Tuesday 19 March 2024




മടങ്ങിവന്ന മഹാതിര്‍, ആള്‍ക്കുട്ടത്തിനൊപ്പം പാഷിന്യാന്‍

By SUBHALEKSHMI B R.11 May, 2018

imran-azhar

പോയവാരം ലോകം രണ്ടു സുപ്രധാന തിരഞ്ഞെടുപ്പുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അര്‍മേനിയയിലും മലേഷ്യയിലുമാണ് ചരിത്രം വഴിമാറിയ തിരഞ്ഞെടുപ്പുകള്‍ നടന്നത്. അര്‍മേനിയയില്‍ വെല്‍വെറ്റ് പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ച മുന്‍മാധ്യമപ്രവര്‍ത്തകന്‍ നികോള്‍ പാഷിന്യാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മലേഷ്യയില്‍ 61 വര്‍ഷം ഭരണത്തിലിരുന്ന സഖ്യത്തെ മുട്ടുകുത്തിച്ച് 93~കാരനായ മഹാതിര്‍ മുഹമ്മദിന്‍റെ സഖ്യം വിജയിച്ചിരിക്കുന്നു. രണ്ടിടത്തെയും വിജയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. വിജയികള്‍ തമ്മിലും. ഒരാള്‍ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയപ്പോള്‍ രണ്ടാമന്‍ അധികാരത്തിന് വേണ്ടി സംഖ്യങ്ങള്‍ ചാടിക്കടന്നയാളാണ്. അര്‍മേനിയയുടെ നിയുക്ത പ്രധാനമന്ത്രി നികോള്‍ പാഷിന്യാനെ കുറിച്ചു തന്നെ ആദ്യം പറയാം. അര്‍മേനിയയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുളള വര്‍ത്തമാനപത്രമായ ദി അര്‍മേനിയന്‍ ടൈംസിന്‍റെ എഡിറ്ററായിരുന്നു അദ്ദേഹം. റോബര്‍ട്ട് കൊചാര്‍യാന്‍റെയും സെര്‍ഷ് സര്‍ക്സ്യാന്‍റെയും സര്‍ക്കാരുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ച പത്രമാണ് ദി അര്‍മേനിയന്‍ ടൈംസ്. 1999 മുതല്‍ ഈ മാധ്യമസ്ഥാപനത്തിന്‍റെ ചീഫ് എഡിറ്ററായി തുടരുന്ന പാഷിന്യാന്‍ തന്നെയായിരുന്നു ഈ സര്‍ക്കാരുകള്‍ക്കെതിരായ വാര്‍ത്തകളുടെ മുഖ്യപ്രഭവസ്ഥാനം. സെര്‍ഷ് സര്‍ക്സ്യാന്‍റെ ഭരണകൂടത്തെ നിയമവിരുദ്ധം എന്നാണ് പാഷിന്യാനും പ്രതിപക്ഷവും ഒരുപോലെ വിമര്‍ശിച്ചത്. 2000~ല്‍ ഇത്തരം നിരന്തര വിമര്‍ശനങ്ങളുടെ ഭാഗമായി നിരവധി മാനനഷ്ടക്കേസുകളും പാഷിന്യാനെതിരെയുണ്ടായി. 