Sunday 24 March 2019


ചെങ്ങന്നൂരില്‍ ചങ്കിടിപ്പോടെ കക്ഷികള്‍

By SUBHALEKSHMI B R.14 Mar, 2018

imran-azhar

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായിക്കഴിഞ്ഞു. തീയതി ഇനി ഏതു നിമിഷവും പ്രഖ്യാപിക്കപ്പെടാം. സിപിഎമ്മിലെ കെ.കെ.രാമചന്ദ്രന്‍നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആലപ്പുഴ ജില്ലാ സെക്രട്ടറിയും മുന്‍ ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ സജി ചെറിയാനാണ് സിപിഎമ്മിന്‍റെ സാരഥി. ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതുമുതല്‍ സജി ചെറിയാന്‍റെ പേരുതന്നെയാണ് ഇടതുപാളയത്തില്‍ ശക്തമായി ഉയര്‍ന്നുകേട്ടത്. അതുകൊണ്ടു തന്നെ തീരുമാനം എളുപ്പമായി. അഡ്വ.ഡി.വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിരവധി തവണ സ്ഥാനാര്‍ത്ഥിപട്ടികയില്‍ വരികയും അവസാനം തഴയപ്പെടുകയും ചെയ്തിട്ടുളളതിനാല്‍ അവസാന പ്രഖ്യാപനമുണ്ടാകും വരെ യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അനിശ്ചിതത്വം തുടര്‍ന്നു. കുറച്ചുനാളായി മണ്ഡലത്തിന്‍റെ സ്വന്തം കോണ്‍ഗ്രസുകാരനായിരുന്ന പി.സി.വിഷ്ണുനാഥിന് കര്‍ണ്ണാടകയുടെ ചുമതല നല്‍കിയതോടെയാണ് വിജയകുമാറിന് സാധ്യത തെളിഞ്ഞത്. പിന്നീട് തീരുമാനം വേഗത്തിലായി. പി.എസ്.ശ്രീധരന്‍ പിളളയാണ് ഇവിടെ വീണ്ടും ബിജെപി സ്ഥാനാര്‍ത്ഥി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുളള മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് കേരളം വേദിയാകുന്നത്. മലപ്പുറവും വേങ്ങരയും ലീഗ് കോട്ടകളായിരുന്നു. അതുകൊണ്ടുതന്നെ ഫലമെന്താകുമെന്ന് വോട്ടെടുപ്പിന് മുന്നേ തന്നെ കക്ഷികള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, ചെങ്ങന്നൂരിലെ സ്ഥിതി അതല്ല.കോണ്‍ഗ്രസിന്‍റെ പരന്പരാഗതമണ്ഡലമായ ചെങ്ങന്നൂരില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന പി.സി.വിഷ്ണുനാഥിനെ പരാജയപ്പടുത്തിയാണ് 2016~ല്‍ സിപിഎമ്മിന്‍റെ അഡ്വ.കെ.കെ.രാമചന്ദ്രന്‍നായര്‍ നിയമസഭയിലെത്തിയത്. രാമചന്ദ്രന്‍നായര്‍ 52,880 വോട്ടുകള്‍ നേടിയപ്പോള്‍ വിഷ്ണുനാഥ് 44,897 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ അഡ്വ.പി.എസ് ശ്രീധരന്‍പിളള 42,682 വോട്ടുകളുമായി തൊട്ടുപിന്നിലുണ്ടായിരുന്നു. രാമചന്ദ്രന്‍നായര്‍ 7983 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയപ്പോള്‍ വിഷ്ണുനാഥിന് പി.എസ്.ശ്രീധരന്‍പിളളയേക്കാള്‍ കേവലം 2215 വോട്ടാണ് കൂടുതല്‍ ലഭിച്ചത്. 2011 ല്‍ 6,062 വോട്ട് നേടിയ ബിജെപി അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 36620 വോട്ടുകളാണ് കൂടി നേടി ശക്തമായനിലയിലാണ് . ്മമണ്ഡലത്തെ സംബന്ധിച്ചിടത്തോളം അഭേദ്യമായ ലീഡ് ഒരു കക്ഷിക്കും അവകാശപ്പെടാനില്ലെന്നതാണ് വസ്തുത. മാത്രമല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനം ഏതുപക്ഷത്താണെന്ന് മുന്‍കൂട്ടി പറയാനുമാവില്ല. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍റെ
കൊലപാതകം സജീവ ചര്‍ച്ചാവിഷയമായിരിക്കുന്പോഴാണ് ഉപതിരഞ്ഞെടുപ്പെത്തുന്നതെന്നതും ഭരണമുന്നണിയിലെ അഭിപ്രായഐക്യമില്ലായ്മയും സിപിഎമ്മിന് വെല്ലുവിളിയാകും. നിര്‍ജ്ജീവപ്രതിപക്ഷമെന്ന ആരോപണമാണ് യു.ഡി.എഫിന് വെല്ലുവിളിയാകുക. ഇടഞ്ഞുനില്‍ക്കുന്ന മാണിയും ശക്തമായ വെല്ലുവിളിയുയര്‍ത്തും. പതിവുപോലെ വര്‍ഗ്ഗീയ കക്ഷിയെന്ന ആരോപണം എതിരാളികളില്‍ നിന്ന് ഇത്തവണയും ബിജെപിക്ക് നേരിടേണ്ടി വരും. ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെസും എന്‍ഡിഎ ഘടകകക്ഷികളും ഇവിടെ ബിജെപിക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. എന്തായാലും ശക്തമായ ത്രികോണമത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുക. കക്ഷികള്‍ക്കെല്ലാം ചെങ്ങന്നൂരിലേത് അഭിമാനപ്പോരാട്ടമാണ്. ജനവിധിയാകട്ടെ നിലവില്‍ പ്രവചനാതീതവും.

