Wednesday 12 December 2018


രക്ഷിതാക്കളേ നിങ്ങള്‍ ആരെയാണ് കുറ്റപ്പെടുത്തുന്നത്?

By SUBHALEKSHMI B R.12 Feb, 2018

imran-azhar

മലയാളി പുതിയ ഒരു ഭീതിയുടെ നിഴലിലാണ്. അവന്‍റെ കുട്ടികളെ കുരുക്കിട്ട് പിടിക്കാന്‍ ഏതോ ഇതരസംസ്ഥാനക്കാരന്‍ പതുങ്ങിനടക്കുന്നുവത്രേ. അവര്‍ സംഘങ്ങളായി കേരളത്തിന്‍റെ 14 ജില്ലകളിലും തന്പടിച്ചിരിക്കുകയാണ് മലയാളിക്കുരുന്നുകളെ തട്ടിയെടുത്ത് ഭിക്ഷയെടുപ്പിക്കാന്‍, അവയവക്കച്ചവടം നടത്താന്‍, തീവ്രവാദികള്‍ക്ക് കൊന്നുപരിശീലിക്കാന്‍ എന്നൊക്കെയാണ് വാര്‍ത്തകള്‍. ഈ വാര്‍ത്ത പ്രചരിപ്പിച്ച് മലയാളിയെ ജാഗരൂകരാക്കുക എന്ന മഹത്വപൂര്‍ണ്ണമായ കര്‍മ്മത്തിലാണ്ടിരിക്കുകയാണ് ഒരു വിഭാഗം ഇന്‍റര്‍നെറ്റ് പ്രചാരണസംഘം. അവര്‍ ചമച്ചയ്ക്കുന്ന സചിത്രക്കുറിപ്പുകളേറ്റ് ഞെട്ടി, സഹതപിച്ച്, നിലവിളിച്ച്, പരിതപിച്ച് വശംകെടുകയാണ് മലയാളി രക്ഷിതാക്കള്‍. അതുകൊണ്ടാണ് കാര്യം? ആവശ്യമെന്ത്? സത്യം എത്രത്തോളം? അഥവാ അവയില്‍ സത്യമുണ്ടോ? ഒന്നുമാലോചിക്കാതെ കാള പെറ്റെന്നു കേട്ട് കയറെടുക്കുന്പോള്‍ വിഡ്ഢിയാകുന്നത് വിവേചനശേഷി ഏറെയുണ്ടെന്നവകാശപ്പെടുന്ന കേരളീയര്‍ തന്നെ.


നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട്. അറിയേണ്ട കാര്യങ്ങള്‍ അയല്‍പക്കത്തുനടന്നാല്‍ പോലുമറിയില്ല, എന്നാല്‍ പരദൂഷണം കാറ്റും പറയുമെന്ന്. അതുപോലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകളും. യഥാര്‍ത്ഥ സംഭവങ്ങള്‍ ആരുമറിയുന്നില്ല. കെട്ടുകഥകള്‍ കാറ്റിനൊപ്പം പ്രചരിച്ച് അനാവശ്യഭയം വളര്‍ത്തുന്നു. ഈ കഥകളിലെല്ലാം പ്രതികള്‍ അന്യസംസ്ഥാനക്കാരാണ്. അന്നത്തിനായി വേലതേടി മലനാട്ടിലെത്തിയ മറുഭാഷക്കാര്‍. അറിയാതെ ഒരു കുട്ടിയെ നോക്കിപ്പോയാല്‍, ചിരിച്ചാല്‍, പിന്നെ ചോദ്യമില്ല ...മര്‍ദ്ദനമാണ്. കൂട്ടത്തില്‍ തല്ലുന്നത് ആവേശമാക്കിയവര്‍ മൃതപ്രായനാക്കി പൊലീസിന് കൈമാറും. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന്‍റെ പേരില്‍ മര്‍ദ്ദനത്തിനിരയാകുന്ന മറ്റൊരുവിഭാഗം ഹതഭാഗ്യര്‍ ഭിന്നശേഷിക്കാരാണ്. ഈയടുത്തകാലത്ത് മലയാളി കാര്യമില്ലാ തല്ലിന് ഹരിശ്രീ കുറിച്ചതും അവരുടെ മേലാണ്. അല്ലയോ സാക്ഷരരെന്ന് തലയെടുത്തുപിടിക്കുന്നവരേ, കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെ വാസ്തവം ഇതാ കണക്കുകള്‍ സഹിതം ചുവടെ:

