ്ഗം തന്നെ പിന്തുടര്‍ന്നു. ഇയാള്‍ക്കെതിരെ ചാന്‍ബിബി മുസ്തഫ ഖാന്‍ എന്ന ജനറലിന്‍റെ സഹായം തേടിയെങ്കിലും ഇക്കാര്യം ചാരന്മാര്‍ വഴിഅറിഞ്ഞ കിഷ്വര്‍ മുസ്തഫയെ വധിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ചാന്ദ്ബിബി പടയൊരുക്കം നടത്തിയെങ്കിലും കിഷ്വര്‍ ബിബിയെ തടവിലാക്കി.

 


എന്നാല്‍ ഇയാള്‍ക്കെതിരെ പൊതുവികാരം ഉയരുകയും തുടര്‍ന്ന് ഇഖ്ലാസ് ഖാന്‍, ഹമീദ് ഖാന്‍, ദിലാവര്‍ ഖാന്‍ എന്നീ ഹബ്സി ജനറലുമാരുടെനേതൃത്വത്തില്‍ ഒരു വലിയ പട തന്നെ ആക്രമിക്കാനൊരുങ്ങുന്ന വിവരമറിഞ്ഞ് കിഷ്വര്‍ പലായനം ചെയ്യുകയും ചെയ്തു. ഗോല്‍കൊണ്ടയില്‍ വച്ച്മുസ്തഫ ഖാന്‍റെ ഒരു ബന്ധു ഇയാളെ വധിച്ചു. പിന്നീട് ചാന്ദ് ബിബി ബിജാപൂറിന്‍റെ റീജന്‍റ് റാണിയായി. തുടര്‍ന്ന് ഇഖ്ലാസ് ഖാന്‍ റീജന്‍റായെങ്കിലുംചാന്ദ്ബിബി അയാളെ പുറത്താക്കി. റാണക്കെതിരെ പിന്നെയും ജനറല്‍മാര്‍ രംഗത്തെത്തിയെങ്കിലും അഹമ്മദ്നഗര്‍ സുല്‍ത്താനേറ്റിലെ നിസ്സാം ഷാഹി ഗോല്‍കൊണ്ടയിലെ ഖുത്തബ് ഷാഹിയൊടൊപ്പം ചേര്‍ന്ന് ബിജാപൂറിനെതിരെ പടനയിക്കുന്ന വിവരമറിഞ്ഞ് ഇവരെല്ലാം ചാന്ദ്ബിബിയുടെനേതൃത്വം അംഗീകരിക്കുകയും ചാന്ദ്ബിബി നിയമിച്ച അബു~ഉല്‍~ഹസ്സന്‍ മറാത്ത പടയുടെ സഹായത്തോടെ നിസ്സാം~ഖുത്തബ് പടയെ തുരത്തുകയും ചെയ്തു.1580 മുതല്‍ 1590 വരെ ചാന്ദ്ബിബി ബിജാപൂറിന്‍റെ റീജന്‍റായി മികച്ച ഭരണം കാഴ്ചവെച്ചു.തുടര്‍ന്ന് ഇബ്രാഹിമിനെ ഭരണമേല്‍പ്പിച്ച് സ്വദേശമായ അഹമ്മദ്നഗറിലേക്ക് മടങ്ങി.

 

1590~ല്‍ അഹമ്മദ് നഗറിലെ റീജന്‍സി ഏറ്റെടുത്ത ചാന്ദ്ബിബി തന്‍റെ രാജ്യം കീഴടക്കാനെത്തിയമുഗളന്മാരെ തുരത്തി. വീണ്ടും ആക്രമിച്ച മുഗള്‍ പടയെ ശക്തമായി ചെറുത്തുനിന്ന ചാന്ദ്ബിബി. തന്‍റെ സൈനികരെയും യുദ്ധക്കെടുതിമൂലം വലയുന്ന ജനതയെയും പരിഗണിച്ച് സമാധാനഉടന്പടിക്ക് തയ്യാറായി. എന്നാല്‍, കൂടെയുളളവര്‍ അവര്‍ രാജ്യം മുഗളന്മാര്‍ക്ക് സമര്‍പ്പിക്കുകയാണെന്നരീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും അതു വിശ്വസിച്ച സ്വന്തം സൈനികര്‍ തന്നെ അവരെ ക്രൂരമായി വധിക്കുകയും ചെയ്തു. ആറ് വര്‍ഷമാണ് ചാന്ദ്ബിബി അഹമ്മദ്നഗറിന്‍റെ റീജന്‍റായിരുന്നത്.