Thursday 27 June 2019
മലയാളസിനിമ വീണ്ടും തിളങ്ങുന്നു

By SUBHALEKSHMI B R.14 Apr, 2018

imran-azhar

ദേശീയ ചലച്ചിത്രപുരസ്കാരവേദിയില്‍ വീണ്ടും മലയാളത്തിന് സുവര്‍ണ്ണകാലം. ആകെ മുപ്പത്തിയാറ് വിഭാഗങ്ങളിലായി നല്‍കിയ പുരസ്കാരത്തില്‍ 10 എണ്ണവും മലയാളികള്‍ കരസ്ഥമാക്കി. മികച്ച സംവിധായകന്‍, അവലംബിത തിരക്കഥ~ജയരാജ് (ഭയാനകം), മികച്ച ഗായകന്‍~ ഡോ.കെ.ജെ.യേശുദാസ് (വിശ്വാസപൂര്‍വ്വം മന്‍സൂറിലെ പോയ്മറഞ്ഞ കാലം) , മികച്ച സഹനടന്‍~ഫഹദ് ഫാസില്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും) മികച്ച ഛായാഗ്രാഹകന്‍~നിഖില്‍ എസ്.പ്രവീണ്‍ (ഭയാനകം), മികച്ച സാമൂഹിക പ്രസക്തിയുളള ചിത്രം~ആളൊരുക്കം, മികച്ച തിരക്കഥ~സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍~ സന്തോഷ് രാമന്‍ (ടേക്ക് ഓഫ്), പ്രത്യേക ജൂറി പരാമര്‍ശം~ പാര്‍വ്വതി തിരുവോത്ത് (ടേക്ക് ഓഫ്), എന്നിങ്ങനെയാണ് പുരസ്കാരനേട്ടം. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ളേവ് ജനസിസ് എന്ന ചിത്രവും പുരസ്കാരം നേടി. ഇടയ്ക്ക് ദേശീയ പുരസ്കാരവേദിയില്‍ നിറംമങ്ങിയ മലയാളസിനിമ വീണ്ടും പഴയ പ്രൌഢിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. പുരസ്കാരപ്രഖ്യാപനത്തിനിടെ മലയാളസിനിമയെയും ഫഹദ് ഫാസില്‍, പാര്‍വ്വതി തുടങ്ങിയവരുടെ പ്രകടനത്തെയും സംവിധായകന്‍ ജയരാജിനെയും പ്രശംസിക്കുന്നതില്‍ ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പിശുക്കുകാട്ടിയില്ല. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ഫഹദിന്‍റെ പ്രകടനം ഹോളിവുഡ് താരങ്ങളെ വെല്ളുന്നതാണെന്നും സിനിമയുടേത് മികച്ച തിരക്കഥയും സംവിധാനവുമാണെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു. പാര്‍വ്വതി അവസാന നിമിഷം വരെ മികച്ച നടിക്കുളള പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടുവെന്നും മികച്ച പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

 

ജയരാജ്
ജയരാജിന് ഇത്തവണ ഇരട്ടിമധുരമാണ്. ഭയാനകത്തിലൂടെ മികച്ച സംവിധായകനുളള അവാര്‍ഡും അവലംബിത തിരക്കഥയ്ക്കുളള അവാര്‍ഡും ലഭിച്ചു. 1996~ല്‍ ദേശാടനം എന്ന സിനിമയ്ക്ക് മികച്ച മലയാള ചിത്രത്തിനുളള പുരസ്കാരം നേടിക്കൊണ്ടാണ് ഈ കോട്ടയംകാരന്‍ ദേശീയ പുരസ്കാരവേദിയില്‍ സാന്നിധ്യമറിയിക്കുന്നത്. 1997~ല്‍ കളിയാട്ടത്തിലൂടെ മികച്ച സംവിധായകനുളള പുരസ്കാരമെത്തി. 2001~ല്‍ ശാന്തം മികച്ച ചിത്രമായപ്പോള്‍ 2005~ല്‍ ദൈവനാമത്തില്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 2007~ല്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ചിത്രമായി വെളളപ്പൊക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 2014 ഒറ്റാല്‍ മികച്ച പരിസ്ഥിതി സംരക്ഷണചിത്രത്തിനുളള പുരസ്കാരനേടി. ഇപ്പോഴിതാ ഭയാനകത്തിലൂടെ രാജ്യത്തെ മികച്ച സംവിധായകനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 1992 മുതല്‍ 2015 വരെ അഞ്ച് സംസ്ഥാനചലച്ചിത്രപുരസ്കാരങ്ങളും ജയരാജ് നേടി. സുവര്‍ണ്ണമയൂര പുരസ്കാരം, സുവര്‍ണ്ണചകോരം തുടങ്ങിയവയും മറ്റനവധി രാജ്യാന്തരപുരസ്കാരങ്ങളും അദ്ദേഹം നേടി. അംഗീകാരങ്ങള്‍ വീണ്ടും ഇത്തരത്തില്‍ നല്ല ചിത്രങ്ങള്‍ ചെയ്യാനുളള പ്രോത്സാഹനമാണെന്നും സന്തോഷമുണ്ടെന്നും ജയരാജ് പ്രതികരിച്ചു.

 

പുരസ്കാരനിറവില്‍ വീണ്ടും ഗാനഗന്ധര്‍വ്വന്‍
വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ‘പോയ് മറഞ്ഞുവോ' എന്ന ഗാനം ആലപിച്ചതിന് ഗാനഗന്ധര്‍വ്വനെ തേടി എട്ടാമത്തെ ദേശീയ പുരസ്കാരമെത്തിയിരിക്കുന്നു. 25 തവണ മികച്ച ഗായകനുളള കേരള ചലച്ചിത്രപുരസ്കാരങ്ങളും അഞ്ചുതവണ തമിഴ്നാടിന്‍റെ മികച്ച ഗായകനുളള പുരസ്കാരവും നേടി. മികച്ച ഗായകനുളള ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് നാലു തവണ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയില്‍ പിറന്നത് വിവിധ ഭാഷകളിലായി ഗന്ധര്‍വ്വസ്വരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത് എഴുപതിനായിരത്തോളം ഗാനങ്ങള്‍.

 

ഫഹദ്ഫാസില്‍
ഫഹദ്ഫാസിലിന്‍റെ ആദ്യ ദേശീയ പുരസ്കാരമാണിത്. മലയാളത്തില്‍ ജനിച്ചത് കൊണ്ടാണ് തനിക്ക് ഇത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് ഫഹദ് ഫാസില്‍ പ്രതികരിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ ചെയ്യുന്പോള്‍ കൊമേഴ്സ്യല്‍ ഫാക്ടറിനെക്കുറിച്ച് പേടിയുണ്ടായിരുന്നു. പക്ഷേ, ദിലീഷിന് നല്ള പ്രതീക്ഷയായിരുന്നു. തൊണ്ടിമുതല്‍ ഷൂട്ടുചെയ്യുന്പോഴാണ് ജീവിതത്തില്‍ ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറിയത്. തനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ളായിരുന്നുവെന്നും എന്നാല്‍ സിനിമയക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഫഹദ് പറഞ്ഞു. പ്രമാണിയിലൂടെ അഭിനയത്തിന്‍റെ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഫഹദിലെ നടന്‍ അംഗീകരിക്കപ്പെട്ടത് ചാപ്പാകുരിശ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. അകം, ചാപ്പാകുരിശ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 2011~ലെ മികച്ച സഹനടനുളള സംസ്ഥാന ചലച്ചിത്രം പുരസ്കാരം നേടി. 2013~ല്‍ ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ പ്രകടനം സംസ്ഥാനത്തെ മികച്ച നടനുളള അംഗീകാരവും നേടിക്കൊടുത്തു. ഒരു മോഷ്ടാവിന്‍റെ സകല മാനറിസങ്ങളോടും കൂടി ഫഹദ് തകര്‍ത്തഭിനയിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.

 

 

തൊണ്ടിമുതലും ദൃക്സാക്ഷിയും
ബസിലെ മാലക്കളളന്‍റെ കഥ പറഞ്ഞ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. ഭാര്യയുടെ മാലയും ഭര്‍ത്താവിന്‍റെ പേരും മോഷ്ടിക്കുന്ന പഠിച്ച കളളനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമ മികച്ച മലയാള ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ്. പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ പറഞ്ഞു. "അവാര്‍ഡിനു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. കൂടുതല്‍ നല്ള ചിത്രങ്ങളൊരുക്കാന്‍ ഈ പുരസ്കാരം പ്രചോദനമാകും.മഹേഷിന്‍റെ പ്രതികാരത്തിനു ലഭിച്ച സ്വീകരണമാണു തൊണ്ടിമുതല്‍ ചെയ്യാന്‍ ധൈര്യം നല്‍കിയത്. കൂടുതല്‍ ഉത്തരാവാദിത്തവും പ്രചോദനവുമാണു സിനിമയുടെ വിജയങ്ങള്‍ നല്‍കുന്നത്. കൂട്ടായ്മയുടെ വിജയമാണു ഈ സിനിമ. പ്രേക്ഷകരുടെ സന്തോഷമാണു പ്രധാനം. സംസ്ഥാന , ദേശീയ പുരസ്കാരങ്ങളെ താരതമ്യം ചെയ്യാനില്ള. ഏറ്റവും മികച്ച സിനിമ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണെന്നു കരുതുന്നില്ള. മികച്ച സിനിമകളില്‍ ഒന്നു മാത്രമാണത്.'ദിലീഷ് പറഞ്ഞു.

 

നിഖില്‍ എസ് പ്രവീണ്‍

 

 

 


കോട്ടയം സ്വദേശിയാണ് നിഖില്‍ എസ് പ്രവീണ്‍. മട്ടക്കര ഹൈസ്ക്കൂള്‍ , ളക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ എന്നിവിടങ്ങളിലായി പഠനം. അതുകഴിഞ്ഞ് കൊച്ചിന്‍ മീഡിയ സ്ക്കൂളില്‍ ഛായാഗ്രഹണം മുഖ്യവിഷയമാക്കി പഠനം. തുടര്‍ന്ന് സിനിമയിലേക്ക്. നിഖില്‍ ഫീനിക്സ് എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്നുണ്ട്. കന്നി ചിത്രത്തിലൂടെ തന്നെ ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകനുളള പുരസ്കാരം നേടിയിരിക്കുകയാണ് ഈ യുവാവ്.

 

പാര്‍വ്വതി തിരുവോത്ത്

 


2006~ല്‍ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സാന്നിധ്യമറിയിച്ച നടിയാണ് പാര്‍വ്വതി. 2007~ല്‍ സത്യന്‍ അന്തിക്കാടിന്‍റെ വിനോദയാത്രയിലും ശ്രദ്ധേയമായ വേഷം ചെയ്തു. എന്നാല്‍ ആദ്യമായി നായികയായത് മിലാന എന്ന കന്നഡ ചിത്രത്തിലാണ് . 2008~ല്‍ കന്നഡയിലെ മികച്ച നടിക്കുളള പുരസ്കാരം പാര്‍വ്വതി നേടി. മരിയാന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പാര്‍വ്വതിയിലെ നടനവൈഭവം തെന്നിന്ത്യയില്‍ ചര്‍ച്ചയാകുന്നത്. എന്നു നിന്‍റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ മടങ്ങിവരവ് നടത്തിയ പാര്‍വ്വതി ചാര്‍ലി , ടേക്ക് ഒഫ് എന്നീ ചിത്രങ്ങളിലൂടെ പുരസ്കാരങ്ങള്‍ തുടര്‍ച്ചയായി നടിയെ തേടിയെത്തി. എന്നു നിന്‍റെ മൊയ്തീനിലെ പ്രകടനത്തിന് 2015~ലെയും ടേക്ക് ഓഫിലെ പ്രകടനത്തിന് 2017~ലെയും മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇപ്പോഴിതാ ടേക്ക്ഓഫിലെ പ്രകടനത്തിന് ജൂറി ചെയര്‍മാന്‍റെ അഭിനന്ദനവും ജൂറിയുടെ പ്രത്യേകപരാമര്‍ശവും നേടിയിരിക്കുന്നു.

