Tuesday 22 May 2018

അര്‍ദ്ധരാത്രി ലേഡീസ് കമ്പാര്‍ട്ടില്‍ കയറി സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമം, നാളെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും; സുരക്ഷാപാലകര്‍ കൈമലര്‍ത്തി, ആശ്രയമായി പിടി തോമസ്; വീഡിയോ കാണാം

By Farsana Jaleel.01 Sep, 2017

imran-azhar

സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഏതു നേരവും ട്രെയിനില്‍ സഞ്ചരിക്കാനുള്ള ഒന്നാണ് ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്. എന്നാല്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകള്‍ സുരക്ഷിതര്‍ എന്ന് പറയുന്നത് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങി. സുരക്ഷിതത്വം നല്‍കേണ്ട സുരക്ഷാപാലകരും നിയമപാലകരും തന്നെയാണ് ഈ അനാസ്ഥയില്‍ മുന്‍പന്തിയില്‍ എന്നത് ഏറ്റവും ദൗര്‍ഭാഗ്യകരം എന്ന് പറയാം. ഗോവിന്ദച്ചാമിമാരെ വളര്‍ത്തുന്നത് സുരക്ഷാ പാലകര്‍ തന്നെയാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ആഗസ്റ്റ് 28ന് രാത്രിയില്‍ മംഗലാപുരത്ത് നിന്നും തിരവനന്തപുരത്തേയ്ക്കുള്ള മലബാര്‍ എക്‌സ്‌പ്രെസ്സില്‍ അരങ്ങേറിയ സംഭവം.

മംഗാലാപുരത്ത് നിന്നും തിരുവനന്തപുരത്തേയക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11 മണിയോടെ കോഴിക്കോട് സ്‌റ്റേഷനില്‍ എത്തുന്നതോടെയാണ് സംഭവവികാസങ്ങള്‍. സ്‌റ്റേഷനില്‍ നിര്‍ത്തിയതും ലേഡീസ് കമ്പാര്‍ട്ട്‌മെന്റിന്റെ അരികിലേയ്ക്ക് ഒരാള്‍ വരികയും കമ്പാര്‍ട്ട്‌മെന്റിന്റെ ഉള്ളിലേക്ക് അക്രമി രൂക്ഷമായി നോക്കുകയും ചെയ്തു. താന്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറിയെന്ന് ഫോണ്‍ ചെയ്തു കൊണ്ട് അക്രമി ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ചാടിക്കയറി. കമ്പാര്‍്ട്ട്‌മെന്റില്‍ അധികവും 25ന് താഴെ പ്രായമുള്ള 100 ഓളം പെണ്‍കുട്ടികളായിരുന്നു. അക്രമി കമ്പാര്‍ട്ട്‌മെന്റില്‍ കയറി സ്ത്രീകളെ ഭയപ്പെടുത്തുകയും അസഭ്യ വര്‍ഷം ചൊരിയുകയും അവരെ വെല്ലുവിളിക്കുകയും ചെയ്തു. പലപ്പോഴും ആക്രോഷിച്ചു കൊണ്ട് ഇയാള്‍ പെണ്‍കുട്ടികളുടെ അടുത്തേയ്ക്ക് വരികയും വാതിലിനിടുത്തേയ്ക്ക് വരാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

അക്രമിയുടെ ഈവിചിത്ര സ്വഭാവത്താല്‍ ഭയന്ന് കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാള്‍ റെയില്‍വെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ടെങ്കിലും അവിടെനിന്നും ആശ്വാസമേകുന്ന മറുപടിയായിരുന്നില്ല അവര്‍ക്ക് ലഭിച്ചത്. പരാതിപ്പെടുന്നെന്ന് അപരിചിതന് ബോധ്യമായപ്പോള്‍ നിങ്ങള്‍ ആരെ വിളിച്ചാലും ഞാന്‍ ചെയ്യാനുള്ളത് ചെയ്തിരിക്കും എന്നു കൂടി അയാള്‍ പറഞ്ഞതും കമ്പാര്‍ട്ട്‌മെന്റിലുള്ളവരില്‍ ഭീതി ജനിപ്പിച്ചു. നിങ്ങളെ സഹായിക്കാന്‍ ഞങ്ങളും എന്ന് പരസ്യങ്ങളിലും മറ്റും മാത്രം പറയുന്ന പോലെ പരസ്യചിത്രങ്ങളായി മാത്രം മാറുകയായിരുന്നു റെയില്‍വെ അധികൃതരും ഹെല്‍പ്പ്‌ലൈനും.

