Tuesday 19 March 2024




ഇറ്റലിയില്‍ ഒത്തുതീര്‍പ്പ്; ജുസെപ്പോ അധികാരമേറ്റു

By SUBHALEKSHMI B R.02 Jun, 2018

imran-azhar

ഇറ്റലിയെ പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ജൂസപ്പെ കോണ്ടി സര്‍ക്കാര്‍ അധികാരമേറ്റു. തീവ്രവലതുപക്ഷ പാര്‍ട്ടികളായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റുമാണു പുതിയ മന്ത്രിസഭ നയിക്കുന്നത്. 630 സീറ്റുകളിലേക്ക് മാര്‍ച്ച് നാല് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷികളും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. രാജ്യത്തെ പതിനെട്ടാമത് പൊതുതിരഞ്ഞെടുപ്പില്‍ ലൂയ്ഗി ജി മൈയോയുടെ ഫൈവ്സ്റ്റാര്‍ ആണ് (എം5എസ്) 131 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മറ്റിയോ സാല്‍വിനിയുടെ ലീഗ് സഖ്യം 151 സീറ്റുകള്‍ നേടി. മുന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ മധ്യ~ഇടത് സഖ്യം മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടു. തുടര്‍ന്ന് ലീഗ് സഖ്യവും എം5എസുമായി ചര്‍ച്ചകളിലേര്‍പ്പെടുകയും തൂക്കുമന്ത്രിസഭ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. രാഷ്ട്രീയ പാരന്പര്യമില്ലാത്ത, അഭിഭാഷകനായ ജൂസപ്പെ കോണ്ടിയെയാണ് പ്രധാനമന്ത്രിയായി സഖ്യം തിരഞ്ഞെടുത്തത്. തുടര്‍ന്ന് കോണ്ടി നിയുക്ത മന്ത്രിസഭയുടെ പട്ടികയുമായി പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററെല്ളയെ കണ്ടു. പവോല സവോനയെ ആണ് ധനമന്ത്രിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇറ്റലി യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ വിമര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനെന്ന് മുദ്രകുത്തപ്പെട്ട പവോലയെ ധനമന്ത്രിയാക്കുന്നതിനെതിരെ പ്രസിഡന്‍റ് സെര്‍ജിയോ രംഗത്തെത്തി. ഇറ്റലിയില്‍ പ്രസിഡന്‍റ് പദം ആലങ്കാരികമാണെങ്കിലും അദ്ദേഹത്തിന് ചില വിശേഷാധികാരങ്ങളുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ നിയമനങ്ങള്‍ തീരുമാനിക്കുന്നത് പ്രസിഡന്‍റാണ്. അനിവാര്യ ഘട്ടത്തില്‍ പാര്ലമെന്‍റ് പിരിച്ചുവിടാനും അദ്ദേഹത്തിന് അധികാരമുണ്ട്. ഈ വിശേഷാധികാരം ഉപയോഗിച്ചാണ് കോണ്ടി മുന്നോട്ടുവച്ച പട്ടിക പ്രസിഡന്‍റ് പട്ടിക തളളിയത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായി.

 

