Wednesday 12 December 2018


മാലദ്വീപില്‍ സുപ്രീം കോടതിയും സര്‍ക്കാരും കൊന്പുകോര്‍ക്കുന്പോള്‍

By SUBHALEKSHMI B R.07 Feb, 2018

imran-azhar

മാലദ്വീപില്‍ സുപ്രീം കോടതിയും സര്‍ക്കാരും കൊന്പുകോര്‍ക്കുന്പോള്‍ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും അശാന്തിയുടെ തിരമാലകള്‍ ഉയരുകയാണ്. വിനോദസഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന മാലദ്വീപില്‍ പരമോന്നതനീതിപീഠവും സര്‍ക്കാരും തമ്മിലുളള ഭിന്നത അടിയന്തരാവസ്ഥയിലെത്തി നില്‍ക്കുകയാണ്. തിങ്കളാഴ്ചയാണ് പ്രസിഡന്‍റ് അബ്ദുളള യാമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. യാമീന്‍ അധികാരത്തിലേറി നാലുവര്‍ഷവും രണ്ടുമാസവും 19 ദിവസവും പൂര്‍ത്തിയാകുന്പോള്‍ രാജ്യം അഭിമുഖീകരിക്കുന്ന രണ്ടാമത്തെ അടിയന്താരവസ്ഥയാണിത്. 2015~ല്‍ യാമീനുനേരെ വധശ്രമമുണ്ടായപ്പോഴും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

രാഷ്ട്രീയ അനിശ്ചിതത്വം മാലദ്വീപില്‍ നടാടെയല്ല. 1965 ജൂലായ് 26ന് മാലദ്വീപ് സ്വതന്ത്രമായത്. അതിനുശേഷം മൂന്നുവര്‍ഷക്കാലം സുല്‍ത്താന്‍ ഭരണത്തില്‍ തുടര്‍ന്നു. പിന്നീട് മുഹമ്മദ് ഫരീദ് ദിദിയായിരുന്നു അവസാനത്തെ സുല്‍ത്താന്‍. 1967~ല്‍ രാജശാസനത്തിന് കീഴില്‍ തുടരണമോ ജനാധിപത്യത്തിലേക്ക് മാറണമോ എന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ 44 അംഗങ്ങളില്‍ 40 പേരും റിപബ്ളിക് വാദത്തിനൊപ്പം നിന്നു. തുടര്‍ന്ന് 1968 മാര്‍ച്ച് 15ന് രാജ്യത്ത് നടത്തിയ ഹിതപരിശേധനയിലും 93.34% പേരും ഇതിനൊപ്പം നിന്നു.


ഇതോടെ അതേവര്‍ഷം നവംബര്‍ 18ന് 853 വര്‍ഷം നീണ്ട രാജവാഴ്ചയ്ക്ക് വിരാമമിട്ട് മാലദ്വീപ് റിപബ്ളിക് ആയി. സുല്‍ത്താന്‍ ഫരീദ് ദിദിയുടെ ഭരണകാലത്ത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ഇബ്രാഹിം നാസിര്‍ ആയിരുന്നു മാലദ്വീപ് റിപബ്ളിക്കിന്‍റെ ആദ്യപ്രസിഡന്‍റ്. നാസിറിന്‍റെ ഭരണകാലത്താണ് വിനോദസഞ്ചാരമേഖല വികസിച്ചു തുടങ്ങിയത്. 1977~ല്‍ രാജ്യത്തെ ആദ്യ കൃത്യമായ സെന്‍സസ് നടന്നു. ഇതുപ്രകാരം 142,832 ആയിരുന്നു ഇവിടത്തെ ജനസംഖ്യ. വിനോദസഞ്ചാര ഹബ്ബായി ദ്വീപസമൂഹം രാജ്യാന്തരശ്രദ്ധയാര്‍ജ്ജിക്കവേ പ്രഥമരാഷ്ട്രീയ അനിശ്ചിതത്വത്തിന് രാജ്യം വേദിയായി. നാസിര്‍ വിഭാഗവും എതിര്‍പക്ഷവുമായുളള രാഷ്ട്രീയഭിന്നത രൂക്ഷമാകുകയും പ്രധാനമന്ത്രി അഹമ്മദ് സാക്കിയെ അറസ്റ്റുചെയ്ത് നാടുകടത്തുകയും ചെയ്തു. രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കെ തന്നെയുണ്ടായ സാന്പത്തിക തകര്‍ച്ച നാസിറിന് വെല്ലുവിളിയാകുകയും രാജ്യഖജനാവില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളറുമായി സിംഗപൂരിലേക്ക് പലായനം ചെയ്യുകയും ചെയ്തു.

