Friday 22 March 2019


നിങ്ങളെ എനിക്ക് ജയിപ്പിക്കാനാവും പക്ഷേ ചെയ്യില്ല: ഹാക്കര്‍ കൊച്ചുണ്ണി.

By SUBHALEKSHMI B R.11 Apr, 2018

imran-azhar

ഇപ്പോള്‍ ഡേറ്റാ ചോര്‍ച്ചകളുടെ കാലമാണ്..ഹാക്കര്‍മാരുടെയും. എന്നാല്‍, ഹാക്കര്‍മാരിലും വ്യത്യസ്തരുണ്ട്. അധികൃതരുടെ പിഴവ് ചൂണ്ടാക്കാട്ടാന്‍ മാത്രം സര്‍ക്കാര്‍ വക വെബ്സൈറ്റില്‍ കടന്നുകയറിയ ശേഷം അത് വെളിപ്പെടുത്തി വ്യത്യസ്തനായിരിക്കുകയാണ് ഒരു ഹാക്കര്‍ കൊച്ചുണ്ണി. ‘സൈബര്‍സ്വാര്‍ഡ്' എന്ന എത്തിക്കല്‍ ഹാക്കറാണ് കക്ഷി. കേരള ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ വക വെബ്സൈറ്റിന്‍റെ സുരക്ഷാപാളിച്ചകളാണ് ‘സൈബര്‍സ്വാര്‍ഡ്' തുറന്നുകാട്ടിയത്. ഫെയ്സ്ബുക്കിലാണ് താന്‍ ഈ സൈറ്റില്‍ കടന്നുകയറിയ വിവരം കക്ഷി പോസ്റ്റുചെയതത്. പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും പിഴവ് അധികൃതര്‍ പരിഹരിക്കാത്തതിനെ കണക്കറ്റു പരിഹസിക്കുന്നുമുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെയാണ് സൈബര്‍ സ്വാര്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ വക വെബ്സൈറ്റിന്‍റെ പിഴവുകള്‍ തുറന്നുകാട്ടിയത്. ""കേരള ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷനു കീഴിലുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞു പഠിക്കേണ്ട, റെക്കോര്‍ഡ് എഴുതേണ്ട, ‘സപ്ളി' എഴുതാന്‍ പൈസയും ചെലവാക്കേണ്ട. യാതൊരു ചെലവുമില്ളാതെ ഞാന്‍ നിങ്ങളെ ജയിപ്പിച്ചു തരാം. മൂന്നു മാസം മുന്‍പു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മാധ്യങ്ങള്‍ ഇവര്‍ക്കെല്ളാം മുന്നറിയിപ്പു നല്‍കിയിരുന്നു അന്നു നിങ്ങളുടെ സൈറ്റ് അഡ്മിന്‍ മൂന്ന് ആഴ്ചത്തേക്ക് സൈറ്റ് ഡൌണ്‍ ചെയ്തു. ഒരു സുരക്ഷാ പിഴവു പോലും പരിഹരിച്ചതുമില്ള. അതിനാല്‍ത്തന്നെ ഇത്തവണ മുന്നറിയിപ്പില്ള. പഠിക്കാതെ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അനിയന്മാരും അനിയത്തിമാരും എന്‍റെ ഫെയ്സ്ബുക് പേജിന്‍റെ കമന്‍റ് ബോക്സില്‍ വന്ന് ആവശ്യം അറിയിച്ചാല്‍ മതി. ഇടം വലം നോക്കാതെ ജയിപ്പിക്കും'' എന്നിങ്ങനെയായിരുന്നു ഇദ്ദേഹത്തിന്‍റെ ആദ്യ പോസ്റ്റ്. മാത്രമല്ല, കേരളത്തിലെ സൈബറിടം സുരക്ഷിതമല്ളെന്ന് മുന്നറിയിപ്പു നല്‍കിയത് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടെന്നും വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കിയ എല്ളാ വ്യക്തിഗത വിവരങ്ങളും തന്‍റെ പക്കലുണ്ടെന്നും എത്തിക്കല്‍ ഹാക്കര്‍ കുറിച്ചു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു പഠിക്കുന്നവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് ഹാക്കര്‍മാര്‍ക്കു കാശു കൊടുത്ത് പഠിക്കാത്തവര്‍ സ്വന്തമാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സര്‍ക്കാരിന്‍റെ ശത്രുവല്ള താനെന്നും പിഴവ് ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്യുന്നതെന്നും തിരുത്താന്‍ ശ്രമിക്കണമെന്നും ‘സൈബര്‍ സ്വാര്‍ഡ്' പറയുന്നു. ഇതിന്‍റെ പേരില്‍ സൈബര്‍ സെല്‍ തന്നെ പിടികൂടിയാലും വേണ്ടില്ല സൈറ്റ് സുരക്ഷിതമാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നാണ് അപേക്ഷ. വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കെല്‍ട്രോണിനു വീഴ്ചപറ്റിയിട്ടുണ്ട്. നിരവധി തവണ പിഴവ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല. ഇപ്പോഴും പലരും വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അവരെ ഓടിച്ചുവിട്ട് സൈറ്റിന് എപ്പോഴും കാവല്‍ കിടക്കാനാകില്ള. എത്രയും പെട്ടെന്നു പിഴവ് പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും സൈബര്‍ സ്വാര്‍ഡ് പറയുന്നു. ഏപ്രില്‍ എട്ടിനാണ് സൈബര്‍ സ്വാര്‍ഡിന്‍റെ അവസാന പോസ്റ്റെത്തിയത്. തന്‍റെ കമന്‍റ് ബോക്സില്‍ രജിസ്റ്റര്‍ നന്പര്‍ പോസ്റ്റുചെയ്ത വിദ്യാര്‍ത്ഥികളോട് ക്ഷമാപണം ചെയ്തുകൊണ്ടുളള പോസ്റ്റില്‍ ഇപ്രകാരം കുറിക്കുന്നു: ""എനിക്ക് നിങ്ങളെ ജയിപ്പിക്കാന്‍ സാധിക്കും. പക്ഷേ എന്‍റെ മനഃസ്സാകഷി അനുവദിച്ചില്ള. അര്‍ഹത ഉള്ളവര്‍ക്ക് അംഗീകാരം ലഭിക്കണം. അല്ളാതെ ഒരു ഹാക്കറിന്‍റെ സാമര്‍ത്ഥ്യം കൊണ്ടു ജയിക്കുന്നത് ശരിയല്ള എന്നാണ് അഭിപ്രായം. കഷ്ടപ്പെട്ടു പഠിച്ചു പാസ്സാവുന്ന കുട്ടികളുടെ പ്രയാസം കാണാതെയിരിക്കാന്‍ എനിക്കു സാധിക്കില്ള. നിങ്ങളും പഠിച്ചു പാസാവാന്‍ നോക്കണം, പരിശ്രമിക്കണം...''

എന്തായാലും ഹാക്കര്‍ കൊച്ചുണ്ണിക്ക് പിന്തുണപ്രഖ്യാപിക്കുന്നവര്‍ ഏറെയാണ്; അധികൃതരുടെ അനാസ്ഥയെ വിമര്‍ശിക്കുന്നവരും. ന്യൂജെന്‍ കോപ്പിയടികളും വിവര,ചോദ്യപേപ്പര്‍ ചോര്‍ച്ചയുമെല്ലാം വ്യാപിക്കുന്പോഴും ബന്ധപ്പെട്ടവര്‍ ഉറക്കം നടിക്കുകയാണെന്നാണ് ആരോപണം.