Wednesday 20 June 2018

നോട്ടയ്ക്കും പിന്നിലല്ല, ഇറോം ശര്‍മ്മിള

By ബി.ആര്‍.ശുഭലക്ഷ്മി.21 Mar, 2017

imran-azhar

ഇറോം ചാനു ശര്‍മ്മിള, 15 വര്‍ഷവും ഒന്‍പതുമാസവും 3 ദിവസവും ജലപാനം കഴിക്കാതെ മുടി ചീകാതെ മണിപ്പൂരിലെ സാധാരണക്കാരന് ഭയമില്ലാതെ ജീവിക്കാനുളള അവകാശത്തിനായി പോരാടിയ വനിത. മാര്‍ച്ച് 11 ന് തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ മണിപ്പൂരിന്‍റെ ഉരുക്കുവനിതയെന്നും പൊതുജനപ്രതിക്ഷേധത്തിന്‍റെ ഉദാത്തമാതൃകയെന്നും മനുഷ്യത്വത്തിന്‍റെ വിഗ്രഹമെന്നും ആഗോളമാധ്യമങ്ങള്‍ വിശേഷണങ്ങള്‍ കോരിച്ചൊരിഞ്ഞ സമാധാനത്തിന്‍റെ റാണി. ആയിരംവര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും സമാധാനകാംക്ഷിയായ മനുഷ്യനായിരുന്നു മഹാത്മാ ഗാന്ധിയെങ്കില്‍ ലോകം കണ്ട ഏറ്റവും സമാധാനകാംക്ഷിയായ വനിതയായിഗാന്ധിജിയെ മാനസഗുരുവായി കണ്ട ശര്‍മ്മിളയെ ചിത്രീകരിക്കാം.

നിര്‍ഭാഗ്യമെന്നു പറയട്ടെ, പഴയ നിര്‍വ്വചനങ്ങള്‍ നാം സൌകര്യപൂര്‍വ്വം മറന്നു. പകരം, മാര്‍ച്ച് 11ലെ തിരഞ്ഞെടുപ്പ് ഫലപ്രകാരം അഴിമതി ആരോപിതനായ ഒരു മുഖ്യനെതിരെ നിന്ന് ദയനീയമായി പരാജയപ്പെട്ട, നോട്ടയ്ക്കും താഴെ പോയ ഒരു സ്ഥാനാര്‍ത്ഥി മാത്രമായി ഇറോം ചാനു ശര്‍മ്മിള എന്ന സഹനത്തിന്‍റെ മൂര്‍ത്തിയെ ചിത്രീകരിക്കാന്‍ നമുക്ക് വല്ലാത്ത ധൃതിയായിരുന്നു...ആവേശവും. നാട്ടുകാര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഇറോമിന് പിഴച്ചതെവിടെ എന്ന് പരിശോധിക്കും മുന്പ് ആരാണ് ഇറോം എന്ന് അറിയാത്തവര്‍ അറിയുക തന്നെ വേണം.

 

2000 നവംബര്‍ 2~ഇംഫാല്‍ താഴ്വരിയിലെ മാലോം എന്ന പട്ടണത്തിലെ ബസ് സ്റ്റോപ്പില്‍ ബസു കാത്തുനിന്ന 10 നിരപരാധികളെ അസം റൈഫിള്‍സ് വെടിവെച്ചുവീഴ്ത്തി.ക്ഷണനേരം കൊണ്ട് സ്വപ്നങ്ങളുമായി കാത്തുനിന്ന പത്ത് നിരപരാധികളായ മനുഷ്യര്‍ ചലനമറ്റ ശരീരങ്ങള്‍ മാത്രമായി. അവരിലൊരാള്‍ 62 വയസ്സുകാരിയായ ലെയ്സാംബം ഇബെതോബി, മറ്റൊരാള്‍ 1988~ല്‍ ധീരതയ്ക്കുളള ദേശീയ അവാര്‍ഡു നേടിയ 18~കാരി സിനം ചന്ദ്രമണി. സൈന്യത്തിന്‍റെ പ്രത്യേകാധികാര നിയമം (എഎഫ്എസ്പിഎ) ആണ് ഈ മനുഷ്യജീവനുകള്‍ അപഹരിച്ചത്.

 

കലാപകലുഷിതമായ ഏഴ് ഉത്തര~പൂര്‍വ്വസംസ്ഥാനങ്ങളിലും സായുധസൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ അനുവദിച്ചു നല്‍കുന്ന നിയമമാണ് എഎഫ്എസ്പിഎ. സംസ്ഥാനത്തെ സമാധാനജീവിതത്തിന് തുരങ്കം വയ്ക്കാനുളള ചില സായുധ ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കൊണ്ടുവന്ന നിയമം ഏറ്റവും കൂടുതല്‍ അലട്ടിയത് സാധാരണക്കാരനെയാണ്. സ്ത്രീകളെ മാനഭംഗം ചെയ്തും എതിര്‍ക്കുന്നവരെ കൊന്നുതളളിയും സമാന്തരസൈന്യവിഭാഗങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ കിരാതവാഴ്ചനടത്തി.

 

അത്തരമൊന്നായിരുന്നു മാലോമിലും നടന്നത്. ഒരു സമാധാന റാലിക്കായുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇറോം ചാനു ശര്‍മ്മിളയെന്ന 28 കാരി ഈ നരഹത്യയെക്കുറിച്ച് അറിയുന്നത്.അതുണ്ടാക്കിയ നടുക്കത്തില്‍ നിന്ന് അവള്‍ ഉണര്‍ന്നത് ഒരു ഭീഷ്മശപഥമെടുത്തുകൊണ്ടാണ്. മണിപ്പൂരില്‍ സൈന്യത്തിന്‍റെ പ്രത്യേകാധികാര നിയമം (എഎഫ്എസ്പിഎ) എടുത്തുമാറ്റും വരെ ജലപാനം കഴിക്കില്ല, അമ്മയെ കാണില്ല, തലമുടി ചീകില്ല. നവംബര്‍ 5ന് ശര്‍മ്മിള തന്‍റെ നിരാഹാരസമരം ആരംഭിച്ചു.

 

1972 മാര്‍ച്ച് 14ന് ഇറോം സി നന്ദ-ഇറോം ഒങ്ബി സഖി ദമ്പതികളുടെ മകളായി ജനിച്ച ഇറോം ചാനു ശര്‍മ്മിളയ്ക്ക് പോരാട്ടവീര്യം ജന്മസിദ്ധമായിരുന്നു. അതുകൊണ്ടു തന്നെ നിരാഹാരംഒരു നിമിഷത്തിലുണ്ടായ വികാരവിക്ഷോഭത്താല്‍ എടുത്ത തീരുമാനമായിരുന്നില്ല. നേരത്തേ തന്നെ മണിപ്പൂരിലെ പട്ടാളത്തിന്റെ ഭീകരവാഴ്ചക്കെതിരെയുളള പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ സജീവമായിരുന്ന ശര്‍മ്മിള സൈക്കിളില്‍ സഞ്ചരിച്ച് പത്രക്കുറിപ്പുകള്‍ പത്രം ഓഫിസുകളില്‍ എത്തിച്ചുനല്‍കുകയും പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പറഞ്ഞ കാര്യങ്ങള്‍ കേരളത്തില്‍ വലിയ കാര്യമല്‌ള തന്നെ. പക്ഷേ സൈന്യം അവരുടെ നിയമം നടപ്പിലാക്കിയ ഒരു സംസ്ഥാനത്ത്അവരുടെ നിരീക്ഷണവലയ്ക്കുളളില്‍ നിന്നുകൊണ്ടായിരുന്നു ആ പെണ്‍കുട്ടിയുടെ പ്രതിഷേധം എന്നറിയുമ്പോഴാണ് അവര്‍ എത്രമാത്രം ധൈര്യശാലിയായിരുന്നുവെന്ന് മനസ്‌സിലാവുക.അത്തരം ധൈര്യം കാണിച്ച അപൂര്‍വം പേരില്‍ ഒരാളായിരുന്നു ഇറോം. സൈന്യത്തിനെതിരെ രംഗത്തിറങ്ങിയാല്‍ എന്താണുണ്ടാവുകയെന്ന് ഒരു പൊലീസുകാരനെതിരെ പരാതി പറയാന്‍ പോലും ഭയപ്പെടുന്നവര്‍ക്ക് മനസ്‌സിലാകില്‌ള.

 

ശര്‍മ്മിളയുടെ നിരാഹാരം ആദ്യമാരും കാര്യമായെടുത്തില്ല. എന്നാല്‍, മൂന്നുദിവസം കഴിഞ്ഞിട്ടും ശര്‍മ്മിളയ്ക്ക് കുലുക്കമില്ലെന്ന് കണ്ട സര്‍ക്കാര്‍ അവരെ ആത്മഹത്യാക്കുറ്റം ആരോപിച്ച് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. പിന്നീട് ശര്‍മ്മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇറോമിന്റെആരോഗ്യം ദിനംപ്രതി മോശമായി. എത്ര നിര്‍ബന്ധിച്ചിട്ടും നിരാഹാരം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. പല്ലുതേയ്ക്കാന്‍ പോലും അവര്‍ വെളളം ഉപയോഗിച്ചില്ല.നവംബര്‍ 21ന് ഇറോമിന്റെ ജീവന്‍ നിലനിര്‍ത്തുവാന്‍ വേണ്ടി മുക്കിലൂടെ ഒരു കുഴലിട്ട് നിര്‍ബന്ധപൂര്‍വ്വം ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ തുടങ്ങി.

 

മനസ്‌സാക്ഷിയുടെ തടവുകാരി
2006 ഒകേ്ടാബര്‍ 2-ന് ഗാന്ധിജയന്തി പ്രമാണിച്ച് ശര്‍മ്മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. മോചിതയായ ശര്‍മ്മിള ഡല്‍ഹിയില്‍ മഹാത്മാഗാന്ധിയുടെ
സമാധിയായ രാജ്ഘട്ട് സന്ദര്‍ശിക്കുകയും പിന്നീട് ജന്തര്‍ മന്തറില്‍ തന്റെ നിരാഹാരം തുടരുകയും ചെയ്തു. ഇവിടെ ശര്‍മ്മിളയുടെ സമരത്തിനു പിന്തുണ നല്‍കാനായ ധാരാളം വിദ്യാര്‍ത്ഥികളും, മനുഷ്യാവകാശപ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. ഇതേ സമയം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 30 സ്ത്രീകള്‍ അസം റൈഫിള്‍സിന്റെആസ്ഥാനത്തിന് മുന്നില്‍ നഗ്നരായി പ്രകടനം നടത്തി. “ഇന്ത്യന്‍ സൈന്യം ഞങ്ങളെ മാനഭംഗം ചെയ്യട്ടെ” എന്നെഴുതിയ പ്‌ളക്കാര്‍ഡുകളുമായാണ് സ്ത്രീകളെത്തിയത്.ഇവരെയെല്ലാം അറസ്റ്റുചെയ്ത് മൂന്നുമാസം ജയിലിലടച്ചു. ഇതേത്തുടര്‍ന്ന് ശര്‍മ്മിള വീണ്ടും അറസ്റ്റിലായി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പൊലീസ് കാവലില്‍ ട്യൂബ് വഴി ജീവന്‍ നിലനിര്‍ത്തി അവര്‍ കഴിഞ്ഞു. 500 ആഴ്ചയാണ് അന്നപാനങ്ങളില്ലാതെ ഇറോം സഹജീവികള്‍ക്കു വേണ്ടി പോരാടിയത്.

