Wednesday 22 May 2019


കലക്കവെളളത്തില്‍ മീന്‍ പിടിക്കുന്നവര്‍

By SUBHALEKSHMI B R.17 Apr, 2018

imran-azhar

നാല് ദിവസം പിന്നിടുന്പോള്‍ ഡോക്ടര്‍മാരുടെ സമരനാടകത്തിന് തിരശ്ശീല വീണിരിക്കുന്നു. ഏപ്രില്‍ 12 രാത്രി എട്ടു മണിക്കാണ് കെജിഎംഒഎ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഒപി സമയം രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറുമണിയാക്കുന്നതിനെതിരെയും പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതിനെതിരെയുമായിരുന്നു സമരം. ഒപി സമയം വൈകിട്ട് ആറു മണിവരെയാക്കി ഉയര്‍ത്തിയ തീരുമാനം വന്നതിനു പിന്നാലെ തന്നെ ഡോക്ടര്‍മാര്‍ സമരസൂചന നല്‍കിയിരുന്നു. ആര്‍ദ്രം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ആശുപത്രികളില്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് ഒന്നുമുതല്‍ അനിശ്ചിതകാലസമരം നടത്തുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ 63 പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍, പാലക്കാട് ജില്ലയിലെ കുമുരംപുത്തൂരിലെ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് 1.30 മുതലുളള ഡ്യൂട്ടി ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിക്കുകയും സര്‍ക്കാര്‍ നടപടിയെടുക്കുകയുമായിരുന്നു. ഇതോടെയാണ് മേയ് ഒന്നിന് ആരംഭിക്കേണ്ടിയിരുന്ന സമരം ഏപ്രില്‍ 13ന് തുടങ്ങിയത്. സംസ്ഥാന വ്യാപകമായി 4300 ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്. ഇതൊന്നുമറിയാതെ ആശുപത്രികളിലെത്തിയ രോഗികള്‍ വലഞ്ഞു. പലയിടത്തും ക്ഷമ നശിച്ച രോഗികള്‍ അപ്രതീക്ഷിത സമരത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. നോട്ടീസ് പോലും നല്‍കാതെ നടത്തുന്ന സമരം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനിന്നു. ഡോക്ടര്‍മാരുടെ താന്‍പോരിമ അംഗീകരിച്ചുകൊടുക്കാനാവില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡോക്ടര്‍മാര്‍ ആവശ്യപ്പെടാതെ തന്നെ അവരുടെ ശന്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിച്ചു. പല തവണ സമരത്തിലേക്ക് നീങ്ങിയപ്പോഴും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു. പെന്‍ഷന്‍ പ്രായവും ഉയര്‍ത്തി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറു മണിവരെയുമാണ് റൊട്ടേഷന്‍ രീതിയില്‍ ഡോക്ടര്‍മാരുടെ ജോലിസമയം ക്രമീകരിച്ചത്. ഒരു ഡോക്ടര്‍ക്ക് ദിവസം നാലര മണിക്കൂറേ ജോലി ചെയ്യേണ്ടി വരുന്നുളളു. അതു ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജോലി സമയമോ ജോലിഭാരമോ ഒന്നുമല്ല സ്വകാര്യപ്രാക്ടീസ് നടത്താനാവില്ലെന്നതാണ് യഥാര്‍ത്ഥകാരണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഒപി സമയം കൂട്ടിയതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാത്തതിനെതിരെയാണ് സമരമെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. സര്‍ക്കാരും ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ സ്വന്തം നിലപാടുകളിലുറച്ചുനിന്നതോടെ സമരം നീണ്ടു. നാലാം ദിവസവും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നും സമരം നിര്‍ത്തി വന്നാല്‍ചര്‍ച്ചയാകാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഡോക്ടര്‍മാര്‍ ഉറച്ചുനിന്നു. ഇവര്‍ക്കിടയില്‍ പെട്ട് വലഞ്ഞത് ജനങ്ങളാണ്. സ്പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണ്ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ളാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങി. നടപടിയെടുത്താല്‍ കൂട്ടരാജിയെന്ന് ഡോകര്‍മാര്‍ ഭീഷണിമുഴക്കി. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ( ഐ എം എ ) ഇടപെട്ടത്. അനുനയശ്രമങ്ങളുടെ ഭാഗമായി ചര്‍ച്ച തുടങ്ങി. ചര്‍ച്ചയ്ക്കൊടുവില്‍ ഡോക്ടര്‍മാര്‍ പരാജയം സമ്മതിച്ചു. എന്നാല്‍ ഈ സമരത്തിന് പിന്നിലെ യുക്തിയെന്തെന്ന ചര്‍ച്ച സജീവമാണ്. സോഷ്യല്‍മീഡിയയിലും സമരത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. ആര്‍ദ്രം പദ്ധതിയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവും വിഷയമാക്കി കുളംകലക്കി മീന്‍പിടിക്കാനാണ് ഡോക്ടര്‍മാരുടെ ശ്രമമെന്ന് ആരോപണമുയര്‍ന്നു. അതില്‍ കഴന്പില്ലാതെയില്ല.