2008~ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പാഷിന്യാന്‍ ലെവന്‍ ടെര്‍~പെട്രോസ്യാനെ പിന്തുണയ്ക്കുകയും പെട്രോസ്യാനുവേണ്ടി ആളെക്കൂട്ടുന്നയാളായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അര്‍മേനിയന്‍ പൊലീസിന്‍റെ നോട്ടപ്പുളളിയായി മാറിയ പാഷിന്യാന്‍ ഒളിവില്‍ പോയി. 2009 ജൂണില്‍ ഒളിവു ജീവിതം അവസാനിപ്പിച്ച പാഷിന്യാന്‍ പൊലീസിന് മുന്പാകെ കീഴടങ്ങി. ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. 2011 മേയില്‍ പൊതുമാപ്പിലൂടെ സ്വതന്ത്രനായ നികോള്‍ പാഷിന്യാന്‍ പിന്നീട് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്രോസ്യാന്‍റെ നേതൃത്വത്തിലുളള പ്രതിപക്ഷ പ്രസ്ഥാനമായ അര്‍മേനിയന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നേതൃനിരയിലേക്കുയര്‍ന്ന പാഷിന്യാന്‍ 2012 മേയില്‍ നാഷണല്‍ അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി ജനപ്രീതി നഷ്ടപ്പെട്ട സൈര്‍ഷ് സര്‍ക്സ്യാന്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ഏപ്രിലില്‍
സാര്‍ക്സ്യാന്‍ രാജിവയ്ക്കുകയും ചെയ്തു. അക്രമരാഹിത്യത്തിലൂന്നിയ ഈ പ്രക്ഷോഭങ്ങള്‍ വെല്‍വെറ്റ് പ്രക്ഷോഭമെന്ന പേരിലാണ് അറിയപ്പെടുന്നത്. മേയ് ഒന്നിന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും മേയ് എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ പാഷിന്യാന്‍ വിജയിച്ചു. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്‍റ് അര്‍മേന്‍ സര്‍ക്സ്യാന്‍ പാഷിന്യാനെ ക്ഷണിച്ചു. അര്‍മേനിയയുടെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്പോള്‍ മുന്നില്‍ വെല്ലുവിളികള്‍ നിരവധിയാണ്. അദ്ദേഹം എതിര്‍ത്തുതോല്പിച്ച കക്ഷിക്കാണ് പാല്‍മെന്‍റില്‍ പ്രാതിനിധ്യം കൂടുതലെന്നതാണ് ഒന്നാമത്തെ വെല്ലുവിളി. അസര്‍ബയ്ജാന്‍ പ്രദേശത്തെ നാഗോര്‍ണോ~കരാബാഖ് പ്രശ്നമാണ് മറ്റൊന്ന്. ജനത്തിന്‍റെ പ്രതീക്ഷയ്ക്കൊത്തുയരുന്ന ഭരണം കാഴ്ചവയ്ക്കുക എന്നതും വെല്ലുവിളിയാണ്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വിജയം അവര്‍ക്ക് പതിച്ചുനല്‍കിയ പാഷിന്യാന് കേവലം വാചകമടികൊണ്ട് മാത്രം ജനപിന്തുണ നിലനിര്‍ത്താനാവില്ല.

