Tuesday 19 March 2024




കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നു; പിന്നെ നിങ്ങള്‍ക്കെന്താ?

By SUBHALEKSHMI B R.09 May, 2018

imran-azhar

കേന്ദ്രസര്‍ക്കാരല്ലേ പൈസ നല്‍കുന്നത്. നിങ്ങള്‍ക്ക് എന്താ അപേക്ഷാ ഫോറം നല്‍കാനിത്ര മടി? കഴിഞ്ഞ കുറെ ദിവസമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ നേരിടുന്ന ചോദ്യമാണിത്. കൃത്യമായി പറഞ്ഞാല്‍ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച മേയ് 3 മുതല്‍. ഒരു വാട്സ് ആപ്പ് സന്ദേശമാണ് ഇതിന് കാരണം. സന്ദേശമിങ്ങനെ~ പത്താം ക്ളാസില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പതിനായിരം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നു. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാഫോം നഗരസഭകളിലും പഞ്ചായത്തുകളിലും ലഭിക്കുമെന്നാണ് വാട്സ് ആപ്പ് സന്ദേശത്തിലുള്ളത്. ഇതോടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഫോമിനായി തദ്ദേശസ്ഥാപനങ്ങളിലെത്തി തുടങ്ങി. ഫോണിലൂടെയുളള അന്വേഷണവും തകൃതി. എന്നാല്‍, ഇതേത് സ്കോളര്‍ഷിപ്പ്? എന്ന രീതിയില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ കുഴങ്ങി. ഇനി തങ്ങളറിയാത്ത വല്ല സ്കോളര്‍ഷിപ്പും ഉണ്ടോ എന്ന് കരുതി ചില ജീവനക്കാര്‍ മേലധികാരികളെ സമീപിച്ചു. അവരും ചെറിയ രീതിയില്‍ അന്വേഷണമൊക്കെ നടത്തി. അങ്ങനൊയൊരു സ്കോളര്‍ഷിപ്പിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. നേരിട്ടെത്തിയ രക്ഷിതാക്കളോടും വിദ്യാര്‍ത്ഥികളോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഇടഞ്ഞു. ചിലയിടങ്ങളില്‍ കൈയേറ്റത്തോളമെത്തി. ഇതോടെ ജീവനക്കാര്‍ക്ക് തലവേദനയായി. നഗരസഭകളിലും വിദ്യാര്‍ത്ഥികളുടെയും ഫോണ്‍വിളികളുടെയും ബഹളമാണ്. ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇത്തരത്തില്‍ യാതൊരുവിധ അറിയിപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന വിവരം കൈമാറി ജീവനക്കാര്‍ മടുത്തിരിക്കുകയാണ്.

 

എന്നാല്‍ ആരോ തമാശയ്ക്ക് പടച്ചുവിട്ടതാണ് ഈ സന്ദേശമെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സന്ദേശം ലഭിക്കുന്നവരാകട്ടെ, അതിന്‍റെ സത്യാവസ്ഥ അന്വേഷിക്കാതെ മറ്റുള്ളവര്‍ക്ക് കൈമാറുകയാണ്. ഇത്തരത്തില്‍ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. എസ്.എസ്. എല്‍.സികാര്‍ക്ക് മാത്രമല്ല പ്ളസ്ടുവിനും ഉണ്ട് വ്യാജന്‍റെ വക വാഗ്ദാനം. 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച പ്ളസ്ടുകാര്‍ക്ക് 25,000 രൂപ ലഭിക്കുമെന്നാണ് സന്ദേശം. പ്ളസ്ടു ഫലപ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ലാത്തതിനാല്‍ ആരും ഫോമിനായി പരക്കംപാഞ്ഞില്ലെന്ന് മാത്രം. ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇപ്പോള്‍ രക്ഷിതാക്കളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നത്. ആള്‍ക്കാരെ വലയ്ക്കുന്ന തമാശകള്‍ അംഗീകരിക്കാനാവില്ല. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ സൈബര്‍ സെല്ളിനും ജില്ളാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രതികരിച്ചു. ഇത്തരം വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് പൊതുജനവും ആവശ്യപ്പെടുന്നത്. അത് ന്യായമാണ്. ജനദ്രോഹപരമായ വ്യാജപ്രചാരണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. നവസങ്കേതങ്ങള്‍ ജനദ്രോഹത്തിനുളളവയല്ലെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.