Monday 22 April 2019


ആസ്വദിച്ച് മരിക്കൂയെന്ന് മരണഡോക്ടര്‍; സ്വയം ചെയ്താല്‍ മതിയെന്ന് വിമര്‍ശകര്‍

By SUBHALEKSHMI B R.20 Apr, 2018

imran-azhar

മരണവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഒരു വാഗ്വാദം നടക്കുകയാണ്. ഒരിക്കല്‍ മാത്രമുളള മരണത്തെ ആസ്വദിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഡോക്ടറും ആത്മഹത്യയ്ക്കും ദയാവധത്തിനും എതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും തമ്മിലാണ് വാക്പോര്. 1995 മുതല്‍ മരണഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഓസ്ട്രേലിയന്‍ ഡോക്ടര്‍ ഫിലിപ് നിറ്റ്ഷ്കേയുടെ ഒരു പുത്തന്‍ കണ്ടുപിടിത്തമാണ് വിവാദത്തിന് തിരികൊളുത്തിയത്. സാര്‍കോ എന്നു പേരിട്ട ത്രിഡി പ്രിന്‍റഡ് മരണയന്ത്രമാണ് നിഷ്കേയുടെ പുത്തന്‍ കണ്ടുപിടിത്തം. നെതര്‍ലാന്‍ഡുകാരനായ എന്‍ജിനീയര്‍ അലക്സാണ്ടര്‍ ബാനിക്കിനൊപ്പം ചേര്‍ന്നാണ് യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാം ഫ്യൂണറല്‍ ഫെയറിലാണ് ഈ യന്ത്രത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലേ മരിക്കാനാവൂ...അപ്പോള്‍ പിന്നെ നന്നായി മരിച്ചുകൂടെയെന്നാണ് നിറ്റ്ഷ്കേ ചോദിക്കുന്നത്. നന്നായി മരിക്കാന്‍ സാര്‍കോ സഹായിക്കുമെന്നും മരണഡോക്ടര്‍ അവകാശപ്പെടുന്നു. ലോകത്തിന്‍റെ ഏതുഭാഗത്തായാലും ആവശ്യക്കാര്‍ക്ക് ഇത് എത്തിച്ചുനല്‍കും. ഇതിനായി ഒരു വെബ് സൈറ്റുമുണ്ട്. ഈ വെബ്സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നിറ്റ്ഷ്കേ പറയുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ ഉപയോഗിക്കാവുന്ന നാലക്ക രഹസ്യകോഡ് ഇവര്‍ക്ക് ലഭിക്കും. പിന്നീട് ഈ യന്ത്രത്തില്‍ കയറി കോഡുപയോഗിച്ച് മരിക്കാമെന്നാണ് ഡോ. ഡെത്ത് വിവരിക്കുന്നത്. വെര്‍ച്ച്വല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് തങ്ങള്‍ക്കിഷ്ടമുള്ള കാഴ്ചകള്‍ കണ്ടുകൊണ്ട് മരിക്കാം, അതായത് നീലക്കടലോ മനോഹരമായ പ്രകൃതി ദൃശ്യങ്ങളോ കണ്ടുകൊണ്ട് സമാധാനത്തോടെ മരണത്തിലെത്താമെന്നാണ് വാഗ്ദാനം. മരിക്കാന്‍ തയ്യാറായെന്ന് കാണിച്ച് ബട്ടണില്‍ അമര്‍ത്തുന്നതോടെ പതുക്കെ ഈ ദൃശ്യങ്ങള്‍ മങ്ങുകയും ചെയ്യും. ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ട് മനുഷ്യരെ കൊല്ളുന്ന രീതിയാണ് സാര്‍കോയിലുള്ളത്. അതെക്കുറിച്ച് നിറ്റ്ഷ്കേ പറയുന്നതിങ്ങനെ: അന്തരീക്ഷവായുവില്‍ 78% നൈട്രജനാണ്. 21 ശതമാനമാണ് ഓക്സിജന്‍. ഈ ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ടുവരുന്നു. നൈട്രജന്‍ പ്രത്യേകിച്ച് നിറമോ, രുചിയോ, മണമോ ഒന്നുമില്ലാത്ത വാതകമാണ്. മനുഷ്യന്‍റെ ഇന്ദ്രിയങ്ങള്‍ക്ക് ഇതിന്‍റെ സാന്നിധ്യം തിരിച്ചറിയാനാവില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡ് രക്തത്തില്‍ കലരുന്പോഴുളള വേദനയൊന്നും ഇതുണ്ടാക്കില്ല. പതിയെ പതിയെ ബോധംമറഞ്ഞ് മരണത്തിലേക്ക് വീഴും. മരണം അനായാസം മാത്രമല്ല, കുറച്ചൊക്കെ ആനന്ദപ്രദവുമായിരിക്കുമെന്നാണ് നിറ്റ്ഷ്കേ പറയുന്നത്. ഇത് ആദ്യമായല്ള ഡോ. നീറ്റ്ഷ്കേ മരണയന്ത്രം കണ്ടെത്തുന്നത്. ‘ദി ഡെലിവറന്‍സ'് എന്നായിരുന്നു അദ്ദേഹം കണ്ടെത്തിയ ആദ്യ മരണയന്ത്രത്തിന്‍റെ പേര്. ഒരു ലാപ്ടോപ്പുമായി ബന്ധിപ്പിച്ച ഐവിയുണിറ്റാായിരുന്നു ദി ഡെലിവറന്‍സ്.മരണം തേടുന്ന ആളോട് ലാപ്ടോപുവഴി ഡോക്ടര്‍ ചില ചോദ്യങ്ങള്‍ ചോദിക്കും കൃത്യമായ ഉത്തരം ലഭിച്ചുകഴിഞ്ഞാല്‍ ഐവി വഴി മരണകാരണമായ മരുന്നുകള്‍ കുത്തിവയ്ക്കാം. ബന്ധുക്കള്‍ ചുറ്റും നില്‍ക്കെ അവര്‍ മരണത്തിലേക്ക് വീഴുകയായി. 1995ല്‍ ഓസ്ട്രേലിയന്‍ രോഗികളുടെ ആഗ്രഹമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് മരിക്കാന്‍ സഹായിക്കാമെന്ന നിയമം പാസാക്കിയിരുന്നു. ഓസ്ട്രേലിയയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഈ നിയമത്തെ ചൊല്ലി ഭിന്നതയുണ്ടായിരുന്നു. നിയമത്തെ പരസ്യമായി അനുകൂലിച്ച അപൂര്‍വ്വം പേരില്‍ ഒരാളായിരുന്നു ഡോ. ഫിലിപ്പ് നിറ്റ്ഷ്കേ. 1996ല്‍ യന്ത്രത്തിന്‍റെ സഹായത്താല്‍ ഒരു രോഗിയെ മരിക്കാന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ മരിക്കാന്‍ സഹായിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ 1997ല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിച്ചു.

