By SUBHALEKSHMI B R.07 Jun, 2018
""73 വര്‍ഷത്തിനിടയില്‍ നാലാമത്തെയാള്‍ എന്നത് അഭിമാനിക്കാവുന്ന വകയായി ഞാന്‍ കരുതുന്നില്ല. പക്ഷേ നമ്മള് ശരിയായ പാതയിലാണ് എന്നതോര്‍ത്ത് സന്തോഷിക്കുന്നു''~ ഐക്യരാഷ്ട്രസഭ പൊതുസഭയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസിന്റെ പ്രതികരണമാണിത്. 193 അംഗങ്ങളുളള പൊതുസഭയുടെ അധ്യക്ഷയായി ഒരു വനിതയെത്തുന്നത് ഇത് നാലാമതാണ്. 73 വര്‍ഷത്തെ ചരിത്രത്തില്‍ നാലാമത്തെ വനിത. ആ വിശേഷണത്തോടാണ് ഗാര്‍സെസ് ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യയുടെ വിജയലക്ഷ്മി പണ്ഡിറ്റാണ് പൊതുസഭയുടെ ആദ്യവനിതാ പ്രസിഡന്റ്. 1953~ല്‍ പൊതുസഭയുടെ എട്ടാമത് മേധാവിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. ആഫ്രിക്കയുടെ ആംഗി എലിസബത്ത് ബ്രൂക്ക്സ് (1969), ബഹ്റിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലിഫ (2006) എന്നിവരാണ് ഗാര്‍സെസിന്റെ മറ്റ് മുന്‍ഗാമികള്‍. ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്ളോറസ് ഫ്ളേക്കിനെ 62ന് എതിരെ 128 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗാര്‍സെസ് ചരിത്രനേട്ടം കൊയ്തത്. പൊതുസഭയുടെ ചരിത്രത്തില്‍ രണ്ടു സ്ത്രീകള്‍ മത്സരാര്ത്ഥികളാകുന്നതും ആദ്യമായാണ്. പൊതുസഭയുടെ നിലവിലെ പ്രസിഡന്റ് സ്ളോവാക്യയുടെ മിറോസ്ളാവ് ലജ്കാക് സെപ്റ്റംബറില്‍ സ്ഥാനമൊഴിയും. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് 54~കാരിയായ ഗാര്‍സെസ് ഈ പദവി അലങ്കരിക്കുക. യുഎസ് എംബസി ജെറുസലേമിലേക്ക് മാറ്റാനുളള നീക്കമാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. ഹോണ്ടൂറാസ് അമേരിക്കന്‍ പക്ഷത്തായിരുന്നു. എന്നാല്‍, ഇക്വഡോര്‍ എതിര്‍പക്ഷത്തും. ഈ പിന്തുണ നിര്‍ണ്ണായകമാകുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.
1964~ല്‍ വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സാലമാന്കയിലാണ് എസ്പിനോസ ഗാര്‍സെസ് ജനിച്ചത്. 1980~കളില്‍ ബിരുദധാരിയായി. ഫ്രഞ്ച് , ഇംഗ്ളീഷ് ഭാഷകളില്‍ പ്രവീണയായ ഗാര്‍സെസിന്റെ ആദ്യതാല്പര്യങ്ങള് കവിതയും പരിസ്ഥിതിശാസ്ത്രവുമായിരുന്നു. പിന്നീട് രാഷ്ട്രീയത്തിലേക്കെത്തി. റാഫേല്‍ കൊറിയ പ്രസിഡന്റായിരുന്നപ്പോള്‍ ഇക്വഡോറിന്റെ വിദേശ കാര്യമന്ത്രിയായി. 2012~ല്‍ ഇക്വഡോറിന്റെ പ്രതിരോധമന്ത്രിയായി. 2014 സെപ്തംബര്‍ 23ന് രാജിവച്ചു. 2014 ഒക്ടോബറില്‍ യുഎന്നിലെ ഇക്വഡോറിന്റെ സ്ഥിരം പ്രതിനിധിയായി. 2017 മേയ് 24ന് വീണ്ടും വിദേശകാര്യമന്ത്രിയായി നിയമിതയായി. വേള്‍ഡ് ഫീച്ചര്‍ കൌണ്സിലിലും അംഗമാണ് ഗാര്‍സെസ്.