Friday 22 June 2018

ഫോണിലൂടെ അശ്ളീലം; വീട്ടില്‍ അതിക്രമിച്ചു കയറികോവ​ളം എംഎല്‍​എ പലതവണ പീഡിപ്പിച്ചെന്ന് വീട്ടമ്മ

By ബി.വി. അ​രുണ്‍​കു​മാര്‍ posted by subhalekshmi.22 Jul, 2017

imran-azhar

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പഴുതടച്ച അന്വേഷണവുമായി പൊലീസ്. കോവളം എംഎല്‍എ എം. വിന്‍സന്‍റിനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ച ശേഷം ആലോചിക്കുമെന്ന് കൊല്ളം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം. ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം അജിതാ ബീഗത്തെ ഏല്‍പ്പിച്ചത്. ഇന്നലെ ചോദ്യം ചെയ്യലിന് അനുമതി തേടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണു വിവരം. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണെന്ന് അജിതാ ബീഗം ബിഗ് ന്യൂസിനോടു പറഞ്ഞു.

 

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാഫലം ശാസ്ത്രീയമായ അന്വേഷണത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവ്, സഹോദരന്‍, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴി വീണ്ടും എടുത്തു. മൊഴിയില്‍ എംഎല്‍എയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. പലതവണ എംഎല്‍എ തന്നെ പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ ആരോപണം. അതിനു പുറമെ ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അജിതാ ബീഗത്തിനോടും മജിസ്ട്രേറ്റിനോടും വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് എംഎല്‍എയ്ക്കെതിരെ പീഡനത്തിന് കേസെടുത്തത്. ഇന്നലെ വീട്ടമ്മ താമസിക്കുന്ന സ്ഥലത്തെത്തി പൊലീസ് തെളിവെടുത്തിരുന്നു. ഇവരുടെ ഫോണ്‍വിളികള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

 

സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തത്. ഭര്‍ത്താവും മകനമും ഈ സമയം വീട്ടിലുണ്ടായിരുന്നില്ള. ആദ്യസംഭവം നടക്കുന്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്ര അയക്കാന്‍ പോയിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്.

 

ഇതിനുമുന്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനും നേര്‍ക്കുണ്ടാകുന്ന പ്രതികാരം ഭയന്ന് പുറത്തുപറഞ്ഞില്ള. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി. ഗത്യന്തരമില്ളാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തി. ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ളെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു.

 

ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.നാട്ടിലെ മെഡിക്കല്‍ ക്യാന്പില്‍ പങ്കെടുത്ത യുവതിയുടെ നന്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇയാളുടെ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ മൊബൈല്‍നന്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡനത്തില്‍ കലാശിക്കുകയും ചെയ്തതെന്ന് വീട്ടമ്മ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

രാജിക്കൊരുങ്ങി വിന്‍സന്‍റ്
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ രാജിക്കൊരുങ്ങി കോവളം എംഎല്‍എ എം. വിന്‍സന്‍റ്. തന്‍െറ രാഷ്ട്രീയ പ്രതിഛായ നഷ്ടപ്പെടുത്താന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ ആരോപണം. രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും വിന്‍സന്‍റ് പറഞ്ഞു. രാജി സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി വിന്‍സന്‍റിനെ അറിയിച്ചു. വെറുമൊരു ആരോപണത്തിന്‍റെ പേരില്‍ കളയാനുള്ളതല്ള എംഎല്‍എ സ്ഥാനം. ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളുടെ കാര്യങ്ങളില്‍ ഇടപെട്ട് മുന്നോട്ടു പോകാനും ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംഎല്‍എയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്. രാജിക്കാര്യം ചിന്തിക്കേണ്ട സ്ഥിതിയില്ളെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം ബാക്കി കാര്യം ആലോചിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എയ്ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവതിയുടെയും ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. വീട്ടമ്മയുടെ ഭര്‍ത്താവും എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഭര്‍ത്താവിന്‍റെ പരാതി.

 

ഇന്ന് ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കോവളം എംഎല്‍എ എം. വിന്‍സന്‍റിനെ ഇന്ന് ചോദ്യം ചെയ്തേക്കും. ഇതുസംബന്ധിച്ചുള്ള അനുമതിക്കായി ഇന്നലെ സ്പീക്കര്‍ക്ക് അജിതാ ബീഗം കത്ത് നല്‍കിയിരുന്നു. ഇന്നു ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് സംബന്ധിച്ച് തീരുമാനമുണ്ടാകും. പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിവരുന്നത്. രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്