 

 

നിറ്റ്ഷ്കേയുടെ പുത്തന്‍ മരണയന്ത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. പൊതുവേദിയില്‍ ഇത്തരത്തിലൊന്ന് അവതരിപ്പിച്ചത് ജനത്തെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് സമമാണെന്നും ഇത് നിയമവിരുദ്ധമാണെന്നും വിമര്‍ശകര്‍ പറയുന്നു. ആത്മഹത്യയ്ക്കും ദയാവധത്തിനുമെതിരായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളാണ് സാര്‍കോയ്ക്കും മരണഡോക്ടര്‍ക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുഖമായി മരിക്കാമെന്ന പ്രചരണം ചെറിയ നിരാശയില്‍ വീണവരെ പോലും മരണത്തിലേക്ക് വലിച്ചടുപ്പിക്കുമെന്നും ഇത് ഉപയോഗിച്ചവര്‍ മരിക്കുമെന്നതിനാല്‍ യന്ത്രത്തിനുളളിലെ അനുഭവം ഈ അവകാശപ്പെടുന്നത് പോലെ തന്നെയാണോ എന്ന് പറയാനാവില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന.ു വധശിക്ഷ നടപ്പിലാക്കുന്നതിനായി പോലും ഈ യന്ത്രം ഉപയോഗിക്കരുതെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നത്. മരിക്കാനല്ള ജീവിക്കാനാണ് സഹായം വേണ്ടതെന്നും അല്ലാതെ സ്വയം ഹത്യയ്ക്ക് വഴിമരുന്നിടുകയല്ല വേണ്ടതെന്നും അത്രയ്ക്ക് മനോഹരമാണെങ്കില്‍ മരണഡോക്ടര്‍ സ്വയം പരീക്ഷിക്കുന്നതാണ് നല്ലതെന്നും വിമര്‍ശകര്‍ പറയുന്നു.

 

 

 


1947 ആഗസ്റ്റ് 8ന് തെക്കന്‍ ഓസ്ട്രേലിയയിലെ അര്‍ഡ്രോസാനിലാണ് ഫിലിപ്പ് ഹെയ്ഗ് നിറ്റ്ഷ്കേ ജനിച്ചത്. ദയാവധത്തിന് വേണ്ടി നിലകൊളളുന്ന എക്സിറ്റ് ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയുടെ സ്ഥാപകനും ഡയറക്ടറുമാണ്. നാലു പേരെ മരണം വരിക്കാന്‍ സഹായിച്ചു.ലോകത്തിലാദ്യമായി വാക്സിന്‍ കുത്തിവച്ച് ഒരാളെ മരിക്കാന്‍ സഹായിച്ച ഡോക്ടറാണ് നിറ്റ്ഷ്കേ. ഇതോടെ മരണഡോക്ടറെന്ന് അറിയപ്പെടാന്‍ തുടങ്ങി. തനിക്ക് അഭിപ്രായപ്രകടനത്തിനുളള സ്വാതന്ത്യ്രം നിഷേധിച്ചുവെന്ന് ആരോപിച്ച മരണഡോക്ടര്‍ 2015~ല്‍ തന്‍റെ മെഡിക്കല്‍ പ്രാക്ടീസിംഗ് സര്‍ട്ടിഫിക്കറ്റ് പരസ്യമായി കത്തിച്ചു. താനും തന്നെ പിന്തുണയ്ക്കുന്നവരും പലപ്പോഴും അധികൃതരുടെ പീഡനത്തിനിരയാകുന്നുവെന്നാണ് നിറ്റ്ഷ്കേയുടെ പരാതി