Tuesday 19 March 2024




കുഞ്ഞിക്കയുടെ പാലത്തിലേറി മാണി ചെങ്ങന്നൂര്‍ക്ക്

By SUBHALEKSHMI B R.23 May, 2018

imran-azhar

ഇപ്പോള്‍ കാര്യങ്ങള്‍ ഒരു കരയ്ക്കെത്തിയിരിക്കുകയാണ്. മലപ്പുറത്തുകാരന്‍ കുഞ്ഞിക്ക വിഭാവനം ചെയ്ത പാലത്തിലേറി മാണി സാര്‍ ചെങ്ങന്നൂര്‍ക്ക് പോകാന്‍ തീരുമാനിച്ചുകഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചതായി മാണി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കു കെ.എം. മാണിയുടെ പാലായിലെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി ഉപസമിതി യോഗത്തിനു ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ചെങ്ങന്നൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ മാണി പങ്കെടുക്കുമെന്നാണു സൂചന. ഇതോടെ മാണി യുഡിഎഫിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളും ശക്തമാണ്. യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നുവെന്നതാണ് സത്യം. എന്നാല്‍, മുന്നണി പ്രവേശം തത്കാലം അജണ്ടയില്‍ ഇല്ലെന്നാണ് മാണി പറയുന്നത്. ഇപ്പോള്‍ ചെങ്ങന്നൂരിലെ നിലപാട് മാത്രമാണ് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങള്‍ നയപരമായതിനാല്‍ അതു പിന്നീടേ ഉണ്ടാവുകയുള്ളൂവെന്നും കെ.എം.മാണി പറഞ്ഞു. കഴിഞ്ഞ ദിവസം മാണിയുടെ വസതിയില്‍ ചേര്‍ന്ന ചര്‍ച്ചയ്ക്ക് ശേഷം യുഡിഎഫ് നേതാക്കളും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാണി യുഡിഎഫിലേക്ക് മടങ്ങിയെത്തണമെന്ന കാര്യത്തില്‍ മുന്നണി ഒറ്റക്കെട്ടാണ് എന്നാല്‍ ഒത്തു തീര്‍പ്പു ഫോര്‍മുലകളൊന്നും ചര്‍ച്ചയിലുണ്ടായിട്ടില്ളെന്നും അതിനു സമയമായിട്ടില്ളെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. 

 

2016 ആഗസ്റ്റിലാണ് മാണി യുഡിഎഫ് വിട്ടത്. കോട്ടയം ജില്ളാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫിനെ അധികാരത്തിലേറ്റുക കൂടി ചെയ്തതോടെ മാണി~കോണ്‍ഗ്രസ് ബന്ധം തീര്‍ത്തും വഷളായി. പിന്നീട് കണ്ടത് ഇടത്തേക്ക് ചായുന്ന മാണിയെ ആണ്. എന്നാല്‍ സിപിഐയും അച്യുതാനന്ദനും തുടക്കം മുതല്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഈ എതിര്‍പ്പ് പാടേ അവഗണിച്ച് സിപിഎം സംസ്ഥാനസമ്മേളനവേദി വരെ മാണിയെത്തി. ഇതിനിടെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. അതോടെ, എങ്ങനെയും മാണിയെ മുന്നണിയിലേക്ക് തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമമാരംഭിച്ചു. കെപിസിസി പ്രസിഡന്‍റ് എം.എം.ഹസന്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മാണി മടങ്ങിവരണമെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ മാണി മയപ്പെട്ടില്ല. ഇതിങ്ങനെ തുടര്‍ന്നാല്‍ പറ്റില്ലെന്ന് ലീഗ് നേതാവും എംപിയുമായ പി.കെകുഞ്ഞാലിക്കുട്ടി ഉറപ്പിച്ചു. യുഡിഎഫ് വിട്ടിട്ടും മാണിയുമായി അടുപ്പം പുലര്‍ത്തിയ യുഡിഎഫ് നേതാവാണ് കുഞ്ഞാലിക്കുട്ടി. ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണങ്ങളും പതിവാണ്. ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ കോണ്‍ഗ്രസിന് കൂടിയേ തീരു എന്നത് കോണ്‍ഗ്രസ് നേതാക്കളെ പോലെ കുഞ്ഞാലിക്കുട്ടിക്കും അറിയാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍ നേരത്തേ മാണിയെ കണ്ട് പിന്തുണ തേടിയിരുന്നു.

 

 

 