 

 

2006-ല്‍ എഎഫ്എസ്പിഎയില്‍ അയവ് വരുത്താം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നല്‍കിയ ഉറപ്പ് ഇറോ ശര്‍മ്മിള വകവയ്ച്ചില്ല. ഈ നിയമം പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് അവര്‍ ആവര്‍ത്തിച്ചു. ഇതോടെ ശര്‍മ്മിളയുടെ സമരം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായി.2006 നവംബറില്‍ ഇറാനിലെ സന്നദ്ധപ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ ഷിറിന്‍ ഇബാദി ഇറോമിനെ സന്ദര്‍ശിക്കുകയും മണിപ്പൂരിലെഈ സൈനിക നിയമത്തിനെതിരെയുള്ള സമരത്തിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2011 ഒകേ്ടാബറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇറോം ശര്‍മ്മിളക്കു പൂര്‍ണ്ണ പിന്തുണയുമായി രംഗത്തു വന്നു. പ്രത്യേക പട്ടാള നിയമം പുനപരിശോധിക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപെ്പട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്‌സിന്റെ മണിപ്പൂര്‍ ഘടകം ഇറോം ശര്‍മ്മിളയുടെ സമരത്തിനു എല്‌ളാ വിധ പിന്തുണയും നല്‍കുമെന്നു പ്രഖ്യാപിച്ചു. മനസ്‌സാക്ഷിയുടെ തടവുകാരിയെന്നാണ് ആനംസ്റ്റി ഇന്റര്‍നാഷണല്‍ ശര്‍മ്മിളയെ വിശേഷിപ്പിച്ചത്. മണിപ്പൂരിന്റെ ഉരുക്കുവനിത, പ്രതിഷേധത്തിന്റെ ഉദാത്തമാതൃക എന്നിങ്ങനെ പിന്നീട് വിശേഷണങ്ങള്‍ ഏറെയുണ്ടായി.

 

അംഗീകാരങ്ങള്‍
2007-ല്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാറുള്ള ഗ്വാങ്ചു പുരസ്‌കാരം ഇറോം ശര്‍മ്മിളക്കാണ് ലഭിച്ചത്. 2010 ല്‍ രവീന്ദ്രനാഥ ടാഗോര്‍ സമാധാന സമ്മാനം,അതേ വര്‍ഷം തന്നെഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ സമഗ്രസംഭാവനയ്ക്കുളള പുരസ്‌കാരം, ആദ്യ മയിലമ്മ പുരസ്‌കാരം, തുടങ്ങി നിരവധി ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ ശര്‍മ്മിളയെ തേടിയെത്തി.2012-ല്‍ ന്റെ സമരം വിജയം കാണുന്നതുവരെ യാതൊരുവിധ പുരസ്‌കാരങ്ങളും സ്വീകരിക്കുവാന്‍ താന്‍ താല്‍പര്യപെ്പടുന്നില്ലെന്ന് പറഞ്ഞ് ശര്‍മ്മിള ആദ്യത്തെ കോവിലന്‍ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ നാഷണല്‍ അവാര്‍ഡ് നിരസിച്ചതും വാര്‍ത്തയായി.

 

ശര്‍മ്മിളയ്ക്ക് പിഴച്ചോ?
ഒരിക്കലുമില്ല. 16 വര്‍ഷത്തോളം നീണ്ട സഹനസമരം അധികാരകേന്ദ്രങ്ങള്‍ കണ്ടില്ലെന്നു നടിച്ചപ്പോള്‍, രാഷ്ട്രീയത്തിലൂടെ തന്റെ ജനതയ്ക്കായി പോരാടാന്‍ ശര്‍മ്മിള തീരുമാനിച്ചു.
ആ തീരുമാനമല്ലായിരുന്നു തെറ്റ്. മറിച്ച്, നമുക്കുമുന്നില്‍ വലിയ കോലാഹലങ്ങളൊന്നുമുയര്‍ത്താതെ ഒരു മനുഷ്യജീവി പ്രതിഷേധത്തിലൂടെ തന്റെ ശരീരത്തെ പീഡിപ്പിക്കുന്നതില്‍ നിഗൂഢമായ ആനന്ദം കണ്ടെത്തിയ ജനതയ്ക്കാണ് തെറ്റുപറ്റിയത്. ശോഭനമായ ഒരു ഭാവി മുന്നിലുണ്ടായിരുന്ന ശര്‍മ്മിള അതെല്ലാം വേണ്ടെന്ന് വച്ചത് തന്റെ ജനതയുടെ സമാധാനപരമായജീവിതത്തിനുവേണ്ടിയായിരുന്നു. എന്നാല്‍, ആ ജനത അവരെ തിരിച്ചറിഞ്ഞില്ല. അവര്‍ പണ്ടേ അങ്ങനെയായിരുന്നു. സൈന്യത്തിന്റെ കൂട്ടബലാല്‍സംഗത്തിനെതിരേ മുപ്പതോളം അമ്മമാര്‍ നഗ്‌നരായി പ്രതിഷേധിച്ചപേ്പാഴും റൈസ്ബീര്‍ മോന്തിയിരിക്കുകയായിരുന്നു മണിപ്പുരുകാര്‍.

 

ശര്‍മ്മിളയുടെ സമരത്തെ എന്നും ആംനസ്റ്റി പോലുള്ള പിന്തുണച്ചത് മനുഷ്യവകാശസംഘടനകളായിരുന്നു. സമരം ചൈനയുടെ സൃഷ്ടിയാണെന്നും അതിന് ഇറോം
ഫണ്ട് വാങ്ങിയെന്നുമുളളത ഹൃദയശൂന്യമായ ആരോപണങ്ങളാണ്. ഇന്നും ദരിദ്രസാഹചര്യങ്ങളിലാണ് അവര്‍ ജീവിക്കുന്നത്. 2014-ല്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ ശര്‍മ്മിളയെ ക്ഷണിച്ചിരുന്നു. അവര്‍ക്ക് സ്വന്തം ലാഭമായിരുന്നു ലക്ഷ്യമെങ്കില്‍ അത്‌സ്വീകരിക്കാമായിരുന്നു. മറിച്ച് 2016 ആഗസ്റ്റ് വരെ സഹനസമരം തുടര്‍ന്ന് ആഗസ്റ്റ 9ന് നിരാഹാരം അവസാനിപ്പിച്ച് പ്രജ (പിപ്പിള്‍സ് റിസര്‍ജെന്‍സ് ജസ്റ്റിസ് അലയന്‍സ് )എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

 

തോല്‍പ്പിച്ചത് സാഡിസ്റ്റുകള്‍
അങ്ങനെയേ ഇറോം ശര്‍മ്മിളയെ തോല്‍പ്പിച്ച ജനതയെ വിശേഷിപ്പിക്കാനാകൂ. ജലപാനമില്ലാതെ ഇറോം രക്തസാക്ഷിയാകണമെന്നായിരുന്നു കൂടെനിന്നവര്‍ പോലും ചിന്തിച്ചത്.പിന്തുണ നല്‍കിയിരുന്ന ന്യൂനപക്ഷം പോലും അവര്‍ സമരം നിര്‍ത്തിയപേ്പാള്‍ രണ്ടു തട്ടിലായി. ഒരു വിഭാഗം സമരം നിര്‍ത്തരുതെന്ന് പറഞ്ഞപേ്പാള്‍ മറുവിഭാഗം അവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു. ഇറോം ശര്‍മ്മിളയുടെ സമരത്തെ പുറംലോകത്ത് എത്തിച്ച ബബ്‌ലു ലോയിങ്ടോംബാം ഉള്‍പെ്പടെയുള്ളവര്‍ രണ്ടാമത്തെ പക്ഷക്കാരായിരുന്നു. പക്ഷേ ഇറോം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചപേ്പാള്‍ ഈ രണ്ടുവിഭാഗവും അവര്‍ക്കൊപ്പം നിന്നില്ലെന്നത് ശര്‍മ്മിള അവര്‍ക്കാരായിരുന്നു എന്നതിലേക്ക് കൃത്യമായി വിരല്‍ചൂണ്ടുന്നു. ഗോവയില്‍ ജനിച്ചുവളര്‍ന്ന ബ്രിട്ടീഷ് വംശജന്‍ ഡെസ്മണ്ടിനെ വിവാഹം ചെയ്യാന്‍ ശര്‍മ്മിള തീരുമാനിച്ചതും അവരെ തളളാനുളള കാരണമായി.

