Tuesday 19 March 2024




ത്രിവര്‍ണ്ണത്തിന് മേല്‍ പാറിയ കാവിക്കൊടി

By SUBHALEKSHMI B R.09 Jun, 2018

imran-azhar

""ഭാരതാംബയുടെ ഒരു മഹനീയ പുത്രന് ആദരാഞ്ജലികളര്‍പ്പിക്കാനാണ് ഇന്നു ഞാനിവിടെ വന്നത്''~ നാഗപൂറില്‍ ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചെത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സന്ദര്‍ശകപുസ്തകത്തില്‍ കുറിച്ചതിങ്ങനെയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിന്‍റെ സ്ഥാപകനായ കേശവ് ബലിറാം ഹെഡ്ഗേവാറിനെയാണ് അദ്ദേഹം ഭാരതാംബയുടെ മഹനീയ പുത്രനെന്ന് വിശേഷിപ്പിച്ചത്. അതോടെ ആര്‍എസ്എസും പ്രണബ്ദായ്ക്കുമൊപ്പം ഹെഡ്ഗേവാറും ചര്‍ച്ചകളില്‍ നിറഞ്ഞു. ആരാണ് ഈ ഹെഡ്ഗേവാര്‍ എന്ന ചോദ്യം പ്രസക്തമാകുന്നതിവിടെയാണ്. വന്ദേമാതരം ആലപിച്ചതിന് സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ ബാലന്‍. അവിടെയാണ് നാം ഇന്ന് അറിയുന്ന ഹെഡ്ഗേവാര്‍ ജനിക്കുന്നത്.

 

 

നാഗ്പൂരിലെ 1889 ഏപ്രില്‍ 1ന് ബലിറാം പന്ത് രേവതി ദന്പതികളുടെ മകനായി ജനനം. കേശവിന് 13 വയസ്സുളളപ്പോള്‍ മാതാപിതാക്കള്‍ പ്ളേഗ് ബാധിച്ച് മരിച്ചു. കേശവിന് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്മാരായ മഹാദേവ് പന്ത്, സീതാറാം പന്ത് എന്നിവര്‍ തീരുമാനിച്ചു. നാഗ്പൂറിലെ നീല്‍ സിറ്റി ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ സര്‍ക്കുലര്‍ അവഗണിച്ച് സ്കൂളില്‍ വന്ദേമാതരം ആലപിക്കുകയും പുറത്താക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് യാവാത്മാലിലെ രാഷ്ട്രീയ വിദ്യാലയത്തിലും പൂനെയിലെ വിദ്യാലയത്തിലുമായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. പഠിക്കാന്‍ മിടുക്കനായിരുന്നു കേശവ്. മെട്രിക്കുലേഷന് ശേഷം കൊല്‍ക്കത്തയിലേക്ക് പോയി. 1910~ലായിരുന്നു ഇത്. ഹിന്ദു മഹാസഭയുടെ ദേശീയ
അധ്യക്ഷനായിരുന്ന ബി.എസ്.മൂന്‍ജെയാണ് കേശവിനെ മെഡിക്കല്‍ പഠനത്തിനായി കൊല്‍ക്കത്തയിലേക്കയച്ചത്. അവിടെ ശ്യാംസുന്ദര്‍ ചക്രവര്‍ത്തിയുടെ കൂടെയായിരുന്നു താമസം. ഇക്കാലയളവില്‍ അനുശീലന്‍ സമിതി, ജുഗാന്തര്‍ തുടങ്ങിയ രഹസ്യ വിപ്ളവസംഘടനകളുടെ സമരതന്ത്രങ്ങളെ കുറിച്ചു മനസ്സിലാക്കി. അനുശീലന്‍ സമിതിയില്‍ അംഗമാകുകയും റാം പ്രസാദ് ബിസ്മിലിനെ പോലുള്ള വിപ്ളവകാരികളുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്തു. ബ്രിട്ടിഷുകാര്‍ക്കെതിരെ നടന്ന ചരിത്ര പ്രസിദ്ധമായ കകൊരി സംഭവത്തില്‍ കേശബ് ചക്രബര്‍ത്തി എന്ന പേരില്‍ സജീവ പങ്കാളിത്തം വഹിക്കുകയും തുടര്‍ന്ന് ഒളിവില്‍ പോയി. പിന്നീട്, വിപ്ളവപാതയില്‍ നിന്നകന്ന കേശവ് വിപ്ളവകാരികളുടെ നിശ്ചയദാര്‍ഢ്യം മാതൃകാപരമെങ്കിലും രാഷ്ട്രസങ്കല്പത്തിന് സായുധകലാപം ഗുണകരമാവില്ലെന്ന് നിലപാടെടുത്തു. 1915 ഇല്‍ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം നാഗ്പൂരിലേക്ക് മടങ്ങി.

 

1920~കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്വാതന്ത്യ്രസമരത്തില്‍പങ്കാളിയായ കേശവിന്് പിന്നീട് പാര്‍ട്ടിയുടെ നയങ്ങളോടും രാഷ്ട്രീയത്തിനോടും മടുപ്പ് തോന്നി. 1923~ലെ ഹിന്ദു~മുസ്ളീം കലാപത്തോടെ രാഷ്ട്രനിര്‍മ്മാണത്തിന് മറ്റൊരു മാര്‍ഗ്ഗം കണ്ടേത്തേണ്ടതുണ്ടെന്ന് തീരുമാനിച്ചു. ലോകമാന്യ ബാലഗംഗാധര തിലക്, വി.ഡി.സവര്‍ക്കര്‍ എന്നിവരുടെ ആശയങ്ങള്‍ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. ഇന്ത്യന്‍ ദേശീയത ഹൈന്ദവരുടെ മത~സാംസ്കാരിക പൈതൃകത്തിലധിഷ്ഠിതമായിരിക്കണമെന്ന ചിന്ത കേശവ് ഹെഡ്ഗേവാറില്‍ അടിയുറച്ചു. തുടര്‍ന്ന് 1925~ലെ വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപിച്ചു. സാംസ്കാരികവും ആത്മീയവുമായ പുനരുജ്ജീവനത്തിനായി ഹൈന്ദവരെ സംഘടിപ്പിക്കുകയും അതിലൂടെ വിദേശശക്തികളില്‍ നിന്ന് ഭാരതത്തെ സ്വതന്ത്രമാക്കുകയുമായിരുന്നു ലക്ഷ്യം. ദേശീയതയില്‍ ഹിന്ദുവിനുളള പ്രധാന്യം ഉറപ്പിക്കുവാന്‍ വേണ്ടിയാണ് തന്‍റെ സംഘടനയുടെ പേരിനൊപ്പം രാഷ്ട്രീയ എന്ന പദം ചേര്‍ത്തത്. ഭാരത് മാതാ കീ ജയ് ആണ് ആര്‍എസിഎസിന്‍റെ മുദ്രാവാക്യം. 1936~ല്‍ ആര്‍എസിഎസിന്‍റെ മഹിളാവിഭാഗവും അദ്ദേഹം രൂപീകരിച്ചു. ഭയ്യാജി ദാനി, ബാബാ സാഹബ് ആപ്തെ,
ബാലാസാഹബ് എന്നറിയപ്പെട്ട മധുകര്‍ ദത്താത്രേയ ദേവറസ്, മധൂകര്‍ റാവു ഭഗവത് എന്നിവരായിരുന്നു കേശവ് ഹെഡ്ഗേവാറുടെ ആദ്യകാല അനുയായികള്‍. നാഗ്പൂരില്‍ ആരംഭിച്ച ആര്‍എസ്എസ് പതിയെ പതിയെ മറ്റുസ്ഥലങ്ങളിലേക്ക് വേരുപടര്‍ത്തി. വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഹെഡ്ഗേവാര്‍ യുവാക്കളെ പ്രചോദിതരാക്കി. ക്രമേണ അദ്ദേഹം ഡോക്ടര്‍ജി എന്ന് അറിയപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം യുവാക്കളായ സ്വയംസേവകര്‍ കാശി , ലക്നൌ തുടങ്ങി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുകയും അവിടങ്ങളിലെല്ലാം ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു. അങ്ങനെ ആര്‍എസ്എസ് ഇന്ത്യ മുഴുവന്‍ വേരുപടര്‍ത്തി. രുപീകരിക്കപ്പെട്ട കാലം മുതല്‍ തന്നെ തന്‍റെ സംഘടനെ ഹെഡ്ഗേവാര്‍ നേരിട്ടുളള രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. ഇന്ത്യയുടെ സ്വാതന്ത്യ്രം ലക്ഷ്യമിടുന്പോഴും ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്യ്രസമരത്തില്‍ ആര്‍എസ്എസ് പങ്കാളിയായില്ല. ഇക്കാര്യം ആര്‍എസ്എസിന്‍റെ ചരിത്രകാരനായ സി.പി.ഭിഷികറും സ്ഥിരികരിച്ചിട്ടുണ്ട്. 1929~ലെ ലാഹോര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണസ്വരാജ് പ്രമേയം പാസ്സാക്കുകയും എല്ലാ ഇന്ത്യാക്കാരോടും 1930 ജനുവരി 26 പുര്‍ണ്ണസ്വാതന്ത്യ്രദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഹെഡ്ഗേവാര്‍ തന്‍റെ അനുയായികളോട് ആര്‍എസ്എസ് ശാഖകളില്‍ അന്ന് ത്രിവര്‍ണ്ണ പതാകകയ്ക്കുപകരം കാവിക്കൊടി ഉയര്‍ത്താനാണ് ആഹ്വാനം ചെയ്തത്. ഹൈന്ദവദേശീയതയില്‍ നിന്ന് അണുവിട ചലിക്കില്ലെന്ന സന്ദേശമാണ് അതിലൂടെ ആര്‍എസ്എസ് സ്ഥാപകന്‍ വിളംബരം ചെയ്തത്. മാത്രമല്ല, 1930 ന് ശേഷം 1947വരെ ഒരിക്കലും ജനുവരി 26ന് അത്തരത്തിലുളള ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായില്ല. 1930~ല്‍ മഹാത്മാഗാന്ധി ഉപ്പുസത്യാഗ്രഹത്തിന് ആഹ്വാനം ചെയ്തപ്പോള്‍ വ്യക്തിപരമായി ഹെഡ്ഗേവാര്‍ പങ്കാളിയായെങ്കിലും ആര്‍എസിഎസിനെ അതില്‍ നിന്ന് അകറ്റിനിര്‍ത്തുക തന്നെ ചെയ്തു. സ്വയംസേവകര്‍ക്ക് ആര്‍എസ്എസ് ലേബലില്ലാതെ സത്യാഗ്രഹത്തില്‍ പങ്കെടുക്കാമെന്ന നിലപാടാണ് അദ്ദേഹമെടുത്തത്. തുടര്‍ന്ന് സര്‍സംഘചാലക് പദവി ഉപേക്ഷിച്ച് ജയിലില്‍ പോയി. ജയില്‍മുക്തനായ ശേഷം വീണ്ടും ആര്‍എസ്എസ് മേധാവിയായി. 1940~ഓടെ ആരോഗ്യനില വഷളാവുകയും എം.എസ്.ഗോല്‍വാക്കറെ അടുത്ത സര്‍സംഘചാലകായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ചെറു ഹിന്ദു രാഷ്ട്രത്തെയാണ് താന്‍ ഇപ്പോള്‍ കാണുന്നതെന്നാണ് ആ വര്‍ഷത്തെ വാര്‍ഷികപരിപാടിയായ സംഘ് ശിക്ഷാ വര്‍ഗ്ഗില്‍ പങ്കെടുത്ത് ഡോക്ടര്‍ജി പറഞ്ഞത്. 1940 ജൂണ്‍ 21ന് അദ്ദേഹം അന്തരിച്ചു. നാഗ്പൂറിലെ രേഷം ബാഗിലായിരുന്നു അന്ത്യകര്‍മ്മങ്ങള്‍, ഇവിടം പിന്നീട് ഹെഡ്ഗേവാര്‍ സ്മൃതി മന്ദിറായി മാറി.

 

 

ഇതാണ് ഡോക്ടര്‍ജി എന്ന കേശവ് ബലിറാം ഹെഡ്ഗേവാറിന്‍റെ ജീവചരിത്രം. ഇദ്ദേഹത്തെ ഭാരതാംബയുടെ ഒരു മഹനീയ പുത്രനെന്ന് പ്രണബ്ദാ വിശേഷിപ്പിച്ചതിനെതിരെയാണ് വന്‍ പ്രതിഷേധമുയരുന്നത്. ഈ ചടങ്ങിലേക്കുളള ക്ഷണം മുന്‍ രാഷ്ട്രപതി സ്വീകരിച്ചതു മുതല്‍ വിവാദമാണ്. ഈ ചര്‍ച്ചകള്‍ അതിരുവിടുന്നുവെന്ന് തോന്നിയ പ്രണബിന്‍റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ മുന്നറിയിപ്പ് ഇപ്പോള്‍ അന്വര്‍ത്ഥമാകുകയാണ്. നാഗ്പൂരിലെ ചടങ്ങിന് ശേഷം പ്രണബ്ദാ പറഞ്ഞതൊന്നും വാര്‍ത്തയാകില്ല മറിച്ച് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ സംസാരിക്കുമെന്നാണ് ശര്‍മ്മിഷ്ഠ മുന്നറിയിപ്പു നല്‍കിയത്. ആര്‍എസുഎസുകാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രണബ്ദായുടെ ചിത്രങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമെന്നാണ് ശര്‍മ്മിഷ്ഠ ഉദ്ദേശിച്ചത്. അതു തന്നെയാണ് സംഭവിക്കുന്നതും. ആര്‍എസ്എസിനെ പുകഴ്ത്തി ഒരു വാക്കുപോലും പ്രണബ് കുമാര്‍ മുഖര്‍ജി നാഗ്പൂരില്‍ പറഞ്ഞിട്ടില്ല. ആകെയുളളത് സന്ദര്‍ശകപുസ്തകത്തിലെ കുറിപ്പ് മാത്രമാണ്. ഇന്ത്യയുടെ ബഹുസ്വരതയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഉദ്ധരിച്ചതാകട്ടെ ഗാന്ധിജിയെയും നെഹ്റുവിനെയും പട്ടേലിനെയുമാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് അഥവാ രാഷ്ട്രീയമാറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചിലര്‍ വ്യഗ്രത കാട്ടുകയാണ്. അതിന് വഴിമരുന്നിട്ടതാകട്ടെ അദ്ദേഹത്തിന്‍റെ സ്വന്തം പ്രസ്ഥാനവും. ബിജെപി സര്‍ക്കാരിന് കീഴില്‍ 2014 മേയ് 26 മുതല്‍ 2017 ജൂലൈ 24 വരെ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹം എത്രയോ തവണ സര്‍ക്കാരിനൊപ്പം നിന്നു. അപ്പോഴൊന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തവര്‍ വിരമിച്ച ശേഷം ഒരു ചടങ്ങില്‍ പങ്കെടുക്കാനുളള തീരുമാനത്തിന് രാഷ്ട്രീയനിറം നല്‍കാന്‍ ശ്രമിച്ചു. ഫലമോ ആര്‍എസിഎസിന് വലിയ ചെലവൊന്നുമില്ലാതെ പ്രചാരണം സിദ്ധിച്ചു. മാധ്യമങ്ങളില്‍ പ്രണബ്ദായ്ക്കൊപ്പം ആര്‍എസ്എസിന്‍റെ ചരിത്രവും ചര്‍ച്ചയായി. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്‍റെ അനാവശ്യഭയം അഥവാ വിശ്വാസമില്ലായ്മയാണ് ഈ കുഴപ്പങ്ങള്‍ക്കൊക്കെ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രശസ്തരായ വ്യക്തികളെ ത്രിതീയ വര്‍ഷ ചടങ്ങിലേക്കു ക്ഷണിക്കുന്നതു നടാടെയല്ലെന്നും ഇപ്പോള്‍  നടക്കുന്ന ചര്‍ച്ചകളുമായി ഇതിനു ബന്ധമില്ലെന്നും പ്രണബിന്‍റെ വ്യക്തിത്വത്തെപ്പറ്റി രാജ്യത്തെ എല്ളാവര്‍ക്കും അറിവുള്ളതാണെന്നുമുളള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ വാക്കുകള്‍ ഇക്കാര്യം അടിവരയിടുന്നു.