ഒടുവില്‍ ട്രെയിന്‍ ഫറൂക്ക് സ്റ്റേഷനില്‍ എത്തുമ്പോള്‍ അക്രമി ഇറങ്ങുന്നതിന് മുമ്പായി ഇയാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി എന്നതിന് തെളിവിനായി പെണ്‍കുട്ടികള്‍ വീഡിയോ പകര്‍ത്താന്‍ തീരുമാനിക്കുത്. അക്രമി ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള 53 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സംയമനം പാലിച്ച് ഈ പെണ്‍കുട്ടികള്‍ പകര്‍ത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ അക്രമിയെ ഗാര്‍ഡിനെ ഏല്‍പ്പിക്കുകയും പൊലീസില്‍ അറസ്റ്റ് ചെയ്തതായും പറയപ്പെടുന്നു. ആദ്യം സംഭവം പ്രശ്‌നമാക്കേണ്ടെന്ന നിലപാടായിരുന്നു ഗാര്‍ഡിന് പോലും. പക്ഷേ പെണ്‍കുട്ടികളുടെ കൈയ്യില്‍ തെളിവുണ്ടെന്ന് പറഞ്ഞതോടെയാണ് അയാളെ പൊലീസില്‍ ഏല്‍പ്പിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് പെണ്‍കുട്ടികളോട് പറയുകയായിരുന്നു.

അക്രമിയെ ന്യായീകരിക്കുന്ന രീതിയായിരുന്നു പൊലീസിന്റേയും സമീപനം. റെയില്‍വെ അധികൃതരുടെയും, പൊലീസിന്റെയും ഈ അനാസ്തയില്‍ രാത്രിയെന്നോ പകലെന്നോ ഭേതമില്ലാതെ മാതൃകയായി അഡ്വ.പിടി തോമസ് എം.എല്‍.എ. രാത്രി 2.30 യോടെയാണ് അദ്ദേഹത്തെ ഈ പെണ്‍കുട്ടികള്‍ വിളിക്കുന്നത്. ഒരു മടിയുമില്ലാതെ എം.എല്‍.എ ഫോണ്‍ എടുക്കുകയും പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആലുവ സ്‌റ്റേഷനില്‍ വെച്ച് എം.എല്‍.എ യുടെ നിര്‍ദേശാനുസരം രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസമേകിയില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതിപ്പെടാന്‍ പെണ്‍കുട്ടികള്‍ തീരുമാനിച്ചു. മുഖ്യമന്ത്രിക്ക് കത്തെഴുതി പിടി.തോമസ് എം.എല്‍.എക്ക് നല്‍കുകയും ചെയ്തു. എം.എല്‍.എ നാളെ തന്നെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറും എന്നാണ് സൂചന.

സംഭവത്തിന് സാക്ഷിയായ യുവതി കലാകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞത്-

ആഗസ്റ്റ് 28. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള മലബാര്‍ എക്‌സ്‌പ്രെസ്. രാത്രി ഒമ്പതരയോടെ കണ്ണൂര്‍ സ്റ്റേഷനില്‍ നിന്നും ഞാന്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി. അതേ സ്‌റ്റേഷനില്‍ നിന്നും മാന്യമായി വസ്ത്രധാരണം ചെയ്ത ഒരു വ്യക്തി ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലേക്ക് ഓടിക്കയറി. ഉടന്‍ തന്നെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലുള്ളവര്‍ ഒച്ചവെക്കാന്‍ തുടങ്ങി. ഇതിനിടെ 182 എന്ന റെയില്‍വേ ഹെല്‍പ് ലൈനില്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയ മറുപടി.....'അയാള്‍ അക്രമം വല്ലോം കാണിക്കുന്നുണ്ടോ....നിങ്ങള്‍ അടുത്ത സ്‌റ്റേഷന്‍ വരെ സംയമനം പാലിക്കു' എന്നാണ്. ഗാര്‍ഡിനെയും വിളിച്ചു. തുടര്‍ന്ന് ട്രെയിന്‍ തലശ്ശേരി സ്‌റേഷനില്‍ എത്തിയപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയി. അയാള്‍ ഇറങ്ങിപ്പോയ ശേഷമാണ് ഞങ്ങള്‍ക്ക് റെയില്‍വേ ഗാര്‍ഡിന്റെ പോലും സഹായം ലഭിക്കുന്നത്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ആയിരുന്നിട്ടും ഒരു പൊലീസോ ഗാര്‍ഡോ ഒന്നും ഇല്ലാത്തതെന്താണെന്ന് ഞങ്ങള്‍ ഗാര്‍ഡിനോട് ചോദിച്ചിരുന്നു. 25ല്‍ താഴെയുള്ള 100ഓളം പെണ്‍കുട്ടികളായിരുന്നു കമ്പാര്‍ട്ട്‌മെന്റില്‍.

അയാള്‍ തലശ്ശേരിയില്‍ വെച്ച് ഇറങ്ങിപ്പോയത് കൊണ്ട് ഞങ്ങള്‍ അത് പ്രശ്‌നമാക്കിയില്ല. പക്ഷേ അതിന് ശേഷം ഞങ്ങള്‍ സമാധാനമായി ഉറങ്ങുകയായിരുന്നു. കമ്പാര്‍ട്ട്‌മെന്റിലുള്ള മിക്ക്യവരും ഉറക്കത്തിലായിരുന്നു. ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനില്‍ എത്തി. അപ്പോഴേയ്ക്കും രാത്രി 11 മണിയോട് അടുത്തു. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പേ ഒരാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലേക്ക് തുറിച്ചു നോക്കുന്നത് ചിലരുടെ ശ്രദ്ധയില്‍ പെട്ടു. ശേഷം താന്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറി എന്ന് ഫോണില്‍ പറഞ്ഞ് കൊണ്ട് അയാള്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് ചാടിക്കയറി. അക്രമാസക്തനായി അയാള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി. പെണ്‍കുട്ടികള്‍ പേടിച്ച് അടുത്ത കമ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ഓടി. ഇയാള്‍ ബോഗിയിലേക്ക് കയറിയ ശേഷം വാതില്‍ക്കല്‍ തന്നെ നിന്നു. കമ്പാര്‍ട്ട്‌മെന്റിലുള്ള ഞങ്ങള്‍ അയാളോട് ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ 'ഇല്ലടീ ഞാന്‍ ഇറങ്ങില്ല.....എന്നെ കണ്ടപ്പോള്‍ നീയൊക്കെ ഓടുന്നോ....ഒത്തിരി കളിച്ചാല്‍ ഞാന്‍ ട്രെയിനില്‍ നിന്നും ചാടി ചാകും. നീ എല്ലാം കുടുംങ്ങും.' എന്ന് തുടങ്ങി കുറേ അസഭ്യ വര്‍ഷങ്ങളും ആക്രോഷങ്ങളുമായിരുന്നു അയാള്‍ നടത്തിയത്.

ഉടനെ ഞാന്‍ 182ലേക്ക് വിളിച്ചു. ഒരുപാടു തവണ വിളിച്ചിട്ടും അവര്‍ ഫോണ്‍ എടുത്തില്ല. ഞങ്ങള്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ 'നിങ്ങള്‍ ആരെയൊക്കെ വേണമെങ്കിലും വിളിച്ചോടീ.....ചെയ്യാനുള്ളത് ഞാന്‍ ചെയ്തിരിക്കും' എന്നാണ് അയാള്‍ പറഞ്ഞത്. ഇതുകേട്ട് ഞങ്ങള്‍ കമ്പാര്‍ട്ട്‌മെന്റിന്റെ പുറകിലേയ്ക്ക് നീങ്ങി. ഒരുപാട് തവണത്തെ ശ്രമത്തിന് ശേഷം ഒടുവില്‍ ഹൈല്‍പ് ലൈന്‍ കിട്ടിയപ്പോള്‍ ഉള്ളില്‍ ആശ്വാസം തോന്നിയെങ്കിലും അവരുടെ വാക്കുകളില്‍ അതുണ്ടായില്ല. 'അടുത്ത സ്റ്റേഷനില്‍ നിങ്ങളെ ഗാര്‍ഡ് വന്നു സഹായിക്കും അതുവരെ നിങ്ങള്‍ സംയമനം പാലിക്കുക' എന്നാണ് അവര്‍ പറഞ്ഞത്. അവരുടെ ഈ മറുപടി കേട്ട് ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു. 'അടുത്ത സ്‌റ്റേഷനില്‍ എത്തുന്നതിന് മുമ്പേ ഞങ്ങളില്‍ ഒരാളുടെ ജീവന്‍ പോയാല്‍ നിങ്ങള്‍ എന്തു ചെയ്യും. നിങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്വമാണ് ഉള്ളത്, ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ആരെങ്കിലും മരിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും'. ഇതന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തു.

കോഴിക്കോട് സ്‌റ്റേഷില്‍ നിന്നും 20 കിമോമീറ്റര്‍ ദൂരമുള്ള ഫറൂക്ക് സ്റ്റേഷന്‍ വരെ കാത്തിരിക്കാനാണ് ഹെല്‍പ് ലൈനില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്. ഞങ്ങള്‍ ഫോണ്‍ വിളിച്ചുവെന്ന് ഉറപ്പായതതോടെ അയാള്‍ ചുവടു മാറ്റിപ്പിടിച്ചു. 'നിങ്ങളെന്തിനാ എനിക്കെതിരെ പരാതി കൊടുത്തത്. നിങ്ങളും എന്റെ പെങ്ങള്‍മാരാണ്. നിങ്ങള്‍ ഇറങ്ങിപോകുന്നുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഇല്ല...എനിക്കും പെങ്ങളുണ്ടായിരുന്നു.....ഞാന്‍ ആത്മഹത്യ ചെയ്യാന്‍ വന്നതാണ്' എന്ന് മാറ്റിപ്പിടിച്ചു. എന്നിട്ടയാള്‍ വാതിലിനടുത്ത് ചെന്ന് രണ്ട് കമ്പിയിലും തൂങ്ങി പുറത്തു ചാടുമ്പോലെ അഭിനയിച്ചു. അയാള്‍ ചാടിയെന്ന് കരുതി ഒരു പെണ്‍കുട്ടി എത്തിനോക്കിയപ്പോള്‍ അയാള്‍ കൈ അകത്തേയ്ക്ക് ഇട്ടു. ചാടാന്‍ പോകുന്നു എന്ന് പറഞ്ഞിട്ട് ഞങ്ങളില്‍ ആരെയെങ്കിലും പിടിച്ച് ചാടുകയായിരുന്നോ അയാളുടെ ഉദ്ദേശമെന്നും സംശയമുണ്ട്. ഇയാള്‍ ചാടിയെന്ന് കരുതി ഞങ്ങളെല്ലാവരും കൂടി വാതിലിന്റെ അടുത്തേയ്ക്ക് ഓടിച്ചെന്നു. ഞങ്ങള്‍ വന്നതും അയാള്‍ കമ്പാര്‍ട്ട്‌മെന്റിലേയ്ക്ക് കയറി. ഞങ്ങള്‍ വീണ്ടും പിറകിലേക്ക് മാറിയപ്പോള്‍ അയാള്‍ വീണ്ടും വാതിലിനടുത്തേയ്ക്ക് പോയിട്ട് 'വാ വാ നീയൊക്കെ എന്റെ അടുത്തേയ്ക്ക് വാ'  എന്നു പറഞ്ഞ് അയാള്‍ ഞങ്ങളെ വെല്ലുവിളിക്കുകയായിരുന്നു.

ഞാന്‍ ആത്മഹത്യ ചെയ്താല്‍ നിങ്ങളെല്ലാവരും കുടുംങ്ങും എന്ന് ഒരു മനോരോഗിക്കും പറയാന്‍ കഴിയില്ല. അതുപോലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയിട്ടുണ്ടെന്ന് ഫോണ്‍ ചെയ്തു കൊണ്ട് ഒരു മനോരോഗിയും ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറില്ല. ഫറൂഖ് സ്റ്റേഷന്‍ എത്താറാകുമ്പോഴാണ് റെയില്‍വേ അധികൃതരുടെ അനാസ്ത ഞങ്ങള്‍ക്ക് ബോധ്യമാകുന്നത്. സ്റ്റേഷനില്‍ അയാള്‍ ഇറങ്ങുന്നതിന് മുമ്പ് അയാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവിനായി ഞങ്ങള്‍ ലെഗേജ് കാരിയറിലെ രണ്ടു പെണ്‍കുട്ടികളോട് എത്രയും വേഗം ഇത് ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇയാള്‍ ഇറങ്ങാന്‍ നേരം പടിയില്‍ ഇരിക്കുന്ന വീഡിയോയാണ് എടുക്കാനായത്. പക്ഷേ വീഡിയോയില്‍ ഇയാളുടെ മുഖമില്ല. ഫറൂഖ് സ്റ്റേഷനില്‍ എത്തുന്നതിന് 53 സെക്കന്റ് മുമ്പുള്ള വീഡിയോയാണ് എടുക്കാനായത്. സംഭവിച്ച ഉടന്‍ തന്നെ വീഡിയോ പിടിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞങ്ങള്‍.