 

2017~ല്‍ കേരളത്തില്‍ നിന്ന് കാണാതായത് 1774 കുട്ടികളെയാണ്. ഇതില്‍ 1725 പേരെ കണ്ടെത്തി. ഇനി കണ്ടെത്താനുളളത് 49 പേരെയാണ്. കാണാതായ കുട്ടികളെല്ലാം തട്ടിക്കൊണ്ടുപോകപ്പെട്ടവരല്ല. മറിച്ച് മധുരപലഹാരം വാങ്ങിക്കൊടുത്തില്ല എന്ന നിസ്സാരകാര്യത്തില്‍ തുടങ്ങി സ്ക്കൂളിലെയും വീട്ടിലെയും പഠനസമ്മര്‍ദ്ദം, മര്‍ദ്ദനം, ലൈംഗികപീഡനം, ബോര്‍ഡിംഗുകള്‍, അനാഥാലയങ്ങള്‍ കോണ്‍വെന്‍റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പീഡനങ്ങള്‍ എന്നിവയെ തുടര്‍ന്ന് ഇറങ്ങിപ്പോയവരാണധികവും. 1774 കുട്ടികളെ കാണാതായ കേസുകളില്‍ 1472 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അതായത് കേസ് രജിസ്റ്റര്‍ ചെയ്യാനെടുക്കുന്ന സമയത്തിനും മുന്പേ 302 കുട്ടികള്‍ തിരിച്ചു വന്നുവെന്ന് സാരം. 49 കുട്ടികളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നത് നിസ്സാരമായി കാണുന്നില്ല. എന്നാല്‍, ഇവരെല്ലാം തട്ടിക്കൊണ്ടുപോകപ്പെട്ടവരാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല; തട്ടിക്കൊണ്ടുപോയത് ഇതരസംസ്ഥാനക്കാരാണെന്നും. കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ 199 പേരില്‍ 188 പേരും മലയാളികളാണ്. ആറുപേര്‍ തമിഴ്നാട്ടുകാര്‍, ഒരു കര്‍ണ്ണാടകക്കാരന്‍, രണ്ട് ആസ്സാമികള്‍, രണ്ടുബംഗാളികള്‍ എന്നിങ്ങനെ കേവലം 11 അന്യസംസ്ഥാനപ്രതികളാണുളളത്. മാത്രമല്ല, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകളില്‍ 90% പ്രതികളും ബന്ധുക്കളോ അടുത്തറിയാവുന്നവരോ ആണ്. അങ്ങനെയെങ്കില്‍ നമ്മള്‍ ആരെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്?

 

കേരളത്തിലാകെ 10 ലക്ഷം അന്യസംസ്ഥാനത്തൊഴിലാളികളാണുളളത്. ഇതില്‍ വെറും 11 പേരാണ് കുറ്റക്കാര്‍. എല്ലാ ജനവിഭാഗങ്ങളിലും ക്രിമിനലുകളുണ്ട്. എന്നുകരുതി അന്നാട്ടുകാരെ മുഴുവന്‍ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതിലെ യുക്തിയെന്താണ്? അങ്ങനെയെങ്കില്‍ ഗള്‍ഫ്നാടുകളില്‍ അനധികൃതമായി മദ്യമുണ്ടാക്കി വില്പന നടത്തുന്നവരിലേറെയും ഇന്ത്യാക്കാരാണ്. മലയാളികളുടെ എണ്ണവും കുറവല്ല. അപ്പോള്‍ ഇന്ത്യാക്കാരെ മുഴുവന്‍ മദ്യക്കച്ചവടക്കാരായി സ്വദേശികള്‍ കണ്ടാലോ? പെണ്‍വാണിഭത്തിനായും മറ്റും മനുഷ്യക്കടത്ത് നടത്തുന്നവരും, അറബിയുടെ വിശ്വാസം നേടിയെടുത്ത ശേഷം പണംതട്ടിച്ച് മുങ്ങുന്നവരുമായ മലയാളികള്‍ നിരവധിയാണ്. അറബികളെ പറ്റിക്കാന്‍ ഇപ്പോഴത്ര എളുപ്പമല്ലെങ്കിലും മനുഷ്യക്കടത്തും പെണ്‍വാണിഭവും മദ്യക്കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മലയാളികളെ അല്ലെങ്കില്‍ ഇന്ത്യാക്കാരെ മുഴുവന്‍ അവിടെനിന്നോടിച്ചാലുളള ഗതിയൊന്നോര്‍ത്തു നോക്കൂ. വിദേശമലയാളിക്കും, പാകിസ്ഥാനിലെ ഹിന്ദുവിനും, റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ക്കും കേരളത്തിലെ ഇതരസംസ്ഥാനക്കാരന്‍റെ നിലവിലെ അവസ്ഥ മനസ്സിലാകും. ബഹുഭൂരിപക്ഷം മലയാളി വെളളക്കോളര്‍ ജോലിയില്‍ അഭിമാനം കണ്ടെത്തിയപ്പോള്‍ മറ്റ് ജോലികള്‍ക്ക് ആളുകുറഞ്ഞു. വിശ്രമസമയത്തില്‍ മാത്രം കൃത്യത പുലര്‍ത്തിയ തദ്ദേശത്തൊഴിലാളികളുടെ താന്‍പോരിമ നിര്‍മ്മാണമേഖലയുള്‍പ്പെടെയുളള തൊഴില്‍മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഈ അവസ്ഥയിലാണ് ഇതരസംസ്ഥാനക്കാര്‍ ഇവിടേക്കെത്തുന്നത്. മലയാളിക്ക് ഗള്‍ഫ് എന്ന പോലെ കേരളം അവര്‍ക്ക് സ്വപ്നഭൂമിയായി. ദിവസം അഞ്ചുരൂപയ്ക്ക് ഉത്തരേന്ത്യന്‍ ജന്മിയുടെ അടിമപ്പണി ചെയ്തിരുന്നവര്‍ക്ക് ജോലി മാത്രമല്ല ഈ നാടും ജനതയും ആശ്വാസമായി. എന്നാല്‍, അവരുടെ ആ വിശ്വാസത്തിലേക്കാണ് മേല്‍പ്പറഞ്ഞ രീതിയിലുളള വ്യാജപ്രചരണങ്ങള്‍ തീകോരിയിടുന്നത്. ഇടയ്ക്കാലത്ത്, മറുനാട്ടുകാരെ മലയാളികള്‍ കൊല്ലുന്നുവെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് അവര്‍ കൂട്ടംകൂട്ടമായി നാട്ടിലേക്ക് മടങ്ങിയത് വാര്‍ത്തയായിരുന്നു. അതുപോലെ , ഇതരസംസ്ഥാനക്കാരെ ഓടിക്കാനുളള ഗൂഢശ്രമമാണോ ഇതെന്ന് സംശയമുയര്‍ന്നു കഴിഞ്ഞു.

 

 

 