സര്‍ക്കാര്‍ രൂപീകരണത്തിനുളള ഉദ്യമം താന്‍ ഉപേക്ഷിക്കുകയാണെന്ന് കോണ്ടി പ്രഖ്യാപിച്ചു. ഒരുമിച്ചുനില്ക്കാന് സാധിക്കാത്ത വിധം കടുത്ത അഭിപ്രായ ഭിന്നതയുള്ള രണ്ടു പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് മന്ത്രിസഭയുണ്ടാക്കാന്‍ ഏറെ ശ്രമിച്ചെന്നും പവോലയുടെ നിയമനത്തെ പ്രസിഡന്‍റം എതിര്‍ത്തത് തിരിച്ചടിയായെന്നും കോണ്ടി അറിയിച്ചു. മാത്രമല്ല, അദ്ദേഹം പാര്‍ലമെന്‍റ് അംഗത്വം രാജിവയ്ക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നത് വരെ കാര്യങ്ങളെത്തി. അതിനിടെ, ധനകാര്യ വിദഗ്ധനും
സ്വതന്ത്ര എം.പിയുമായ കാര്‍ലോ കൊട്ടാറെല്ളിയെ പ്രസിഡന്‍റ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. കാര്‍ലോ കൊട്ടാറെല്ളിയെ ഇടക്കാല പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വിവാദമായി. പാവലോയുടെ നിയമനം തള്ളി സര്‍ക്കാര്‍ രൂപീകരണ ശ്രമം പരാജയപ്പെടുത്തി രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച മാറ്ററെല്ളയെ ഇംപീച്ച്ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിനിടെ , കോണ്ടി നിലപാടില്‍ അയവുവരുത്തുകയും വീണ്ടും ലീഗ്~എം5എസ് പാര്‍ട്ടികള്‍ വിപുലമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചകളുടെ ഫലമായി പുതിയ മന്ത്രമാരുടെ പട്ടികയുമായി പ്രസിഡന്‍റിനെ സമീപിച്ചു. മേയ് 31ന് പ്രസിഡന്‍റ് കോണ്ടി സമര്‍പ്പിച്ച പുതിയ പട്ടിക അംഗീകരിച്ചു. പുതിയ പട്ടിക പ്രകാരം ലീഗ് പാര്‍ട്ടി നേതാവ് മറ്റിയോ സാല്‍വിനി ആഭ്യന്തരമന്ത്രിയാകും. ഫൈവ് സ്റ്റാര്‍ മുന്നേറ്റ (എം5എസ്) തലവന്‍ ല്യൂഗി ഡി മായിയോ വ്യവസായവും. ഇരുവരും ഉപപ്രധാനമന്ത്രി പദവിയും വഹിക്കും. ഇറ്റലിയുടെ യൂറോപ്യന്‍ അഫയേഴ്സ് മന്ത്രിയായിരുന്ന എന്‍സോ മൊവേരോ മിലനേസിയാകും പുതിയ വിദേശകാര്യമന്ത്രി. എം5എസിന്‍റെ എലിസെബെറ്റോ ട്രെന്‍റോയാണ് പ്രതിരോധമന്ത്രി. വിവാദമായ ധനകാര്യമന്ത്രി പദത്തിലേക്കെത്തുന്നത് സാന്പത്തികശാസ്ത്രം അധ്യാപകനായ ഗിയോവനി ട്രിയോയാണ്. യൂറോപ്യന്‍ യൂണിയന്‍ അനുകൂലിയാണ് ട്രിയോ.

 

തത്ക്കാലം പ്രതിസന്ധിയൊഴിഞ്ഞെങ്കിലും നിലവിലെ ഭരണമുന്നണിയും യൂറോപ്യന്‍ യൂണിയനുമായുളള ബന്ധം അത്ര സുഖപ്രദമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുന്നത്. നികുതി ഇളവ്, ക്ഷേമകാര്യങ്ങള്‍ക്കുളള വകയിരുത്തല്‍ വര്‍ദ്ധിപ്പിക്കുമെന്നുമുളള വാഗ്ദാനങ്ങള്‍ നല്‍കിയാണ് ലീഗും എം5എസും വോട്ടുതേടിയത്. യൂറോപ്യന്‍ യൂണിയന്‍െറ ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരാണിത്.ഇരുകക്ഷികളും തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കാനുളള ശ്രമങ്ങളുമായി മുന്നോട്ടുപോയാല്‍ യൂറോപ്യന്‍ യൂണിയന്‍റെ ഇതു സംബന്ധിച്ച നയങ്ങളുമായി കൊന്പുകോര്‍ക്കേണ്ടി വരുമെന്ന കാര്യം തീര്‍ച്ചയാണ്. യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നീക്കങ്ങള്‍ പ്രസിഡന്‍റ് വകവച്ചുകൊടുക്കുകയുമില്ല. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും