Friday 17 November 2017

ബ്രാഹ്മണരെ പിന്തളളി ഈഴവസമുദായം

By SUBHALEKSHMI B R.19 Oct, 2017

imran-azhar

തിരുവനന്തപുരം: ഒരു കാലത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്ന ബ്രാഹ്മണസമുദായത്തിന് തിരിച്ചടി. അബ്രാഹ്മണ തന്ത്രിമാരെ നിയമിച്ചുകൊണ്ടുളള സര്‍ക്കാര്‍ തീരുമാനമാണ് ബ്രാഹ്മണമേല്‍ക്കോയ്മയ്ക്ക് തിരിച്ചടിയായത്. 33% ഒബിസി സംവരണം നിശ്ചയിച്ച് നടത്തിയ ക്ഷേത്രപുരോഹിതനിയമനത്തില്‍ 21 ഈഴവസമുദായക്കാരാണ് യോഗ്യത നേടിയത്. ഇതില്‍ 15 പേരും മെറിറ്റ് ലിസ്റ്റ് പ്രകാരവും 6 പേര്‍ സംവരണം മുഖേനയുമാണ് നിയമിതരായത്. 18 പേരുമായി ബ്രാഹ്മണസമുദായം രണ്ടാം സ്ഥാനത്തുണ്ട്.അതേസമയം നായര്‍ സമുദായത്തില്‍ നിന്ന് എട്ടുപേരാണ് പൂജാരി നിയമനത്തിന് യോഗ്യതനേടിയത്. പുലയ~4,ധീവര~2, പട്ടികജാതി~1, തണ്ടാര്‍~1, വേട്ടുവ~1 എന്നിങ്ങനെയാണ് നിയമന ക്കണക്ക്. ആകെ 62 പേരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പുതുതായി നിയമനം നേടിയത്.

 

ഇപ്പോള്‍ പാര്‍ട്ട്ടൈം നിയമനമാണെങ്കിലും മുഴുവന്‍സമയ പൂജാരിമാരായി സ്ഥിരമാക്കുമെന്നും ആ രീതിയിലുളളതാണ് നിയമനമെന്നും ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗം ജ ി.എസ്.ഷൈലമണി അറിയിച്ചു. മുഴുവന്‍ സമയപൂജാരിമാരായി സ്ഥിരനിയമനം ലഭിച്ചുകഴിഞ്ഞാല്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അവര്‍ അറിയിച്ചു.

 

ശ്രീനാരായണീയ വൈദിക സമിതി പോലുളള ക്ഷേത്രാചാര പരിശീലനസ്ഥാപനങ്ങളുടെ പ്രയത്നത്തിന്‍റെ ഭാഗമായാണ് ഈഴവസമുദായത്തിന് ഈ സമുന്നതനേട്ടം കൈവരിക്കാനായതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പ്രതികരിച്ചു.

 

അതേസമയം, നിയമനത്തിനെതിരെ ബ്രാഹ്മണപൂജാരികളുടെ സംഘടനയായ അഖില കേരള തന്ത്രി മണ്ഡലം രംഗത്തെത്തിയിട്ടുണ്ട്. ബ്രാഹ്മണസമുദായത്തില്‍ ജനിച്ചവര്‍ക്കുമാത്രമാണ്
പൌരോഹിത്യത്തിന് അര്‍ഹതയുളളതെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പോറ്റി അറിയിച്ചു. മാത്രമല്ല, പൂജാരി നിയമനത്തില്‍ ഈഴവസമുദായം തങ്ങളെ കടത്ത ിവെട്ടിയതോടെ ബ്രാഹ്മണര്‍ക്ക് താന്ത്രികപരിശീലനം കര്‍ശനമാക്കാനും ശ്രമം തുടങ്ങി. ഒക്ടോബര്‍ 21ന് തിരുവനന്തപുരത്ത് അത്തരത്തിലുളള ഒരു പരിശീലനസ്ഥാപനം തുടങ്ങനാണ് തീര ുമാനം. തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനും തീരുമാനമായി.

 

സാമൂഹികപരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിപ്ളവകരമായ തീരുമാനമാണ് ഇടതുസര്‍ക്കാരിന്‍റേതെന്നാണ് വിലയിരുത്തല്‍. ഒരു കാലത്ത് ക്ഷേത്രദര്‍ശനത്തിനായി സമരം ചെയ്യേണ്ടി വന്നവര്‍ ദേവന് പൂജ ചെയ്യുന്നതോടെ കേരളസമൂഹം അനാചാരങ്ങളുടെ, ജാതീയതയുടെ ഒരു കടന്പ കൂടി ചാടിക്കടക്കുകയാണ്.  സമത്വത്തിലേക്ക് വലിയൊരു ചുവടുവയ്പാണിതെന്നാണ് വിദഗ്ദ്ധമതം.