Tuesday 19 March 2024




ചെങ്ങന്നൂരിലെ വെറുക്കപ്പട്ടവന്‍ തോല്പിക്കേണ്ടതാരെ?

By SUBHALEKSHMI B R.03 May, 2018

imran-azhar


മേയ് 28~നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ്. മണ്ഡലം നിലനിര്‍ത്താന്‍ സിപിഎമ്മും തിരികെ പിടിക്കാന്‍ കോണ്‍ഗ്രസും താമര വിരിയിക്കാന്‍ ബിജെപിയും പ്രാചാരണമാമാങ്കമാണ് നടത്തുന്നത്. 2018 ജനുവരി മുതല്‍ എല്ലാ കക്ഷികളും പ്രചാരണം തുടങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് പ്രചാരണത്തിന്‍റെ തീവ്രത അല്പം കുറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മണ്ഡലം വിടുകയും ചെയ്തു. എന്നാല്‍ ഏപ്രില്‍ 26ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രചാരണരംഗം വീണ്ടും ചൂടുപിടിച്ചു. എങ്ങനെയും ചെങ്ങന്നൂരില്‍ വിജയിക്കണമെന്നതാണ് മൂന്നുമുന്നണികളും ലക്ഷ്യമിടുന്നത്. അതിനായി തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍, വോട്ടിനുവേണ്ടിയുളള പോരിനേക്കാള്‍ വലിയ അങ്കമാണ് കെ.എം. മാണിയുടെ പേരില്‍ നടക്കുന്നത്. നിലവില്‍ മുന്നണിരഹിതനായ മാണിസാറിന്‍റെ പാര്‍ട്ടിയുടെ വോട്ടിനെ ചൊല്ലിയാണ് അങ്കം. അങ്കത്തട്ടിലെ എതിരാളികള്‍ ചെങ്കൊടിക്കാരാണ്. ഇനിയൊരു താമര കൂടി അസംബ്ളിയില്‍ വിടരാതിരിക്കാന്‍ മാണിയുടെ കക്ഷിയുടെ വോട്ടാകാമെന്നാണ് സിപിഎം നയം. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ബിജെപിയാണ് മുഖ്യശത്രുവെന്നും വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ മതനിരപേക്ഷ കക്ഷികളുമായി ധാരണയാകാമെന്നും അംഗീകരിക്കപ്പെട്ടതോടെ ചെങ്ങന്നൂരില്‍ കേരളകോണ്‍ഗ്രസിന്‍റെ പിന്തുണ തേടുന്നതില്‍ യാതൊരു അപാകതയുമില്ലെന്ന നിലപാടില്‍ സിപിഎം ഒന്നുകൂടി ഉറച്ചുനില്‍ക്കുന്നു. ഇതിനും എത്രയോ മുന്പു തന്നെ ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ സിപിഎം സ്ഥാനാര്‍ത്ഥി തേടുകയും ചെയ്തു. എന്നാല്‍, മാണി യുഡിഎഫ് വിട്ട് ഇടതുപക്ഷത്തേക്ക് നോക്കാന്‍ തുടങ്ങിയതുമുതല്‍ ഉറയില്‍ നിന്നൂരിപ്പിടിച്ച വാളുമായി നില്‍ക്കുകയാണ് പ്രധാന ഘടകക്ഷിയായ സിപിഐ. മാണിയെ കൊളളാനാവില്ലെന്ന് പല തവണ പറഞ്ഞു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും സിപിഐ മാറുന്നില്ലെന്നതാണ് കൌതുകം. കൊല്ലത്തെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനിടെയും സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ആ വെടി പൊട്ടിച്ചു. ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ട. അല്പം കൂടി കടുത്ത പ്രയോഗമാണ് ബിനോയ് വിശ്വം നടത്തിയത്. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്‍റെ മുഖമാണെന്നാണ് ബിനോയ് തുറന്നടിച്ചത്. മാണിയുടെ അഴിമതി രാഷ്ട്രീയം ഇടതുമുന്നണി പലവട്ടം തുറന്നുകാട്ടിയിട്ടുണ്ട്. സിപിഐയും സിപിഎമ്മും ഇക്കാര്യം ചെയ്തിട്ടുണ്ട്. ഇതെല്ളാം മറന്ന് ഒരു സുപ്രഭാതത്തില്‍ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാല്‍, ചെങ്ങന്നൂരില്‍ ആരുടെ വോട്ട് വേണമെന്നത് മുന്നണിയാണ് തീരുമാനിക്കുന്നതെന്നും ഘടകകക്ഷിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചതോടെ മാണിയെ ചൊല്ലി ഇടതുമുന്നണിയിലെ തര്‍ക്കം വീണ്ടും സജീവമായി...പൂര്‍വ്വാധികം ശക്തവും.