 

 

 

സര്‍ക്കാര്‍ ആശുപത്രികളില്‍ (കുടുംബാരോഗ്യകേന്ദ്രങ്ങളില്‍) ഒപി സമയം വൈകിട്ട് ആറുമണിവരെയാക്കുന്പോള്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെ കാര്യമായി ബാധിക്കും. റൊട്ടേഷന്‍ രീതിയിലാണ് വൈകുന്നേരത്തെ ഡ്യൂട്ടിവരികയെങ്കിലും ആ വഴിയിലൂടെ പ്രതിദിനം കീശയിലെത്തുന്ന ആയിരങ്ങളില്‍ കുറവുവരും. മാത്രമല്ല, വൈകുന്നേരവും ഒപിയുണ്ടായാല്‍ ഡോക്ടര്‍മാരെ റൂമുകളില്‍ ചെന്ന് കാണുന്ന രീതി രോഗികള്‍ക്കിടയില്‍ കുറയും. പതിയെ പതിയെ തങ്ങളുടെ സ്വകാര്യപ്രാക്ടീസ് ഡോക്ടര്‍മാര്‍ക്ക് അവസാനിപ്പിക്കേണ്ടി വരും. നിലവില്‍ സര്‍ക്കാര്‍ സ്വകാര്യപ്രാക്ടീസ് നിരോധിച്ചിട്ടുണ്ടെങ്കിലും അത് അത്ര കര്‍ശനമല്ല. മിക്കവാറും എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരും തങ്ങളുടെ വീട്ടിലോ ആശുപത്രികള്‍ക്ക് സമീപം വാടകയ്ക്കെടുത്ത മുറികളിലോ രോഗികളെ നോക്കുന്നവരാണ്. ഗ്രാമപ്രദേശങ്ങളില്‍ 100 മുതല്‍ 150 രൂപ വരെയും മുന്‍സിപ്പാലിറ്റികളില്‍ 200~250 രൂപ വരെയും നഗരത്തില്‍ 350 മുതല്‍ 500 വരെയുമാണ് ഡോക്ടര്‍മാരുടെ ഫീസ്. പ്രതിദിനം കുറഞ്ഞത് 30 രോഗികളെങ്കിലുമുണ്ടാകും. അങ്ങനെ നോക്കിയാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ശന്പളത്തിനേക്കാള്‍ വരുമാനം അവര്‍ക്ക് സ്വകാര്യപ്രാക്ടീസില്‍ നിന്നു ലഭിക്കുന്നു. രണ്ടും മൂന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ വിസിറ്റിംഗ് കള്‍സള്‍ട്ടന്‍റായി സേവനമനുഷ്ഠിക്കുകയും അവിടങ്ങളിലെല്ലാം സ്വകാര്യപ്രാക്ടീസ് നടത്തുകയും ചെയ്യുന്നവരുണ്ട്. കുട്ടികളുടെ ഡോക്ടര്‍മാര്‍, ഗൈനക്കോളജിസ്റ്റുകള്‍, ജനറല്‍ ഫിസിഷ്യന്മാര്‍ എന്നിവര്‍ക്കാണ് കൊയ്ത്ത് കൂടുതല്‍. അതുകൊണ്ടു തന്നെയാണ് തങ്ങളുടെ ജോലിസമയം ഉയര്‍ത്തിയതല്ല മറിച്ച് മതിയായ ജീവനക്കാരില്ലാത്തതാണ് കാരണമെന്ന് കാട്ടി ഡോക്ടര്‍മാര്‍ സമരത്തിലേക്കെടുത്തുചാടിയത്.