കൂട്ടിലിട്ട തത്തകള്‍
കുട്ടികളെ കൂട്ടിലിട്ട തത്തകളെ പോലെ വളര്‍ത്തുകയാണ് മലയാളി. അങ്ങോട്ടുപോകരുത്, അവരോട് മിണ്ടരുത്, ആ കൂട്ട് നമ്മുടെ ധന~സാമൂഹിതസ്ഥിതിക്ക് ചേര്‍ന്നതല്ല എന്നൊക്കയുളള ഒരുകൂട്ടം നിയന്ത്രണങ്ങളുടെ വലയ്ക്കുളളിലാണ് കുട്ടികളെ വളര്‍ത്തുന്നത്. ക്ളാസ്റൂം, ട്യൂഷന്‍ക്ളാസ്, വീട് അതിനപ്പുറത്തെ ലോകത്തെക്കുറിച്ച് അവര്‍ക്ക് ഒന്നുമറിയില്ല.
തന്‍റെ ഈ ചെറിയ തുരുത്തുകള്‍ക്കപ്പുറത്തെ ആളുകളെങ്ങനെയാണ്? അവിടെ താന്‍ എങ്ങനെ പെരുമാറണം? നിലവിലെ തുരുത്തുകളില്‍ നിന്ന് അവിടേക്ക് എത്തപ്പെട്ടാല്‍ താന്‍ എങ്ങനെ ജീവിക്കും ഇതൊന്നും അവര്‍ക്കറിയില്ല. വെളിച്ചത്തിലേക്ക് നോക്കാനുളള ശ്രമങ്ങളെ പോലും ക്രൂരമായി തടഞ്ഞ് അവരെ വിശാലസമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലാതാക്കി തീര്‍ക്കുന്നതില്‍ പരിഷ്കൃതരക്ഷിതാക്കള്‍ക്കും പഠിപ്പിസ്റ്റുകളെ മാത്രം സൃഷ്ടിക്കുന്ന ആധുനികവിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും ഉളള പങ്ക് ചെറുതല്ല. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം കുട്ടികള്‍ക്ക് വാങ്ങിനല്‍കുന്ന രക്ഷിതാക്കളും അയല്‍പക്കത്തെ കുട്ടിയുടെ പഠന, പഠനേതര കഴിവുകളുമായി സദാ താരതമ്യം ചെയ്യുന്ന രക്ഷിതാക്കളും ഏറെയാണ്. ചെറിയ വിഷമങ്ങളോ നിരസിക്കലുകളോ സഹിക്കാനാവാതെ ജീവനൊടുക്കുക, നാടുവിടുക തുടങ്ങിയ കടുംകൈകളിലേക്ക് അവരെ കൈപിടിച്ചുനടത്തുന്നത് ഇവര്‍ തന്നെയാണ്. ബാല്യം ആസ്വദിച്ച് സമൂഹത്തിന്‍റെ നന്മതിന്മകള്‍ കണ്ടറിഞ്ഞ് വളര്‍ന്ന തലമുറയിലെ കുട്ടികള്‍ക്ക് പ്രതിസന്ധികളെ നേരിടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കരാട്ടെയും കളരിയുമൊക്കെയായി പ്രതിരോധഅടവുകള്‍ പഠിച്ചിറങ്ങിയ കുട്ടിക്ക് ഒരു നായ കെട്ടുപൊട്ടിച്ചുവന്നാല്‍ പോലും പ്രതിരോധിക്കാനാവുന്നില്ലെന്നതാണ് സത്യം. അപ്പോള്‍ കടലാസിലെ യോഗ്യത മാത്രം കൊണ്ട് കാര്യമില്ല. പരിതസ്ഥിതിക്കനുസരിച്ച് പ്രതികരിക്കാനുമറിയണം. കൂട്ടിലെ കിളിക്ക് അത് സാധ്യമല്ലെന്ന തിരിച്ചറിവ് രക്ഷിതാക്കള്‍ക്കുണ്ടാവണം.

തിരക്കുളള അച്ഛനമ്മമാര്‍ കുട്ടികളെ ചിലരെ വിശ്വസിച്ച് ഏല്‍പ്പിച്ച് പോകുന്നു. അതൊഴിവാക്കാനാവില്ല. എന്നാല്‍, ദിവസവും കുട്ടികളുമായി സംസാരിച്ച് ഇടപഴകി അവരുടെ മനസ്സറിയാന്‍ രക്ഷിതാവിന് കഴിയണം. സ്വഭാവത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കണം. ഒപ്പമുണ്ടെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കിയെടുക്കണം. അവര്‍ക്കുവേണ്ടിയല്ലേ ഈ നെട്ടോട്ടമെന്ന വാദം ഉത്തരവാദിത്തമില്ലാമയ്ക്കുളള ന്യായീകരണമേയല്ല. അശ്രദ്ധ കൊണ്ട് കുരുന്നുകളെ കൈവിട്ടുകളഞ്ഞിട്ട് ആരുടെയെങ്കിലും മേല്‍ പഴിചാരിയിട്ട് കാര്യമില്ല. കുട്ടികളാണ് മാതാപിതാക്കളുടെ പ്രഥമസന്പത്ത്. ആ സന്പത്തിനെ സംരക്ഷിക്കാനുളള ചുമതലയും മാതാപിതാക്കള്‍ക്കുതന്നെ.