 

കൈവിട്ടാല്‍ കോട്ടം സര്‍ക്കാരിന്

 


സിറ്റിംഗ് സീറ്റ് കൈവിട്ടാല്‍ അത് ഭരണപരാജയത്തിനേറ്റ തിരിച്ചടിയായി വ്യഖ്യാനിക്കപ്പെടുമെന്നും എന്തുവിലകൊടുത്തും ചെങ്ങന്നൂര്‍ നിലനിര്‍ത്തണമെന്നും സിപിഎം കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. ചെങ്ങന്നൂര്‍ നഷ്ടപ്പെടുത്തിക്കൊണ്ട് 2019~ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും വിലയിരുത്തലുകളുണ്ട്. മലപ്പുറം , വേങ്ങര തിരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന് നേരെ ഉയരുന്ന ചൂണ്ടുവിരലാകില്ലെന്നുറപ്പായിരുന്നു. എന്നാല്‍,ചെങ്ങന്നൂരിലെ ജയപരാജയങ്ങള്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഇവിടെ പരാജയപ്പെട്ടാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല 2021~ലെ നിയമസഭാതിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വന്‍വെല്ലുവിളിയുയര്‍ത്തും. അതുകൊണ്ടു തന്നെ
എല്ളാ മന്ത്രിമാരും എംഎല്‍എമാരും ചെങ്ങന്നൂരില്‍ പ്രചാരണം കൊഴുപ്പിക്കും. എംസി റോഡില്‍ പുതിയപാലം, ഗവ. ആയുര്‍വേദാശുപത്രി കെട്ടിടം, കോടതി സമുച്ചയത്തിന്‍റെ നിര്‍മാണം തുടങ്ങി കെ.കെ.രാമചന്ദ്രന്‍ നായര്‍ മണ്ഡലത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടുതേടാനാണ് പാര്‍ട്ടി തീരുമാനം. ജനപ്രതിനിധി എന്ന നിലയില്‍ രാമചന്ദ്രന്‍ നായര്‍ കാഴ്ചവച്ച മികച്ചപ്രവര്‍ത്തനം ഇവിടെ വോട്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് സിപിഎമ്മിന്‍റെ വിശ്വാസം. മാത്രമല്ല, സ്ഥാനാര്‍ത്ഥി സജി ചെറിയാനും വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണ്.

 

വിമതഭയമില്ലാതെ കോണ്‍ഗ്രസ്

 

 


തങ്ങളുടെ പരന്പരാഗതമണ്ഡലം 2016~ലെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കൈവിട്ടതിന്‍റെ നാണക്കേട് ഇനിയും കോണ്‍ഗ്രസിനെ വിട്ടുപോയിട്ടില്ല. അതുകൊണ്ടു തന്നെ ഉപതിരഞ്ഞെടുപ്പില്‍ എങ്ങനെയും ചെങ്ങന്നൂര്‍ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. തങ്ങളുടെ വോട്ടുകള്‍ നേടിയാണ് ബിജെപി ഇവിടെ ശക്തമായതെന്നും കോണ്‍ഗ്രസിനറിയാം. 2016~ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇക്കാര്യം വിലയിരുത്തുകയും ചെയ്തു. മുന്‍ എംഎല്‍എ ശോഭനജോര്‍ജ് സ്വതന്ത്രയായി മത്സരിച്ചതും പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കും പരാജയത്തിന് ആക്കം കൂട്ടിയെന്നും വിലയിരുത്തപ്പെട്ടു. 3,966 വോട്ടു മാത്രമാണ് ശോഭന ജോര്‍ജ്ജിന് ലഭിച്ചതെങ്കിലും വിഷ്ണുനാഥ് പരാജയപ്പെടുമെന്ന രീതിയിലുളള ആശങ്ക സൃഷ്ടിക്കാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണ വിമതശല്യമില്ല എന്നത് കോണ്‍ഗ്രസിന് പകരുന്ന ആശ്വാസം ചെറുതല്ല. മാണി ശത്രുപാളയത്തിലാളെന്നത് വെല്ലുവിളിയാണ്. എന്നാല്‍, കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്നുളള സഹതാപതരംഗം വോട്ടാക്കാമെന്ന പ്രതീക്ഷയുമുണ്ട്. എന്‍എസ്എസ് നിര്‍ണ്ണായകശക്തിയാകുന്ന മണ്ഡലമായതിനാല്‍ ആ ഭാഗവും തങ്ങള്‍ക്കനുകൂലമാണെന്നാണ് വിലയിരുത്തല്‍. ചെങ്ങന്നൂര്‍ തിരികെപിടിച്ച് പ്രതിപക്ഷനിര ശക്തമാക്കി ഇടതുഭരണത്തിന് കൊട്ടുകൊടുക്കണമെന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ആയതിനാല്‍ പ്രമുഖ മുന്നണി നേതാക്കളെല്ലാം ഇവിടെ പ്രചാരണത്തിനിറങ്ങും.

 

പിന്നോട്ടുപോകാനാവാതെ ബിജെപി

 

 


2016~ലെ 42,682 വോട്ട് എന്നതില്‍ നിന്ന് ഒന്നരവര്‍ഷത്തിനിപ്പുറം ഒരു വോട്ട് പോലും കുറയരുതെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി സംസ്ഥാനനേതൃത്വത്തിന് കേന്ദ്രത്തിന് മുന്നില്‍ തങ്ങളുടെ കഴിവുതെളിയിക്കാനുളള വേദി കൂടിയാണ് ചെങ്ങന്നൂര്‍. പത്തുവോട്ട് കൂടുതല്‍ നേടിയാലും ബിജെപിക്ക് മെച്ചമാണ്. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരില്‍ വിജയക്കൊടി നാട്ടണമെന്നാണ് സംസ്ഥാനനേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സിപിഎം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കെല്പുളള പി.എസ്.ശ്രീധരന്‍ പിളളയെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതും അതുകൊണ്ടാണ്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ വെളളാപ്പളളിയുടെ ബിഡിജെസും മറ്റ് എന്‍ഡിഎ ഘടകകക്ഷികളും ഇടഞ്ഞുനില്‍ക്കുന്നത് വലിയ വെല്ലുവിളിയാണ്. ബിഡിജെസിന് സ്വാധീനമുളള മണ്ഡലത്തില്‍ അവരെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ശക്തമാണ്. ഇപ്പോഴും ബിഡിജെസ് തങ്ങളുടെ ഘടകകക്ഷിയാണെന്ന ബിജെപി സംസ്ഥാനപ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍റെ പ്രസ്താവന ഇതിനെ സാധൂകരിക്കുന്നു.

 

സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍
മൂന്നു സ്ഥാനാര്‍ത്ഥികളും ചെങ്ങന്നൂരിന്‍റെ പോര്‍ക്കളത്തിലിറങ്ങിക്കഴിഞ്ഞു. ചെങ്ങന്നൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ വിവിധ പാര്‍ട്ടി ചിഹ്നങ്ങളണിഞ്ഞവരുടെ തിരക്കാണ്. പ്രചാരണത്തിനെത്തുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസസൌകര്യമൊരുക്കാനുളള നെട്ടോട്ടത്തിലാണ് പ്രാദേശിക നേതാക്കള്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനിറക്കാനാണു മൂന്നു മുന്നണികളും ലക്ഷ്യമിടുന്നത്. എല്ളാ ദിവസവും മുന്നണി യോഗങ്ങള്‍ ചേരാനും മറ്റും സൌകര്യമുളള കെട്ടിടങ്ങള്‍ നേടിയാണ് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ നെട്ടോട്ടം. ഒപ്പം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പ്രവര്‍ത്തകരുടെ വീടുകളില്‍ പ്രചാരണസംഘങ്ങള്‍ക്കു താമസമൊരുക്കാനും ശ്രമം നടക്കുന്നുണ്ട്. സമൂഹമാധ്യമത്തിലെ പ്രചാരണത്തിനുളള സംവിധാനവും മുന്നണികള്‍ ഒരുക്കിക്കഴിഞ്ഞു.പാര്‍ട്ടിക്കാര്‍ക്കൊപ്പം മാധ്യമസംഘങ്ങളും വാടകക്കെട്ടിടങ്ങള്‍ക്കായുളള നെട്ടോട്ടത്തിലാണ്.

