Friday 22 March 2019


അവധിക്കാലം അപകടക്കാലമാകാതിരിക്കാന്‍

By SUBHALEKSHMI B R.07 Apr, 2018

imran-azhar

മധ്യവേനലവധിക്കാലമായി. പണ്ടൊക്കെ മാര്‍ച്ച് അവസാനവാരത്തോടെ എല്ലാ വിദ്യാലയങ്ങളും അടയ്ക്കുമായിരുന്നു. ഇപ്പോഴത് ഏപ്രില്‍ ആദ്യവാരത്തിലേക്ക് നീണ്ടു. രണ്ട് പതിറ്റാണ്ട് മുന്പു വരെ ബാല്യത്തിന്‍റെ ആഘോഷകാലമായിരുന്നു മധ്യവേനലവധിക്കാലം. പാഠപുസ്തകങ്ങളില്‍ നിന്നും ""പോയിരുന്ന് പഠിക്ക്'' എന്ന പല്ലവിയില്‍ നിന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ട വിനോദങ്ങളിലേക്ക് കുട്ടികള്‍ സ്വതന്ത്രരാക്കപ്പെട്ടിരുന്ന കാലം. കൂടു തുറന്നുവിട്ട ആട്ടിന്‍പറ്റത്തെ പോലെ അവര്‍ കളിച്ച് തിമിര്‍ത്തിരുന്ന കാലം. പുഴയിലും കുളത്തിലും നീന്തി, ചെറുതോടുകളില്‍ മീന്‍പിടിച്ച്, ചക്കരമാവില്‍ വലിഞ്ഞുകയറി കുട്ടികള്‍ ഒഴിവുകാലം കൊണ്ടാടിയ കാലം. കുട്ടികളെ അവരുടെ ലോകത്ത് സര്‍വ്വസ്വതന്ത്രരാക്കി വിട്ടിരുന്ന മാതാപിതാക്കള്‍ രണ്ട് നിഷ്ക്കര്‍ഷകളാണ് പ്രധാനമായും വച്ചിരുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാനെത്തണം....സന്ധ്യയ്ക്ക് മുന്പേ വീട്ടിലെത്തണം. ആണ്‍പെണ്‍ ഭേദമില്ലാതെ ഓരോ ഗ്രാമത്തിലും ഇത്തരം കുട്ടിക്കൂട്ടങ്ങള്‍ അവധിക്കാലം ഘോഷിച്ചു. കളിച്ചുതളര്‍ന്നവര്‍ മരച്ചോട്ടിലോ പുഴവക്കത്തോ ഇരുന്ന് കഥ പറഞ്ഞു. ചിലര്‍ ഗ്രാമത്തിലെ വായനശാലയില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ സംഘടിപ്പിച്ച പുസ്തകങ്ങള്‍ വായിച്ചു. അവധിക്കാലത്താണ് സകുടുംബം ബന്ധുവീടുകളില്‍ ദിവസങ്ങളോളം തങ്ങിയിരുന്നത്. അങ്ങനെ മാതാപിതാക്കള്‍ക്കും അത് ഉല്ലാസകാലമായിരുന്നു. മേയ്മാസം അവസാനമാകുന്പോഴേക്കും ഒഴിവുകാലം ആസ്വദിച്ച് മടുത്ത് സ്ക്കൂള്‍ തുറക്കാനായി കുട്ടിക്കൂട്ടത്തിന് കൊതി മൂക്കും. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. പരീക്ഷ ടൈംടേബിള്‍ കിട്ടുന്പോഴേ രക്ഷിതാക്കള്‍ക്ക് ഒഴിവുകാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയാണ്. സംഗീതം,നൃത്തം, ചിത്രകല, നീന്തല്‍, വാദ്യോപകരണവാദനം, കന്പ്യൂട്ടര്‍ ക്ളാസ്, ട്യൂഷന്‍ സെന്‍റര്‍ എന്നിങ്ങനെ തങ്ങളുടെ കുട്ടികളുടെ അവധിക്കാല താവളങ്ങള്‍ അവര്‍ തീരുമാനിക്കും. പരീക്ഷ കഴിഞ്ഞതിന്‍റെ ആശ്വാസനിശ്വാസത്തിനു പിന്നാലെ തങ്ങളുടെ വിധിപ്രസ്താവം കേട്ട് കുരുന്നുകള്‍ നെടുവീര്‍പ്പിടും. പല പല സ്ഥാപനങ്ങളിലേക്കും ഗുരുഗൃഹങ്ങളിലേക്കും നെട്ടോട്ടമോടുന്ന കുരുന്നുകള്‍ക്ക് അവധിക്കാലമെന്ന് കേള്‍ക്കുന്നതേ വെറുപ്പാണ്. തങ്ങളുടെ ചോരയും നീരും പിഴിഞ്ഞെടുക്കുന്ന കാലമായി കണ്ട് അവരതിനെ ഭയക്കുന്നു. ഇടയ്ക്ക് കുരുന്നുഹൃദയങ്ങള്‍ ശപിക്കാതിരിക്കാന്‍ ഒരു ചെറിയ ഔട്ടിംഗോ പുറത്തുനിന്ന് ഭക്ഷണമോ വാങ്ങിക്കൊടുത്താലായി. നഗരത്തില്‍ പൊട്ടിമുളച്ച ഈ പ്രവണത പിന്നീട് ഗ്രാമങ്ങളിലും വേരൂന്നി. വീടുവിട്ടാല്‍ ട്യൂഷന്‍, നൃത്ത, സംഗീത ക്ളാസ് , തിരികെ വീട് എന്നതാണ് ഗ്രാമീണബാലികാബാലന്മാരുടെ സ്ഥിതി. ന്യൂനപക്ഷം മാത്രമാണ് അവധിക്കാലം ഘോഷിക്കുന്നത്. അണുകുടുംബങ്ങളിലേക്കുളള കൂടുമാറ്റവും മക്കളെ എല്ലാകലകളുടെയും ഉസ്താദ് ആക്കണമെന്ന വാശിയും പൊങ്ങച്ചവുമാണ് കുട്ടികളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. അവരെ കലയും പുതിയ കാര്യങ്ങളും പഠിപ്പിച്ച് ഭാവിയിലേക്ക് സജ്ജരാക്കുന്നതാണോ ദുരവസ്ഥയെന്ന ചോദ്യം സാധാരണമാണ്. അത് കേവലം കണിശക്കാരനായ രക്ഷിതാവിന്‍റേതാണ്. നിറമുളള ബാല്യകാലഘോഷങ്ങള്‍ മാത്രം ഉളളിലുളളവര്‍ക്ക് അത് നിഷേധിക്കപ്പെടുന്നവരുടെ വ്യഥയറിയാന്‍ കഴിയില്ല തന്നെ. കുട്ടികളുടെ മനസ്സോടു ചേര്‍ന്നുനിന്ന് ചിന്തിക്കുന്ന രക്ഷിതാക്കള്‍ക്ക് മനസ്സിലാകും ഇതൊരു റിഫ്രഷ്മെന്‍റ് കാലമാണെന്ന്. പോയ സ്ക്കൂള്‍വര്‍ഷത്തിന്‍റെ കയ്പുളള ഓര്‍മ്മകള്‍ മറക്കാന്‍....പുതിയ അധ്യയനെ വര്‍ഷത്തെ എല്ലാ ആവേശത്തോടയും സ്വീകരിക്കാന്‍ കുട്ടികളെ ഒരുക്കിയെടുക്കുന്ന കാലം. എന്തിനും ഒരു ഇടവേള ആവശ്യമാണെന്നതുപോലെ പഠനത്തിനും വേണം. ആ ഇടവേളയാണ് ഒഴിവുകാലം. അവരിലെ കഴിവുകള്‍ സ്വയം കണ്ടെത്തി മിനുക്കിയെടുക്കേണ്ട കാലമാണിത്. അല്ലാതെ നിര്‍ബന്ധിത കുത്തിവെയ്പിന്‍റേതല്ല. ഈ ചുരുങ്ങിയ സമയത്തേക്കെങ്കിലും അവരെ അവരുടെ വഴിക്ക് വിടേണ്ടത് അനിവാര്യമാണ്.

 

 

അപകടക്കാലം
ഇപ്പോള്‍ അവധിക്കാലത്ത് മാധ്യമങ്ങളില്‍ നിറയുന്നത് അപകടങ്ങളില്‍ മരിച്ച കുട്ടികളെ കുറിച്ചുളള വാര്‍ത്തയാണ്. മുങ്ങിമരണങ്ങളാണ് കൂടുതല്‍. സുഹൃദ്സംഘങ്ങള്‍ക്കൊപ്പമുളള യാത്രകള്‍ക്കിടെയും ബന്ധുഭവനങ്ങളിലെ സന്ദര്‍ശനത്തിനിടെയും ഒക്കെ പരിചയമില്ലാത്ത ജലാശയങ്ങളില്‍ നിരവധി ബാല്യകൌമാരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. ഈ വര്‍ഷവും ആ പതിവ് തെറ്റിയില്ല. മാര്‍ച്ച് അവസാനവാരം ആദ്യമെത്തിയത് ഓശാന ഞായറിന് സര്‍വ്വരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയ ബാലന്‍റെ മുങ്ങിമരണ വാര്‍ത്തയാണ് . തൊട്ടുപിന്നാലെ ബന്ധുക്കള്‍ കൂടിയായ മൂന്നു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ച വാര്‍ത്തയെത്തി. ഈ അവധിക്കാലം കഴിയുന്നതിന് മുന്പ് എത്രയെന്ന നിസ്സംഗമായ ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ജലാശയത്തിന്‍റെ സ്വഭാവമറിയാതെ നൈമിഷികമായ ആവേശത്തിലാണ് ഇവരില്‍ പലരും മരണത്തിലേക്ക് മുങ്ങാംകുഴിയിടുന്നത്. തങ്ങള്‍ക്ക് നീന്തലറിയില്ലെന്ന കാര്യം പോലും മറന്നുളള ഈ എടുത്തുചാട്ടങ്ങള്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്നത് തോരാത്ത കണ്ണീരും. ഇന്നത്തെക്കാള്‍ എത്രയോ ഇരട്ടി സജീവ ജലാശയങ്ങളുണ്ടായിരുന്നിട്ടും പണ്ട് അവധിക്കാല മുങ്ങിമരണവാര്‍ത്തകള്‍ അപൂര്‍വ്വമായിരുന്നു. അന്നത്തെ കുട്ടികള്‍ക്ക് തങ്ങളുടെ പരിസരത്തെ ജലാശയങ്ങള്‍ പരിചിതമായിരുന്നു. ഏതു സമയത്ത് എത്രയടി വെളളം ഏതുഭാഗത്താണ് ചേറുളളത് എന്ന നിശ്ചയം അവര്‍ക്കുണ്ടായിരുന്നു. അപരിചിതമായ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക എന്നതാണ് മുങ്ങിമരണങ്ങളൊഴിവാക്കാനുളള ഏക മാര്‍ഗ്ഗം. ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളാണ് പട്ടികയില്‍ രണ്ടാമത്. അവധിക്കാലത്ത് ബൈക്കോടിക്കാന്‍ പഠിച്ച് അപകടത്തില്‍പെടുന്നവരും കൂട്ടുകാരുമായി ഇരുചക്രവാഹനങ്ങളില്‍ അമിതവേഗതയില്‍ ചുറ്റി അപകടം ക്ഷണിച്ചുവരുത്തുന്നവരുമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഒരു ബന്ധുവിന്‍റെ അഞ്ചാംക്ളാസുകാരനായ മകന്‍ ടാറ്റാ സുമോ ഓടിച്ചു വന്നു. അഭിമാനത്തോടെ പിതാവ് അരികത്തുണ്ട്. കുറച്ചു കഴിഞ്ഞ് മുതിര്‍ന്നവരുടെ കണ്ണൊന്നു തെറ്റിയപ്പോള്‍ കുട്ടി വീണ്ടും വാഹനമെടുത്ത് പാഞ്ഞു. റോഡിലിറങ്ങിയപ്പോള്‍ അവന് ആവേശം മൂത്തു. പാച്ചില്‍ കണ്ട പരിചയക്കാരന്‍ വിവരം വിളിച്ചുപറഞ്ഞു. അപ്പോഴേക്കും അവനോടിച്ച വാഹനം കയ്യാലയില്‍ ഉമ്മവച്ചിരുന്നു. കുട്ടിയുടെ പിതാവിനോട് ഇപ്പോഴെന്തിനാണ് അവനെ വാഹനമോടിക്കാന്‍ പഠിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ ഈ പ്രായത്തിലാകുന്പോള്‍ പെട്ടെന്ന് പഠിക്കുമെന്ന നിരുത്തരവാദപരമായ ഉത്തരമാണ് ലഭിച്ചത്. ഈ നിലപാടു തന്നെയാണ് പല രക്ഷിതാക്കള്‍ക്കും. എന്നാല്‍, കുട്ടികള്‍ക്ക് വിപരീതസാഹചര്യങ്ങളില്‍ പെട്ടെന്ന് ശരിയായ നിര്‍ണ്ണയമെടുക്കാനാവില്ലെന്ന് ഈ രക്ഷിതാക്കള്‍ ചിന്തിക്കുന്നില്ല. അപകടം സംഭവിച്ചിട്ട് നിലവിളിച്ചിട്ടു കാര്യമില്ല. മൃഗശാലയിലും മറ്റും പോകുന്പോള്‍ സാഹസിക പ്രവര്‍ത്തികള്‍ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഈ തരത്തിലുളള അപകടങ്ങളും പതിവാണ്.

 

മോഷണക്കാലം

 

 


അവധിക്കാലം മാന്പഴക്കാലത്തില്‍ നിന്ന് മോഷണക്കാലത്തിലേക്ക് മാറിയിട്ട് കാലമൊട്ടായി. പണ്ടൊക്കെ സകലയിടത്തും കളിക്കൂട്ടങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ പകല്‍ മോഷണങ്ങള്‍ കേള്‍ക്കാനേയില്ലായിരുന്നു. എന്നാല്‍, ഇപ്പോഴതിന് രാപ്പകല്‍ ഭേദമില്ല. അവധിക്കാലത്താണ് പലരും ഉല്ലാസയാത്രകള്‍ നടത്തുന്നത്. അയല്‍പക്കക്കാരോടു പോലും വിവരം പറയില്ല. ആയതിനാല്‍ വല്ല തട്ടും മുട്ടും കേട്ടാലും അവര്‍ കാര്യമാക്കില്ല. യാത്രയൊക്കെ കഴിഞ്ഞു വരുന്പോള്‍ വിലപിടിച്ചതെല്ലാം കളളന്‍ കൊണ്ടുപോകും. തസ്കരന്മാരുടെ ചാകരക്കാലമാണ് മധ്യവേനലവധിക്കാലം. മാത്രമല്ല, പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇവ കേന്ദ്രീകരിച്ചുളള മോഷണസംഘങ്ങളും ഇക്കാലത്ത് സജീവമാണ്. വീടുപൂട്ടി നീണ്ട യാത്ര പോകുന്പോള്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കണമെന്ന് പറഞ്ഞാലും പലരും പാലിക്കാറില്ല. ഇത്തവണ കേരള പൊലീസ് അവധിക്കാല മോഷ്ടാക്കളെ പിടിക്കാന്‍ പ്രത്യേക ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. സഹകരിക്കേണ്ടത് ജനമാണ്.

 

മാതാപിതാക്കളുടെ ആശങ്ക

 

 


""ഞങ്ങള്‍ രണ്ടുപേരും ഉദ്യോഗസ്ഥരാണ്. രണ്ടുമാസക്കാലം കുട്ടികളെ ആരെ ഏല്പിക്കും. അടുത്ത ബന്ധുക്കളെ പോലും വിശ്വസിക്കാനാകാത്ത കാലമാണ്. അതുകൊണ്ടാണ് അവധിക്കാല ക്ളാസുകളില്‍ ചേര്‍ക്കുന്നത്''~ തിരുവനന്തപുരത്തെ ഒരു രക്ഷിതാവ് പറയുന്നു. ഇതു തന്നെയാണ് മിക്ക രക്ഷിതാക്കളുടെയും പ്രശ്നം. പണ്ടൊക്കെ കുട്ടികളെ ഗ്രാമത്തിലെ ബന്ധുവീടുകളില്‍ കൊണ്ടുനിര്‍ത്തുമായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അതും സുരക്ഷിതമല്ല. അപ്പോള്‍ പിന്നെ , തങ്ങള്‍ ജോലി കഴിഞ്ഞെത്തുവരെ വിവിധ ക്ളാസുകളില്‍ കുട്ടികളെ വ്യാപൃതരാക്കുക മാത്രമാണ് വഴി. വീട്ടമ്മമാരുളള വീടുകളിലെ കൂട്ടികളെയും ഇത്തരം ക്ളാസുകളില്‍ വിടുന്നതിന് കാരണമായി പറയുന്നത് അവര്‍ കളിക്കാറില്ല മറിച്ച് സകലസമയവും ടിവി കാണും അല്ലെങ്കില്‍ ടാബിലോ കന്പ്യൂട്ടറിലോ കളിക്കും. ഇത് അവരുടെ ശരീരത്തിന് നന്നല്ല. ആയതിനാല്‍ ഇതേയുളളു മാര്‍ഗ്ഗമെന്നാണ്. സംഗതി ശരിയാണ്, പല കുട്ടികള്‍ക്കും ശരീരമനങ്ങിയുളള വിനോദങ്ങളില്‍
താല്പര്യമില്ല. അവര്‍ ടാബിലും മറ്റും കുടുങ്ങിക്കിടക്കുകയാണ്. പക്ഷേ, ഇതില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണ്. ആദ്യമേ നിയന്ത്രിക്കണമായിരുന്നു.