Friday 20 October 2017

വായിച്ചാല്‍ വളരും ഇല്ലെങ്കില്‍ വളയും

By Subhalekshmi .18 Jun, 2017

imran-azhar

കുഞ്ഞുവാക്കുകളില്‍ വലിയ സത്യങ്ങളും സന്ദേശങ്ങളും ഒളിപ്പിച്ച് നമുക്കുവിളന്പിയ കുഞ്ഞുണ്ണി മാഷ് വായനയെക്കുറിച്ച് പറഞ്ഞുവച്ചതിങ്ങനെയാണ്. ജൂണ്‍ 19 വായനാദ ിനമാണ്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകനായ പി.എന്‍.പണിക്കരുടെ ചരമദിനം. വായിക്കുക..വളരുക എന്ന മുദ്രാവാക്യമുയര്‍ത്തി അദ്ദേഹം രൂപം കൊട
ുത്ത തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘമാണ് പില്‍ക്കാലത്ത് കേരള ഗ്രന്ഥശാലാ സംഘമായി മാറിയത്. വായന മനസ്സിന്‍റെ ഭക്ഷണമാണ്. ഇരുണ്ട മൂലകളിലേക്ക് തിരിനീട്ടുന്ന വെളിച്ചവും. താളിയോലകളില്‍ തുടങ്ങിയ വായന പുസ്തകങ്ങളിലൂടെ വളര്‍ന്ന് ഇന്ന് ഇന്‍റര്‍നെറ്റിലെത്തി നില്‍ക്കുന്നു. ഇന്ന് ലൈബ്രറി നമ്മുടെ വിരല്‍ത്തുന്പിലുണ്ട്. പുത
ുതലമുറ പുതുസങ്കേതങ്ങളില്‍ അഭിരമിക്കുന്പോഴും പുസ്തകവായനയ്ക്ക് ഇന്നും ഇടമുണ്ട്. അതിന്‍റേതായ സുഖവും...

 

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍റെ വായന തുടങ്ങുന്നത് ആദ്യത്തെ വിദ്യാലയത്തിലാണ്. അത് മിക്കവാറും അമ്മയുടെ മടിത്തട്ടായിരിക്കുകയും ചെയ്യും. പിന്നീട് വിദ്യാലയങ്ങളിലൂടെ നമ്മള്‍ വായനയിലേക്കും അറിവിലേക്കും അറിവിലൂടെ സമുഹത്തിലേക്കും വളരുകയാണ്.

 

ചേട്ടന്‍റെ പുസ്തകക്കൂട്ടത്തില്‍ നിന്ന് പുറംചട്ട കീറിയ മതിലുകള്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്‍റെ സൃഷ്ടി കവര്‍ന്നെടുത്ത് വായിച്ചുകൊണ്ടായിരുന്നു ഗൌരവമുളള വായനയിലേക്ക് കടന്നത്. പുസ്തകം വായിച്ചിട്ട് അടയാളമിട്ട് ഇരുന്ന സ്ഥലത്ത് കൃത്യമായി വച്ചു. പിറ്റേന്നും അദ്ദേഹം വെളിയില്‍പോകുന്പോള്‍ വായന തുടര്‍ന്നു. അങ്ങനെ
ഒളിച്ചൊളിച്ച് ഒരാഴ്ച കൊണ്ട് മതിലുകള്‍ വായിച്ചുകടന്നു. പിന്നെ അടുത്തുളള ഗ്രന്ഥശാലയില്‍ അംഗത്വം. കിട്ടിയതെല്ലാം വായിച്ചുകൊണ്ട് വളര്‍ന്നു.

കലാലയത്തിലെത്തിയപ്പോള്‍ തടിയന്‍ ശാസ്ത്രപുസ്തകങ്ങള്‍ക്കിടയില്‍ ചങ്ങന്പുഴയും ഉണ്ണായിവാര്യരും സുഗതകുമാരിയുമൊക്കെ ഒളിച്ചിരുന്നു. അന്ന് കവിതകളോടായിരുന്നു കന്പം. തടിയന്‍ റെക്കോര്‍ഡുബുക്കുകള്‍ വരച്ച് മടുക്കുന്പോള്‍ ചെറുരസത്തരികളായി കവിതാശകലങ്ങളെത്തി. എം.ടിയും പത്മനാഭനും,ഒഎന്‍വിയും വേര്‍ഡ്സ്വര്‍ത്തും,
ഷെല്ലിയുമൊക്കെ പിന്നീട് വായനയുടെ ഭാഗമായി.

 

മാധ്യമപ്രവര്‍ത്തനം പഠിക്കാനിറങ്ങിയപ്പോള്‍ അനിതാപ്രതാപും മാര്‍ക്കസും വായനയിലേക്ക്. ഇടയ്ക്കാലത്ത് മാധവിക്കുട്ടി ഒരു കന്പമായി. കിടക്കയിലേക്ക് ചുരുണ്ടുപോയ ഒരു വീഴ്ചക്കാലത്ത് അവരുടെ സന്പൂര്‍ണ്ണകൃതികള്‍ വായിച്ചു തീര്‍ത്തപ്പോള്‍ അഭിമാനം. എന്നാലും വായിക്കാന്‍ ഇനി ഏറെയുണ്ട്...വായിക്കപ്പെടാന്‍ ഒരുപാട് പ്രതിഭകളും