Tuesday 21 May 2019


മാണി അന്ന് മാരണം...ഇന്ന് മാരന്‍; മൂവര്‍സംഘത്തിനെതിരെ കലാപക്കൊടി

By subbammal.09 Jun, 2018

imran-azhar

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്, വിശിഷ്യാ കെ എം മാണിക്ക്് അടിയറ വയ്ക്കാനുളള തീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം തുടരുകയാണ്. തങ്ങളെ വിഡ്ഢികളാക്കിയ മൂവര്‍സംഘത്തിനെതിരെ മുന്‍നിര നേതാക്കള്‍ മാത്രമല്ല താഴെത്തട്ടിലും ഗ്രൂപ്പ് ഭേദമെന്യേ അമര്‍ഷം പുകയുകയാണ്. തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്ന് ഈ കളികളൊക്കെ കളിച്ചതെന്നാണ് അണികളുടെയും മറ്റ് നേതാക്കളുടെയും അഭിപ്രായം. മുതിര്‍ന്ന നേതാക്കളോട് പോലും ചര്‍ച്ച ചെയ്യാതെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതും അതിലേക്ക് ഹൈക്കമാന്‍ഡിനെ എത്തിച്ചതും ഇവരുടെ കുതന്ത്രമാണ്. വിവാദവിഷയങ്ങള്‍ വരുന്പോള്‍ വിശ്വസ്തരായി കൊണ്ടുനടക്കുന്നവരെ പോലും ചര്‍ച്ചകളില്‍ പങ്കാളിയാക്കിയില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനല്ല മാണിയെ കൊണ്ടുവന്നതെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. രാജ്യസഭാ സീറ്റിനെ ചൊല്ലി യുവരക്തം തിളച്ചപ്പോള്‍ മൌനം പാലിച്ചവര്‍ പോലും ഇപ്പോള്‍ വിമര്‍ശനവടിയെടുത്തു കഴിഞ്ഞു. രാജ്യസഭാ സീറ്റ് തീരുമാനിക്കുന്പോള്‍ കോണ്‍ഗ്രസിലെ പൊതുവികാരം പരിഗണിക്കേണ്ടതായിരുന്നും ഇതില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം രമേശും ഹസനും കുറ്റക്കാരാണെന്ന സൂചനയാണ് തിരുവഞ്ചൂര്‍ നല്‍കിയത്. പലയിടത്തും കോണ്‍ഗ്രസിലെ കലാപം തെരുവിലിറങ്ങി. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ നേതാക്കള്‍ അനുനയ ശ്രമം തുടങ്ങിയിട്ടുണ്ട്. മുന്നണി ശക്തിപ്പെടുത്താന്‍ നടത്തിയ നീക്കം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമോയെന്ന ആശങ്കയും പാര്‍ട്ടിനേതൃത്വത്തിനുണ്ട്.

 

മാണിയുടെ പിന്തുണ ചെങ്ങന്നൂരില്‍ എന്ത് അത്ഭുതമാണ് കാട്ടിയത്. പാലായിലെ ഇട്ടാവട്ടത്തെ മലയോര പാര്‍ട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് പച്ചതൊടില്ലെന്ന് ആരാണ് കരുതുന്നത്. ബിജെപിക്കെതിരെ ആളെക്കൂട്ടാന്‍ ത്യാഗിയുടെ വേഷമണിഞ്ഞിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷനെയും അദ്ദേഹത്തിന് കീ ജയ് വിളിക്കുന്ന ദേശീയനേതൃത്വത്തെയും ആരാണ് ഈ പച്ചക്കളളം പറഞ്ഞുധരിപ്പിച്ചത്. എന്തിനാണ് ഹൈക്കമാന്‍ഡിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ച് യുഡിഎഫില്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ യഥാര്‍ത്ഥലക്ഷ്യമെന്താണ്? എന്നിങ്ങനെ ചോദ്യങ്ങള്‍ ഉയരുകയാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഇത്രയും വലിയ പൊട്ടിത്തെറി കോണ്‍ഗ്രസില്‍ അടുത്തകാലത്ത് ഇതാദ്യമാണ്. സ്വന്തം ഗ്രൂപ്പുകളില്‍ നിന്നു പോലും രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും നേരിടേണ്ടിവരുന്നതു കടുത്ത വിമര്‍ശനമാണ്. കൂടെ നില്‍ക്കുന്നവരെപ്പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണവര്‍ക്കുളളത്. രാജ്യസഭ വോട്ടെടുപ്പ് 21 ന് നടക്കാനിരിക്കെ യുവ എംഎല്‍എമാരെ അടക്കം അനുനയിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും. കോണ്‍ഗ്രസില്‍ ന്യൂനപക്ഷപ്രീണനം പ്രത്യേകിച്ചും ക്രിസ്ത്യന്‍, മുസ്ളീം പ്രീണനം അല്പം കൂടുതലാണെന്ന ആരോപണം പണ്ടു മുതല്‍ക്കേയുണ്ട്. ഒപ്പം മുതിര്‍ന്ന നേതാക്കളുടെ അധികാരക്കൊതിയും ചില അവസരങ്ങളില്‍ തലപൊക്കുന്ന മക്കള്‍ രാഷ്ട്രീയവും കോണ്‍ഗ്രസില്‍ കാലാകാലങ്ങളില്‍ കലാപകാരണമായി. ന്യൂനപക്ഷപ്രീണനം മൂലം ബിജെപിയിലേക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ ഒഴുകുന്നുവെന്ന വിലയിരുത്തലുകളും നിലനില്‍ക്കുന്നു. അപ്പോഴാണ് കൂനിന്മേല്‍ കുരുപോലെ രാജ്യസഭാ സീറ്റിലെ അട്ടിമറി. കോണ്‍ഗ്രസ് നാശത്തിന്‍റെ പാതയിലേക്കെന്ന് വി.എം.സുധീരന്‍റെ അഭിപ്രായം തന്നെയാണ് ഭൂരിപക്ഷാഭിപ്രായം. മാണി യുഡിഎഫ് യോഗത്തിലേക്കെത്തിയതു കണ്ട് ഇറങ്ങിപ്പോകവേയാണ് സുധീരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും ഇതിനോട് യോജിക്കുന്നു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ബിജെപിക്കു കേരളത്തില്‍ വളരാനുള്ള സാഹചര്യമുണ്ടാക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ചെങ്ങന്നൂരില്‍ ഗതിമാറിയൊഴുകിയത് കോണ്‍ഗ്രസ് വോട്ടുകളാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തലുകളുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചാലും കേരളത്തില്‍ അത് സംശയമാണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് മാണിയുടെ രാജ്യസഭാ സീറ്റ് വലിയ ദുരന്തമാകും.

 

 

ജൂണ്‍ മുതല്‍ ജൂണ്‍ വരെ
2017 ജൂണില്‍ നിന്ന് 2018 ജൂണിലെത്തുന്പോള്‍ വെറുക്കപ്പെട്ടവന്‍ പ്രിയപ്പെട്ടവനാകുകയും ആ തിരിച്ചുവരവിന് കാരണക്കാരായവര്‍ വെറുക്കപ്പെട്ടവരാകുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. 2017 ജൂണ്‍ 10ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ മുഖപ്രസംഗത്തിന്‍റെ തലക്കെട്ട് മാണി എന്ന മാരണം ആയിരുന്നു. യുഡിഎഫിനകത്തുനിന്ന് മുഖ്യമന്ത്രിയാകാന്‍ മാണി കളിച്ച കളികള്‍ വരെ വീക്ഷണം തുറന്നടിച്ചു. മാണി മുന്നണി വിട്ടതിലുളള പ്രതിഷേധമായിരുന്നു മുഖപ്രസംഗത്തില്‍ ജ്വലിച്ചത്. ഇടതുമുന്നണി പ്രവേശനം എന്നത് മലര്‍പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് മനസ്സിലായപ്പോഴാണ് മാണി കുഞ്ഞാലിക്കുട്ടിയുടെ പാലത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിക്കയറിയത്. അവസരത്തിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാനും താന്‍ അനിവാര്യഘടമാണെന്ന് വേണ്ടപ്പെട്ടവരെ ധരിപ്പിക്കാനുമുളള കഴിവ് മാണി സാറിന് സ്വതസിദ്ധമാണ്. ആ തന്ത്രം സ്ഥാനമോഹികളായ ചിലരില്‍ വേണ്ടപ്പെട്ടയാള്‍ വഴിയെത്തിച്ചപ്പോള്‍ മാണി ലക്ഷ്യം കണ്ടു. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ അവസ്ഥയെന്താകുമെന്ന് കണ്ടറിയണം.