 

 

 

തുടര്‍ന്ന് പ്രോഗസ്സീവ് പാര്‍ട്ടി ഒഫ് മാലദ്വീപ് നേതാവായ മാമൂന്‍ അബ്ദുള്‍ ഗയൂം പ്രസിഡന്‍റായി. 2008 വരെ ഭരണത്തില്‍ തുടര്‍ന്ന ഗയൂമിന്‍റെ കാലത്ത് രാജ്യം രാഷ്ട്രീയ സ്ഥിരത കൈവരിക്കുകയും സാന്പത്തികാവൃദ്ധി നേടുകയും ചെയ്തു. വിനോദസഞ്ചാരമേഖല വികസിക്കുക്കയും രാജ്യാന്തരശ്രദ്ധനേടുകയും ചെയ്തു. എന്നാല്‍ നാസിര്‍ അനുകൂലികള്‍ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചകൊണ്ടിരുന്നു. ഗയൂം ഏകാധിപതിയാണെന്ന് അവര്‍ ആരോപിച്ചു. എണ്‍പതുകളില്‍ നാല് അട്ടിമറി ശ്രമങ്ങളും നാസിര്‍ പക്ഷം നടത്തി. 1980, 1983, 1988 വര്‍ഷങ്ങളിലായിരുന്നു ഇവ. ഇതില്‍ 1988~ലെ അട്ടിമറി ശ്രമത്തിന്‍റെ ഭാഗമായി പീപ്പിള്‍സ് ലിബറേഷന്‍ ഔര്‍ഗനൈസേഷന്‍ ഒഫ് തമിഴ് ഈഴത്തിന്‍റെ 80 കൂലിപ്പട്ടാളക്കാര്‍ മാലദ്വീപ് വിമാനത്താവളം പിടിച്ചെടുത്തു. പ്രസിഡന്‍റ് ഗയൂമിന് ജീവരക്ഷയ്ക്കായി വീടുകളില്‍ നിന്ന് വീടുകളിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. ഒടുവില്‍, ഇന്ത്യന്‍ പട്ടാളമിറങ്ങിയാണ് വിമാനത്താവളം തിരിച്ചുപിടിച്ച് മാലിയിലെ അട്ടിമറിശ്രമം പരാജയപ്പെടുത്തിയത്. അതേവര്‍ഷം തന്നെ ബിസിനസ്സുകാരനായ മുഹമ്മദ് ഇബ്രാഹിം ലത്വിയുടെ നേതൃത്വത്തിലുണ്ടായ അട്ടിമറിശ്രമവും ഇന്ത്യന്‍ സേനയുടെ സഹായത്തോടെ പരാജയപ്പെടുത്തി.

 

ഗയൂം ഭരണകൂടത്തിന്‍റെ അവസാനപാദത്തില്‍ ജനാധിപത്യപരിഷ്ക്കാരം ആവശ്യപ്പെട്ട് മാലദ്വീപില്‍ സ്വതന്ത്രപ്രസ്ഥാനങ്ങളുയര്‍ന്നുവന്നു. 2003~ല്‍ വിമതമാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് നഷീദ് മാലദ്വിപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിക്കുകയും രാഷ്ട്രീയ പരിഷ്ക്കാരങ്ങള്‍ക്കായി ഗയൂം ഭരണകൂടത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. 2008~ല്‍ രാജ്യത്ത് പുതിയ ഭരണഘടന നിലവില്‍ വരികയും ആദ്യത്തെ നേരിട്ടുളള പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഇതില്‍ എംപിപിക്ക് തിരിച്ചടി നേരിടുകയും നഷീദിന്‍റെ എംഡിപി അധികാരത്തിലേറുകയും ചെയ്തു. എന്നാല്‍ ഗയൂം സര്‍ക്കാര്‍ അവശേഷിപ്പിച്ച കടക്കെണിയുള്‍പ്പെടെ വലിയ വെല്ലുവിളികളാണ് നഷീദിനെ കാത്തിരുന്നത്. 2004~ലെ സുനാമിയും തുടര്‍ന്നുണ്ടായ സാന്പത്തികതകര്‍ച്ചയും, രുപിയയുടെ അമിതവിനിമയം, തൊഴിലില്ലായ്മ, അഴിമതി, മയക്കുമരുന്ന് ഉപയോഗത്തിലെ വര്‍ദ്ധന തുടങ്ങിയവ സര്‍ക്കാരിനെ പിടിച്ചുലച്ചു. രാജ്യത്താദ്യമായി ചരക്കുനികുതി ഏര്‍പ്പെടുത്തേണ്ടി വന്നു. സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതകള്‍ 2011 ആകുന്പോഴേക്കും ഉച്ചസ്ഥായിയിലെത്തി. 2012~ലെ സേനാ കലാപത്തെ (പൊലീസും പട്ടാളവും കലാപമുയര്‍ത്തി) തുടര്‍ന്ന് നഷീദ് രാജിവച്ചു. വൈസ്പ്രസിഡന്‍റായിരുന്ന മുഹമ്മദ് വഹീദ ഹസന്‍ പ്രസിഡന്‍റായി. തുടര്‍ന്ന് നഷീദ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യപ്പെടുകയും 13 വര്‍ഷം തടവിന് വിധിക്കപ്പെടുകയും ചെയ്തു. യുന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഒണ്‍ ആര്‍ബിറ്ററി ഡിറ്റന്‍ഷന്‍ പോലെയുളള സംഘടനകള്‍ നഷീദിന്‍റെ മോചനത്തിനായി വാദിച്ചു. 2013~ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ നഷീദ് പക്ഷം വന്‍ വിജയം നേടി. എന്നാല്‍ സുപ്രീം കോടതി ഇത് റദ്ദാക്കുകയും വീണ്ടും തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ മുന്‍പ്രസിഡന്‍റ് ഗയൂമിന്‍റെ അര്‍ദ്ധസഹോദരനും എംപിപി നേതാവുമായ അബ്ദുളള അമീന്‍ വിജയിക്കുകയും ചെയ്തു. ഗയൂം ഇന്ത്യയുമായുളള ബന്ധം ഊഷ്മളമായി നിലനിര്‍ത്തിയെങ്കില്‍ ചൈനയുമായുളള സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് യമീന്‍ ചെയ്തത്. ഇത് ഇന്ത്യയെ അലോസരപ്പെടുത്തിയിരുന്നു. മാത്രമല്ല, ഇസ്ളാമിന്‍റെ പശ്ചാത്യവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന യമീന്‍റെ നയങ്ങള്‍ രാജ്യാന്തരതലത്തില്‍ അസ്വസ്ഥതപടര്‍ത്തി. 2015~ലുണ്ടായ വധശ്രമത്തെ അതിജീവിച്ച യമീന്‍ ഭരണകൂടം വൈസ്പ്രസിഡന്‍റ് അഹമ്മദ് അദീബിനെയും 17 അനുഭാവികളെയും അറസ്റ്റുചെയ്തു. തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തെ നേരിടാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 

ഇപ്പോഴിതാ രണ്ടാമത്തെ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ് അബ്ദുളള യമീന്‍. മുന്‍പ്രസിഡന്‍റ് മുഹമ്മദ് നഷീദ്, വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പതു പ്രമുഖ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനും പാര്‍ലമെന്‍റില്‍നിന്നു പുറത്താക്കിയ 12 എംപിമാരെ തിരിച്ചെടുക്കാനുമുളള ഫെബ്രുവരി ഒന്നിലെ സുപ്രീംകോടതി ഉത്തരവാണ് ഇതിന് വഴിവച്ചത്.മുന്‍പ്രസിഡന്‍റ് മാമൂന്‍ അബ്ദുല്‍ ഗയൂമിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രസിഡന്‍റ് യമീനിന്‍റെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണു പ്രതിപകഷ നേതാക്കള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഉടനെ അവരെ വിട്ടയയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചത്.ഉത്തരവ് നടപ്പിലാക്കിയല്‍ 85 അംഗ പാര്‍ലമെന്‍റില്‍ എംപിപിക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്ന് അറിയാവുന്ന യമീന്‍ ഇതിന് വിസമ്മതിച്ചു. ഇതോടെ,സുപ്രീം കോടതിയും പ്രസിഡന്‍റും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായി. വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യമീന്‍ മൂന്നുകത്തുകളാണ് സുപ്രീംകോടതിക്ക് അയച്ചത്. എന്നാല്‍ നീതിപീഠം ഉത്തരവില്‍ ഉറച്ചുനിന്നു. കോടതിയുത്തരവ് അനുസരിക്കാത്തതിന് പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രീംകോടതിയുടെ നീക്കത്തിനെതിരെ അറ്റോര്‍ണി ജനറല്‍ രംഗത്തെത്തി. ഈ നീക്കം തടയാന്‍ പാര്‍ലമെന്‍റ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണ് യാമീന്‍ സര്‍ക്കാര്‍ ചെയ്തത്.