ഭീതിയുടെ കറുത്ത സ്റ്റിക്കര്‍
കേരളത്തിലങ്ങോളമിങ്ങോളം കറുത്ത സ്റ്റിക്കര്‍ ഭീതി പടരുകയാണ്. വീടുകളുടെ ജനാലകളിലും ചുമരുകളിലും പതിപ്പിക്കപ്പെട്ട ഇവ ഇതരസംസ്ഥാനമോഷ്ടാക്കളുടെ അടയാളമായിട്ടാണ് ആദ്യം ഭീതിപടര്‍ത്തിയത്. ഇപ്പോഴത് കുട്ടികളെ തട്ടിയെടുക്കുന്ന മാഫിയസംഘത്തിന്‍റെ ചിഹ്നമായാണ് പ്രചരിക്കുന്നത്. എന്നാല്‍, കറുത്ത സ്റ്റിക്കറിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെക്കുറിച്ചു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കൊച്ചിയില്‍ രണ്ടിടത്ത് അടുത്തടുത്ത ദിവസങ്ങളില്‍ കവര്‍ച്ചയുണ്ടായപ്പോള്‍, ആയുധക്കടകളില്‍ പിസ്റ്റള്‍ വില്‍പന തകൃതിയായി നടന്നിരുന്നു. ലൈസന്‍സ് ഇല്ളാതെ കൈവശം വയ്ക്കാവുന്ന എയര്‍ പിസ്റ്റള്‍ ഇടത്തരക്കാരടക്കം വാങ്ങിയെന്നാണ് വിവരം. അതുപോലെ തന്നെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ നിരീക്ഷണ~സുരക്ഷാ സാമഗ്രികളുടെ വില്‍പനയില്‍ വന്‍വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആളുകളില്‍ ഭീതി ജനിപ്പിക്കുന്ന പ്രചാരണത്തിനു പിന്നില്‍ ആരുടെയെങ്കിലും സ്ഥാപിത താല്‍പര്യങ്ങളുണ്ടോ എന്നാണ് അന്വേഷണം. മാത്രമല്ല, സംസ്ഥാനം സുരക്ഷിതമല്ല എന്ന പ്രതീതിയുളവാക്കി സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന രീതിയിലും അന്വേഷണം നടക്കുന്നുണ്ട്.

 

ജാഗ്രത മതി; പരിഭ്രാന്തി വേണ്ട
കാശും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് സ്വന്തം മടിയില്‍ വച്ചിട്ട് കുട്ടിയെ അപരിചതന്‍റെ മടിയിലിരുത്തുന്നവരാണ് ആരെങ്കിലും പറഞ്ഞതുകേട്ട് പരിഭ്രാന്തരാകുന്നത്. കുട്ടികളെ സൂക്ഷിക്കുക. അവര്‍ക്ക് ധൈര്യം കൊടുക്കുക. അന്യരുടെ സഹായം സ്വീകരിക്കരുത്, ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കഴിക്കരുത്, ഒറ്റയ്ക്ക് കറങ്ങിനടക്കരുത് എന്നിങ്ങനെയുളള ഉപദേശങ്ങളും ബോധവത്ക്കരണങ്ങളുമാകാം. മറിച്ച്, കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്ത പൊടിപ്പുംതൊങ്ങലും വച്ച് പൊലിപ്പിച്ച് പരിഭ്രാന്തി പടര്‍ത്തരുത്. വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ച് പരിഭ്രാന്തരാകുകയുമരുത്.