Tuesday 19 March 2024




ആഹാരം, സ്വാതന്ത്യ്രം, സാമൂഹികനീതി...ജോര്‍ദ്ദാനില്‍ പ്രതിഷേധമിരന്പുന്നു

By SUBHALEKSHMI B R.08 Jun, 2018

imran-azhar

പ്രധാനമന്ത്രിയെ മാറ്റിയതു കൊണ്ടൊന്നും കാര്യമില്ല. ഞങ്ങള്‍ക്ക് ജീവിക്കണം. പുതിയ നികുതി പരിഷ്കാരങ്ങള്‍ പിന്‍വലിക്കണം. റൊട്ടിയുടെ സബ്സിഡി പുനസ്ഥാപിക്കണം, വിലക്കയറ്റം നിയന്ത്രിക്കണം, ഈ രീതിയില്‍ മുന്നോട്ടുപോകുക അസാധ്യമാണ്. ജോര്‍ദ്ദാന്‍ ജനത ഒന്നടങ്കം പറയുന്നു. ഏറെ നാളായി ഉരുണ്ടു കൂടിയ അസംതൃപ്തി പുതിയ നികുതി പരിഷ്കാരത്തോടെ പ്രക്ഷോഭമായി മാറുകയായിരുന്നു. മേയ് 30~ന് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അവിടെ ജനം ഒറ്റക്കെട്ടായിരുന്നു. കുറേക്കാലമായി ജോര്‍ദ്ദാനില്‍ ജനജീവിതം ദുസ്സഹമായിട്ട്. ഇന്ധനവില വര്‍ദ്ധനവും ജീവിതച്ചെലവ് വര്‍ദ്ധിച്ചതും ജനത്തെ അസന്തുഷ്ടരാക്കി. ഇതിനിടെയാണ് അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയോടെ നടപ്പാക്കിയ പുതിയ ചെലവുചുരുക്കല്‍ നയമെത്തിയത് ഒപ്പം ആദായനികുതി ഉള്‍പ്പെടെയുളള നികുതി വര്‍ദ്ധനവും. മാത്രമല്ല, റൊട്ടിക്കുളള സബ്സിഡിയും എടുത്തുകളഞ്ഞു. ഇതോടെ, ജനം കക്ഷി രാഷ്ട്രീയ പ്രായഭേദമില്ലാതെ പ്രതിഷേധിച്ചു.എന്നാല്‍, ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമില്ലെന്ന് കണ്ടതോടെ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രക്ഷോഭക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകമുള്‍പ്പെടെ പ്രയോഗിച്ചു. എന്നാല്‍, ജീവിക്കാനുളള അവകാശത്തിനായി തെരുവിലിറങ്ങിയവരെ ചെറുക്കാന്‍ അതൊന്നും മതിയാകില്ലെന്നും അത് വിപരീതഫലമുണ്ടാക്കുമെന്നും പതിയെ ഭരണകൂടത്തിന് മനസ്സിലായി. ഇതോടെ, അബ്ദുളള രണ്ടാമന്‍ രാജാവ് ഹാനി മുല്‍ക്കിയെ കൊട്ടാരത്തിലേക്ക് വിളിച്ച് രാജി ആവശ്യപ്പെട്ടു. ജൂണ്‍ 4ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. സര്‍ക്കാരിന്‍റെ സാന്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ജനതയെ മയപ്പെടുത്താന്‍ സാന്പത്തിക വിദഗ്ദ്ധനെ പ്രധാനമന്ത്രിയാക്കുക എന്ന നയമാണ് അടുത്തതായി രാജാവ് സ്വീകരിച്ചത്. ലോകബാങ്കിലെ മുന്‍ സാന്പത്തിക വിദഗ്ധനും മുല്‍ക്കി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ഒമര്‍ അല്‍ റാസയെയാണ് ജോര്‍ദാനിലെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. ഒമര്‍ രൂപവത്കരിച്ച മന്ത്രിസഭ പുതിയ ആദായനികുതി നിര്‍ദേശങ്ങളെക്കുറിച്ച് സമഗ്രമായി പരിശോധിക്കുമെന്ന് അബ്ദുള്ള രാജാവ് ജനങ്ങള്‍ക്കു ഉറപ്പു നല്‍കി. വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാവകാശം വേണമെന്നാണ് രാജാവിന്‍റെ ആവശ്യം.ഒമറിനെ പ്രധാനമന്ത്രിയാക്കുന്നതിലൂടെ ജനരോഷം തത്കാലം പിടിച്ചുനിര്‍ത്താമെന്നായിരുന്നു രാജാവിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍, ഇത് അന്പേ തെറ്റി. പ്രധാനമന്ത്രിയെ മാറ്റാനല്ല തങ്ങള്‍ തെരുവിലിറങ്ങിയതെന്നും ജീവിതം ദുസ്സഹമാക്കുന്ന നികുതി പരിഷ്ക്കാരങ്ങളും ചെലവുചുരുക്കല്‍ നയവും എടുത്തുകളയണമെന്നും റൊട്ടിയുടെ സബ്സിഡി പുനസ്ഥാപിക്കണമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു. നികുതി വര്‍ദ്ധനവ് എടുത്തുകളയാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. ""ആഹാരം, സ്വാതന്ത്യ്രം , സാമുഹിക നീതി'' എന്നതാണ് ജോര്‍ദ്ദാനില്‍ പ്രകന്പനം കൊളളുന്ന മുദ്രാവാക്യം.