ഈ സാഹചര്യത്തിലാണ് യുഡിഎഫിലെ രണ്ടാമനായ ലീഗ് മുന്നിട്ടിറങ്ങിയത്. മേയ് 18ന് തിരുവനന്തപുരത്തുവച്ച് മാണിയും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. ജോസ് .കെ.മാണിയും ഒപ്പമുണ്ടായിരുന്നു. ഈ ചര്‍ച്ചയാണ് പാലയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പാലമിട്ടത്. ചര്‍ച്ച സൌഹൃദപരമായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ മാണി വിസമ്മതിച്ചു. എന്നാല്‍ ലീഗ് വിടാന്‍ ഭാവമുണ്ടായിരുന്നില്ല. മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫോണിലൂടെ മാണിയുമായി സംസാരിച്ചു. തുടര്‍ന്നും കുഞ്ഞാലിക്കുട്ടി ഇടപെട്ടതോടെ ചര്‍ച്ചയ്ക്ക് കളമൊരുങ്ങി. മാണിയെ കാണാന്‍ ഏതു സമയത്തും സന്നദ്ധമാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനല്‍കി. എന്നാല്‍ കൂടിക്കാഴ്ച സൌഹാര്‍ദപരമായിരിക്കണമെന്നും അതുകൊണ്ട് ഫലമുണ്ടാകണമെന്നുമുളള ഉപാധികള്‍ അവര്‍ മുന്നോട്ടുവച്ചു, അങ്ങനെയെങ്കില്‍ ചെങ്ങന്നൂര്‍ വിഷയത്തില്‍ മാണി നിലപാട് വ്യക്തമാക്കുന്നതിന് മുന്പുതന്നെ കൂടിക്കാഴ്ച നടത്തണമെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സന്ദേശങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. തിങ്കളാഴ്ച രാവില്െ ഇക്കാര്യത്തില്‍ അന്തിമ ധാരണയായി. തുടര്‍ന്ന് വൈകുന്നേരത്തോടെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്‍ എന്നിവര്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം പാലായിലെ മാണിയുടെ വസതിയിലേക്ക്. ഒന്നേകാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ജോസ് കെ.മാണി എംപിയും പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എല്ളാവര്‍ക്കും അറിയാമായിരുന്നതിനാല്‍ വിശദമായ രാഷ്ട്രീയ ചര്‍ച്ചയൊന്നുമുണ്ടായില്ള. മുറിവുകളുണക്കുന്ന സൌഹൃദ ചര്‍ച്ചയാണു നടന്നത്. അതിനിടെ എല്‍ഡിഎഫിലെ ഒരു വിഭാഗത്തിന്‍റെ മാണി വിരോധത്തെ കുറിച്ചും കഴിഞ്ഞ ദിവസം ഭരണപരിഷ്കാരകമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തില്‍ മാണിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞതുമെല്ലാം യുഡിഎഫ് നേതാക്കള്‍ മാണിയുടെ ശ്രദ്ധയില്‍ പെടുത്തി. യുഡിഎഫ് നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്കിടെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെ ഫോണില്‍ ബന്ധപ്പെട്ട് മാണി വിവരങ്ങള്‍ കൈമാറിയിരുന്നു. യുഡിഎഫ് നേതാക്കള്‍ മാണിയുമായി സമവായ ചര്‍ച്ചയ്ക്കെത്തിയതു പ്രധാനപ്പെട്ട കാര്യമാണെന്ന് ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. മാണിയുടെ ഇടത്ചായ്വിനോട് ജോസഫിന് തുടക്കംമുതലേ താല്പര്യമുണ്ടായിരുന്നില്ല. തിങ്കളാഴ്ചത്തെ ചര്‍ച്ചയോടെ ചെങ്ങന്നൂരിലെ നിലപാട് എന്താവണമെന്ന് മാണി ഉറപ്പിച്ചു. എന്നാല്‍, പാര്‍ട്ടിയുടെ പത്തംഗ ഉപസമിതി ചൊവ്വാഴ്ച യോഗം ചേരാനിരിക്കേ, അതിനു മുന്‍പു പ്രഖ്യാപനത്തിനു സ്വാഭാവികമായും മാണി തയാറായില്ള. യോഗത്തിന് ശേഷം മാണി യുഡിഎഫിനുളള പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേരളകോണ്‍ഗ്രസ് എമ്മിനെയും മാണിയെയും ചൊല്ലി ഇടതുമുന്നണിയില്‍ കലഹം തുടരുന്നതിനിടെ കണ്ടില്ലേ ചുണയുളള ആണ്‍പിളളാര് മാണിയെയും കൊണ്ട് പോയത് എന്ന് എല്‍ഡിഎഫിനെ നോക്കി ചിലര്‍ ചിരിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെ ആയിത്തീരുമെന്ന് ഈ പറഞ്ഞവരേക്കാള്‍ മുന്നേ ഇടതന്മാര്‍ ഗ്രഹിച്ചിരുന്നു. പിന്നെ ഒരു മുന്നണിയാകുന്പോള്‍ ചര്‍ച്ചകള്‍ നടക്കും. തിരഞ്ഞെടുപ്പാകുന്പോള്‍ ആരുടെയും വോട്ട് നിരാകരിക്കാനുമാവില്ല. അതാണ് സിപിഎം ചെയ്തത്. ചങ്കരന്‍ വീണ്ടും തെങ്ങിന്മേല്‍ തന്നെ എന്നതുപോലെ പ്രതീക്ഷ തെറ്റിക്കാതെ കെ.എം.മാണി യുഡിഎഫിനെ കൈവിട്ടില്ല.

വിജയം സുനിശ്ചിതം
പുതിയ സംഭവവികാസങ്ങള്‍ ചെങ്ങന്നൂരിലെ തങ്ങളുടെ വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫ് പക്ഷം. കേരള കോണ്‍ഗ്രസ് യുഡിഎഫിനെ പിന്തുണച്ചാലും തന്‍റെ ജയത്തെ ബാധിക്കില്ളെന്നു ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‍ പ്രതികരിച്ചു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകളുണ്ട്. എന്നാല്‍ പേടിയില്ള. പാര്‍ട്ടി എന്തു തീരുമാനിച്ചാലും നേതാക്കളും പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി