Sunday 24 March 2019


ഫാസിസത്തിന്‍റെ കാട്ടുതീ പടരുന്നു

By SUBHALEKSHMI B R.08 Mar, 2018

imran-azhar

"പ്രതിമകളും സ്മാരകങ്ങളും ചരിത്രത്തിന്‍റെ ഭാഗമാണ്. നാം അവയെ ആദരിക്കുകയും സംരക്ഷിക്കുകയും വേണം''~ ഓസ്ട്രേലിയയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ നീല്‍ മിച്ചലിന്‍റെ വാക്കുകളാണിവ. 2017 ആഗസ്റ്റില്‍ സിഡ്നിയില്‍ വ്യാപകമായി സ്മാരകങ്ങളും ക്യാപ്റ്റന്‍ കുക്കിന്‍െറതുള്‍പ്പെടെയുളള പ്രതിമകളും തകര്‍ക്കപ്പെട്ടപ്പോഴായിരുന്നു മിച്ചലിന്‍റെ പ്രതികരണം. ഇന്ത്യയിലിപ്പോള്‍ ചരിത്രം മാറ്റിയെഴുതാനുളള ശ്രമമാണ് നടക്കുന്നത്. രണ്ടരപ്പതിറ്റാണ്ടിന്‍റെ ഭരണചരിത്രം മാറ്റിയെന്ന ഹുങ്കില്‍ ഫാസിസത്തിന്‍റെ അഗ്നിനാളങ്ങള്‍ ഇന്ത്യയെ ഒന്നാകെ വിഴുങ്ങാന്‍ വെന്പുകയാണ്. ത്രിപുരയെന്ന് ചെറു സംസ്ഥാനത്തില്‍ വീണ തീപ്പൊരിയാണ് കാട്ടുതീയായി പരിണമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് സംഘപരിവാര്‍ അഴിഞ്ഞാടിത്തുടങ്ങിയത്. യു.പിയില്‍ അലിഗഡിനടുത്ത ഘണ്ടഘര്‍ മേഖലയിലെ അംബേദ്കര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന ഭരണഘടനാശിലിപിയുടെ പ്രതിമയാണ് ആദ്യം തകര്‍ക്കപ്പെട്ടത്. ത്രിപുരയില്‍ അക്രമപരന്പരയ്ക്ക് തുടക്കംകുറിച്ചത് തെക്കന്‍ ത്രിപുരയിലെ ബലോണിയയില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ചു നശിപ്പിച്ചുകൊണ്ടായിരുന്നു. പിന്നാലെ സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു. 1500 ലേറെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. 500~ലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലായി. സബ്രൂം മോട്ടോര്‍സ്റ്റാന്‍റിലെ മറ്റൊരു ലെനിന്‍ പ്രതിമയും തകര്‍ക്കപ്പെട്ടു. എരിതീയില്‍ എണ്ണ പകരുംപോലെ വിധത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്‍റെ ട്വീറ്റ് കൂടിയെത്തിയതോടെ അക്രമികള്‍ക്ക് ആവേശമായി. നേതാവ് പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അണികളുടെ ആവേശം ഉച്ചസ്ഥായിയില്‍ തുടര്‍ന്നു. സിപിഎം പ്രവര്‍ത്തകരെ മാത്രമല്ല, കോണ്‍ഗ്രസിനെതിരെയും ആക്രമണം നീണ്ടു. കോണ്‍ഗ്രസിന്‍റെ കമാല്‍പൂര്‍ ഓഫിസ് ബിജെപി ബലമായി പിടിച്ചെടുത്തു കൊടിനാട്ടി. ഇതോടെ സിപിഎമ്മിന്‍റെ തകര്‍ച്ച കണ്ട് ഗൂഢമായി ആനന്ദിച്ച കോണ്‍ഗ്രസുകാരും നെട്ടോട്ടമോടി തുടങ്ങി. ത്രിപുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. ഇതെല്ലാം ത്രിപ
ുരയിലല്ലേ എന്ന് ഇതരസംസ്ഥാനക്കാര്‍ ആശ്വസിക്കുന്പോഴാണ്് വെടിമരുന്നിന് തീകൊളുത്തുന്പോലെ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റെത്തിയത്. "ആരാണ് ലെനിന്‍ എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം ത്രിപുരയില്‍ ലെനിന്‍റെ പ്രതിമയാണു തകര്‍ത്തത്. നാളെ, തമിഴ്നാട്ടില്‍ അത് പെരിയാറിന്‍റേതായിരിക്കും' ~എന്ന കുറിപ്പ് വിവാദമുയര്‍ത്തിവിട്ടു. പിന്നാലെ തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമ തകര്‍ക്കപ്പെട്ടു. തമിഴകത്തെ സാധാരണക്കാരില്‍ സാധാരണക്കാരുടെ ഉന്നമനത്തിനായി പോരാടിയ സാമൂഹിക പരിഷ്ക്കര്‍ത്താവാണ് ഈറോഡ് വെങ്കട
രാമസാമി നായ്ക്കര്‍ എന്ന ഇ.വി.രാമസ്വാമി. ബ്രാഹ്മണാധിപത്യത്തിനെതിരെ ദ്രാവിഡജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പോരാട്ടങ്ങളിലൂടെ അദ്ദേഹം തമിഴ്ജനതയുടെ മനസ്സില്‍ ചിരപ്രതിഷ്ഠിതനായി. അവരുടെ പെരിയാറായി. ദ്രാവിഡര്‍ കഴകം സ്ഥാപിച്ചതും അദ്ദേഹമാണ്. ഇവിടെയാണ് തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയത്തിന് തിരി തെളിയുന്നതും. അങ്ങനെ തമിഴ് ജനത ദൈവതുല്യം ആരാധിക്കുന്ന മഹാന്‍റെ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. രാജയ്ക്കു മുന്പേ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.ജി.സൂര്യയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. "ത്രിപുരയില്‍ വിജയകരമായി ലെനിനെ താഴെയിറക്കി. അടുത്ത ലക്ഷ്യം തമിഴ്നാട്ടില്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളാണ്...' എന്നാണു സൂര്യ ട്വീറ്റ് ചെയ്തത്. ഒട്ടേറെപ്പേര്‍ ഇതിനെ വിമര്‍ശിച്ചു രംഗത്തെത്തി. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഒരു ദിവസം രാമസാമിയുടെ പ്രതിമകള്‍ ബുള്‍ഡോസര്‍ വച്ചു തകര്‍ക്കുക തന്നെ ചെയ്യുമെന്നും രാമസ്വാമിയുടെ പേരിലുള്ള എല്ളാ ട്രസ്റ്റുകളിലുമായി ആയിരക്കണക്കിനു കോടി രൂപയാണുള്ളത്. ഇത് ദ്രാവിഡര്‍ കഴകവും ഡിഎംകെയും ജനങ്ങളില്‍നിന്നു കൊള്ളയടിച്ച പണമാണ്. ദശകങ്ങളായി തുടരുന്ന ഈ കൊള്ളയടി നിര്‍ത്തലാക്കി പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുമെന്നും സൂര്യ ആവര്‍ത്തിച്ചു. അതോടെ തമിഴകത്തും കാര്യങ്ങള്‍ കൈവിട്ടു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എച്ച്.രാജയുടെയും എസ്.ജി സൂര്യയുടെയും കോലം കത്തിച്ചു. കോയന്പത്തൂരിലെ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമം പടര്‍ന്നതോടെ ചെന്നൈയിലേത് അടക്കമുള്ള പ്രധാന പെരിയാര്‍ പ്രതികള്‍ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കി. ബിജെപി ഓഫീസുകള്‍ക്കും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. രാജയ്ക്കെതിരെ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, നടന്‍ സത്യരാജ് തുടങ്ങിയവര്‍ രംഗത്തെത്തി. ജനവികാരമെതിരായതോടെ രാജ മാപ്പ് പറഞ്ഞു തലയൂരി. ആ കുറിപ്പിട്ടത് താനല്ലെന്നും സമൂഹമാധ്യമത്തിലെ തന്‍റെ പേജ് പലരും ചേര്‍ന്നാണു നിയന്ത്രിക്കുന്നതെന്നുമായിരുന്നു രാജയുടെ വിശദീകരണം. എന്നാല്‍, ബിജെപിയുടെ വിജയോന്മാദത്തില്‍ രാജസൂര്യമാര്‍ ദ്രാവിഡമണ്ണിലേക്ക് മനപൂര്‍വ്വം വലിച്ചെറിഞ്ഞ കനല്‍ വലിയ തീനാളങ്ങളായി നാവുനീട്ടുകയാണ്. ഇന്ത്യയെ വിഴുങ്ങാന്‍. പ്രത്യാക്രമണത്തിലും വിഗ്രഹങ്ങള്‍ തച്ചുടയ്ക്കപ്പെടുന്നു. കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ ആക്രമിക്കപ്പെട്ടു. പ്രതിമയില്‍ കരിഓയില്‍ ഒഴിക്കുകയും മുഖഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ത്രിപുരയിലെ സംഘര്‍ഷങ്ങള്‍ക്കും പ്രതിമ തകര്‍ക്കലിനും എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചതിന് പിന്നാലെയാണ് കൊല്‍ക്കൊത്തയിലെ ആക്രമണം. ത്രിപുരയില്‍ വീണ തീപ്പൊരി സര്‍വ്വതും ദഹിപ്പിക്കുന്ന അഗ്നിയാകാന്‍ അധികസമയം വേണ്ടെന്നാണ് ഈ അക്രമങ്ങള്‍ വ്യക്തമാക്കുന്നത്. ഫാസിസ്റ്റ് നാവുകള്‍ വമിക്കുന്ന വിഷം ആള്‍ക്കൂട്ടത്തെ ഭ്രാന്തരാക്കും. ആ ഭ്രാന്തില്‍ തകര്‍ത്തെറിയപ്പെടുന്നത് കേവലം കല്ലില്‍ പടുത്ത നിര്‍മ്മിതികളല്ല. മറിച്ച് ഒരു രാജ്യത്തിന്‍റെ സന്പന്നമായ സംസ്കാരമാണ്. സാധാരണക്കാരന്‍റെ സമാധാനപൂര്‍ണ്ണമായ ജീവിതമാണ്. അതിലുപരി രാജ്യം തന്നെയാണ്.

 

 

ചെങ്കിസ്ഖാനാണ് തന്‍റെ വിജയവഴിയില്‍ കണ്ടതിനെയെല്ലാം തകര്‍ത്തെറിഞ്ഞ് വിനാശം വിതക്കുന്ന രീതിക്ക് തുടക്കം കുറിച്ചതെന്ന് ചരിത്രം പറയുന്നു. കൊളളയടിച്ചും കൂട്ടക്കുരുതി നടത്തിയും മുന്നേറിയ ചെങ്കിസ്ഖാന്‍റെ ഭൌതികദേഹം അഞ്ജാതസ്ഥലത്ത് കുഴിച്ചിടപ്പെട്ടു. ശത്രുക്കളെ ഭയന്നാകാം അത്. കാരണം, ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാനുളള വെറിയില്‍, ഓരോ വിജയവും പകര്‍ന്ന ഉന്മാദത്തില്‍ അത്രയേറെ ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്തുകൂട്ടിയിരുന്നു. വിജയലഹരി അപകടകരമാണ്....അത് കാഴ്ചകള്‍ മറയ്ക്കും... കുതിപ്പിനൊടുവില്‍ കിതപ്പാണെന്ന് ഇത്തരക്കാര്‍ ഓര്‍ക്കാറില്ല.

 

 

സമയവും തീയതിയും പറഞ്ഞാല്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍

 


പെരിയാറിന്‍െറ പ്രതിമ തകര്‍ക്കുമെന്ന എച്ച്.രാജയുടെ പ്രസ്താവനയ്ക്കെതിരെ തമിഴ് നടന്‍ സത്യരാജും നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസനും രംഗത്തെത്തി. തമിഴ്നാട്ടില്‍ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും തമിഴര്‍ തന്നെ സംരക്ഷിക്കുമെന്നുമാണ് കമലഹാസന്‍ പ്രതികരിച്ചത്.ട്വിറ്ററില്‍പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സത്യരാജ് ബിജെപിയ്ക്കും എച്ച്.രാജയ്ക്കുമെതിരെ ആഞ്ഞടിച്ചത്."ത്രിപുരയില്‍ വിപ്ളവകാരി സഖാവ് ലെനിന്‍റെപ്രതിമ തകര്‍ത്ത സംഭവത്തില്‍് അപലപിക്കുന്നു. അതോടൊപ്പം തന്നെ, പെരിയാറിന്‍റെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞ എച്ച്.രാജയ്ക്കെതിരെ നടപടിയെടുക്കണമെന്ന് തമിഴ്നാട് സര്ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുകയാണ്. പെരിയാര്‍ ഒരു പ്രതിമയല്ള, ഒരു പേരല്ള, ഒരു ശരീരമല്ള, മജ്ജയും മാംസവും കൊണ്ടുണ്ടാക്കിയ ദേഹമല്ള. പെരിയാര്‍ ഒരു തത്വശാസ്ത്രമാണ്. പണിയെടുക്കുന്നവന്‍റെ, സ്ത്രീകളുടെ സ്വാതന്ത്യ്രത്തിനു വേണ്ടി, അന്ധവിശ്വാസം ഇല്ളാതാക്കാന് സൃഷ്ടിക്കപ്പെട്ട ആശയമാണ് അദ്ദേഹം' സത്യരാജ് പറഞ്ഞു. വെറുമൊരു പ്രതിമയിലല്ള തങ്ങളുടെ ഹൃദയത്തിലാണ് പെരിയാര്‍ ജീവിക്കുന്നതെന്നും അധികാരം കൊണ്ടോ കരുത്തു കൊണ്ടോ പട്ടാളത്തെ കൊണ്ടോ തങ്ങളുടെ ഹൃദയത്തില്‍ നിന്നും പെരിയാറിനെ ഇല്ളാതാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും സത്യരാജ് പറഞ്ഞു.സമയവും തീയതിയും പറഞ്ഞാല്‍ നിങ്ങളെ നേരിടാന്‍ പെരിയാറിന്‍റെ അനുയായികള്‍ തയ്യാറാണെന്നും സത്യരാജ് കൂട്ടിച്ചേര്‍ത്തു.

 


പ്രതിമകള്‍ തകര്‍ത്ത് ചരിത്രം മറയ്ക്കാന്‍ ഫാസിസ്റ്റ് ശ്രമം:ബാലചന്ദ്രന്‍ വടക്കേടത്ത്

 