ഞാന്‍ ആത്മഹത്യ ചെയ്താല്‍ നിങ്ങള്‍ക്കൊക്കെ തൃപ്തിയാകുമല്ലോ....എന്നയാള്‍ പറയുന്നതാണ് വീഡിയോയില്‍. അതായത് സംഗതി കേസായാല്‍ അയാള്‍ക്ക് പ്രശ്‌നം വരുമെന്ന് ഉറപ്പായതിനാല്‍ ചുവടു മാറ്റുകയായിരുന്നു. ട്രെയിന്‍ ഫറൂഖ് സ്റ്റേഷനിലെത്തി. അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ വട്ടം ചുറ്റി നിന്നു. അങ്ങനെ നിന്ന് മിനിറ്റുകള്‍ കഴിയുമ്പോഴാണ് ഗാര്‍ഡ് വരുന്നത്. ഇയാളെ അറസ്റ്റ് ചെയ്‌തോളം, പക്ഷേ ഇത്ര പ്രശ്‌നമാക്കാന്‍ നിങ്ങള്‍ക്കൊന്നും പറ്റിയില്ലല്ലോ എന്നായിരുന്നു ഗാര്‍ഡിന്റെ മറുപടി. ഗാര്‍ഡിനോട് സംസാരിക്കുന്നതിനിടിയില്‍ അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഗാര്‍ഡ് പോലും അയാള്‍ രക്ഷപ്പെട്ടോട്ടെ എന്ന ചിന്തയായിരുന്നു. രക്ഷപ്പെട്ടാല്‍ പിന്നെ കേസ് ഇല്ലല്ലോ...പ്രതി രക്ഷപ്പെടുമ്പോള്‍ പ്രതിയെ കിട്ടിയില്ല എന്ന് പറയാനല്ലേ അയാളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നതെന്ന് ചോദിച്ചു. പൊലീസ് വന്ന് ഇയാളെ കൊണ്ടുപോകാതെ ഞങ്ങള്‍ ട്രെയിന്‍ വിടാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി. കൂടാതെ അയാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതിന്റെ വീഡിയോ ഇതിന് തെളിവായി ഉണ്ടെന്നും പറഞ്ഞതോടെ സംഗതി പ്രശ്‌നമാകുമെന്ന് കരുതി ഗാര്‍ഡ് അയാളെ പിടിച്ചു കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തിയതായി പറയുന്നു.

ഫറൂഖ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി ഈ സംഭവങ്ങള്‍ നടക്കുന്നേരം ഇതിനോട് ഒരു പുരുഷ സുഹൃത്ത് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. 'നിന്നെയൊന്നും റേപ്പ് ചെയ്തില്ലല്ലോ.....നീയൊന്നും ചത്തതും ഇല്ലല്ലോ ഇത്രയ്ക്ക് പ്രതികരിക്കാന്‍' എന്നാണ് അടുത്ത കമ്പാര്‍ട്ട്‌മെന്റില്‍ ഉള്ളൊരാള്‍ പറഞ്ഞത്. ഇതാണ് മലയാളികളുടെ മനോഭാവം. ഇതിനിടയില്‍ ഒരു പ്രമുഖ ചാനലിന്റെ ഓഫീസില്‍ വിളിച്ചപ്പോള്‍ പറഞ്ഞത് നമ്മുടെ റിപ്പോര്‍ട്ടേഴ്‌സ് എല്ലാം ഇപ്പോള്‍ ഉറക്കത്തിലാണെന്നാണ്. എന്നാല്‍ ഒരു പ്രമുഖ ചാനല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് എത്തിയത് പോലും മലപ്പുറം കഴിഞ്ഞിട്ടിണാണ്. തിരൂര്‍ മുതല്‍ പൊലീസ് എസ് വണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നെന്നാണ് പറയുന്നത്. സംഭവിച്ച ഉടന്‍ തന്നെ വീഡിയോ പിടിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്ന കമ്പാര്‍ട്ട്‌മെന്റില്‍ ഉളളത്. പൊലീസ് വന്നിട്ട് സംസാരിച്ച രണ്ടുപേരെ മാത്രം പരാതിക്കാരായി എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ എതിര്‍ത്തു. രണ്ടുപേരെ മാത്രം പരാതിക്കാരാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ പൊലീസ് ഞങ്ങള്‍ രണ്ടുപേരുടെ മാത്രം പേരും അഡ്രസ്സും എഴുതിയെടുത്തു. കൂടാതെ ആ പൊലീസുകാരന്‍ അയാള്‍ക്ക് വേണ്ടിയാണ് വാദിച്ചതും. അയാളുടെ മൂക്കില്‍ നിന്നും ചോര വരുന്നെന്നും അയാള്‍ക്ക് സുഖമില്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. അയാള്‍ ഈ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോകുന്നത് വരെയും ചോരയോ ഒന്നും തന്നെയില്ലായിരുന്നു. കാര്യം വളച്ചൊടിച്ച് അയാളെ മനോരോഗിയായി മുദ്രകുത്തുന്ന തരത്തിലുള്ള രീതിയായിരുന്നു പൊലീസിന്റേതും. തുടര്‍ന്നാണ് ഞങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും അദ്ദേഹത്തിന് കത്തെഴുതുകയും ചെയ്തത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാതിരാത്രി 2.30 ക്ക് വിളിച്ചപ്പോള്‍ ഞങ്ങളെ ഏറ്റവും കൂടുതല്‍ സഹായിച്ച ഒരു വ്യക്തിയുണ്ട്. അഡ്വ. പിടി.തോമസ് എം.എല്‍.എയെ. അദ്ദേഹം ഞങ്ങളെ അപ്പപ്പോ വിളിച്ച് തിരക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ആലുവ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു വനിത പൊലീസും ഒരു പൊലീസ് ഉദ്യോഗസ്ഥനും കയറി. പക്ഷേ അവര്‍ പറഞ്ഞത് നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം നോക്കിക്കൂടാര്‍ന്നോ.....വെറുതെ എന്തിനാ ഇത് പൊലീസിന്റെ മേലുള്ള കുറ്റമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്, ഇത്രയും പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും അയാളെ കീഴ്‌പ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലായിരുന്നോ എന്നുമാണ് ആ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞങ്ങളെ കൂടി വാതിലിന് പുറത്തേയ്ക്ക് വലിച്ചിടുമായിരുന്നു. നിങ്ങളിലൊരാള്‍ അപകടപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ടിരുന്നെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക് ഇതിനെതിരെ കേസ് എടുക്കാനാകുള്ളു എന്നുമാണ് അവര്‍ പറഞ്ഞത്.

അപായ ചങ്ങല വലിക്കാമായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായേക്കാം....പക്ഷേ അപായചങ്ങല നിര്‍ത്തലാക്കിയിട്ട് കാലങ്ങളായി. ഒരു സിസിടിവി ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ സ്ഥാപിക്കുക. അല്ലെങ്കില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ ആക്കുക. അതുമല്ലെങ്കില്‍ അപായ ചങ്ങലകള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ എങ്കിലും സ്ഥാപിക്കുക. ഇതാണ് ഞങ്ങളുടെ ആവശ്യം. ഇതൊക്കെയാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഞങ്ങള്‍ അയച്ച കത്ത് പിടി.തോമസ് എം.എല്‍.എ കൈപറ്റിയിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് കൈമാറും. മുഖ്യമന്ത്രി ഇതിന് പരിഹാരം കാണുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അദ്ദേഹം പലപ്പോഴും സ്ത്രീകളുടെ കാര്യത്തില്‍ ഇടപെടുമെന്ന വിശ്വാസമുള്ളത് കൊണ്ടാണ് അദ്ദേഹത്തെ തന്നെ ഞങ്ങള്‍ വിളിച്ചത്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ നെറ്റില്‍ നിന്ന് എടുത്തു വിളിക്കുകയായിരുന്നു. പൊലീസും റെയില്‍വെ ഉദ്യോഗസ്ഥരും അലംഭാവം കാട്ടിയിട്ട് പോലും രാത്രി 2.30ക്ക് വിളിച്ചപ്പോള്‍ അദ്ദേഹം ഒരു മടിയും കൂടാതെ ഫോണ്‍ എടുക്കുകയും ഞങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍ നല്‍കാന്‍ തയ്യാറായതിലും സന്തോഷമുണ്ട്.

ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി പകര്‍ത്തിയ വീഡിയോ-