 

ധിക്കാരപരമെന്ന് ആരോഗ്യമന്ത്രി

 

 


സ്വകാര്യ ചികിത്സയ്ക്കു തടസ്സം വരുമോ എന്ന ഭയമാണ് കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനു പിന്നിലെന്നു മന്ത്രി കെ.കെ.ശൈലജ തുറന്നടിക്കുന്നു. കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്കു രണ്ടുമുതല്‍ വൈകിട്ട് ആറുവരെ ഒപി ജോലി ചെയ്യാന്‍ വിസമ്മതിച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത് ആര്‍ദ്രം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചതിനാണ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരുന്നു. കുമരംപുത്തൂര്‍ അടക്കം 63 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു. ദിവസേന അഞ്ഞൂറോളം രോഗികളെത്തുന്ന ആരോഗ്യകേന്ദ്രങ്ങളില്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമുള്ളപ്പോള്‍ 170 രോഗികളെത്തുന്ന കുമരംപുത്തൂരില്‍ നാലു ഡോക്ടര്‍മാരാണുള്ളത്. രാവിലെ രണ്ടുപേരും ഉച്ചയ്ക്കുശേഷം രണ്ടുപേരും ഡ്യൂട്ടിയെടുക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. അമിത ജോലിഭാരം ഇല്ളാത്ത സാഹചര്യം ഒരുക്കിയിട്ടും രോഗികളെ ചികിത്സിക്കില്ളെന്ന നിലപാടെടുത്ത ഡോക്ടര്‍ക്കെതിരെ നടപടിയില്ളെങ്കില്‍ പിന്നെ എന്തിനാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി ചോദിച്ചു. ഡോക്ടര്‍മാര്‍ക്ക് അധികഭാരം വരാത്ത തരത്തില്‍ മൂന്നു ഡോക്ടര്‍മാരുടെയും ഒരു സ്റ്റാഫിന്‍റെയും സേവനം ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രമാണു കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയിട്ടുള്ളത്. എന്നിട്ടും രോഗികളെ ചികിത്സിക്കാന്‍ പറ്റില്ളെന്നു പറയുന്നതു ധിക്കാരമാണ്. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴന്പില്ള. 1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ളാം ഈ ഡോക്ടര്‍ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, താലൂക്ക്, ജില്ളാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ളാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


സമയമല്ല പ്രശ്നം: കെജിഎംഒഎ
ഒപി സമയം ആറുമണി വരെയാക്കുന്നതിനോട് എതിര്‍പ്പില്ലെന്നാണം കെ.ജി.എം.ഒ.എ പറയുന്നത്. പ്രഖ്യാപിച്ച 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിനു ഡോക്ടര്‍മാരെയും ബന്ധപ്പെട്ട ജീവനക്കാരെയും നിയമിക്കാത്തതിനോടാണു വിയോജിപ്പ്. ഇത്തരത്തില്‍ ജോലിസമയം ക്രമീകരിക്കുന്പോള്‍ ഒരു ആരോഗ്യകേന്ദ്രത്തില്‍ കുറഞ്ഞത് അഞ്ചു ഡോക്ടര്‍മാരെങ്കിലും വേണം. ഇതില്‍ ഒരാളെ തദ്ദേശസ്ഥാപനം നിയമിക്കുമെന്നാണു പറയുന്നത്. പല സ്ഥലങ്ങളിലും അഭിമുഖംപോലും നടന്നിട്ടില്ള. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കു ഡോക്ടര്‍മാരാണു നേതൃത്വം നല്‍കേണ്ടത്. ഒപി സമയം കൂട്ടുന്പോള്‍ ഇതിനു സമയം ലഭിക്കില്ളെന്ന് ആരോഗ്യവകുപ്പിനെ പലതവണ ഓര്‍മിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെയുളള ജോലികളെ ബാധിച്ചാല്‍ അതിനു വലിയ വിലകൊടുക്കേണ്ടിവരും. ഫാര്‍മസിസ്റ്റുകള്‍ക്കു നാലുവരെയേ ജോലിയുള്ളൂ. പിന്നീടു മരുന്നു കുറിച്ചാല്‍ ആരു കൊടുക്കുമെന്നു വ്യക്തമല്ള. ശുചീകരണ ജീവനക്കാരുടെ സമയം നാലുവരെയാണ്. ഇവരുടെ സഹായമില്ളാതെ ഒപി എങ്ങനെ പ്രവര്‍ത്തിക്കുമെന്നും കെജിഎംഒഎ ജനറല്‍ സെക്രട്ടറിയായ ഡോ. വി.ജിതേഷ് ചോദിക്കുന്നു.