പ്രതിമകള്‍ ആരുടേതായാലും അത് തകര്‍ക്കുന്നത് ഫാസിസമാണെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തു. പരക്കെ ആക്രമണം തുടരുകയാണ്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചിട്ടേയുള്ളൂ, അധികാരമേറ്റെടുക്കും മുന്പാണിത് നടക്കുന്നത്. അധികാരമേറ്റാല്‍ എങ്ങനെയാവുമെന്ന് ഇതില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെതിരായ ആക്രമണത്തെ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമായി കാണാനാവില്ള. തങ്ങളെ എതിര്‍ക്കുന്നവരെയെല്ളാം ഉന്മൂലനം ചെയ്യുകയെന്ന അപകട മനശ്ശാസ്ത്രമാണിത്. നാളെ ഗാന്ധിയുടെയും നെഹ്റുവിന്‍െറയും തുടങ്ങി ചരിത്ര പുരുഷന്മാരുടെയെല്ളാം പ്രതിമകള്‍ തകര്‍ക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. ഇതിനെ പ്രതിരോധിക്കാതെ വയ്യ. ചരിത്രത്തെ മനുഷ്യമനസ്സുകളില്‍നിന്ന് എടുത്തുമാറ്റാനുള്ള ശ്രമം വ്യാപകമാണ്. ലോക ചരിത്രവുമായി ഇന്ത്യക്ക് ബന്ധമുണ്ട്. ആ ബന്ധം ശിഥിലമായാല്‍ ഇവിടെ സ്വകാര്യ ഹിന്ദു വര്‍ഗീയത ഉയര്‍ന്നുവരും. ഓര്‍മകള്‍ പാടില്ളെന്നാണോ മറവിയുടെ പ്രത്യയശാസ്ത്രം പറയുന്നത്. ഇതിനെ പ്രതിരോധിക്കലാണ് സ്വാതന്ത്യ്രം. ചരിത്രത്തെ മറവിയിലേക്ക് കൊണ്ടുപോവാനുള്ള സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്‍റെ ഈ നിലപാടിനെ ഓര്‍മകള്‍കൊണ്ട് തന്നെ നേരിടണം. ഇത് രാഷ്ട്രീയത്തിന്‍റേതല്ള, ആശയ സ്വാതന്ത്യ്രത്തിന്‍റെ പ്രശ്നമാണ്. ഇന്ത്യയിലെ സാംസ്കാരിക സമൂഹം ഇത് തിരിച്ചറിയണം. എങ്കിലും, ഈ തകര്‍ക്കല്‍ കൊണ്ട് ചരിത്രത്തിന്‍െറ ഓര്‍മകള്‍ മങ്ങിപ്പോകില്ളെന്ന് ഈ ഫാസിസ്റ്റുകള്‍ തിരിച്ചറിയണമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.

വ്യാജപ്രചരണത്തില്‍ തൂങ്ങി അനില്‍ അക്കരെയും

 


2008~ല്‍ ത്രിപുരയില്‍ സിപിഎം രാജീവ് ഗാന്ധിയുടെ പ്രതിമകള്‍ തകര്‍ത്തുവെന്ന വ്യാജ ആരോപണത്തില്‍ തൂങ്ങി സിപിഎമ്മിനെതിരായ അക്രമങ്ങളെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ. ഫെയ്സ്ബുക്കിലാണ് അനില്‍ അക്കരെയുടെ പ്രതികരണം. "രാജീവ് ഗാന്ധിയുടെ പ്രതിമ നിങ്ങള്‍ തകര്‍ത്തു. ഇപ്പോള്‍ ലെനിന്‍റെ പ്രതിമയാണ് ആര്‍.എസ്.എസ് തകര്‍ത്തത്. അധികം കളിച്ചാല്‍ അവര്‍ ഇ.എം.എസ്സിന്‍റെയും എ. കെ. ജി.യുടെയും പ്രതിമകളും തകര്‍ക്കും. നോക്കിനില്‍ക്കാനേ നിങ്ങള്‍ക്ക് കഴിയൂ", എംഎല്‍എയുടെ കുറിപ്പില്‍ പറയുന്നു.

ത്രിപുര കത്തുകയാണെന്നും. ത്രിപുരയല്ള കത്തുന്നത് അവിടെ അവശേഷിക്കുന്ന സിപിഎം പ്രേതങ്ങളാണെന്നും. ഇവിടെയിരുന്ന് ബക്കറ്റില്‍ വെള്ളം കോരി ഒഴിച്ചാല്‍ പരമാവധി ക്ളിഫ് ഹൌസിന്‍റെ പടിവരെയെ എത്തൂയെന്നും ഇതെല്ളാം നിങ്ങള്‍ ചോദിച്ച് വാങ്ങുന്നതാണെന്നും അനില്‍ അക്കരെ കുറിക്കുന്നു.

ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണമാണ് കോണ്‍ഗ്രസ് എംഎല്‍എ ആവര്‍ത്തിക്കുന്നത്. ഇടതു ഭരണകാലത്ത് ത്രിപുരയില്‍ രാജീവ് ഗാന്ധി അടക്കമുള്ളവരുടെ പ്രതിമ തകര്‍ത്തവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന പോരാട്ടത്തിലെ ചിത്രമാണ് ത്രിപുരയില്‍ നിന്നെന്ന പേരില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ചതെന്നാണ് വിവരം.