 

 

 


 

എന്നാല്‍, മലേഷ്യയില്‍ കാര്യങ്ങള്‍ ഇപ്പോഴേ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. 61 വര്‍ഷത്തെ ബാരിസന്‍ നാഷനല്‍ സഖ്യത്തെ പൊളിച്ചടുക്കിയാണ് മഹാതിര്‍ മുഹമ്മദിന്‍റെ ‘പതാകന്‍ ഹരപന്‍' (പ്രതീക്ഷയുടെ സഖ്യം) അധികാരം പിടിച്ചത്. 222 സീറ്റുകളില്‍ 121 സീറ്റുകള്‍ നേടിയാണ് മഹാതിറിന്‍റെ പ്രതിപക്ഷസഖ്യം അധികാരം പിടിച്ചത്. പ്രധാനമന്ത്രി നജീബ് റസാഖിന്‍റെ നേതൃത്വത്തിലുള്ള ബാസിസാന്‍ നാഷണല്‍ സഖ്യത്തിനു 79 സീറ്റുകളെ നേടാനായുള്ളു. എന്നാല്‍, രാജാവ് ഇതുവരെ മഹാതിറിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതുമാത്രമല്ല നജീബ് റസാഖ് പരാജയം സമ്മതിച്ചിട്ടുമില്ല. പ്രതിപക്ഷാംഗങ്ങളെ വന്‍തുകയ്ക്ക് വിലയ്ക്കുവാങ്ങാനുളള നീക്കവും ശക്തമാണ്. മഹാതിറിന് പ്രധാനമന്ത്രിയാകാന്‍ ഭരണഘടനാപരമായ തടസ്സങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍, മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ അന്‍വര്‍ ഇബ്രാഹിമിന്‍റെ ഭാര്യ വാന്‍ അസീസയുടെ പേരാണ് പരിഗണിക്കപ്പെടുക. മഹാതിറിന്‍റെ പ്രതിപക്ഷ സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് അന്‍വര്‍ ഇബ്രാഹിമിന്‍റെ പി.കെ.ആര്‍ ആണ്.1957 ~ലാണ് മലേഷ്യ സ്വതന്ത്രമായത്. അന്നു മുതല്‍ ഒരേ സഖ്യത്തിന്‍റെ ഭരണം നിലനില്‍ക്കുന്ന രാജ്യമെന്ന ഖ്യാതിയുമുണ്ട്.  1957 മുതല്‍ 1970 വരെ ഉംനോ (യുണൈറ്റഡ് മലായ്സ് നാഷനല്‍ ഓര്‍ഗനൈസേഷന്‍) സഖ്യം ഭരിച്ചു. 1970~ല്‍ ഉംനോയുടെ നേതൃത്വത്തില്‍ ഒരുഡസനിലേറെ കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന സഖ്യമായ ബാരിസാന്‍ നാഷനല്‍ (ദേശീയ മുന്നണി) രൂപീകരിച്ചു. അന്നുമുതല്‍ ഇന്നുവരെ ബാരിസാന്‍ സഖ്യമാണ് ഭരിച്ചത്. മലേഷ്യയിലെ 3.20 കോടി ജനങ്ങളില്‍ പകുതി മലായ് വംശജരാണ്. ഇവരുടെ സ്വന്തം പാര്‍ട്ടി എന്നതാണ് ഉംനോയുടെയും അവര്‍ നയിക്കുന്ന ബാരിസാന്‍റെയും കരുത്ത്. എന്നാല്‍,  ചരിത്രത്തിലെ തന്നെ കടുത്ത വെല്ളുവിളിയാണ് ഉംനോയും ബാരിസാന്‍ നാഷനലും ഇത്തവണ നേരിട്ടത്. പടനയിച്ചത് ഈ സഖ്യത്തിന്‍റെ തന്നെ പഴയ പടക്കുതിരകളെന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. "വണ്‍ മലേഷ്യ' അഴിമതി ആരോപണമാണു നജീബ് ഭരണകൂടത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്.  തെക്കുകിഴക്കന്‍ ഏഷ്യയിലെ വന്‍ വികസനസാധ്യതയുള്ള മലേഷ്യയുടെ ദീര്‍ഘകാല സമഗ്രവികസനം ലക്ഷ്യമിട്ടു 2009ല്‍ രൂപവത്കരിച്ച വണ്‍ മലേഷ്യ ഡവലപ്മെന്‍റ ബര്‍ഹാദിലേക്ക് വിദേശത്തുനിന്നു ശതകോടികളാണ് ഒഴുകിയെത്തിയതെന്നും  ഇതില്‍ നിന്ന് ഏകദേശം 30,000 കോടി രൂപ നജീബ് റസാഖിന്‍റെ കുടുംബാംഗങ്ങള്‍ കൈവശപ്പെടുത്തിയെന്നുമാണ് ആരോപണമുയര്‍ന്നത്. ആരോപണങ്ങള്‍ നജീബ് നിഷേധിക്കുന്നതിനിടെ യുഎസിലും മറ്റും ഇവര്‍ വാങ്ങിക്കൂട്ടിയ സ്വത്തുവകകളില്‍നിന്നു 170 കോടി ഡോളര്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ യുഎസ് ആരംഭിച്ചു. ഇതോടെ പ്രതിപക്ഷപ്രചാരണങ്ങള്‍ക്ക് കരുത്തേറി. ജനവികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

 

 

 

 

നീണ്ടകാലം പ്രധാനമന്ത്രി ഒടുവില്‍ പ്രതിപക്ഷത്ത്
ബാരിസന്‍ നാഷനല്‍ സഖ്യത്തിന്‍റെ നേതാവായി മലേഷ്യ ഏറ്റവുമധികം കാലം ഭരിച്ചയാളാണ് മഹാതീര്‍ മുഹമ്മദ്. 1981 മുതല്‍ 2003 വരെ 22 വര്‍ഷം പ്രധാനമന്ത്രിപദമലങ്കരിച്ചു. മഹാതീറിന്‍റെ വിശ്വസ്തനും പാര്‍ട്ടിയിലും മന്ത്രിസഭയിലും രണ്ടാമനുമായിരുന്നു അന്‍വര്‍ ഇബ്രാഹിം. 1996~ല്‍ മഹാതീര്‍ ഏകാധിപത്യപ്രവണതകള്‍ കാണിച്ചതോടെ അന്‍വര്‍ ഇടഞ്ഞു. തുടര്‍ന്ന് മഹാതീര്‍ അന്‍വറിനെ പുറത്താക്കുകയും പിന്നീട് ലൈംഗിക ആരോപണമുന്നയിച്ച് ജയിലിലടയ്ക്കുകയും ചെയ്തു. ഇതു പ്രതികാരനടപടിയായി വിലയിരുത്തപ്പെട്ടു. 2003~ല്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ച മഹാതിര്‍ തന്‍റെ 2006~ല്‍ തനിക്ക് പ്രിയപ്പെട്ട അഹമ്മദ് ബദാവിയെ പ്രധാനമന്ത്രിയാക്കി. 2004~ല്‍ ജയിലില്‍ നിന്നിറങ്ങിയ അന്‍വര്‍ ഇതിനിടെ പ്രതിപക്ഷത്തുനിന്നുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. അപകടം മണത്ത പ്രധാനമന്ത്രി അബ്ദുല്ള അഹമ്മദ് ബദാവി 2008~ല്‍ പാര്‍ലമെന്‍റ് നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. അന്‍വറിനു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത (ജയിലില്‍നിന്നിറങ്ങി അഞ്ചു വര്‍ഷം) അവസാനിക്കുന്നതിനു മുന്‍പേ തിരഞ്ഞെടുപ്പു നടത്തുക എന്ന തന്ത്രമാണ് ബദാവി പരീക്ഷിച്ചത്. അതു വിജയിച്ചെങ്കിലും ബാരിസാന്‍ നാഷനലിനു ഭൂരിപക്ഷം കുറഞ്ഞു. തുടര്‍ന്ന് ബദാവിക്ക് പ്രധാനമന്ത്രിപദം നഷ്ടമായി പകരം മഹാതിറിന്‍റെ അനുഗ്രഹാശ്ശിസ്സുകളോടെ തന്നെ നജീബ് റസാഖ് അധികാരത്തിലെത്തി. പിന്നീട് ഉംനോയുമായി ഇടഞ്ഞ മഹാതിര്‍ ബാരിസന്‍ നാഷണല്‍ വിടുകയും അന്‍വറുമായി കൂട്ടുചേര്‍ന്ന് പ്രതിപക്ഷസഖ്യം രൂപീകരിക്കുകയും ചെയ്തു. ബാരിസണിനെ തോല്പിക്കാന്‍ 93~ാം വയസ്സിലും വലിയ പോരാട്ടവീര്യമാണ് മഹാതിര്‍ കാഴ്ചവച്ചത്. എന്നാല്‍ പഴയപടക്കുതിരയുടെ അധികാരമോഹങ്ങള്‍ ത്രിശങ്കുവിലാണ്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മഹാതിര്‍.