Tuesday 19 March 2024




കൊല്ലത്തെ കണ്ണാടിയില്‍ തെളിയുന്നത്

By SUBHALEKSHMI B R.28 Apr, 2018

imran-azhar

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 23~ാം സമ്മേളനം കൊല്ലത്ത് നടക്കുകയാണ്. ഏപ്രില്‍ 25~നാണ് സമ്മേളനം ആരംഭിച്ചത്. കടപ്പാക്കട സ്പോര്‍ട്സ് ക്ളബിലെ സി.കെ.ചന്ദ്രപ്പന്‍ നഗറില്‍ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ചെങ്കൊടിയുയര്‍ത്തിയതോടെയാണു സമ്മേളനത്തിന് ഔപചാരിക തുടക്കമായത്. തുടര്‍ന്നു പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി.ബര്‍ധന്‍ നഗറിനു മുന്നില്‍ ദേശിയ സെക്രട്ടറി ഡി.രാജ ദീപശിഖ തെളിയിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അകന്പടിയേകി. 26ന് പ്രതിനിധി സമ്മേളനവും തുടങ്ങി. ആറന്മുള കണ്ണാടിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി തുടങ്ങി ഇടതുപക്ഷത്തെ പ്രമുഖരുടെ മുഖങ്ങള്‍ പ്രതിബിംബിച്ചുകൊണ്ടായിരുന്നു പ്രതിനിധി സമ്മേളനം ആരംഭിച്ചത്. ബിജെപിക്കെതിരായ വിശാലഐക്യം എന്ന ആവശ്യം തന്നെയാണ് സമ്മേളനത്തിന്‍റെ ഉദ്ഘാടനവേദിയിലും തുടര്‍ന്ന് പ്രതിനിധി സമ്മേളന വേദിയിലും ഉയര്‍ന്നു കേട്ടത്. ഇന്ത്യന്‍ ജനതയെയും രാജ്യത്തിന്‍റെ ഭരണഘടനയെയും സംരക്ഷിക്കാന്‍ ഇടത്, മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് സുധാകര്‍
റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. സിപിഐയുടെ നിലപാടിനോട് നൂറു ശതമാനം യോജിക്കുന്നുവെന്ന ഉറപ്പ് പ്രതിനിധി സമ്മേളനവേദിയില്‍ സന്നിഹിതനായ സിപിഎം ജനറല്‍ സെക്രട്ടറിയുടെ വാക്കുകളില്‍ തുടിച്ചു. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം നല്ള പാഠമാണെന്നും യച്ചൂരി ചൂണ്ടിക്കാട്ടി.സമ്മേളനത്തിനെത്തിയ 902 പ്രതിനിധികളും സദസ്സും നിറഞ്ഞ കയ്യടിയോടെയാണ് ഇരുനേതാക്കളുടെയും വാക്കുകള്‍ സ്വീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിനുളള സമയം അതിക്രമിച്ചുവൈന്ന് നേരത്തേ പലതവണ സിപിഐ ചൂണ്ടിക്കാട്ടിയിരുന്നു. അന്നൊക്കെ സിപിഎം അത് അവഗണിക്കുകയോ തളളിക്കളയുകയോ ചെയ്തു. എന്നാല്‍, ഹൈദരാബാദിലെ മാറ്റത്തിന്‍റെ കാറ്റ് ശക്തമാണെന്ന സൂചനയാണ് കൊല്ലത്തെ യെച്ചൂരിയുടെ പ്രസ്താവന നല്‍കുന്നത്. വര്‍ഗ്ഗീയ, ഫാസിസ്റ്റ്, അവസരവാദ രാഷ്ട്രീയത്തിനെതിരെ ഇടതു ഐക്യം എന്ന ബദല്‍ പൊതുവെ അംഗീകരിക്കപ്പെടുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. ഇടയ്ക്ക് ചില പൊട്ടലുകളും ചീറ്റലുകളുമുണ്ടെങ്കിലും ‘വിശാലഇടത് ഐക്യം' എന്ന ലക്ഷ്യം കരുത്താര്‍ജ്ജിക്കുകയാണ്. ഇടതുഐക്യത്തിനൊപ്പം ബിജെപി ~ആര്‍എസ്എസ് വിരുദ്ധ വിശാലബദലും പ്രധാന ചര്‍ച്ചാവിഷയമാണ്. കോണ്‍ഗ്രസ് ബന്ധം തന്നെയാണ് ഇതില്‍ സുപ്രധാനം. പ്രത്യക്ഷ രാഷ്ട്രീയ സഖ്യത്തിനപ്പുറം കോണ്‍ഗ്രസുമായി ധാരണയാകാമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിന്‍റെ ചുവട് പിടിച്ച് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ അതിരു നിര്‍ണ്ണയിക്കല്‍ തന്നെയാണ് 23~ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ടകളിലൊന്ന്. ബിജെപിയാണ് മുഖ്യ ശത്രുവെന്ന ആഹ്വാനം കൊല്ലത്തും ഉയര്‍ന്നുകഴിഞ്ഞു. ദേശീയതലത്തില്‍ വിശാല ബിജെപി ബദല്‍ എന്നത് അനിവാര്യമാണെന്ന് സിപിഐ നേരത്തേ തന്നെ സമ്മതിച്ചുകഴിഞ്ഞതാണ്. കൊല്ലത്ത് അത് ശക്തമായി ആവര്‍ത്തിക്കുന്നുവെന്ന് മാത്രം. നവ~ഉദാരവത്കരണ നയങ്ങളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുളള സഹകരണം പാടില്ലെന്ന മുന്‍ നിലപാടിലും വിട്ടുവീഴ്ചയില്ല. എന്നാല്‍, സംസ്ഥാനനേതൃതത്തില്‍ കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ടുളള അഭിപ്രായഭിന്നത സമ്മേളവേദിയിലും പ്രകടമായി കോണ്‍ഗ്രസുമായി ബന്ധം വേണമെന്നു പരസ്യ നിലപാടെടുക്കണമെന്ന് പി. പ്രസാദ് ആവശ്യപ്പെട്ടപ്പോള്‍ ഇടത് ഐക്യം ശകതിപ്പെടുത്തുന്നതിനാണു മുന്‍ഗണന നല്‍കേണ്ടതെന്നായിരുന്നു വി.എസ്. സുനില്‍കുമാറിന്‍െറയും ആര്‍. ലതാദേവിയുടെയും നിലപാട്. പാര്‍ട്ടിയില്‍ ന്യൂനപക്ഷത്തിന് ഇപ്പോഴും കോണ്‍ഗ്രസ് ബന്ധം അത്രകണ്ട് ദഹിച്ചിട്ടില്ല.


