Monday 22 April 2019


ഡേ സീറോ: കേപ്ടൌണില്‍ നിന്ന് ബംഗളുരുവിലേക്ക്

By SUBHALEKSHMI B R.18 Apr, 2018

imran-azhar

ജലം ജീവനാണ്....മഹാവിസ്ഫോടനത്തിനു ശേഷം ചുട്ടുപഴുത്ത ഭൂമി പതുക്കെ തണുത്ത് ജലം ഉറവെടുത്തതോടെയാണ് ജീവഗ്രഹമായത്. ജലത്തിലാണ് ജീവന്‍ ഉരുവം കൊണ്ടത്. പിന്നീടുളളത് സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിന്‍റെയും വികാസത്തിന്‍റെയും ചരിത്രമാണ്. മനുഷ്യന്‍ വികസനത്തിലേക്ക്, അതിലുപരി വിവേകരഹിതമായ അത്യാര്‍ത്തിയിലേക്കും ധൂര്‍ത്തിലേക്കും കുതിക്കുന്പോള്‍ ഭൂമി കിതയ്ക്കുകയാണ്. സൌരയൂഥത്തിന്‍റെ അഭിമാനമായി മാറിയ ഈ നീലഗ്രഹം ഇപ്പോള്‍ ദുരന്തസൂചനകള്‍ നല്‍കുകയാണ്. ഒരു വശത്ത് ആഗോളതാപനത്തിലൂടെ മഞ്ഞുരുകി സമുദ്രജലനിരപ്പ് ഉയരുന്നു. ലോകരാഷ്ട്രങ്ങളില്‍ നല്ലൊരു പങ്കിന്‍റെ അവസാനത്തിലേക്ക് നയിക്കാവുന്ന മഹാപ്രളയത്തിലേക്കിത് നയിക്കുമെന്നുളള മുന്നറിയിപ്പുകള്‍ നേരത്തേ തന്നെ ലഭിച്ചു കഴിഞ്ഞു. മറുവശത്ത് ലോകം വരളുകയാണ്. ദാഹജലത്തിനായി മനുഷ്യര്‍ അലയുന്നു. തൊണ്ടവരണ്ട് മിണ്ടാപ്രാണികള്‍ ചത്തൊടുങ്ങുന്നു. ‘ഡേ സീറോ' അഥവാ ജലരഹിത ദിനത്തിലേക്കാണ് പോക്കെന്ന് സൂചനകളില്‍ നിന്ന് വ്യക്തം. കുടിക്കാന്‍ വെളളമില്ലാതെ മനുഷ്യര്‍ മരിച്ചുവീഴുന്ന കാലം വിദൂരമല്ലെന്നാണ് സൂചനകള്‍. ഭൂഗര്‍ഭജലശേഖരത്തെ വര്‍ദ്ധിപ്പിക്കാനോ നിലനിര്‍ത്താനോ ഉളള മാര്‍ഗ്ഗങ്ങള്‍ തേടാതെ ജലശ്രോതസ്സുകളെ ആവോളം കൊളളയടിച്ച്...വനങ്ങള്‍ നശിപ്പിച്ച് ,വിഷപ്പുക പുറന്തളളി മഴയെ പോലും വിഷമയമാക്കുകയാണ് മനുഷ്യന്‍. നാളെ മഴ കാത്തിരിക്കുന്ന വേഴാന്പലിന്‍റെ തൊണ്ടയിലേക്ക് പെയ്തിറങ്ങുക കെമിക്കല്‍ കോക്ക്ടെയിലുകളായിരിക്കും. ഭൂമിയിലെ അവശേഷിക്കുന്ന മുകുളങ്ങളെ കൂടി ഇത്തരം രാസമഴകള്‍ കരിച്ചുകളയും. ജലമില്ലാത്ത....പുല്‍നാന്പുപോലുമില്ലാത്ത ഭൂമിയില്‍ മനുഷ്യന്‍ എങ്ങനെ ജീവിക്കും. പരിസ്ഥിതിശാസ്ത്രജ്ഞര്‍ ഈ ദുരന്തത്തെക്കുറിച്ച് പല തവണ മുന്നറിയിപ്പുനല്‍കി കഴിഞ്ഞു. നിലവില്‍ ആയുധങ്ങളുടെ പേരിലാണ് പോര്. വരാനിരിക്കുന്നത് ജലത്തിനുവേണ്ടിയുളള യുദ്ധമാണ്....ജീവജലത്തിനുവേണ്ടിയുളള യുദ്ധം.

 

 

 

ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകളെ ഉദ്ധരിച്ചാണ് രാജ്യാന്തരമാധ്യമം ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ശുദ്ധജല ദൌര്‍ലഭ്യം മൂലം മരണമുണ്ടായേക്കാവുന്ന ആദ്യപട്ടണം ദക്ഷിണാഫ്രിക്കയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ കേപ്ടൌണ്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന നഗരത്തില്‍ മൂന്നു വര്‍ഷമായി കൊടിയ വരള്‍ച്ചയാണ്. 2018 ഫെബ്രുവരി ഒന്നു മുതല്‍ നഗരത്തില്‍ ജല ഉപയോഗത്തിനു നിയന്ത്രണമേര്‍പ്പെടുത്തി. ഒരാള്‍ക്കു ദിവസം പരമാവധി 50 ലീറ്റര്‍ വെള്ളം മാത്രം. യുഎസില്‍ ഒരാള്‍ ദിവസം 300~380 ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്താണിത്. കുടിക്കാനും പാചകത്തിനും ഉപയോഗിച്ചിട്ടു മിച്ചമുണ്ടെങ്കില്‍ ഒരു "കാക്കക്കുളി'യാകാം. തുണിയലക്കിനെക്കുറിച്ചു ചിന്തിക്കേണ്ട. അടുക്കളയില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ചാണു ശുചിമുറികളില്‍ ഉപയോഗിക്കുന്നത്. ജലവിതരണത്തിനുള്ള വലിയ സംഭരണികളിലെ വെള്ളത്തിന്‍റെ തോത് 13.5 ശതമാനത്തില്‍ താഴെയെത്തുന്ന ദിവസം വീടുകളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കും. പിന്നെ പൊതുടാപ്പുകളിലൂടെ ഒരാള്‍ക്കു പരമാവധി ഒരു ബക്കറ്റ് വെള്ളം മാത്രം കിട്ടും. 20,000 പേര്‍ക്ക് ഒന്ന് എന്ന നിലയില്‍ 200 പൊതുടാപ്പുകളാണു നഗരത്തിലുള്ളത്. ഡേ സീറോ വരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇവിടുള്ളവര്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ അപകടസൂചന ലഭിച്ചിട്ടും കാര്യമായെടുക്കാത്തതിനു നല്‍കേണ്ടിവന്ന വിലയാണിതെന്ന് കേപ്ടൌണ്‍ നിവാസികള്‍ പറയുന്നു. കേപ്ടൌണ്‍ ലോകത്തിന് ഒരു പാഠമാണ്.

 

ഇന്ത്യയും വരള്‍ച്ചയിലേക്ക്

 


ഇന്ത്യയുടെ സ്ഥിതിയും ആശ്വാസകരമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണ്. മൂന്നു കോടി ജനങ്ങളുടെ ദാഹമകറ്റുന്ന നല്‍കുന്ന ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ജലസംഭരണി, ഇന്ദിരാ സാഗര്‍ ഡാം തുടങ്ങിയവയാണ് ഉദാഹരണമായി കാണിച്ചിരിക്കുന്നത്. രണ്ടിടത്തും വലിയ തോതില്‍ ജലനിരപ്പ് കുറഞ്ഞെന്നാണ് വിലയിരുത്തല്‍. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ സര്‍ദാര്‍ സരോവറിന്‍റെ ഗുണഭോക്താക്കളാണ്. ഇന്ദിരാ സാഗര്‍ ഡാമിലെ ജലനിറവ് 800 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 500ല്‍ താഴെ ചതുരശ്ര കിലോമീറ്റര്‍ പരിധിയിലേക്കു ചുരുങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവചിക്കപ്പെട്ടതിലും നേരത്തേ ഇന്ത്യ സന്പൂര്‍ണ്ണവരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. മൊറോക്കോ, ഇറാഖ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ഡേ സീറോ ഇന്ത്യന്‍ നഗരങ്ങളിലും വന്നേക്കാമെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. 2013 മുതല്‍ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അപഗ്രഥിച്ചാണു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം,മലിനീകരണം, അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ തുടങ്ങിയവയാണ് നദികളാലും തടാകങ്ങളാലും മറ്റ് ശുദ്ധജല സ്രോതസ്സുകളാലും സന്പന്നമായ ഇന്ത്യയെ ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. 44 നദികളാല്‍ സന്പന്നമായ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇപ്പോള്‍തന്നെ വരള്‍ച്ചാ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നും നദികളിലെയും അണക്കെട്ടുകളിലെയും ജലം പങ്കിടുന്നതിനെച്ചൊല്ളിയുളള തര്‍ക്കങ്ങള്‍ രൂക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാവേരി നദീജലതര്‍ക്കം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ലോകത്തു വെള്ളമില്ളാതാകാന്‍ സാധ്യതയുള്ള 12 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബംഗളൂരുവുമുണ്ട്. മലിനീകരണംമൂലം ബംഗളൂരുവിലെ ശുദ്ധജല തടാകങ്ങളിലെ 85% വെള്ളവും കുടിക്കാന്‍ യോഗ്യമല്ളാതായി. നിലവില്‍ ജലദൌര്‍ലഭ്യമുളള നഗരങ്ങളില്‍ ഇന്ത്യയില്‍ മുന്‍നിരയിലാണ് ബംഗളുരു. ഇങ്ങനെ പോയാല്‍ ഡേ സീറോയിലേക്കെത്തിപ്പെടാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് മുന്നറിയിപ്പ്.

 

കുപ്പിവെളളക്കുത്തകള്‍

 


ഇപ്പോള്‍ തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും വന്‍ലാഭം കൊയ്യുന്നത് കുപ്പിവെളളക്കന്പനികളാണ്. പ്രതിവര്‍ഷം ഈ മേഖലയിലേക്ക് പുതുതായി കാലെടുത്തുവയ്ക്കുന്നവരുമേറെ. ഭാവിയില്‍ ഏറ്റവും വിറ്റഴിക്കാവുന്ന ഒന്നാണ് ജലമെന്ന് കച്ചവടക്കണ്ണുകള്‍ കണ്ടെത്തിക്കഴിഞ്ഞു. ഈ രംഗത്ത് ബ്രാന്‍ഡുകളും സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇന്ധനങ്ങളോ രത്നങ്ങളോ ലോഹങ്ങളോ അല്ല ജലമായിരിക്കും ഭാവിയിലെ അമൂല്യവസ്തു. ലാഭം കൊയ്യുന്നത് വെളളക്കച്ചവടക്കാരും.നന്മയുടെ സൂചനകള്‍അടുത്ത കാലത്തായി ചില ശുഭസൂചനകള്‍ ലഭിക്കുന്നുണ്ട്. ജലദൌര്‍ലഭ്യവും ദാഹജലത്തിനുവേണ്ടിയുളള നെട്ടോട്ടവും ദുരിതവുമേറിയപ്പോള്‍ തങ്ങളായിട്ട് ഇല്ലാതാക്കിയ ജലസ്രോതസ്സുകളെ പറ്റി ജനം ചിന്തിച്ചു.തത്ഫലമായി കേരളത്തില്‍ പലയിടത്തും നാട്ടുകാരുടെയും യുവാക്കളുടെയും കൂട്ടായ്മകള്‍ ജലസ്രോതസ്സുകള്‍ വൃത്തിയാക്കി, അവയ്ക്ക് പുതുജീവനേകി. നദികളും പുഴകളും കുളങ്ങളുമെല്ലാം അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏപ്രില്‍ 14 ശനിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ നടന്ന കിളളിയാറൊരുമ ഏകദിന ശുചീകരണയജ്ഞം. മന്ത്രി തോമസ് ഐസക് ആണ് പരിപാടി ഫ്ളാഗ് ഒഫ് ചെയ്തത്. എഴുപത്തി നാലു വയസ്സുള്ള സാവിത്രി എന്ന വയോധിക ഉള്‍പ്പെടെ കിള്ളിയാറിനെ സ്നേഹിക്കുന്നവരെല്ലാം ആവേശപൂര്‍വ്വം മാലിന്യങ്ങള്‍ നീക്കാനെത്തി. ഇടയ്ക്ക് പഴയകാല കിള്ളിയാര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. എന്നാല്‍, ഒരു ദിവസത്തെ ശുചീകരണം കൊണ്ട് മാത്രം കാര്യമില്ലെന്ന് പരിസ്ഥിതി സ്നേഹികള്‍ പറയുന്നു. പുഴകളുടെ സമീപം താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും മാലിന്യം നദിയിലേക്ക് പുറംതള്ളില്ലെന്ന് തീരുമാനമെടുക്കണം. അങ്ങനെ ചെയ്യുന്നവരെ തടയണം. അതിലൂടെ മാത്രമേ, നദികള്‍ വീണ്ടും ജീവജലദായിനികളാകൂ. നിലവില്‍ കേരളത്തിലെ മിക്ക നദികളിലും കുളങ്ങളിലും ഇറങ്ങിയാല്‍ അസുഖങ്ങളുമായി മടങ്ങാമെന്നതാണ് ഈ സ്ഥിതി. ഈ സ്ഥിതി മാറണമെങ്കില്‍ ജനം മനസ്സുവയ്ക്കണം.