 

സജീവ് പാഴൂര്‍

 


ഒരു സിനിമയ്ക്ക് തന്നെ സംസ്ഥാനദേശീയ പുരസ്ക്കാരങ്ങള്‍ തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ് തിരക്കഥാകൃത്തും എഴുത്തുകാരനും ഹ്രസ്വചിത്രകാരനുമായ സജീവ് പാഴൂര്‍. 1974 ഏപ്രില്‍ എട്ടിന് പിറവത്തിനടുത്ത് പാഴൂരിലാണ് ജനനം. ചെറുപ്പകാലത്തുതന്നെ എഴുത്തിന്‍റെ വഴി തിരഞ്ഞെടുത്തു. മാധ്യമപ്രവര്‍ത്തകനായിരുന്ന സജീവ് നിലവില്‍ ഇന്‍ഫര്‍ഫേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പില്‍ ജോലിചെയ്യുന്നു. 2011 ~ല്‍ അഗ്നിസാക്ഷിയുടെ സാക്ഷി എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് ചൂഡ്, സംഗീതം (ഡോക്യുമെന്‍ററി), എന്നിവയും ഒരുക്കി. 2013~ല്‍ ഹരികൃഷ്ണനൊപ്പം സ്വപാനത്തിന് തിരക്കഥയൊരുക്കികൊണ്ടാണ് സിനിമാരംഗത്തെത്തിയത്. ഷാജി.എന്‍.കരുണ്‍ ആണ് സ്വപാനം സംവിധാനം ചെയ്തത്. 2014~ല്‍ ഇന്ദ്രന്‍സിനെയും ഉര്‍വ്വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പൊന്‍മുട്ട എന്ന ചിത്രം പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ത്ഥ്യമായില്ല. തുടര്‍ന്നാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആര്‍.ശരത് സംവിധാനം ചെയ്ത സ്വയം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും സജീവ് പാഴൂരാണ്. പേരിടാത്ത ബിജുമേനോന്‍ ചിത്രത്തിനും മറ്റൊരു സുരാജ് വെഞ്ഞാറമൂട് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതും സജീവാണ്.

സന്തോഷ് രാമന്‍

 


""ടേക്ക് ഒഫ് കണ്ട് കോഴിക്കോട്ടുകാരനായ സുഹൃത്ത് വിളിച്ചു. ഇറാഖില്‍ എങ്ങനെ പോയെന്നാണ് അവന്‍ ചോദിച്ചത്. കോട്ടയത്ത് ടേക്ക് ഓഫിന്‍റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയേണ്ടത് ഇറാഖിലെ കാര്യമായിരുന്നു. എത്ര നാള്‍ ഇറാഖില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നുവെന്നായിരുന്നു അവര്‍ക്കറിയേണ്ടത്. ചോദ്യം പക്ഷേ ചാക്കോച്ചനോടായിരുന്നു. ചാക്കോച്ചന്‍ എന്നെ നോക്കി പറഞ്ഞു ദാ ആ താടിക്കാരനോട് ചോദിക്ക് , അദ്ദേഹമാണ് ഞങ്ങള്‍ക്ക് വേണ്ടി ഇറാഖ് സൃഷ്ടിച്ചതെന്ന്. ഇറാഖിലെ സുഹൃത്തുക്കളോട് ചോദിച്ച്, നഴ്സുമാരോട് വിശദമായി സംസാരിച്ച്, അക്കാര്യത്തില്‍ ഒരു ഗവേഷണം തന്നെ നടത്തിയ ശേഷമാണ് ഇറാഖിന്‍റെ സെറ്റ് ഒരുക്കിയത്. തിക്രിത്തിലെ ആശുപത്രിയുടെ സെറ്റ് രണ്ട് സ്റ്റുഡിയോകളിലാണ് സെറ്റ് ചെയ്തത്. 12 വര്‍ഷമായി സിനിമയിലുണ്ട്. പക്ഷേ, അംഗീകാരം തേടിയെത്തുന്നത് ആദ്യമാണ''~ ടേക്ക് ഒഫിലൂടെ രാജ്യത്തെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായ സന്തോഷ്രാമന്‍റെ അനുഭവമാണിത്. ശ്യാമപ്രസാദിന്‍റെ അകലെയുടെ സെറ്റൊരുക്കാന്‍ സഹായിച്ചുകൊണ്ടാണ് സന്തോഷ് സിനിമയിലെത്തിയത്. ജയരാജിന്‍റെ ആനച്ചന്തത്തിലൂടെ സ്വതന്ത്രപ്രൊഡക്ഷന്‍ ഡിസൈനറായി. തലശ്ശേരിക്കാരനാണ് സന്തോഷ് രാമന്‍.

 

ആളൊരുക്കം

 

 


മാധ്യമപ്രവര്‍ത്തകനായ വി.സി.അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ആളൊരുക്കം. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ദേശീയ അവാര്‍ഡാണ് ആളൊരുക്കത്തിന് ലഭിച്ചത്. രണ്ടു കുട്ടികളുടെ പിതാവായ, സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്ക് കാട്ടുന്ന പപ്പുപിഷാരടിയെന്ന ഓട്ടംതുളളല്‍ കലാകാരന്‍റെ ജീവിതമാണ് ചിത്രം അനാവരണം ചെയ്യുന്നത്. പിഷാരടിയുടെ ശകാരത്തെ തുടര്‍ന്ന് മകന്‍ ചെറുപ്പത്തില്‍ വീടുവിട്ടുപോകുന്നു. ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ് അവന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് പിഷാരടി. പക്ഷേ , അതുണ്ടായില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ തിരക്കി പപ്പു പിഷാരടി ഇറങ്ങുകയാണ്. ജീവിതസംഘര്‍ഷമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ പപ്പു പിഷാരടിയെ മികച്ചരീതിയില്‍ അവതരിപ്പിച്ചതിന് ഇന്ദ്രന്‍സ് 2017~ലെ മികച്ച നടനായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.

 

അനീസ്.കെ.മാപ്പിള

 

 


വയനാട്ടുകാരനായ ഈ യുവ മാധ്യമപ്രവര്‍ത്തകന്‍ ദേശീയ പുരസ്കാരത്തിളക്കത്തിലാണ്. കഥേതര വിഭാഗത്തിലാണ് അനീസിന്‍റെ സ്ളേവ് ജെനിസിസ് പുരസ്കാരം നേടിയത്. 60 മിനിട്ട് ദൈര്‍ഘ്യമുളള ചിത്രം പണിയസമുദായക്കാരുടെ ദുരിത ജീവിതം കോറിയിടുന്നു. കൂര്‍ഗിലെ ഇഞ്ചിത്തോട്ടത്തില്‍ നിന്നും എത്തിച്ച ഒരു സമുദായാംഗത്തിന്‍റെ മൃതദേഹത്തിലും ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളിലും ക്യാമറ മിഴിതുറക്കുന്നു. പശ്ചാത്തലത്തില്‍ മരണപ്പാട്ടാണ്. കല്‍പ്പറ്റയിലെ തന്‍റെ തറവാട്ടുവീട്ടില്‍ താമസിക്കുന്പോഴുണ്ടായ അനുഭവങ്ങളില്‍ നിന്നും കാഴ്ചകളില്‍ നിന്നുമാണ് ഈ ഡോക്യുമെന്‍ററിയുടെ പ്രമേയം ഉരുത്തിരിഞ്ഞതെന്ന് അനീസ് പറയുന്നു