കേന്ദ്രനേതൃത്വത്തിനുനേരെ ചൂണ്ടുവിരല്‍
ഹൈദരാബാദിലെ ആശയക്കുഴപ്പം ദേശീയ നേതൃനിരയെ ചൊല്ലിയായിരുന്നെങ്കില്‍ കൊല്ലത്ത് സിപിഐയെ സംബന്ധിച്ചിടത്തോളം കേന്ദ്രനേതൃത്വമാണ് വിമര്‍ശനം നേരിടുന്നത്. പൊതുചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള അംഗങ്ങളാണു പാര്‍ട്ടി കേന്ദ്രഘടകത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെ ആഞ്ഞടിച്ചത്. ദേശീയ നേതൃത്വത്തിന്‍റെ നിലപാടുകള്‍ പലതും പ്രായാഗികമല്ലെന്ന സൂചനകളാണ് വിമര്‍ശങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്. കേന്ദ്ര സെക്രട്ടേറിയറ്റ് അപ്പാടെ പിരിച്ചുവിടണമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രഘടകം പ്രേതാലയമാണെന്നായിരുന്നു രാജാജി മാത്യു തോമസ് തുറന്നടിച്ചത്. പ്രസംഗം മാത്രമാണു കേന്ദ്രനേതൃത്വത്തിന്‍റെ ജോലിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. പാര്‍ട്ടിയുടെ യുവജനവിഭാഗത്തില്‍ നിന്നുപോലും എതിര്‍പ്പ് നേരിടേണ്ടി വന്നതിന്‍റെ ജാള്യതയിലാണ് കേന്ദ്രനേതൃത്വം.

 

 

 

കരടായി സംഘടനാ റിപ്പോര്‍ട്ട്
നാല്പത്തിയെട്ട് പേജുള്ള കരട് രാഷ്ട്രിയ പ്രമേയവും ഇരുപത്തിയെട്ട് പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടും കരട് രാഷ്ട്രീയ റിവ്യു റിപ്പോര്‍ട്ടും സുധാകര്‍ റെഡ്ഡി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. കരട് പ്രമേയത്തിന്മേലും സംഘടനാറിപ്പോര്‍ട്ടിന്മേലും പ്രതിനിധി ചര്‍ച്ച നടക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാലമായ ഐക്യം വേണമെന്ന കരട് രാഷ്ട്രിയ പ്രമേയത്തിന്മേല്‍ വലിയ എതിര്‍പ്പുയരില്ലെന്നത് വ്യക്തമാണ്. എന്നാല്‍, സിപിഐ സംസ്ഥാനഘടകത്തിലെ വിഭാഗീയത തുറന്ന് കാട്ടുന്ന കരട് സംഘടനാ റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച പ്രതിനിധി സമ്മേളനത്തെ ശബ്ദായമാനമാക്കും. സി.പി.ഐ കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ച സംഭവിച്ചു, പാര്‍ട്ടിയുടെ എല്ളാ തലങ്ങളിലും വിഭാഗീയത ബാധിച്ചിരിക്കുന്നു, വ്യക്ത്യാധിഷ്ഠിതമായ
വിഭാഗീയതയ്ക്ക് പോലും സൈദ്ധാന്തിക പരിവേഷം നല്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് സംഘടനാറിപ്പോര്‍ട്ടിലുളളത്. പാര്‍ട്ടിയിലെ ചിലരുടെ അപ്രമാദിത്വത്തിനെതിരായ സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. ചില നേതാക്കള്‍ ദ്വീപുകളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും അവരെ ചോദ്യം ചെയ്യാന്‍പോലും അണികള്‍ക്ക് ഭയമാണെന്നും പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്ത്രീധനം വാങ്ങുന്ന പ്രവണതപോലുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങളും സംസ്ഥാന നേതൃത്വത്തിനെതിരെ കെഇ ഇസ്മയില്‍ കണ്ട്രോള്‍ കമ്മീഷന് നല്കിയ പരാതിയും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടും. മാത്രമല്ല, ദേശീയതലത്തില്‍ ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാനാകുന്നില്ളെന്ന വിമര്‍ശനവും ശക്തമാണ് . കര്‍ണ്ണാടകയിലും ഗുജറാത്തിലേയും രാജസ്ഥാനിലേയും കര്‍ഷകര്‍ സമരപാതയിലാണെങ്കിലും സിപിഐ തൊഴിലാഴി കര്‍ഷകസംഘടനകള്‍ക്ക് ഇടപ്പെടാനാകുന്നില്ളെന്നും വിമര്‍ശനമുണ്ട്. ജെഎന്‍യുവില്‍ കനയ്യ കുമാറിനെപ്പോലെയുള്ളവര്‍ ഉയര്‍ത്തിവിട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ എഐഎസ്എഫിനും എഐവൈഎഫിനും കഴിഞ്ഞില്ലെന്നതും ചര്‍ച്ചയാകും.

 കശുവണ്ടി തൊഴിലാളികള്‍ക്കു വേണ്ടി എം.എന്‍.ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അവകാശസമരപ്പോരാട്ടങ്ങളിലൂടെയാണ് കൊല്ലത്ത്  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുറപ്പിച്ചത്.  എന്നാല്‍ കശുവണ്ടിമേഖല ഗുരുതരമായ തകര്‍ച്ച നേരിടുന്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലം വേദിയാകുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിക്ക് അഭിമുഖമായ കണ്ണാടി കൂടിയാണ് കൊല്ലത്തെ സമ്മേളനം. 29നാണ്  പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുക.