Tuesday 12 December 2017

തെ​രു​വു​സര്‍​ക്ക​സ് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഗായത്രി സുമംഗലിയായി

By kkm posted by Subha Lekshmi B R.28 Mar, 2017

imran-azhar

തെരുവുസര്‍ക്കസ് സംഘത്തിന്‍റെ ക്രൂരപീഡനങ്ങളില്‍നിന്നു രക്ഷപ്പെട്ട് അനാഥാലയത്തില്‍ അഭയംതേടി എറണാകുളം ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വരെയെത്തിയ ഗായത്രി സുമംഗലിയായി. കുന്ദമംഗലം മുറിയനാല്‍ സ്വദേശി കരുവാരപ്പറ്റ ഷിബുവാണ് ഇന്നലെ ഗായത്രിയെ ജീവിതസഖിയാക്കിയത്.മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

 

ഗായത്രിയുടെ പിതാവ് നേരത്തേ മരിച്ചു. അമ്മയുടെ രണ്ടാം ഭര്‍ത്താവ് തെരുവു സര്‍ക്കസിന് ഗായത്രിയെയും ഉപയോഗിച്ചു. ക്രൂരമായി പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ഊരുചുറ്റല്‍. ചേര്‍ത്തലയില്‍ തെരുവുസര്‍ക്കസിനിടെ ബന്ധുക്കളായ രണ്ട് കുട്ടികളോടൊപ്പം രക്ഷപ്പെട്ട് ആലുവയില്‍ എത്തി ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെ ജനസേവാ ശിശുമന്ദിരത്തില്‍ അഭയം തേടുകയായിരുന്നു.
ജനസേവ സ്പോര്‍ട്സ് അക്കാദമിയിലൂടെ കായികരംഗത്തുമെത്തി. ഫുട്ബോള്‍, ജൂഡോ, ബാസ്കറ്റ് ബോള്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കരുമാല്ലൂര്‍സെന്‍റ് ലിറ്റില്‍ ഫല്‍വര്‍ യു.പി. സ്കൂളിലും കറുകുറ്റി സെന്‍റ് ജോസഫ്സ് ഗേള്‍സ് െഹെസ്കൂളിലും പഠിച്ചു.

 

2014ല്‍ സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബോള്‍ ചാന്പ്യന്‍ഷിപ്പില്‍ വിജയിച്ച സെന്‍റ് ജോസഫ്സ് സ്കൂളിന്‍റെ നായികയായ ഗായത്രി അതേ വര്‍ഷം തൊടുപുഴയില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ എറണാകുളം ജില്ലാ ടീമിനെ നയിച്ചു. പത്താം ക്ളാസ് വിജയിച്ച് തൊഴിലധിഷ്ഠിത കോഴ്സിന് ചേരാനിരിക്കുന്നതിനിടയിലാണു വിവാഹം. കരുവാരപ്പറ്റ വീട്ടില്‍ കുമാരന്‍ നായരുടെയും സുമതിയുടെയും മൂത്ത മകനാണ് ഷിബു.