Sunday 09 December 2018


താറാവ് ഒരു ഭീകരജീവിയല്ല.............

By ആനന്ദവികടന്‍.13 Nov, 2017

imran-azhar

 

 

 

താറാവ് ഒരു ഭീകരജീവിയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം ശക്തമായി നിലനില്‍ക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളരാഷ്ട്രീയം കഴിഞ്ഞ കുറെ ആഴ്ചകളായി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കുട്ടനാട്ടുകാരന്‍ ഒരു താറാവുകാരന്‍ ഇടതുമുന്നണിക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല എന്നത് നാം കാണുന്നുമുണ്ട്. പുള്ളിയുടെ താറാവ് ഇറച്ചി തിന്നവര്‍ സ്വാഭാവികമായും ഈ പക്ഷിയെ ഒരു ഭീകരജീവിയായി കണക്കാക്കാന്‍ ഒരുക്കമല്ലായെന്ന് പ്രഖ്യാപിക്കുമ്പോള്‍ അതിന് ഭാഗ്യം ലഭിക്കാത്തവര്‍ പറയുന്നു. താറാവ് ഒരു ഭീകരജീവി തന്നെ. സംഗതിയെന്തായാലും മദ്ധ്യകേരളത്തിലെ ഹരിത മനോഹരമായ കുട്ടനാട്ടില്‍ നിന്നാണ് കഥ തുടങ്ങുന്നത്. അവിടെയൊരു പരോപകാരിയായ സാധു മനുഷ്യന്‍ വലിയ മോഹങ്ങളൊന്നുമില്ലാതെ ഗള്‍ഫിലും നാട്ടിലുമായി കുറച്ച് താറാവ് ഇറച്ചിയും മുട്ടയും കച്ചവടം ചെയ്ത് ജീവിച്ചു വരികയായിരുന്നു. അങ്ങനെ ഒരു വിധം ജീവിച്ച് വരുമ്പോഴാണ് വേണ്ടാത്തൊരു പൂതി ചില അയല്‍വക്കത്തെ അസൂയാലുക്കള്‍ പുള്ളിയില്‍ കുത്തിവച്ചത്. ഇങ്ങനെയിരുന്നാ മതിയോ കയ്യില്‍ നാലു ചക്രമുള്ളതു കൊണ്ട് കാര്യമൊന്നുമില്ല. നാലാള്‍ തിരുമുഖം തിരിച്ചറിയേണ്ടേ.....എന്ന് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ കാര്യമുണ്ടെന്ന് കുട്ടനാടുകാരനും കരുതി. രൂപം കൊണ്ടും പ്രായം കൊണ്ടും സിനിമയില്‍ അഭിനയിച്ചാല്‍ ക്ലച്ച് പിടിക്കില്ലെന്ന് ഉറപ്പായത് കൊണ്ട് കയറിച്ചെന്ന ഫീല്‍ഡാണ് രാഷ്ട്രീയം. അങ്ങനെയാണ് നമ്മുടെ കുട്ടനാട്ടുകാരന്‍കക്ഷി രാഷ്ട്രീയത്തിലെത്തിയത്.


പക്ഷെ, അവിടെയും മറ്റൊരു പ്രശ്‌നം. എന്‍ട്രി ഈസിയല്ല എന്ന് മനസിലാക്കാന്‍ അധികസമയം എടുത്തില്ല. ഖദര്‍ പാര്‍ട്ടിക്കാരും വിപ്ലവക്കാരും വന്ന് ഇഷ്ടം പോലെ താറാവിറച്ചി തട്ടിയെങ്കിലും ഒരു പാര്‍ട്ടിയിലും ആരും എടുത്തില്ല. അങ്ങനെയിരിക്കെയാണ് ഒരു ഓപ്പണിംഗ് ദൈവം കൊണ്ടുവന്നത്. തിരുവനന്തപുരത്ത് ഒരു ലീഡര്‍ ഒരു പുതിയ പാര്‍ട്ടി തുടങ്ങി. പാര്‍ട്ടിയുടെ പേര് ഡിക്ക്. തന്റെ ഇഷ്ടപക്ഷിയായ താറാവിന്റെ ഇംഗ്ലീഷ് പേരിനോട് സാമ്യം തോന്നിയതിനാല്‍ പുള്ളിക്കും ലീഡറുടെ പാര്‍ട്ടി പെരുത്തിഷ്ടപ്പെട്ടു. പുതിയ പാര്‍ട്ടി ആയതുകൊണ്ട് കാശിന്റെ കാര്യത്തില്‍ ഇത്തിരി ബാലാരിഷ്ടതകളുണ്ടായിരുന്നതും കുട്ടനാട്ടുകാരന്‍ മുതലെടുത്തു. ഒടുവില്‍, പാര്‍ട്ടിയില്‍ പെട്ടെന്നങ്ങ് നിയമസഭാ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു. അന്നും ഒരു മോഹം താറാവുകാരന്‍ രഹസ്യമായി മനസില്‍ സൂക്ഷിച്ചിരുന്നു. ഒരു നാള്‍ ഞാനും ലീഡറെപ്പോലെ മന്ത്രിയാകും. ആദ്യഘട്ടത്തില്‍ കുട്ടനാട്ട് നിന്നും ഗംഭീരമായി ജയിച്ചു. എം.എല്‍.എ ആയി. കാര്യങ്ങള്‍ ഈ വിധം മുന്നോട്ട് നീങ്ങുമ്പോഴാണ് താറാവ് കൃഷിയില്‍ കൂടുതല്‍ കമ്പമേറുന്നത്. പുള്ളി നോക്കിയപ്പോള്‍ വീടിന് ചുറ്റും കണ്ണെത്താദൂരം വെള്ളമിങ്ങനെ കെട്ടിക്കിടക്കുന്നു. ആ പ്രദേശത്തുകാര്‍ ഇതിനെ കായലെന്നാണ് വിളിക്കുന്നത്. താറാവിനാകട്ടെ കുറച്ച് നേരം നീന്തിയാല്‍ ബോറടിക്കും. അത് കഴിഞ്ഞ് കരകയറും. പിന്നെ കുറച്ച് നടക്കണം. അതാണ് രീതി. തന്റെ ഇഷ്ടപക്ഷിയല്ലേ, കല്ലും മുള്ളും കൊള്ളാതെ നടക്കെട്ടെ എന്ന ശുദ്ധഗതി കൊണ്ട് കായല്‍ക്കര തൊട്ട് താറാവിന്റെ കൂട് വരെ എം.പി ഫണ്ടില്‍ പെടുത്തി കായല്‍ നികത്തി ടാറിട്ട് കൊടുത്തു. അതിനെയാണ് ഇപ്പോള്‍ ചില ദുഷ്ടബുദ്ധികള്‍ (വര്‍ഷങ്ങള്‍ക്ക് ശേഷം) റോഡുണ്ടാക്കിയെന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ താറാവിന് ജോഗിംഗ് നടത്താനുള്ള വഴി മാത്രമാണതന്ന് ആയിരം തവണ ആണയിട്ട് പറഞ്ഞതാണ്. ആരുകേള്‍ക്കാന്‍. ഏറ്റവുമൊടുവില്‍ ഡിക്ക് തിരികെ മാതൃക്കൂട്ടില്‍ കയറിയപ്പോള്‍ കയറാതെ കുട്ടനാട്ടുകാരന്‍ ഇവിടെ വലിയ പവറൊന്നുമില്ലാത്ത, മുംബൈയില്‍ ഇത്തിരി വേരുകളുള്ള ഒരു മൂന്നക്ഷര പാര്‍ട്ടിയില്‍ കയറിക്കൂടി.


അങ്ങനെയായിരുന്നു വിപ്ലവപക്ഷത്തേക്കുള്ള വരവ്. അന്ന് ബില്‍ഗേറ്റ്‌സ് വിപ്ലവകാരിയെന്നൊക്കെ പറഞ്ഞ് കുറേ ആക്ഷേപം കേട്ടതാണ്. ഒടുവില്‍ മന്ത്രിയാകാന്‍ അവസരം വന്നപ്പോള്‍ ദേ വരുന്നു ഒരു വടക്കന്‍ പാര. ഒരു വിധം ആ പാരയെ കസേരയില്‍ നിന്ന് താഴെയിറക്കിയാണ് പെട്ടിയാട്ടോ പാര്‍ട്ടിയുടെ മന്ത്രിയായത്. അന്നേ പലര്‍ക്കും ചൊറിച്ചില്‍ തുടങ്ങിയതാണ്. വടക്കന്റെ ശാപവും വിടാതെ പിന്തുടര്‍ന്നു. എല്ലാം ഒരുവിധം ഒതുക്കിയെന്ന് തോന്നിയപ്പോഴാണ് ഈ ചെറിയ താറാവ് റോഡിന്റെ പേരില്‍ തട്ടിക്കളയാനാണ് ചില അസൂയക്കാരുടെ ശ്രമം. വെറുതെ വെള്ളം കെട്ടിക്കിടന്ന സ്ഥലം ആളുവീണ് ചാകാതിരിക്കാന്‍ മണ്ണിട്ട് നികത്തിയതാണോ കര്‍ത്താവേ ഞാന്‍ ചെയ്ത തെറ്റ്. . തന്റെ താറാവിറച്ചി തിന്നവര്‍ക്കൊന്നും തന്നെ കൈവിടാന്‍ മനസ് വരില്ലയെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ ഒറ്റപ്പിടുത്തം. പക്ഷെ, അത് എത്ര കാലത്തേക്ക് എന്ന് മാത്രം അറിയില്ല. താറാവിന് ഒരു കുഴപ്പമുണ്ടത്രേ. കുറച്ചുകാലം അടുത്തിടപഴകിയാല്‍ ഉടമസ്ഥനും ആ പക്ഷിയുടെ രൂപം വരും. ഉടലും നടത്തയുമെല്ലാം ആ രൂപത്തിലാകുമത്രേ. ആ രീതിയിലുള്ള ആദ്യം ആ കാര്‍ട്ടൂണുകള്‍ വഴിയും അറ്റാക്ക് അനുഭവിക്കുന്നുണ്ട്. കാമറയുമായി ഒരു നെറ്റുകാരും സദാ പിന്തുടരുന്നുണ്ട്. എന്റെ ദൈവമേ എനിക്ക് എന്തീ ദുര്‍വിധി. എന്റെ കര്‍ത്താവേ.....മനുഷ്യനിത്രയും അസൂയ പാടുണ്ടോ..?