 

മാണിയും വെളളാപ്പളളിയും
കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണിയെ സംബന്ധിച്ചിടത്തോളം മുന്നണി പ്രവേശനത്തിന് ചെങ്ങന്നൂരില്‍ ശക്തി തെളിയിച്ചേ മതിയാകൂ. ഇല്ലത്തൂന്നിറങ്ങി, അമ്മാത്തൊട്ടെത്തിയുമില്ല എന്നതാണ് നിലവിലെ സ്ഥിതി. യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെ പടിവാതില്‍ക്കലോളമെത്തി നില്‍ക്കുകയാണ്. അടുപ്പിക്കില്ലെന്നുറച്ച് സിപിഐ വാളൂരി നില്‍ക്കുന്നു. മാണിക്കും കൂട്ടര്‍ക്കും കേരളത്തില്‍ തിരഞ്ഞെടുപ്പുകളിലെ നിര്‍ണ്ണായക ശക്തിയാണെന്ന് മുന്നണികളെ ബോധ്യപ്പെടുത്താന്‍ ചെങ്ങന്നൂരിലെ പ്രകടനം അനിവാര്യമാണ്. കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. മണ്ഡലത്തിലെ പ്രവര്‍ത്തകരോടെല്ളാം നിര്‍ബന്ധമായും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണമെന്ന് മാണി നിര്‍ദേശിച്ചിട്ടുണ്ട്. "ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്പ് മുന്നണിപ്രവേശനമോ രാഷ്ട്രീയനിലപാടോ വ്യക്തമാക്കേണ്ടതില്ള. ചെങ്ങന്നൂരിലേത് ഉപതിരഞ്ഞെടുപ്പാണ്. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പ്രവര്‍ത്തകര്‍ക്കറിയാം.'' ~കെ.എം.മാണി പറയുന്നു.

 

വെളളാപ്പളളി നടേശന്‍ ബിജെപിക്കെതിരെ നിലകൊളളുകയാണ്. നിലവില്‍ ഏതു പക്ഷത്താണെന്ന് പറയാനുമാവില്ല. അവസാനത്തെ പ്രതീക്ഷയായിരുന്ന രാജ്യസഭാ സീറ്റു കൂടി നിഷേധിച്ചതോടെയാണ് വെള്ളാപ്പളളിയും ബിഡിജെഎസും ബിജെപിക്കെതിരായത്. ചെങ്ങന്നൂരില്‍ ബിജെപിക്കു കഴിഞ്ഞ തവണയുണ്ടായ മികവു നിലനിര്‍ത്താന്‍ കഴിയില്ലെന്ന് തുഷാര്‍ വെളളാപ്പളളിയും ആവര്‍ത്തിക്കുന്നു. ത്രിപുരയിലും ബംഗാളിലുമുണ്ടായ തകര്‍ച്ച അടുത്തകാലത്തൊന്നും കേരളത്തിലെ സിപിഎമ്മിനുണ്ടാകില്ലെന്ന് പറഞ്ഞ വെളളാപ്പള്ളി ഇടതുമുന്നണിക്കിട്ടൊന്നു കുത്തുകയും ചെയ്തു. അഴിമതിക്കു ജയില്‍വാസം അനുഭവിച്ച ബാലകൃഷ്ണപിള്ളയെ സ്വീകരിച്ച മുന്നണി കെ.എം.മാണിയെ കൂട്ടുന്നതില്‍ എന്താണു തെറ്റെന്നാണ് വെളളാപ്പളളിയുടെ ചോദ്യം. മണ്ഡലത്തിലെ ചില മേഖലകളില്‍ ബിഡിജെസിന് സ്വാധീനശക്തിയാകാന്‍ കഴിയുമെന്നതാണ് ബിജെപിക്കും ഇടതു വലതു മുന്നണികള്‍ക്കും ആശങ്കയുയര്‍ത്തുന്നത്.