 

കൂടെ നിന്നവര്‍ വിട്ടുപോയപ്പോള്‍ ശര്‍മ്മിള തുണയായെത്തിയത് ഒരിക്കല്‍പോലും അവരുടെ സമരത്തില്‍ പങ്കാളികളാകാത്തവരാണ് . കോളജ് തിരഞ്ഞെടുപ്പില്‍പോലും പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവര്‍. ഇറോമിന്റെ മനുഷ്യവകാശപോരാട്ടത്തെ രാഷ്ര്ടീയമായി ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു ഫണ്ടിനായി ശ്രമിച്ചെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്‌ള. കോടികള്‍ ചെലവഴിച്ച് തിരഞ്ഞടുപ്പു പ്രചാരണം നടത്തിയ ഇബോബിക്കും ബിജെപി സ്ഥാനാര്‍ത്ഥിക്കുമിടയില്‍ സൈക്കിളോടിച്ച് പ്രചാരണം നടത്തിയ ഈ വനിത ഒന്നുമല്‌ളാതായി. വെറും തൊണ്ണൂറ് വോട്ടുകള്‍ മാത്രം നേടി നോട്ടയ്ക്കും പിന്നിലായി.

 

ഈ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. അവര്‍ സമരം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും തിരഞ്ഞെടുപ്പില്‍മത്സരിക്കുമ്പോഴും മനുഷ്യവകാശത്തിന് വേണ്ടി നിലകൊള്ളുന്ന വിരലിലെണ്ണാവുന്ന തദ്ദേശീയരും വലിയൊരു വിഭാഗം
മാധ്യമങ്ങളും കേരളം ഉള്‍പെ്പടെ പുറത്തു ജീവിക്കുന്ന സുമനസ്‌സുകളുമാണ് അവരെ പിന്തുണച്ചത്. അതില്‍ 90 പേര്‍ ഒഴികെ മറ്റാക്കും തൗബാലില്‍ വോട്ടും ഇല്‌ളായിരുന്നു.അതുകൊണ്ടു തന്നെ ഇറോംശര്‍മ്മിളയുടെ പരാജയം സൈന്യത്തിന് തല്പരകക്ഷികള്‍ക്കോ ആഘോഷിക്കാനുളളതല്ല....ബോധമില്ലാത്ത ഒരു ജനക്കൂട്ടത്തിന് തിരിഞ്ഞുനോക്കാനുളളതാണ്. കാരണം, ഇറോം ശര്‍മ്മിളയുടെ ദയനീയപരാജയം അറിഞ്ഞ പല മനുഷ്യാവകാശ പ്രവര്‍ത്തകരും ഇനി അത് തുടരണമോ എന്ന് ആലോചിച്ചുതുടങ്ങിയിരിക്കുന്നു....പാത്രമറിഞ്ഞുവേണമല്ലോ ഭിക്ഷ.

 

ഇപ്പോള്‍ കേരളത്തില്‍ അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തിലുണ്ട് ശര്‍മ്മിള....ഇനിയുളള പോരാട്ടങ്ങള്‍ക്കായി മനസ്‌സിനെ ഒരുക്കിയെടുക്കാന്‍. തന്റെ ജന്മദിനമായ മാര്‍ച്ച് 14നാണ് അവര്‍ കേരളത്തിലെത്തിയത്.മണിപ്പൂര്‍ ഉണരേണ്ടതുണ്ടെന്ന് മാത്രമാണ് അവര്‍ പ്രതികരിച്ചത്. അതില്‍ എല്ലാമുണ്ടായിരുന്നു.