 

 


പാര്‍ലമെന്‍റിലെ വോട്ടെടുപ്പിലൂടെ മാത്രമേ പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനാകൂവെന്നും നിയമവിരുദ്ധരായ ഒരുസംഘം ആളുകളുടെ ഇംപീച്ച്മെന്‍റ് ഉത്തരവ് അനുസരിക്കരുതെന്നും പൊലീസിനും സൈന്യത്തിനും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ വ്യക്തമാക്കി. കോടതി ഉത്തരവിനോടൊപ്പം നില്‍ക്കുമെന്ന് നിലപാടെടുത്ത മാലദ്വീപ് പൊലീസ് മേധാവി അഹമ്മദ് അരീഫിനെ മിനിറ്റുകള്‍ക്കകം തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി സര്‍ക്കാര്‍ ഉത്തരവെത്തി. ഇതിനിടെ ഈ വര്‍ഷം അവസാനം നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് മുന്‍പ്രസിഡന്‍റ് മുഹമ്മദ് നഷീദ് വ്യക്തമാക്കിയതോടെ യാമീന്‍ പ്രതിരോധനടപടികള്‍ ശക്തമാക്കി. ഇതിന്‍റെ ആദ്യപടിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. തുടര്‍ന്ന് തിങ്കളാഴ്ച രാത്രി സുപ്രീം കോടതിയിലേക്ക് ഇരച്ചുകയറിയ സൈന്യം ചീഫ് ജസ്റ്റിസ് അബ്ദുളള സെയ്ദിനെയും അലി ഹമീദിനെയും അറസ്റ്റുചെയ്തു. മാത്രമല്ല മുന്‍ പ്രസിഡന്‍റും അര്‍ദ്ധ സഹോദരനുമായ മാമൂന്‍ അബ്ദുള്‍ ഗയൂമിനെയും അറസ്റ്റുചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുളളിലായിരുന്നു ഈ അറസ്റ്റുകളെല്ലാം. സുപ്രീം കോടതി സൈന്യം വളഞ്ഞിരിക്കുകയാണ്. ഈ അടി നീതിപീഠം വടികൊടുത്തു നേടിയതുമാണ്. നഷീദിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി കാര്യങ്ങള്‍ യമീന് അനുകൂലമാക്കിയത് സുപ്രീം കോടതിയാണ്. ആ അധികാരദണ്ഡുപയോഗിച്ചാണ് യമീന്‍ രാജ്യത്തെ നീതീന്യായവ്യവസ്ഥയെ ദണ്ഡിക്കുന്നത്.

അന്താരാഷ്ട്രസമൂഹം എതിര്
ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ യമീന്‍ ഭരണകൂടത്തിന്‍റെ ചെയ്തികള്‍ക്കെതിരാണ്. കോടതി ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ഇന്ത്യ, ശ്രീലങ്ക, യു.എസ്., ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള പ്രധാന സംഘടനകളും ആവശ്യപ്പെടുന്നത്. ചൈന ഇക്കാര്യത്തില്‍ മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സമ്മര്‍ദ്ദതന്ത്രമായി അടിയന്താരവസ്ഥ ഉപയോഗിക്കുന്നതിനെതിരെ ആംനസ്റ്റി ഇന്‍റര്‍നാഷണലും രംഗത്തെത്തിക്കഴിഞ്ഞു.

 

ഇന്ത്യന്‍മഹാസമുദ്രത്തിന്‍റെ നെക്ലസ്
അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സമൂഹമാണ് മാലിദ്വീപ് റിപ്പബ്ളിക്ക്. 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഭാഷ. മത്സ്യ~ബന്ധനവും തെങ്ങുകൃഷിയുമാണ് പ്രധാനതൊഴില്‍. ടൂറിസമാണ് പ്രധാന വരുമാനമാര്‍ഗ്ഗം. ഉണക്കമത്സ്യമാണ് പ്രധാനകയറ്റുമതി വിഭവം. 1887 മുതല്‍ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. കേരള തീരത്ത് നിന്ന് അടുത്താണ് മാലിദ്വീപ്.