Wednesday 07 December 2022
കുമ്പളങ്ങിക്കാരും വായനയും, വാര്‍ത്തയും- പ്രൊഫ. കെ.വി. തോമസ്, മുന്‍ കേന്ദ്രമന്ത്രി

By parvathyanoop.20 Jun, 2022

imran-azhar

വായന കുമ്പളങ്ങിക്കാരുടെ ജീവിതശൈലിയുടെ ഭാഗമാണ്. മുക്കാല്‍ നൂറ്റാണ്ടിനു മുമ്പുള്ള എന്റെ ചെറുപ്പക്കാലത്ത് പത്ര വായനയും പുസ്തക വായനയും പതിവായിരുന്നു. ഇന്നത്തെ പോലെ മിനിറ്റുകള്‍ക്കകം ലോക വാര്‍ത്ത അറിയാന്‍ അന്ന് സാധിച്ചിരുന്നില്ല. വാര്‍ത്തകള്‍ അറിയാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. പത്രം, റേഡിയോ, ടെലിഗ്രാം എന്നിവയിലൂടെയാണ് വാര്‍ത്തകള്‍ അറിഞ്ഞിരുന്നത്. നാട്ടുകാര്‍ പരസ്പരം സംസാരിച്ച് പരത്തുന്ന 'കാതോടു കാതോരം' വാര്‍ത്തകളുമുണ്ട്.

 

അക്കാലത്ത് പുസ്തകങ്ങള്‍ വായനശാലകളില്‍ നിന്നും എടുത്തു വായിക്കുന്നവരും ഗ്രന്ഥകാരന്‍മാരില്‍ നിന്ന് നേരിട്ട് വാങ്ങി വായിക്കുന്നവരും ഉണ്ട്. പുസ്തകം നിറച്ച സഞ്ചി കഴുത്തില്‍ തൂക്കിയിട്ട് നടന്ന്, തങ്ങള്‍ എഴുതിയ പുസ്തകങ്ങള്‍ വീട് തോറും കയറിയിറങ്ങി വില്‍ക്കുന്ന സാഹിത്യകാരന്‍മാരും ഉണ്ടായിരുന്നു അക്കാലത്ത്. ചില എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങളുമായി സ്‌ക്കൂളുകളില്‍ ചെന്ന് വില്‍പ്പന നടത്തും. കുമ്പളങ്ങിയില്‍ ക്രിസ്ത്യാഭ്യുന്നതി സമാജത്തിലും ഗാന്ധികുമാരന്‍ നടത്തിയിരുന്ന മഹാത്മാഗാന്ധി വായന ശാലയിലും പത്രങ്ങളും പുസ്തകങ്ങളും ലഭിക്കുമായിരുന്നു.

 

തോപ്പുംപടിയില്‍ നിന്ന് തലചുമടായി പെരുമ്പടപ്പ്-കുമ്പളങ്ങി കടത്തു കടന്ന് വേണം അതിരാവിലെ പത്രം വീടുകളില്‍ എത്തിക്കാന്‍. മനോരമ, മാതൃഭൂമി, ഡെക്കാന്‍ ഹെറാള്‍ഡ് എന്നീ പത്രങ്ങളായിരുന്നു അക്കാലത്ത് കുമ്പളങ്ങിയിലെത്തിയിരുന്നത്. ഇംഗ്ലീഷ് പത്രങ്ങള്‍ അധികം ആളുകള്‍ വായിക്കാറില്ല.കുമ്പളങ്ങിയില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സമ്പന്നരായ കുറെയധികം നാട്ടുപ്രമാണിമാര്‍ ഉണ്ടായിരുന്നു. കണ്ണങ്കേരി ബി.എ.ക്കാരന്‍ സേവ്യര്‍ വല്ല്യപ്പന്‍, കൃഷിക്കാരനായ തെരുവിപറമ്പില്‍ ജോര്‍ജ്ജ്, എറണാകുളം ജില്ല വ്യവസായ ഓഫീസറായിരുന്ന എഴുമുറി ജോബ് എന്നിവര്‍ക്ക് സ്വന്തമായ പുസ്തക ശേഖരങ്ങള്‍ ഉണ്ടായിരുന്നു.

 

എന്നാല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ആര്‍ക്കും കൊടുത്തയക്കില്ല. വീട്ടിലിരുന്ന് വായിച്ചതിനുശേഷം പുസ്തകം അലമാരയില്‍ തന്നെ തിരിച്ച് വെയ്ക്കണം. 'എടോ പുസ്തകവും ഭാര്യയും മറ്റൊരു വീട്ടിലേക്ക് കൊടുത്തയയ്ക്കരുത്, രണ്ടും നഷ്ടപ്പെടും' ഇതായിരുന്നു ഈ കുമ്പളങ്ങിക്കാരുടെ നിലപാട്.മറ്റൊരു വാര്‍ത്ത മാധ്യമം റേഡിയോ ആണ്. സിലോണ്‍ റേഡിയോ നിലയത്തില്‍ നിന്നുളള മലയാളം പരിപാടികളാണ് കുമ്പളങ്ങിക്കാര്‍ക്ക് ആശ്രയമുണ്ടായിരുന്നത്. ക്രിസ്ത്യാഭ്യുന്നതി സമാജത്തിലെ 'മര്‍ഫി' റേഡിയോയിലൂടെ ലഭിക്കുന്ന വാര്‍ത്തകള്‍, സെന്റ് പീറ്റേഴ്‌സ് പള്ളിമുറ്റത്തെ കൊടിമരത്തിലെ കോളാംബിയിലൂടെ കുമ്പളങ്ങിക്കാര്‍ക്ക് കേള്‍ക്കാമായിരുന്നു.


ടെലഗ്രാമുമായി പോസ്റ്റ്മാന്‍ വരുമ്പോള്‍ വലിയ ഭയപ്പാടാണ്, പ്രത്യേകിച്ച് പട്ടാളക്കാരുള്ള വീടുകളില്‍ . പലപ്പോഴും കുമ്പളങ്ങിക്കാരുടെ അപകട മരണങ്ങളാണ് ടെലഗ്രാമിലുണ്ടാവുക. മറ്റ് ചിലപ്പോള്‍ ജോലി കിട്ടിയെന്ന സന്തോഷ വാര്‍ത്തയും.കാലം മാറിയപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളുടെ സ്വാഭാവവും മാറി. കുമ്പളങ്ങിയിലെ പുതു തലമുറയ്ക്കും പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നതില്‍ താല്‍പര്യമില്ലാതായിരിക്കുന്നു. ഓണ്‍ലൈന്‍ പഠന സഹായിയെന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ കുട്ടികളുടെ കൈവശമാണെപ്പോഴും. അതിന്റെ ദുരുപയോഗം ഫലപ്രദമായി തടയാനുള്ള ശ്രമങ്ങള്‍ ഫലവത്താകുന്നില്ല.

 

ഞാന്‍ തേവര കോളേജില്‍ പഠിക്കുമ്പോള്‍ മഞ്ഞ പത്രങ്ങളും ലൈംഗിക കഥകളുള്ള 'കൊച്ചു പുസ്തകങ്ങളു'മായിരുന്നു ചെറുപ്പക്കാരുടെയിടയില്‍ പ്രചാരം. പിന്നീട് അതെല്ലാം ഇല്ലാതായി. അതുപോലെതന്നെ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയുള്ള 'തെറി' പറച്ചിലും ഇക്കിളികഥകളും കാലക്രമത്തില്‍ അസ്തമിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്.
ടിവി ചാനലുകളും ഫെയ്‌സ് ബുക്ക് തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളും ഓരോ സെക്കന്റിലും പുതിയ വാര്‍ത്തകള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്നു.

 

നേരായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ അമ്പേ പരാജയമാണ്. നിലവിലെ മീഡിയ നിയമങ്ങള്‍ തികച്ചും ദുര്‍ബലവും. ലോകം വിരല്‍തുമ്പിലായ ഈ കാലത്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും വായിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രമെ പത്രങ്ങള്‍ വരുത്തുന്നുള്ളൂ. അവരുടെ എണ്ണവും ദിനം പ്രതി കുറഞ്ഞു വരുന്നു.ചെറുപ്പക്കാലത്ത് ലഭിച്ച പുസ്തക വായന ശീലം ഇന്നും എന്നോടൊപ്പമുണ്ട്. പുതിയ പുസ്തകം ആദ്യം ഒന്നു തിരിച്ചും മറിച്ചും നോക്കും. പുസ്തകത്തിന്റെ ഗന്ധം ആസ്വദിക്കാന്‍ ഒന്ന് മണക്കും. പുറകിലെ പേജാണ് ആദ്യം തുറക്കുക.

 

പിന്നീട് മുന്‍ പേജില്‍ നിന്ന് വായന തുടങ്ങും. ഇടയ്ക്ക് വായന നിര്‍ത്തുമ്പോള്‍ പുസ്തകത്തിന്റെ പേജ് മടക്കുന്നതിനു പകരം ഒരു കട്ടിയുള്ള കടലാസ് മാര്‍ക്കറായി വെയ്ക്കും. പുസ്തക വായന എനിക്ക് ഇന്നും ഒരു ഹരമാണ്.