 

ഇനിയും വയ്യ
ജനം സഹനത്തിന്‍റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞുവെന്നും കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നുമാണ് ജോര്‍ദ്ദാനിലെ ഒരു ഉദ്യോഗസ്ഥ വീട്ടമ്മയായ റാന്‍ഡ് സവല്ല പറയുന്നത്. സ്വന്തം അനുഭവത്തിലൂടെയാണ് ജോര്‍ദ്ദാനിലെ സാധാരണക്കാരന്‍റെ ദുസ്ഥിതി സവല്ല വിവരിക്കുന്നത്. സവല്ലയുടെ വിവരണം ഇങ്ങനെ: 2011 ഇസ്ളാമിക രാജ്യങ്ങളില്‍ അറബ് വസന്തം വിടരുന്പോള്‍ ജോര്‍ദ്ദാനിലും നിരവധി പേര്‍ തെരുവിലിറങ്ങി. എന്നാല്‍ ഞാനിറങ്ങിയില്ല. ഭരണകൂടത്തെ മാറ്റാനുളള സമരങ്ങളല്ല ജോര്‍ദ്ദാനില്‍ ആവശ്യമെന്ന് എനിക്ക് തോന്നി. ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും. പരിഷ്ക്കാരങ്ങള്‍ സാധാരണക്കാരന് അനുഭവവേദ്യമാകണം. കേവലം രാഷ്ട്രത്തലവന്മാര്‍ മാറിയിട്ട് എന്തുചെയ്യാനാണ്. പരിഷ്ക്കാരങ്ങള്‍ ക്രമാനുഗതമായി നടപ്പിലാക്കപ്പെടേണ്ടവയാണ്. പക്ഷേ, ഇക്കഴിഞ്ഞ മേയ് 30ന് ആയിരങ്ങള്‍ തെരുവുകള്‍ കീഴടക്കിയപ്പോള്‍ ഞാനും അവരില്‍ ഒരുവളായി. കാരണം അത്രത്തോളം ഭീകരമാണ് രാജ്യത്തെ സ്ഥിതി. ഞാന്‍ എന്‍ജിനീയറിംഗ് കോഴ്്സ് പൂര്‍ത്തിയാക്കാന്‍ ചെലവാക്കിയ കാശു വേണം ഇപ്പോള്‍ എന്‍റെ നഴ്സറിയില്‍ പഠിക്കുന്ന മകന് ഫീസടയ്ക്കാന്‍. വൈദ്യുതി ബില്‍, വാടക നിരക്കുകള്‍ കുത്തനെ കൂടി. നിത്യോപയോഗസാധനങ്ങള്‍ക്ക് വില വന്‍തോതില്‍ വര്‍ദ്ധിച്ചു. ഫലവര്‍ഗ്ഗങ്ങള്‍ ഇവിടെ ഒരു ആഡംബര ഭക്ഷ്യവസ്തുവായി മാറിയിരിക്കുന്നു. റൊട്ടിയാണ് മുഖ്യാഹാരം. അതിന്‍റെ സബ്സിഡി എടുത്തുകളയുകയും ചെയ്തിരിക്കുന്നു. മധ്യവര്‍ഗ്ഗത്തിന് പോലും ജീവിക്കാന്‍ വയ്യ. അപ്പോള്‍ പിന്നെ ദരിദ്രരുടെ സ്ഥിതിയെന്താണ്. ഈയിടെ എന്‍റെ ഓഫീസിലെ ശുചീകരണ ജോലി ചെയ്യുന്ന സ്ത്രീ പറയുന്നതു കേട്ട് ഞെട്ടി. 14 വയസ്സായ അവരുടെ മകളുടെ പഠിത്തം നിര്‍ത്തി ഇളയ കുട്ടിയെ നോക്കാനുളള ജോലിയേല്‍പ്പിച്ചത്രേ. ഈ പ്രായത്തില്‍ വിദ്യാഭ്യാസം വളരെ പ്രധാനമാണെന്ന് പറഞ്ഞപ്പോള്‍ അതു ശരിയാണ്. പക്ഷേ, ആര് ഭക്ഷണം നല്‍കും. കുട്ടിയെ ഡേ കെയറില്‍ ഏല്‍പിച്ചാല്‍ അവര്‍ക്ക് നല്‍കാനോ ശന്പളം തികയൂ. പിന്നെ എങ്ങനെ നിത്യചെലവ് കഴിയും~ അവര്‍ പൊട്ടിത്തെറിച്ചു. ശരിയല്ലേ? പുതിയ നികുതി വര്‍ദ്ധനവ് കൂടിയെത്തിയതോടെ രണ്ടുപേര്‍ സാമാന്യം തരക്കേടില്ലാത്ത ജോലിചെയ്യുന്ന എന്‍റെ കുടുംബത്തില്‍ തന്നെ ബുദ്ധുമുട്ടാണ്. അപ്പോള്‍ മറ്റുളളവരുടെ സ്ഥിതിയെ പറ്റി പറയാനുണ്ടോ? ഇതിങ്ങനെ പോയാല്‍ ശരിയാവില്ല. ഇതിലുമധികം സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് താങ്ങാനാവില്ല. അതുകൊണ്ട് പ്രതിഷേധിക്കുകയല്ലാതെ നിവൃത്തിയില്ല. ഐഎംഎഫില്‍ നിന്ന് സര്‍ക്കാര്‍ 723 ദശലക്ഷം ഡോളര്‍ വായ്പയെടുത്ത ശേഷം സാന്പത്തിക പരിഷ്കാരങ്ങളുടെ പരന്പരയാണ് ഉണ്ടായത്. അതില്‍ അവസാനത്തേതാണ് ഇപ്പോഴത്തെ നികുതി വര്‍ദ്ധനവ്. ഇനിയും നിശബ്ദരായിരിക്കാന്‍ സാധ്യമല്ല~ സാവല്ല പറഞ്ഞുനിര്‍ത്തുന്നു. ഇതു തന്നെയാണ് ജോര്‍ദ്ദാനിലെ ആബാലവൃദ്ധം ജനതയുടെയും അഭിപ്രായം.