 


ഇതോടെ മാണിയും കേരള കോണ്‍ഗ്രസും സിപിഐക്കെതിരെ രംഗത്തെത്തി. കേരള കോണ്‍ഗ്രസിന്‍റെ വോട്ടു വേണ്ടെന്ന നിലപാടിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷിയെയാണ് സിപിഐ ലക്ഷ്യമിടുന്നതെന്ന് കെ.എം.മാണി ആരോപിച്ചു. കാനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെങ്ങന്നൂരിലെ ഇടതുസ്ഥാനാര്‍ത്ഥി സിപിഎമ്മുകാരനായതുകൊണ്ട് അദ്ദേഹം ജയിക്കരുതെന്നാണ് കാനത്തിന്‍റെ ആഗ്രഹമെന്നും ഒരു പടികൂടി കടത്തിയായിരുന്നു മാണിയുടെ മറുപടി. ഒരേസമയം സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനാണു സിപിഐ കേരളാ കോണ്‍ഗ്രസ് വിരോധം ഛര്‍ദ്ദിക്കുന്നതെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സ്റ്റീഫന്‍ ജോര്‍ജ്ജും രംഗത്തെത്തിയതോടെ സിപിഎം~കേരള കോണ്‍ഗ്രസ് പരസ്യവാക്പോരും കടുത്തു. സിപിഐ നേതൃത്വത്തിന്‍റെ അഴിമതിക്കെതിരായ ചര്‍ച്ചകളില്‍നിന്ന് ഗതി തിരിച്ചുവിടാനാണ് കാനം രാജേന്ദ്രന്‍ പരിശ്രമിക്കുന്നതെന്നും തിരുവനന്തപുരം ലോക്സഭാ സീറ്റ് വിദ്യാഭ്യാസ കച്ചവടക്കാരന് വിറ്റ് തുലച്ച സിപിഐ നേതൃത്വം സ്വന്തം മുന്നണിയുടെ സീറ്റും കച്ചവടം നടത്താന്‍ കമ്മീഷന്‍ പറ്റിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കേരളം കണ്ട കൊടിയ അഴിമതിക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സിപിഐ എന്നും വയനാട്ടിലെ വിജയന്‍ മുതല്‍ എംഎന്‍ സ്മാരകത്തിലെ രാജേന്ദ്രന്‍ വരെ നീളുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാരുടെ ശൃംഖലയായി മാറിയ സിപിഐ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത് പരിഹാസ്യമാണെന്നും സ്റ്റീഫന്‍ ജോര്‍ജ് ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് വിരുദ്ധത കാനവും അദ്ദേഹത്തിന്‍റെ ഫാന്‍സ് അസോസിയേഷന്‍കാരും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സ്വന്തം അഴിമതിക്കെതിരായി പാര്‍ട്ടിയില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഉയരുന്ന വിമര്‍ശനങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കലാണെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതി വന്നതോടെ ചെങ്ങന്നൂരില്‍ ആരുടെയും വോട്ടുവേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കാനം രംഗത്തെത്തി. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്നും ഇടത് സ്ഥാനാര്‍ഥി ജയിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും കാനം പറഞ്ഞു. എന്നാല്‍, വെറുക്കപ്പെട്ടവന്‍ എന്ന ബിനോയ് വിശ്വത്തിന്‍റെ പരാമര്‍ശവും കാനത്തിന്‍റെ നിലപാടും മാണിയെയും കൂട്ടരെയും ഒട്ടൊന്നുമല്ല ചൊടിപ്പിച്ചത്. ആര്‍ക്ക് വോട്ടുചെയ്യണമെന്ന് ചെങ്ങന്നൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നും കേരള കോണ്‍ഗ്രസ് ആര്‍ക്കൊപ്പമാണോ അവരാകും ചെങ്ങന്നൂരിലെ വിജയിയെന്നും മാണി വെല്ലുവിളിയുയര്‍ത്തി. നിലവിലെ സാഹചര്യത്തില്‍ സംഗതി ശരിയാണ്. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയും . ശോഭനാ ജോര്‍ജ്ജ് ഇടതിനൊപ്പമാണ്. മാണി കൂടിയെത്തിയാല്‍ ഇടതുപാളയം സുശക്തമാകും. ശോഭനയില്‍ നിന്നും മാണിയില്‍ നിന്നും വെല്ലുവിളി നേരിടുന്ന കോണ്‍ഗ്രസിന്‍റെ നില ഭദ്രമാണെന്ന് പറയാനാവില്ല. സ്ഥാനാര്‍ത്ഥിയും പുതുമുഖം. അതുകൊണ്ടു തന്നെ മാണിയെ തിരികെ മുന്നണിയിലെത്തിക്കാനുളള അണിയറ നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മാണി യുഡിഎഫിലെത്തണമെന്നാണ് ആഗ്രഹമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസവും ആവര്‍ത്തിച്ചിരുന്നു. മാണി ആരെയും പിന്തുണയ്ക്കേണ്ടെന്ന് തീരുമാനിച്ചാല്‍ ചെങ്ങന്നൂരില്‍ ചെന്താമര വിരിഞ്ഞേക്കും. കാരണം ബിജെപി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിളളയ്ക്ക് മണ്ഡലത്തില്‍ സ്വാധീനമുണ്ട്. ചില കാര്യങ്ങളെ ചൊല്ലി ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനും മണ്ഡലത്തില്‍ സ്വാധീനമുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ എന്‍ഡിഎയെ പിന്തുണച്ചേക്കുമെന്ന സൂചന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ നല്‍കുകയും ചെയ്തു. അതായത്, ബിജെപി വിരുദ്ധതയിലേക്ക് ബിഡിജെസ് എത്തിയിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ എന്‍ഡിഎ ദേശീയ നേതൃത്വം ചില വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറായാല്‍ ബിഡിജെഎസ് താമരയ്ക്ക് തുണയാകും. തദവസരത്തിലാണ് ചെങ്ങന്നൂരില്‍ സിപിഐക്ക് വീണ്ടുവിചാരം ഉണ്ടാകണമെന്ന വാദം പ്രസക്തമാകുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ബന്ധമാകാമെന്ന് കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട കരട് പ്രമേയത്തിലും ആവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നു. അപ്പോഴും കേരളകോണ്‍ഗ്രസിനോട് മയമില്ല. യുഡിഎഫ് ഭരണകാലത്ത് കേരള കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടതും നാണംകെട്ടതും കോണ്‍ഗ്രസ് ആണ്. ആ കോണ്‍ഗ്രസുമായി കൂട്ടുകൂടാമെങ്കില്‍ ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്‍റെ പിന്തുണ തേടുന്നതില്‍ എന്താണ് തെറ്റെന്നാണ് മറുചോദ്യമുയരുന്നത്. ചുരുക്കത്തില്‍ ചെങ്ങന്നൂരിലെ വെറുക്കപ്പെട്ടവന്‍ ആരെ തോല്പിക്കണമെന്ന് തീരുമാനമെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.