സര്‍ക്കാരിനൊപ്പം
സമരം ന്യായീകരിക്കാനാകുന്നതല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണെന്നുമാണ് പൊതുജനാഭിപ്രായം. ആ രീതിയിലാണ് സമൂഹമാധ്യങ്ങളിലെ പ്രതികരണവും. ദിവസം നാലരമണിക്കൂര്‍ ജോലിചെയ്യാനാണോ പാട്. മാത്രമല്ല, രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കു മുന്പില്‍ നില്‍ക്കുന്നത് ദൈവത്തിന് മുന്പില്‍ നില്‍ക്കുന്നത് പോലെയാണ്. എന്നാല്‍, രോഗികളെ മനുഷ്യരായെങ്കിലും പരിഗണിക്കുന്ന എത്ര ഡോക്ടര്‍മാരുണ്ട്. അവരുടെ അനാസ്ഥ കൊണ്ടുമാത്രം എത്ര പേരാണ് വേദന തിന്നുന്നത്. എന്നിട്ടും ജനത്തിനെതിരെ അവര്‍ സമരം ചെയ്യുന്നു~ ഗതികെട്ട ഒരു രോഗിയുടെ പ്രതികരണമാണിത്. ജനത്തിന്‍റെ നികുതിപ്പണം കൊണ്ടാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അവര്‍ പഠിച്ചിറങ്ങുന്നത്. പഠനം കഴിഞ്ഞാല്‍ പലര്‍ക്കും ഗ്രാമീണ മേഖലകളില്‍ സേവനം ചെയ്യാന്‍ മടിയാണ്. നികുതിപ്പണമാണ് കനത്ത ശന്പളമായി വാങ്ങുന്നത്. അപ്പോഴും സാധാരണക്കാരനോട് മനുഷ്യത്വപരമായ സമീപനം പലപ്പോഴും അപൂര്‍വ്വമാണ്. പഠിച്ചിറങ്ങിയാല്‍ വിദേശമോ, വന്‍കിട സ്വകാര്യആശുപത്രികളോ ആണ് ലക്ഷ്യം. സ്വകാര്യആശുപത്രികളില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യാനും മടിയില്ല~ മറ്റൊരാള്‍ പറയുന്നു.

സമരം നീളുന്തോറും ജനത്തിന്‍റെ ക്ഷമ നശിച്ചു. മറുവശത്ത് സര്‍ക്കാര്‍ നടപടി ആരംഭിച്ചാല്‍ പ്രൊബേഷനിലുളള നിരവധി ഡോക്ടര്‍മാര്‍ക്ക് ജോലി നഷ്ടമാകുമെന്ന സ്ഥിതിയായി. കാരണം ആരോഗ്യ ഡയറക്ടറുടെ കീഴിലുള്ള 4345 ഡോക്ടര്‍മാരില്‍ രണ്ടായിരത്തോളവും പ്രൊബേഷന്‍ കാലാവധി കഴിയാത്തവരാണ്. ഇതോടെ സമരത്തോട് ഒരു വിഭാഗത്തിന് താല്പര്യമില്ലാതായി. തുടര്‍ന്നാണ് ചര്‍ച്ചയിലേക്ക് നീങ്ങിയത്.