Friday 28 January 2022




ഗാന്ധിയനായ പുരോഹിതന്‍; അതുല്യ മാതൃക; ഡെസ്മണ്ട് ടുട്ടു എന്ന മാനവികന്‍

By RK.27 Dec, 2021

imran-azhar

 

ആര്‍. രാജേഷ്

 

ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനത്തിന് എതിരായ പോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. നെല്‍സന്‍ മണ്ടേല കഴിഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ലോകം ഏറ്റവുമധികം കേട്ട പേര് ഡെസ്മണ്ട് ടുട്ടുവിന്റേത് ആയിരുന്നു. ആംഗ്ലിക്കന്‍ ബിഷപ്പായ അദ്ദേഹം മതത്തെ മനുഷ്യ വിമോചനത്തിനുള്ള പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. ഡെസ്മണ്ട് ടുട്ടുവിന്റെ പോരാട്ടം ലോകമെങ്ങും മതത്തിനുള്ളിലെ പുരോഗമന ശബ്ദങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നു. ആ ശബ്ദമാണ് 90 വയസില്‍ നിലച്ചത്.

 

1984 ല്‍ സമാധാന നൊബേല്‍ നല്‍കി ലോകം ആദരിച്ച വ്യക്തിയാണ് ഡെസ്മണ്ട് ടുട്ടു. 1931 ഒക്ടോബര്‍ ഏഴിനാണ് ജൊഹ്നാസ്ബര്‍ഗിലെ ക്ലെര്‍ക്‌സ്‌ഡോര്‍പ്പില്‍ ഡെസ്മണ്ട് ടുട്ടു ജനിച്ചത്. ദൈവശാസ്ത്ര സെമിനാരിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അദ്ധ്യാപകനായിട്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. 1961 ലാണ് ആംഗ്ലിക്കന്‍ പുരോഹിതനായി ഡെസ്മണ്ട് ടുട്ടു അഭിഷിക്തനാവുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ നെല്‍സന്‍ മണ്ടേല അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കൊപ്പം വര്‍ണ വിവേചനത്തിനെതിരായ കറുത്ത വര്‍ഗക്കാരുടെ പ്രധാന ശബ്ദമായി ടുട്ടു ഉയര്‍ന്നു.

 

1980 കളില്‍ ദക്ഷിണ ആഫിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധസമരങ്ങള്‍ ആളിക്കത്തുന്ന കാലത്ത് സര്‍ക്കാരിന്റെ കിരാത അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോകത്തിന്റെ ശ്രദ്ധ പതിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ഡെസ്മണ്ട് ടുട്ടു ഈ പ്രക്ഷോപങ്ങള്‍ക്ക് ലോകജനതയുടെ പിന്തുണ ഉറപ്പു വരുത്തി. ആദ്ദേഹത്തിന്റെ ഈ സമാധാനപരമായ പോരാട്ടത്തിനാണ് 1984 യില്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ആദരിച്ചത്.

 

1996ല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആര്‍ച്ച് ബിഷപ് എമെരിറ്റസ് സ്ഥാനം അലങ്കരിക്കുകയായിരുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തുടര്‍ന്ന് 1997 ല്‍ ഡെസ്മണ്ട് ടുട്ടുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് പിന്നാലെ അണുബാധയെ തുടര്‍ന്നും മറ്റ് രോഗങ്ങള്‍ക്കുമായി നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊതുജീവിതത്തില്‍ നിന്ന് 2010 ല്‍ ഡെസ്മണ്ട് ടുട്ടു ഔദ്യോഗികമായി വിരമിച്ചു. എങ്കിലും തന്റെ ഡെസ്മണ്ട് ആന്റ് ലിയ ടുട്ടു ലെഗസി ഫൗണ്ടേഷന്‍ വഴി ടുട്ടു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരുന്നു.

 

ഈ വര്‍ഷം മേയില്‍ കോവിഡ് വൈറസിനെതിരായ വാക്‌സിന്‍ എടുക്കാനായി ടുട്ടു ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണില്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരെയും വാക്‌സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതായിരുന്ന അദ്ദേഹം പൊതുവേദിയില്‍ എത്തിയ അവസാന പരിപാടി.

 

പുരോഹിതന്‍ എന്നതിലുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടത്. അതുകൊണ്ടു തന്നെ മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ അദ്ദേഹം എല്ലാപ്പോഴും പ്രതികരണം നടത്തിയിരുന്നു. അടുത്തിടെ റോഹിന്‍ഗ്യന്‍ വിഷയത്തില്‍ അടക്കം അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

 

2005ല്‍ ഇന്ത്യ സന്ദര്‍ശിച്ച ടുട്ടു കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെല്‍സണ്‍ മണ്ടേലയ്ക്കു ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ടുട്ടു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം ഗാന്ധിയന്‍ ജീവിതരീതിയാണ് പിന്‍തുടര്‍ന്നിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇന്ത്യയുമായി ആത്മബന്ധവും കാത്തുസൂക്ഷിച്ചിരുന്നു.