Wednesday 12 December 2018


പൂങ്കാവനത്തില്‍ പുണ്യം തേടിയെത്തുന്നവരറിയുവാന്‍

By SUBHALEKSHMI B R.05 Feb, 2018

imran-azhar

സ്വാമി അയ്യപ്പന്‍റെ പൂങ്കാവനത്തിലെ ആരവങ്ങളൊഴിഞ്ഞു. ഇനി കാനനപാതകള്‍ സജീവമാകുന്നത് അടുത്ത മണ്ഡല~മകരവിളക്ക് തീര്‍ത്ഥാടനകാലത്താണ്. എന്നാല്‍, എന്നും അവിടെയുളള ഒരു കൂട്ടം മിണ്ടാപ്രാണികളുടെ പ്രാണനെടുക്കുകയാണ് ദര്‍ശനപുണ്യം തേടിയെത്തിയവരുടെ പാപം. അയ്യപ്പഭക്തര്‍ അലസമായി ഉപേക്ഷിച്ച പ്ളാസ്റ്റിക് മാലിന്യവും ശരിയായി പ്രവര്‍ത്തിക്കാത്ത മാലിന്യപ്ളാന്‍റില്‍ നിന്നുളള മാലിന്യങ്ങളും ഭക്ഷിച്ച് മരിച്ചുവീഴുന്ന കാട്ടുമൃഗങ്ങളുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ ജനുവരി 29, 30 തീയതികളിലായി പ്രകൃതിയുടെ കാവല്‍ക്കാര്‍ എന്നറിയപ്പെടുന്ന പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയില്‍ അംഗമായ ഒരു സംഘം പ്രവര്‍ത്തകര്‍ ശബരിമലവനത്തിനുളളില്‍ നിന്ന് ചുമന്നുമാറ്റിയത് 70 ചാക്ക് പ്ളാസ്റ്റിക് മാലിന്യമാണ്. വനത്തില്‍ ആകെ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്‍റെ ഒരു ശതമാനം പോലുമാകുന്നില്ല ഇതെന്ന് അവര്‍ പറയുന്നു. അയ്യപ്പഭക്തനായ അജിത്കുമാര്‍ എന്ന ഡ്രൈവറായിരുന്നു സംഘത്തിന്‍റെ നായകന്‍.

 

വര്‍ഷങ്ങളായി മുടങ്ങാതെ മലകയറാറുണ്ട് അജിത് കുമാര്‍. എന്നാല്‍, അടുത്തകാലത്തായി വനപാതയിലൂടെ നടക്കുന്പോള്‍ പ്രകൃതിസ്നേഹിയായ ഈ ഭക്തന്‍റെ മനസ്സ് അസ്വസ്ഥമാകും. അത്രമാത്രം പ്ളാസ്റ്റിക് മാലിന്യക്കൂന്പാരമാണ് മല ചവിട്ടുന്പോള്‍ കാണുന്നത്. ഇത്തവണയും ആ കാഴ്ച അജിത്തിനെ വിഷമിപ്പിച്ചു. മലയിറങ്ങുന്പോഴും ആ ഭാരം മനസ്സില്‍ ശേഷിച്ചു. ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് മടങ്ങവേ ഓര്‍ക്കാപ്പുറത്താണ് സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ പി.ജോണ്‍സണിന്‍റെ വിളിയെത്തിയത്. ഇവിടെ വന്യമൃഗങ്ങളുടെ അവസ്ഥ ദയനീയമാണ്. പ്ളാസ്റ്റിക് മാലിന്യം ഭക്ഷിച്ച കാട്ടാനയുള്‍പ്പെടെയുളള മൃഗങ്ങള്‍ ഗുരുതരാവസ്ഥയിലാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അദ്ദേഹം വല്ലാത്ത പരിഭ്രമത്തിലായിരുന്നു. താന്‍ കണ്ട കാഴ്ചകള്‍ അജിത്തിന്‍റെ മനസ്സിലേക്ക് ഓടിയെത്തി. രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ഗ്രൂപ്പ് ഒഫ് നാച്ച്വര്‍ ലവേഴ്സ് എന്ന പ്രകൃതി സ്നേഹികളുടെ സംഘടനയെ വിവരമറിയിച്ചു. ജനുവരി 29ന് അജിത്തിന്‍റെ നേതൃത്വത്തില്‍ നാലംഗസംഘം വലിയാനവട്ടത്തും ചെറിയാനവട്ടത്തുമായി പരിശോധനയ്ക്കിറങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്. എന്നാല്‍, കാട്ടുപാതയിലെയും വനത്തിലെയും മാലിന്യക്കൂന്പാരങ്ങള്‍ കണ്ട് സംഘം ഞെട്ടി. തങ്ങള്‍മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന് മനസ്സിലായ അജിത് കൂടുതല്‍ പേര്‍ക്ക് വിവരം കൈമാറി. പ്രകൃതി സ്നേഹികളുടെ ചെറുസംഘങ്ങളുണ്ടാക്കി. അഞ്ച് സ്ത്രീകളുള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ വനത്തെ പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ എത്തിച്ചേര്‍ത്തു. രണ്ടുദിവസം കൊണ്ട് 70 ചാക്ക് മാലിന്യമാണ് ചുമന്നുമാറ്റിയത്. ഭക്തരുടെ തിരക്കൊഴിഞ്ഞാല്‍ ആനകളുടെ വിഹാരകേന്ദ്രമായ കാട്ടില്‍ മാലിന്യം ശേഖരിച്ചുനടക്കവേ പലയിടത്തും അവയുടെ സാന്നിധ്യമറിഞ്ഞു. ചൂര് മാറാത്ത ആനപിണ്ഡം അതുറപ്പിച്ചു. ഈ പിണ്ഡങ്ങളിലെല്ലാം പ്ളാസ്റ്റ് അച്ചാര്‍ പാക്കറ്റുകള്‍, ജ്യൂസ് പായ്ക്കറ്റുകള്‍ എന്തിന് ഭക്തര്‍ ഉപേക്ഷിച്ച അടിവസ്ത്രം വരെയുണ്ടായിരുന്നു.

 

സന്നിധാനത്ത് പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങള്‍ ശക്തമാണെങ്കിലും കാനനപാതകളിലും കാട്ടിലും ഇവരുടെ സാന്നിധ്യമില്ല. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ കാട്ടുമൃഗങ്ങള്‍ ഭക്ഷിക്കുന്നു. കാട്ടാന ഉള്‍പ്പെടെയുളളവ എന്തും ഭക്ഷിക്കും. അച്ചാര്‍, പലഹാരപായ്ക്കറ്റുകളിലെ രസക്കൂട്ടുകളുടെ അവശിഷ്ടം കാരണം വന്യമൃഗങ്ങള്‍ ഇവ ആര്‍ത്തിയോടെ ഭക്ഷിക്കുന്നു. ഒടുവില്‍ ദഹനക്കേട് വന്ന് മരണത്തിന് കീഴടങ്ങുന്നു. കഴിഞ്ഞവര്‍ഷം ഒരു കാട്ടുപോത്തിനും മാനിനും ഇത്തരത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. ഇത്തവണ ഒരു പിടിയാനയാണ് ചരിഞ്ഞത്. പന്പാനദിയില്‍ ചീര്‍ത്തുവീര്‍ത്തുപൊട്ടിയ അതിന്‍റെ വയറിനുളളില്‍ നിന്ന് പ്ളാസ്റ്റിക് പുറത്തേക്ക് തളളിനില്‍ക്കുന്ന കാഴ്ച തങ്ങളെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചതെന്ന് അജിത്തും ജോണ്‍സണും പറയുന്നു. കാട്ടുപന്നികളും കൂട്ടമായി ചത്തൊടുങ്ങുന്നുണ്ട്.

 

മകരവിളക്കിന് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുന്നേയെത്തുന്ന ഭക്തര്‍ പ്രത്യേകിച്ചും തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുളളവരാണ് കാട്ടിനുളളിലെ മാലിന്യത്തിന് പ്രധാനകാരണക്കാരെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുളള സംവിധാനങ്ങള്‍ ഉപയോഗിക്കാതെ കാട്ടിനുളളില്‍ സംഘങ്ങളായി തന്പടിക്കുന്നു.പാചകം തുടങ്ങി എല്ലാം ഇവിടെയാണ്. പിന്നീട് പ്ളാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളും ഉള്‍പ്പെടെ ഇവിടെ ഉപേക്ഷിച്ച് സ്ഥലംവിടുന്നു. വഴിയോരക്കച്ചവടക്കാരും മാലിന്യം കാട്ടില്‍തളളുന്നത് പതിവാണ്. മാത്രമല്ല, സന്നിധാനത്തെ മാലിന്യപ്ളാന്‍റ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ പകുതി സംസ്കരിക്കപ്പെട്ട മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നു. ഇതും കാട്ടുമൃഗങ്ങള്‍ ആഹരിക്കുന്നു. ഈ മാലിന്യപ്ളാന്‍റില്‍ നിന്നുളള അഴുക്കുവെളളം പന്പയിലേക്കാണ് ഒഴുകിയെത്തുന്നത്. ടാര്‍ പോലെ കറുത്ത ഈ മലിനജലമാണ് മൃഗങ്ങള്‍ കുടിക്കുന്നത്. എല്ലാം കൊണ്ടും പുണ്യം തേടിയെത്തുന്നവര്‍ വലിയ പാപമാണ് ചെയ്യുന്നത്. കോടികളുടെ വരുമാനത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന ദേവസ്വംബോര്‍ഡിന് പാവം വന്യമൃഗങ്ങളുടെ ജീവന്‍ ഒരു പ്രശ്നമല്ല.
അവര്‍ക്ക് നാളെയും കോടികള്‍ വാരാം. പക്ഷേ, അപ്പോഴേക്കും അയ്യന്‍റെ പൂങ്കാവനത്തിലെ മിണ്ടാപ്രാണികള്‍ പിടഞ്ഞുതീരുമെന്ന് പ്രകൃതിസ്നേഹികള്‍ ആശങ്കപ്പെടുന്നു.

തങ്ങളുടെ ശുചീകരണപ്രവര്‍ത്തനം തുടരാണ് അജിത്തിന്‍റെയും കൂട്ടരുടെയും തീരുമാനം. കൂട്ടത്തില്‍ ഭക്തരെ ബോധവത്ക്കരിക്കാനും ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു